Tuesday, February 09, 2010

ആടു ജീവിതം - കഥാപാത്രവും നോവലിസ്റ്റും കുഴൂര്‍ വിത്സനും

ആടു ജീവിതം എന്ന ബെന്യാമിന്‍റെ നോവല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടെക്സ്റ്റ് പുസ്തകമാക്കുന്നു. ഓരോ പ്രവാസിക്കും
അഭിമാനിക്കാന്‍ വക നല്‍കി കൊണ്ട്.
പ്രശസ്ത നോവലിസ്റ്റ് ശ്രീ. ബെന്യാമിനും അദ്ദേഹത്തിന്‍റെ നോവലിലെ ജീവിക്കുന്ന കഥാനായകന്‍ നജീബും ഏഷ്യാനെറ്റില്‍ കവി ശ്രീ കുഴൂര്‍ വിത്സനുമായ് സംസാരിക്കുന്നു.





ആടുജീവിതത്തിലെ സൌന്ദര്യ സങ്കല്പങ്ങളും പ്രകൃതി ഭാഷയും :

പ്രവാസികളായ മലയാളം എഴുത്തുകാര്‍ നമ്മുടെ ഭാഷയേയും സാഹിത്യത്തേയും അപരിചിതമായ പുതുമകള്‍ കൊണ്ട് സമ്പുഷ്ടമാക്കിയിട്ടുണ്ട്. വിശേഷിച്ച് നോവൽ, കഥ സാഹിത്യത്തിൽ. മറുനാടന്‍ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരത്തിലൂടെ പുതിയൊരു ഭാവുകത്വം തന്നെ ആധുനികതയുടെ ആരംഭകാലത്ത് രൂപപ്പെടുകയുണ്ടായി.
കൊച്ചുബാവയെ പോലുള്ള കാമ്പുള്ള എഴുത്തുകാര്‍ നമ്മെ അതിശയിപ്പിക്കുന്നതും പുതുമകളുടെ കുത്തൊഴുക്കും എഴുത്തിലെ ഏച്ചു കെട്ടില്ലായ്മയും തന്നെയാണ്. ഗ്രാമങ്ങളില്‍ നിന്ന് മാറി നഗരങ്ങളിലേക്ക് എഴുത്തിനെ കുടിയിരുത്തുമ്പോഴും പ്രവാസ എഴുത്തുകളില്‍ വളര്‍ച്ചയുടെ അസാധാരണമായ വെളിച്ചം ദര്‍ശിക്കാവുന്നത് തന്നെയാണ്. ചെറിയ ആഖ്യാനങ്ങളിലൂടെ നമ്മുടെ മലയാളവും ഭാഷയും വളരുക തന്നെയാണ്.

ഒറ്റപ്പെടല്‍ പോലെ പ്രവാസ ജീവിതം സമ്മാനിച്ച ജീവിതാനുഭവത്തിന്‍റേ തീക്ഷണത അതിന്‍റെ ഔന്ന്യുത്വത്തില്‍ എത്തിച്ച സമീപകാലത്തെ ഒരേ ഒരു രചന മാത്രമേ നമുക്കു മുമ്പിലുള്ളു. - അത് ബന്യാമിന്‍ രചിച്ച ആടു ജീവിതം എന്ന നോവല്‍ മാത്രമാണ്.

ആള്‍ക്കൂട്ടത്തിലെ ഒറ്റപ്പെടലല്ല അനുഭവത്തിന്‍റെ ചൂടും ചൂരുമാണ് എഴുത്ത് എന്ന് ബന്യാമിന്‍ ആടുജീവിതത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു. ബന്യാമിന്‍ എന്ന എഴുത്തുകാരനെ സംബന്ധിച്ച് ഈ നോവല്‍ ഒരുപാട് ഉത്തരവാദിത്തം നല്‍കിയേക്കാം. അതു പോലെ തന്നെ വായനക്കാര്‍ക്കും. അദ്ദേഹത്തിന്‍റെ തന്നെ മറ്റു നോവലുകള്‍ ഒക്കെയും നമുക്ക് ഒരു പുനര്‍വായന ഇനി ആവശ്യമായിരിക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്താനും ആടു ജീവിതം നമ്മെ പ്രേരിപ്പിക്കുന്നു.

ഒരു നോവല്‍ എന്നാല്‍ ഒരു ജീവിതമെന്നോ ഒരു കൂട്ടം ജീവിതമെന്നോ നമുക്ക് പറയാം. അതു പോലെ തന്നെ ഒരു ജീവിതത്തിന്‍റെ നന്മയെയും തിന്മയെയും ആകുലതകളെയും ആകാംക്ഷകളെയും കുറിച്ച് എഴുത്തുകാരന്‍റെ മനസ്സിലും ജീവിതത്തിലും നടക്കുന്ന ആത്മസംഘര്‍ഷങ്ങളുടെ ആകെ തുകയാണ് ഒരു നോവല്‍.

