Thursday, February 14, 2008

നതാലിയ പെട്രോസ്കിയുടെ ജ്യോതിശാസ്ത്ര രഹസ്യങ്ങള്‍




ഒരു മാളത്തില്‍ കൈയ്യിട്ട്‌ "ഞണ്ടൊന്നുമില്ലല്ലോടാ.. ഒരു പാമ്പെങ്കിലും കൊത്തി മുറിവേല്‍പിക്കുമെന്ന്‌ പ്രതീക്ഷിച്ചു.ദേ.. നിന്റെ കാലിലൊരു ഞണ്ടിറുക്കിയതിന്റെ ചോര ഒലിക്കുന്നു. വേദനപോലും നീ അറിഞ്ഞില്ലെന്നോ.. .." പാറയില്‍ തലയിട്ടടിക്കുന്ന കടല്‍ വെള്ളത്തിന്റെ ഉപ്പായിരിക്കണം വേദന മരവിച്ച്‌ നിര്‍ത്തിയത്‌."കുഞ്ഞു മത്സ്യങ്ങള്‍ക്ക്‌ നിന്റെ ജീവരക്തത്തെ അത്രക്കങ്ങ്‌ ഇഷടപ്പെടുമോടാ".. നീയൊരു സ്പിരിറ്റ്‌ ബാരലല്ലേ........ നതാലിയ പെട്രോസ്കി നിര്‍ത്താതെ സംസാരിച്ചു കൊണ്ടേയിരിന്നു.

കടല്‍ക്കരയില്‍ ചൂണ്ടയിടുകായിരുന്നു നതാലിയ പെട്രോസ്കിയുമൊത്ത്‌.
നിറമുള്ള റഷ്യന്‍ സുന്ദരി. കണ്ണുകളില്‍ ഇന്ദ്രനീല തിളക്കമുള്ളവള്‍. രാശിചക്രങ്ങളും രാഹുവും കേതും പിന്നെ ശനിവലയത്തെ ഉള്ളില്‍ കൊണ്ട്‌ നടക്കുന്നവള്‍.
നക്ഷത്രങ്ങളെ കളിക്കൂട്ടുകാരാക്കിയവള്‍. ഇപ്പോഴും അവളെനിക്കൊരു അത്ഭുതമാണ്. സൗരയൂഥത്തിലെ തിരിച്ചറിയാനാവാത്ത ഏതോ ഒരു നക്ഷത്രം പോലെ !!

പായലുണങ്ങിയ പാലത്തിന്റെ പടികളില്‍ ഇടയ്ക്കൊക്കെ മത്സ്യകന്യക രാത്രികാലങ്ങളില്‍ വന്നിരിക്കാറുണ്ടെന്നും, ഒരു പക്ഷെ രാജകുമാരനെ കാത്ത്‌ കാത്ത്‌ കാണാതെ തിരിച്ച്‌ പോകാറുണ്ടെന്നും. ഒരു നുണക്കഥയായ്‌ നതാലിയയോട്‌ പറയുമ്പോള്‍ അവളില്‍ ഒരു കൗതുകം ജനിപ്പിക്കണമെന്നേ വിചാരിക്കാറുള്ളൂ.

കഥകളുടെ ഒരു നഗരമാണിതെന്നും. മാന്ത്രിക കോട്ടകളും, മാന്ത്രിക ബന്ധനത്തില്‍ നിന്ന്‌ രക്ഷപ്പെട്ട യക്ഷികളുടേയും ഗന്ധര്‍വ്വന്‍ മാരുടേയും കഥകള്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി ആഘോഷമാക്കുമ്പോള്‍ എല്ലാമൊന്നും അവള്‍ വിശ്വസിക്കില്ലെന്ന്‌ എനിക്ക്‌ തന്നെ അറിയാം. അപ്പോഴും അവള്‍ പറയും

" എന്നിട്ട്‌ എന്നിട്ട്‌?"