ആഗോളീവല്‍ക്കരണം, ഉദാരീകരണം എന്നിവയുടെയൊക്കെ ഫലമോ മറ്റു പല കാരണങ്ങളൊ സമൂഹത്തെ പിടിച്ചു കുലുക്കുമ്പോള്‍ പെറ്റമണ്ണില്‍ നിന്ന് പറിച്ചുനടാന്‍ വിധിക്കപ്പെട്ടവരാണ് പ്രവാസികള്‍. അവിടെ നമുക്ക് നഷ്ടമാകുന്നത് പ്രകൃതിയും നമ്മുടെ ഭാഷയുമാണ്. നിഷ്കളങ്കത നിരസിക്കപ്പെടുന്ന ഒരു സാമൂഹ്യപരിതസ്ഥിതിയിലാണ് നമ്മള്‍ ജിവിക്കുന്നത്.

ജീവിതമെന്ന പരമമമായ യാഥാര്‍ത്ഥ്യത്തോട് ഉത്തമ ബോധത്തോടെ ദുരന്തങ്ങളോട് പ്രതികരിക്കുവാന്‍ കഴിയുക എന്നുള്ളത് യുവതലമുറയുടെയും എഴുത്തിന്‍റെയും ബധ്യതയും ധര്‍മ്മവുമാണ്. അത്തരം ധര്‍മ്മം നിര്‍വ്വഹിക്കുവാന്‍ പ്രകൃതിയില്‍ നിന്ന് തന്നെ പ്രചോദനം ലഭിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയെ തിരിച്ചറിയുകയും നിലനില്‍ക്കുന്ന മണ്ണിന്‍റെ ഗന്ധം അനുഭവിക്കുകയും ചെയ്യുമ്പോള്‍ ജീവിതത്തിന്‍റെ പരിപ്രേക്ഷ്യം പോലെ സാഹിത്യവും നോവലും ഉണ്ടാകുന്നു എന്ന് പറയാം. തങ്ങള്‍ ജീവിക്കുന്ന കാലത്തെ എഴുത്തുകാരന്‍ എങ്ങിനെ തിരിച്ചറിയുന്നു എന്നുള്ളത് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആയ കണ്ടെത്തെലുകള്‍ ആകാം

ഒരു പക്ഷെ അത്തരം കണ്ടെത്തലുകളില്‍ നിന്നാണ് നജീബ് ഉണ്ടാകുന്നത്; നജീബിന്‍റെ ജീവിതമുണ്ടാകുന്നത്. മരുഭൂമികളും മരുഭൂമിയിലെ ജീവിതവും ഉണ്ടാകുന്നത്

സാമൂഹ്യമായ ഉത്കണ്ഠകള്‍ക്ക് സുതാര്യമായ ആവിഷ്ക്കാരം നല്കി അവയുമായി വൈകാരികമായി താദാത്മ്യം പ്രാപിച്ച് വ്യക്തിഗതാനുഭവങ്ങളുടെ ചൂരും ചൂടും അവക്കു നല്‍കി ഒരു നോവല്‍ എന്ന സങ്കല്‍പ ചട്ടക്കൂടിലൊരുക്കി രൂപപരമായ മുറുക്കത്തിന്റേയും വ്യത്യസ്തതയുടേയും ഘടകങ്ങളാക്കി പരിവര്‍ത്തിപ്പിച്ചപ്പോഴാണ് ആടു ജീവിതം എന്ന നോവല്‍ ഉണ്ടായത്

ഒരു ജീവിത്തെ എടുത്തുകാട്ടുമ്പോഴുണ്ടാകുന്ന ചൂട് എഴുത്തുകാരന്‍ വാക്കുകളുടേയും വാങ്മയചിത്രങ്ങളുടെയും വളരെ വിദഗ്ദ്ധമായ വിനിയോഗത്തിന് പ്രാപ്തമാകുന്നുണ്ട് ആടുജീവിതം. ഭാഷയുടെ സാദ്ധ്യതകളെ സാമാന്യവ്യവഹാരത്തിന്റെ തലത്തില്‍നിന്ന് പരമാവധി അകലേയ്ക്കു കൊണ്ടുപോകുന്നതിലുള്ള ബന്യാമിന്‍റെ ശ്രദ്ധ നോവലിനു ചുറ്റും പ്രത്യേകമായൊരു പരിവേഷത്തിന്റെ പ്രകാശ വലയം സൃഷ്ടിക്കുന്നുണ്ട് എന്നു തന്നെ പറയാം.

എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ന്യായവും നീതിയും വിജയിക്കുകയും ചെയ്യുകയെന്നത്‌ പഴങ്കഥകളിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ്‌. പക്ഷേ, കഥയുടെയോ നോവലിന്‍റെയോ അവസാനമല്ല പ്രധാനം. അതിന്‍റെ നടുവില്‍, നോവല്‍ ജീവിതത്തിന്‍റെ സഞ്ചാരത്തിന്റെ കഠിനപാതകളിലാണ് കൂര്‍ത്ത് മൂര്‍ത്ത കല്ലും മുള്ളും കിടക്കുന്നത്. അത് ചവിട്ടി പോകുന്ന വായനക്കാരന്റെ കാലുകള്‍ അനുഭവഭേദ്യത്തിന്‍റെ ചോരച്ചാലുകള്‍ സൃഷ്ടിക്കുകയും അനുഭൂതിയുടെ പതിനെട്ടാമ്പടികളില്‍ വായന സാര്‍ത്ഥകമാവുകയും ചെയ്യുന്നു.

വാസ്തവത്തില്‍, ആത്മാവിന്‍റെ യഥാര്‍ത്ഥ വെല്ലുവിളികളെയും അവസ്ഥാവിശേഷങ്ങളെയും അഭിമുഖീകരിച്ചതിന്‍റേ പ്രതിഫലമായിട്ടാണ്‌ നോവലിന്‍റെ അവസാനം ആനന്ദം കൈവരുന്നത്‌. ജീവിച്ചിരിക്കുന്ന കഥാപാത്രം എന്ന നിലയില്‍ വായനക്കാരന് സഹാനുഭൂതിയും വായനക്കൊടുവില്‍ ഇദ്ദേഹം എന്‍റെ തന്നെ ഭാഗമാണല്ലോ അല്ലെങ്കില്‍ ഞാന്‍ തന്നെയാണല്ലോ എന്ന് വായനക്കാരന്‍ തിരിച്ചറിയുമ്പോഴുമാണ് എഴുത്തിന് ക്ലാ‍സിക് സ്വഭാവം കൈവരികയും ചെയ്തു എന്നു പറയാം.

പഴങ്കഥകള്‍ എപ്പോഴും സന്തോഷകരമായി അവസാനിക്കുന്നു, ജീവിതം അങ്ങനെയല്ല' എന്ന് പലരും പറയാറുണ്ട്‌. ജീവിതത്തിന്റെ പ്രതിബിംബമായിരിക്കുക എന്നതല്ല പഴങ്കഥകളുടെ ജോലി. ആത്മാവിന്‍റെ വിഷമസന്ധികളെ വേണ്ടപോലെ നേരിടുമ്പോള്‍ ജീവിതം വീണ്ടും മുന്നോട്ടൊഴുകും എന്ന് ഓര്‍മ്മിപ്പിക്കുകയാണ്‌ അവയുടെ ജോലി. അവസാനത്തിലെ സൗന്ദര്യം കഥാമധ്യത്തിലെ ദുരിതങ്ങളുടെ സമ്മാനവുമാണ്‌. ആദ്യം ഒരു ദു:ഖമായ് മനസ്സില്‍ അള്ളി പിടിച്ച് കയറുകയും നോവലിന്‍റെ അവസാനം ഒരാശ്വാസം പോലെ നജീബ് നമ്മുടെ സ്വന്തമാവുകയും ചെയ്യുന്നു. എന്നാല്‍ അപ്പോഴും ഹക്കിം ഒരു നീറുന്ന ഓര്‍മ്മയായ് വായനക്കാരനെ പിന്തുടരുക തന്നെ ചെയ്യും.

പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന എഴുത്തുകാരനാണ് ബന്യാമിന്‍. ആടു ജീവിതം എന്ന നോവലിലെ ഓരോ അദ്ധ്യായവും നമ്മെ ബോധ്യപ്പെടുത്തുന്നതും അതു തന്നെയാണ്.

അദ്ധ്യായം ഒന്ന് ഇങ്ങനെ:

"പാറാവു കൂടിന്‍ തെല്ലു ദൂരത്തായി വഴിയിലേക്ക് ചാഞ്ഞ് ഒരു കാട്ടുനാരകം നില്പുണ്ട്. അതിന്റെ തണലു പറ്റി ഞങ്ങള്‍ നിലത്ത് കുത്തിയിരുന്നു."