കടല്‍വെള്ളം കണ്ണില്‍ ചീറ്റിത്തെറിപ്പിച്ച പുതുവത്സര ദിനത്തിലെ ഒരു നിലവിളിയായാണ്‌ നതാലിയ പെട്രോത്സകി എന്നോടൊപ്പം കൂടിയത്‌. ആഘോഷത്തിമര്‍പ്പിലെ സംസ്കാരം മറക്കുന്ന ഇന്ത്യന്‍ യുവത്വം. വിദേശികളെ കാണുമ്പോള്‍ ആര്‍ത്തികാട്ടുന്ന കണ്ണുകള്‍. ഒരു കൂട്ടത്തിന്റെ ആക്രമണം. ചെറുത്തു നില്‍ക്കാന്‍ വഴികളില്ലാതെ അവള്‍ കുതറി. ഒരു ഉള്‍പ്രേരണയാലാണ്‍ ഞാനവിടെ എത്തിയത്‌. ടെറാക്കോട്ട ശില്‍പങ്ങളില്‍ പുതിയ ഭാവപ്പകര്‍ച്ച നല്‍കാന്‍ പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുമ്പോഴാണ്‍ "ഇന്ത്യാഗേറ്റു" വരെ നടന്ന്‌ വരാം എന്ന ചിന്ത ഓളം കുത്തിയത്‌. അതൊരു രക്ഷകന്റെ കുപ്പായം തുന്നിത്തരുമെന്ന്‌ ഒരിക്കലും കരുതിയുമില്ല. മാധ്യമങ്ങളില്‍ പുതുവത്സാരാഘോഷങ്ങളിലെ നായകനായതും നതാലിയ പഴയ ജന്മബന്ധത്തിലെ കണ്ണിപോലെ പറ്റിച്ചേര്‍ന്ന്‌ ജീവനില്ലാത്ത ടെറക്കോട്ട ശില്‍പങ്ങള്‍ക്ക്‌ മിഴിവേകി. അവളപ്പോഴൊരു പക്ഷിത്തൂവല്‍ പോലെയായിരുന്നു.

രവിവര്‍മ്മ ആര്‍ട്ട്‌ ഗാലറിയില്‍ നിന്ന്‌ ഹംസവും ദമയന്തിയും കണ്ടിറങ്ങിയ അന്നു മുതലാണ്‌ നതാലിയ സാരിയുടുത്തു തുടങ്ങിയത്‌.
അവള്‍ക്ക്‌ ആകര്‍ഷകമായി തോന്നിയതേ ഇല്ല. എന്നിരുന്നാലും ഒരു അവകാശം പോലെ സിന്ദൂരവും കണ്മഷിയും, ചാന്തും അണിയാനവള്‍ പഠിച്ചു. ഇടയ്ക്ക്‌ ഹുക്ക വലിക്കുന്നത്‌ നിര്‍ത്തി മുറുക്കാനും താമ്പൂലവും ശീലമാക്കി. ക്രോഫര്‍ മാര്‍ക്കറ്റില്‍ നിന്ന്‌ പഴയ ഒരു പിത്തളക്കോളാമ്പി സ്വന്തമാക്കിയത്‌ അങ്ങിനെയാണ്‌.

"ദേ.. നിന്നെ കാണാനിപ്പോള്‍ ഒരു ചൈനീസ്‌ ഡോളിനെ പോലെയുണ്ട്‌.. ഒരു മ്യൂസിക്‌ കൂടി വച്ചു തന്നാല്‍ ചന്തിയിളക്കി നിനക്ക്‌ ആടാം ..പാടാം.. നല്ല ചന്തമായിരിക്കും"

അപ്പോഴൊക്കെ അവളുടെ ഒരു ചിരിയുണ്ട്‌ കണ്ണിലേക്ക്‌ നോക്കി. അടിച്ചു കയറുന്ന തിരകള്‍ പോലെ പത നുരഞ്ഞൊരു നോട്ടം.
അവളപ്പോള്‍ നോക്കുന്നത്‌ കടലിലേക്കാണോ.. കരയിലേക്കാണൊ.. അതൊ വെറിപിടിപ്പിക്കുന്ന തിരകളെണ്ണൂകയാണോ. !!

കൊഞ്ചി കൊഞ്ചിയുള്ള നതാലിയയുടെ സംസാരം ചിലപ്പോഴൊക്കെ എന്‍റെ സിരകളെ ചൂടുപിടിപ്പിക്കാറുണ്ട്‌.

"രാജ്‌ എന്ന്‌ നീട്ടി വിളിക്കുമ്പോള്‍ അവളുടെ സാമീപ്യം ..സമീപത്തെവിടെയോ ഒരു മാമ്പഴം പഴുത്ത്‌ നില്‍ക്കും പോലൊരു മണം. സുഗതമായ ഒരു കാറ്റ്‌......എന്റെ നീല നോട്ടങ്ങളില്‍ നതാലിയ അസ്വസ്ഥത പ്രകടിപ്പിക്കാറൊന്നുമില്ല. എങ്കിലും കൈത്തണ്ടയില്‍ വിരലമര്‍ത്തിക്കൊണ്ടവള്‍ പറയും

" നിന്റെ കണ്ണീലൊരു നീല തിമിംഗലം കൈകാലിട്ടടിക്കുന്നു.”

അതും പറഞ്ഞ്‌ കണ്ണിലേക്ക്‌ നോക്കി ഒന്ന്‌ ചിരിക്കും..

"ദേ.. തിമിംഗലം വാലിളക്കുന്നു."

ഒറ്റ ദിവസം കൊണ്ട്‌ ഒരു കാലത്തിന്റെ സൗഹൃദം ഏറ്റുവാങ്ങിയവരെപ്പോലെയാണ്‌ ഞങ്ങള്‍.