മരുഭൂമിയിലെ ചൂടിന്‍റെ കാഠിന്യവും അപ്പോഴൊക്കെ എവിടെയെങ്കിലും ഒരു തണലുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന എത്രയെത്ര നജീബുമാര്‍ നമ്മുടെ മുന്നിലുണ്ട്. അതു പോലെ തന്നെ അവിടെ അവിടവിടെ ഇടയ്ക്കുണ്ടാകുന്ന ചെടികളും കടകളും ആളുകളും ഒക്കെ ആദ്യ വരികളില്‍ തുടങ്ങിവെക്കുക തന്നെയാണ് നോവലിസ്റ്റ് ചെയ്യുന്നത്. ഇതു പോലെ പ്രകൃതിയെ ഇത്ര മനോഹരമായി ഉപയോഗിച്ച് എഴുതിയ മറ്റു നോവലുകള്‍ വളരെ അപൂര്‍വ്വം തന്നെയാണ്. മരുക്കാറ്റിന്‍റെ അരിക്കുന്ന ചൂടും ഗന്ധവും വായനക്കാരനെ പ്രകൃതിയോടൊപ്പം ചേര്‍ത്ത് വായിക്കാന്‍ ബന്യാമിന്‍ പുലര്‍ത്തുന്ന അച്ചടക്കവും ഒതുക്കവും ഈ നോവലിന്‍റെ പ്രധാനമായ ഒരു കാര്യം തന്നെയാണ്.

നാട്ടില്‍ സാധാരണ ജീവിതം നയിച്ചു വന്നിരുന്ന മണല്‍ വാരല്‍ തൊഴിലാളി ആയിരുന്ന നജീബ് ജീവിതത്തെ അറുത്ത് മാറ്റിയ സംഭവം നോവലിന്‍റെ അഞ്ചാം അദ്ധ്യായത്തില്‍ വിവരിക്കുന്നത് ഇങ്ങനെ:

"ഒരു വിസ കൊടുക്കാനുണ്ടെന്ന് തികച്ചും യാദൃശ്ചികമായി കരുവാറ്റക്കാരന്‍ ഒരു സുഹൃത്ത് വഴിയില്‍ വച്ച് പറഞ്ഞപ്പോള്‍ അതു വരെ ഒരിക്കലും മനസിലില്ലാതിരുന്ന ഒരു മോഹം എനിക്കും തോന്നി. എത്ര കാലമായി ഇവിടെ ഇങ്ങനെ വെള്ളത്തില്‍ മുങ്ങാംകുഴിയിട്ട് ജീവിക്കുന്നു. ഒരു വട്ടം പോയാലെന്താ. ഏറെ നാളെത്തേക്കൊന്നും വേണ്ട അതിനു മാത്രം അത്യാഗ്രഹവുമില്ല. അല്ലറ ചില്ലറ കടങ്ങളുള്ളത് വീട്ടണം. വീടിന് ഒരു മുറി ഇറക്കണം. എല്ലാ മലയാളികളുടേയും സാധാരണ മോഹങ്ങള്‍ മാത്രം.. അതു തന്നെയുമല്ല. പുഴയില്‍ നിന്നു മണല്‍ വാരലൊക്കെ നിയന്ത്രിക്കാന്‍ പോവുകയാണെന്ന് ഒരു പറച്ചിലും ഉണ്ട്. അതൂടെ പോയാല്‍പ്പിന്നെ മറ്റെന്ത് പണികിട്ടാനാണ്..? പട്ടിണി കിടക്കാന്‍ പറ്റുമൊ..?"

ഇങ്ങനെ എല്ലാ മലയാളികളുടെയും മനസ്സില്‍ കയറി നിന്ന് എല്ലാ പ്രവാസികളുടെ തലയിലേക്ക് ഏറു പടക്കം പോലെ ജിവിതമെന്ന ഭീകരത ചുരണ്ടിയെടുത്ത് എഴുതുകയാണ് ബന്യാമിന്‍. ഇത്തരം സംഭവങ്ങള്‍ ‍ ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ഒരു പ്രവാസിയെ പോലും നമുക്ക് കാണുവാന്‍ സാധിക്കില്ല തന്നെ.

സ്വപ്നങ്ങള്‍ നെയ്തുകൊണ്ട് സൌദി അറേബ്യ എന്ന മഹാരാജ്യത്തെത്തുന്ന നജീബ് എന്ന ചെറുപ്പക്കാരനും ഒപ്പം ഹക്കിം എന്ന നാട്ടുകാരനും എവിടെയാണ് ജീവിതം പിഴച്ചു പോയത്? അവര്‍ മരിച്ച് ജീവിക്കുന്നത് എവിടെയാണ്? എന്ത് ജീവിതമായിരുന്നു അവരെ കാത്തിരുന്നത്? തികച്ചും അഭിലഷണീയമായ ആശങ്ക നിലനിര്‍ത്തിക്കൊണ്ട് വായനക്കാരന്‍റെ സിരകളില്‍ അടുത്ത നിമിഷമറിയാനുള്ള ആകാംക്ഷ ജനിപ്പിച്ചു കൊണ്ട് തന്നെയാണ് നോവലിലെ എല്ലാ അദ്ധ്യാങ്ങളും കടന്നു പോകുന്നത്.

സാധാരണ ഒരു പ്രവാസിയും കണ്ടിട്ടില്ലാത്ത ജീവിതത്തിന്റെ തികച്ചും ദുരന്തമുഖത്തേക്ക് വലിച്ചെറിയപ്പെട്ട ആ രണ്ടു ചെറുപ്പക്കാരുടെ മനസ്സ് ഒരിക്കലും നഷ്ടപ്പെട്ടു പോയില്ല എന്നുള്ളത് എഴുത്തുകാരന്റെ നന്മയായി തന്നെ വായനക്കാര്‍ക്ക് കാണാന് ‍ കഴിയുന്നു. ഇത്തരം നന്മകള്‍ സൂക്ഷിക്കുന്ന എഴുത്തുകാരനു മാത്രമേ എഴുത്തിന്‍റെയും ഭാഷയുടേയും ജീവിതത്തിന്‍റെയും കരുത്ത് പ്രകടമാക്കുവാന്‍ കഴിയുകയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

നിഷ്കളങ്കമായ സ്നേഹത്തിന് ‍ ഒരു വിലയുമില്ലേ എന്ന് വിലപിക്കുന്ന ഒരു രംഗം അദ്ധ്യായം എട്ടില്‍ പറയുന്നത് ഇങ്ങനെയാണ്:

"ഞങ്ങള്‍ രണ്ടുപാവങ്ങളല്ലേ അറബാ‍ബ്. ഒന്നും ഏതും അറിയാത്ത രണ്ടു പേര്‍. ഞങ്ങളോടിങ്ങനെ അകാരണമായി ചൂടായാലെങ്ങിനെ..? അര്‍ബാബിനറിയുമോ വല്ലാതെ വിശക്കുന്നുണ്ട്, അതിലേറെ ദാഹിക്കുന്നുമുണ്ട്. ഇങ്ങനെ പട്ടിണി കിടന്ന ഒരു ദിവസം ജീവിതത്തില്‍ ഓർമ്മയില്ല"

ബന്യാമിന്‍ അവതരിപ്പിക്കുന്ന നജിം, ഹക്കിം എന്നീ കഥാപാത്രങ്ങളുടെ ഏറെ പ്രത്യേകത ക്രൂരതയുടെ അടിക്കടി നുണഞ്ഞിട്ടും അവന്‍ ഒരിക്കല്‍ പോലും തങ്ങളുടെ അർബാബിനെ പേരെടുത്ത് കുറ്റപ്പെടുത്തുകയോ അവന്‍ തുലഞ്ഞു പോട്ടേ എന്ന് ആഗ്രഹിക്കുകയോ ചെയ്തില്ലെന്നത് അത്ഭുതകരമായി തോന്നി. ഇങ്ങനെയും മനുഷ്യരുണ്ടാകുമോ എന്ന് ആലോചിക്കുന്നത് നജീബ് ഇന്നും ജീവിച്ചിരിക്കുന്ന കഥാപാത്രമാണല്ലോ എന്ന് തിരിച്ചറിയുമ്പോഴാണ്

എഴുത്തുകാരന്‍ വിശ്വസിക്കുന്നതു പോലെ തന്നെ കഥയിലെ കേന്ദ്രകഥാപാത്രമായ നജിം വിശ്വസിക്കുന്നതും ‘അള്ളാഹു എത്ര കരുണാമയനാണ്" എന്നാണ്. അതു കൊണ്ട് തന്നെ എല്ലാ അപകടങ്ങളില്‍ നിന്നും തന്നെ രക്ഷിക്കാന്‍ ദൈവത്തിന്‍റെ അദൃശ്യമായ കരമുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുക തന്നെയാണ് ഹമീദും നജീബും.

പരിചിതമായ ഒരു നോവല്‍ എന്ന ചട്ടക്കൂട് പലപ്പോഴും ആടു ജീവിതം പൊട്ടിച്ചെറിയുന്നുണ്ട്. ഒരു പക്ഷെ അതു തന്നെയാണ് ആടു ജീവിതത്തിന്‍റെ വിജയവും. ഒരു നോവല്‍ ചട്ടക്കൂടില്‍ തുടങ്ങി പിന്നെ ഒരു യാത്രാവിവരണം പോലെയും എന്നാല്‍ യാത്രാനുഭവം നജീബിന്റെ ജീവിതം അനുഭവിച്ച് നോവലിലേക്ക് ഇഴുകിച്ചേര്‍ക്കാന്‍ എഴുത്തുകാരന് സാധിക്കുന്നുണ്ട്. നജീബിന്റെ ഓര്‍മ്മകളില്‍ അദ്ദേഹത്തിന്‍റെ നാടും ജീവിതവും ഒരല്പം തുറന്നുകാട്ടാനും എഴുത്തുകാരന്‍ ശ്രമിക്കുന്നുണ്ട്.

ഇതിലെ മറ്റൊരു രസകരമായ വായന ആടിനെ കറക്കാന്‍ വേണ്ടി മുലയില്‍ തൊടുമ്പോള്‍ നജീബ് ഓര്‍ക്കുന്നത് ആദ്യമായി നജീബ് തൊട്ട പെണ്ണിന്‍റെ മുലയെയാണ്.
അതു മാത്രമല്ല എങ്ങിനെ ഒരു പെണ്ണിനെ, ഒരു ആടിനെ അവന്‍റെ ഇംഗീതങ്ങള്‍ക്ക് വിധേയമാക്കാം എന്നും എഴുത്തുകാരന്‍ നജീബിലൂടെ വായനക്കാരന് പഠിപ്പിച്ചു കൊടുക്കുന്നു എന്ന രസകരമായ അദ്ധ്യായങ്ങളും ആടുജീവിതം നോവലില്‍ നമുക്ക് വായിച്ചെടുക്കാവുന്നതാണ്.

ഏതു പരിതസ്ഥിതിയില്‍ ‍ എത്തിച്ചേര്‍ന്നാലും അതുമായി മെരുങ്ങി ജീവിക്കാന്‍ മലയാളിക്ക് സാധിക്കുന്നു എന്ന അതിയാഥാത്ഥ്യത്തിലേക്കു കൂട്ടിക്കൊണ്ടു പോവുകയാണ് നജീബും എഴുത്തുകാരനും ചെയ്യുന്നത്.

എത്രകാലമാ‍ണ് ഞാനിങ്ങനെ ഒരു കൂട്ടില്ലാതെ കഴിയുക എന്ന ചിന്തയും മനുഷ്യന്‍ മൃഗമാവുകയും നജീബ് ആടായി മാറുകയും ചെയ്യുന്ന ജീവിതത്തിന്‍റെ ദുരന്തമുഖങ്ങള്‍ വലിച്ചിടുന്ന ആടു ജീവിതം പൊള്ളിക്കുന്ന ഒരു അനുഭവം തന്നെ.

സൌന്ദര്യ ശാസ്ത്രപരവും പാത്ര സൃഷ്ടിയുടെ അഭൌമ തേജസ്സു കൊണ്ടുമല്ലാതെ ചില പുസ്തകങ്ങള്‍ ജീവിതത്തിന്‍റെ നേര്‍രേഖ വരക്കാറുണ്ട്. അങ്ങിനെ ജിവിതാനുഭവങ്ങള്‍ കൂട്ടി ഓരോ വായനക്കാരനും ലോകാനുഭവത്തെ വിപുലമാക്കാന്‍ പര്യാപ്തമാകുന്നത് എന്ന് പറയാം. ഈ നോവല്‍ വെറുമൊരു കെട്ടുകഥയല്ലെന്ന് ഓരോ പ്രവാസി വായനക്കാരനും ബോദ്ധ്യമാകുമെങ്കിലും പ്രവാസിയല്ലാത്ത ഒരു വായനാ സമൂഹത്തിന് ചോരയാല്‍ ചീന്തിയ ഒരു സമൂഹത്തിന്‍റെ കഥ വായിക്കാന്‍ ഈ നോവല്‍ പര്യാപ്തമാക്കുന്നുണ്ട്.

ആടു ജീവിതം മുന്നോട്ട് വെക്കുന്നത് അറബ് സംസ്കാരത്തിന്‍റെയും അവരുടെ ഗ്രാമ്യ മുഖങ്ങളെയുമാണെന്ന് എടുത്തു പറയേണ്ട ഒരു സംഗതി തന്നെയാണ്. നാമൊക്കെ അത്തര്‍ മണക്കുന്ന അറബികളെ മാത്രമേ കണ്ടിട്ടുള്ളൂ. നാമൊക്കെ വെള്ള തലപ്പാവ് ധരിച്ച് ലക്സസ് കാറില്‍ പോകുന്ന സിമ്പളന്‍മാരില്‍ സിമ്പളന്‍മാരായ അറബികളെ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാല്‍ അത്തരത്തില്‍ വ്യത്യസ്തമായ കാട്ടറബികളേയും അവരുടെ ജീവിതത്തിലേക്കും വെളിച്ചം വീശുന്ന ആടു ജീവിതമൊരു വായനാനുഭവം തന്നെയാണ്.

മസറയില്‍ നിന്ന് രക്ഷപ്പെട്ട് അനേക ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കൂട്ടത്തിലുണ്ടായിരുന്ന ചങ്ങാതി മണല്‍ വാരിത്തിന്ന് മരണപ്പെടുകയും ദൈവദൂതനെ പോലെ വന്ന് തന്നെ രക്ഷിച്ച ഇബ്രാഹിം കാദിരി എന്ന മനുഷ്യനെ കാണാതാവുകയും ചെയ്യുന്ന സഹനത്തിന്‍റെയും പ്രതിസന്ധികളുടെയും ജീവിതം അനുഭവിച്ച് മനസ്സിലാക്കണമെങ്കില്‍ ‘ആടു ജീവിതം’ വായിക്കുക തന്നെ വേണം.

"ദി കിങ്ങ്" എന്ന സിനിമയില്‍ മമ്മൂട്ടി പറയുന്ന ഡയലോഗ് "അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളില്‍ നിന്ന് നീ പഠിച്ച ഇന്ത്യയല്ല; അനുഭവങ്ങളുടെ ഇന്ത്യ. കോടിക്കണക്കിന് പട്ടിണിക്കാരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും കുഷ്ഠരോഗികളുടേയും ഇന്ത്യ.., ജഡ്ക വലിച്ച് വലിച്ച് ചോര തുപ്പുന്നവരുടെ ഇന്ത്യ.." എന്നതിനു പകരം
"അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പുസ്തകങ്ങളില്‍ നാം വായിച്ച ഗള്‍ഫ് അല്ല, ആയിരക്കണക്കിന് പട്ടിണിക്കാരുടെയും മസറയില്‍ ജീവിതം ഒടുങ്ങിപ്പോയവരുടെയും വെള്ളം കുടിക്കാതെ മരിച്ചു പോയവരുടേയും ഗള്‍ഫ്, മസറയില്‍ നിന്ന് രക്ഷപ്പെട്ട് മരുക്കാറ്റിലും കോളിലും ജയിലിലും കഴിച്ചു കൂട്ടിയവരുടെ ഗള്‍ഫ്..അതാണ് മറുനാടന്‍ ഇന്ത്യക്കാരന്‍റെ ആത്മാവ്.., അതറിയണമെങ്കില്‍ ആടു ജീവിതം വായിക്കണം. അതിലെ ജീവിതമെന്താണെന്നറിയണം"

സ്വപ്നഭൂമിയിലേക്ക് കാലെടുത്തു വെക്കുമ്പോഴും ആടു ജീവിതം വായിച്ചു തീര്‍ക്കുന്ന വായനക്കാരനെ പൊള്ളിക്കുന്ന അനുഭവത്തിന്‍റെ തീക്ഷണത മുറ്റിയ ആടുജീവിതം ഏതൊരു വായനക്കാരനും ഹൃദയത്തോട് ചേര്‍ത്ത് വെക്കാവുന്ന അപൂര്‍വ്വം നോവലുകളില്‍ ഒന്നാണ്

14 comments:

ഞാന്‍ ഇരിങ്ങല്‍ said...

ആടു ജീവിതം എന്ന ബെന്യാമിന്‍റെ നോവല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടെക്സ്റ്റ് പുസ്തകമാക്കുന്നു. ഓരോ പ്രവാസിക്കും
അഭിമാനിക്കാന്‍ വക നല്‍കി കൊണ്ട്.
പ്രശസ്ത നോവലിസ്റ്റ് ശ്രീ. ബെന്യാമിനും അദ്ദേഹത്തിന്‍റെ നോവലിലെ ജീവിക്കുന്ന കഥാനായകന്‍ നജീബും ഏഷ്യാനെറ്റില്‍ കവി ശ്രീ കുഴൂര്‍ വിത്സനുമായ് സംസാരിക്കുന്നു.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

Sapna Anu B.George said...

ഒരു പ്രവാസിക്കു ലഭിക്കാവുന്ന ഏറ്റവും നല്ല അംഗീകാരം എന്നു വിശേഷിപ്പിക്കാം.ബന്യാനിൻ, എല്ലാ ആശംസകളും.

കുഞ്ഞൻ said...

ശ്രീ ബെന്യാമിന്റെ ആടുജീവിതം പോലെതന്നെ ഇരിങ്ങൽ മാഷിന്റെ മനോഹരമായ റിവ്യൂ..

ബെന്യാമിന്റെ പുസ്തകം പഠനവിഷയമാകുമ്പോൾ, ഞാൻ അഭിമാനിയ്ക്കുന്നു...

അഭിമുഖം കാണട്ടെ കേൾക്കട്ടെ...

T.S.NADEER said...

we bahrain malayees are really proud of you mr.beniyamin...
and Mr.Raju irinjal, that your review is very good

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആടു ജീവിതം വായിച്ച് തീര്‍ത്തത് വല്ലാത്തൊരു പൊള്ളലോടെയായിരുന്നു. ദാഹിച്ച് മണല്‍ വാരിത്തിന്ന ഹക്കീമിന്റെ മുഖം കുറച്ച് നാളത്തേക്ക് ഉറക്കം കെടുത്തി.

ബന്യാമിന് ആശംസകള്‍..

വല്യമ്മായി said...

കഴിഞ്ഞ അവധിക്കാണ് പുസ്തകം വാങ്ങിയതും വായിച്ചതും.ജീവിതത്തില്‍ ഒരാള്‍ നേരിടാവുന്നതില്‍ ഏറ്റവും കഠിനമായ അനുഭവങ്ങളിലൂടെയാണ് നജീബ് കടന്ന് പോകുന്നത്,വാക്കുകളിലൂടെ ആ അനുഭവങ്ങളുടെ തീവ്രത വായനക്കാരനെ അനുഭവിപ്പിക്കാന്‍ ബന്യാമിനു കഴിഞ്ഞിട്ടുമുണ്ട്.

ഇരിങ്ങലിന്റെ പഠനവും കുഴൂരിന്റെ ഇന്റര്‍‌വ്യുവും നന്നായി.എല്ലാവര്‍ക്കും ആശംസകള്‍.

ഞാന്‍ ഇരിങ്ങല്‍ said...

ബെന്യാമിനെ അഭിനന്ദിച്ച് എഴുതിയവര്‍ക്കും അഭിമുഖം കേട്ടവര്‍ക്കും റിവ്യൂ വായിച്ചവര്‍ക്കും നന്ദി. നല്ല നമസ്കാരം.
മെയില്‍ വഴി അഭിനന്ദങ്ങള്‍ അറിയിച്ചവരുടെ എല്ലാം അഭിനന്ദനങ്ങള്‍ ബെന്യാമിന് കൈമാറിയിട്ടുണ്ട്.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

Kuzhur Wilson said...

ആട് ജീവിതം നജീബിന് നല്‍കി പ്രകാശനം ചെയ്യാന്‍ കഴിഞ്ഞത് എഴുത്ത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു

അത് സത്യമുള്ള പുസ്തകമാണ്

SunilKumar Elamkulam Muthukurussi said...

വിത്സണ്ടെ വര്‍ത്തമാനവും ഉച്ചാരണവും കേട്ടപ്പോ, സത്യം പറഞ്ഞാല്‍ ഉള്ള മതിപ്പ് പോയി വിത്സാ.

ക്ഷമിക്കൂ.

-സു-

Anuraj said...

halo vhetta ....ormayundo?
this is anuraj cartoonist....
kranuraj@gmail.com

Unknown said...

:)

Unknown said...

:)

എന്‍.പി മുനീര്‍ said...

ഇതു വലിയൊരു അംഗീകാരം തന്നെയാണ്.കുറിപ്പിന് പ്രത്യേകം നന്ദി.വായനാഈലമില്ലാത്തവര്‍ പോലും തേടിപ്പിടിച്ച് വായിക്കുന്ന നോവലായി മാറിയിരിക്കുന്നു ‘ആടുജീവിതം’ .ഇതെഴുതിയതിനു ബെന്യാമിന് ഒരിക്കല്‍ കൂടി ആശംസ നേരുന്നു

മിനി പി സി said...

ബെന്യാമിന് ആശംസകള്‍ ,നല്ലൊരു റിവ്യുവിനു ഞാന്‍ ഇരിങ്ങലിനും ആശംസകള്‍ .

<