വൈകുന്നേരത്തെ നടത്തത്തിനിടയില്‍ രവിവര്‍മ്മ ആര്‍ട്ട്‌ ഗാലറിയുടെ പുറകില്‍ കസേരകള്‍ നീക്കിയിട്ട്‌ പലപ്പോഴും ഞങ്ങള്‍ സംസാരിക്കുന്നത്‌ ജ്യോതിഷത്തെ കുറിച്ചാണ്‌.
ആകാശത്തിലെ അനന്ത കോടി നക്ഷത്രങ്ങള്‍ അവളെ വാചാലയാക്കും.
ഓരോ നക്ഷത്രവും കുഞ്ഞു കുഞ്ഞു മിന്നാമിനുങ്ങുകളാണവള്‍ക്ക്‌.

" ഇത്‌ നോക്ക്‌ ഈ ഹംസത്തിന്റെ ഭാവി എന്തായിരുന്നെന്ന്‌ നിനക്ക്‌ പറയാമോ.."

നീളന്‍ വിരലുകളില്‍ ചായം തേക്കാത്ത നഖങ്ങള്‍ അപ്പോഴും എന്‍റെ കൈത്തണ്ടയില്‍ കുത്തി വേദനിപ്പിച്ചു കൊണ്ടാണ് നതാലിയ ചോദിക്കാറുള്ളത്‌.

മറ്റൊരിക്കല്‍ കടല്‍ പുറ്റില്‍ നിന്ന്‌ കിട്ടിയ നീളന്‍ ശംഖ്‌ കയ്യിലൊളിപ്പിച്ച്‌ റൂമിലെത്തിയപ്പോള്‍ അവള്‍ അഭിമുഖമായി നിന്ന്‌ ചോദിച്ചു.
" നിനക്ക്‌ എന്നെക്കാള്‍ കൂടുതല്‍ ജ്യോതിഷവും കൈനോട്ടവും പിന്നെ മുഖലക്ഷണം പറയാനും അറിയാലോ.. എല്ലാ കക്കകളും എല്ലാ ശംഖുകളും മരിച്ചു പോയവരുടെ ഓര്‍മ്മകളാണെന്ന്‌ നീ തന്നെയല്ലേ എന്നെ പഠിപ്പിച്ചത്‌. ...
പറയൂ.... ഈ ശംഖ്‌ ആരുടെ അടയാളങ്ങള്‍ നല്‍കുന്നു. ..
നിനക്കെന്തെങ്കിലും പറയാന്‍ തോന്നുന്നുവോ.."

മണലില്‍ പൊതിഞ്ഞ വെളുത്ത വരകളുള്ള കറുത്ത ശംഖിലേക്ക്‌ നോക്കി ഈ റഷ്യന്‍ സുന്ദരിയോട്‌ ഞാനെന്താണ്‌ പറയുക.
എന്നും പറയാറുള്ളതു പോലെ ഒരു നുണക്കഥ പറയാനും തോന്നുന്നില്ല.
അവളുടെ കണ്ണുകളിലെ പിടച്ചില്‍ കണ്ടപ്പോള്‍ എന്ത്‌ പറയണമെന്നറിയാതെ കണ്ണുകള്‍ അടച്ചു പിടിച്ച്‌ ഒരു നിമിഷത്തിന് ശേഷം പറഞ്ഞു പോയി.

" നതാലിയ.. നീ അതു ഷോക്കേസില്‍ കൊണ്ട്‌ വയ്ക്കൂ.. അതിനൊരു കഥയുണ്ടാകാം. ... എന്നും പറയാറുള്ളതു പോലെ സമയമാകുമ്പോഴേ അത്‌ പറയാന്‍ പറ്റൂ..

എന്തേ ഇങ്ങനെ എന്ന്‌ എനിക്ക്‌ പോലും എന്നെ മനസ്സിലായില്ല.

ചിലപ്പോഴൊക്കെ എവിടെ നിന്നാണ് എന്‍റെ നാവില്‍ അറിയതെ ഇത്തരം നുണകള്‍ വരുന്നത്‌?
നോസ്ട്രര്‍ഡാമസിന്റെ ചുഴികളുണരുന്നത്‌ ചില വേലിയേറ്റങ്ങളിലാണ്‌. വരുന്ന വഴികളൊ ദിക്കുകളോ അറിയില്ല. ഒരു തലവേദന പോലെ ....പിടച്ചലില്‍ ഒരു മിന്നായം പോലെ എന്തോ ഒന്ന്‌...... അവയിലൊക്കെയും ചില പുതിയ വഴികലുണ്ടാവുകയും ചെയ്യാറുണ്ട്‌.

നതാലിയയെ എളുപ്പത്തില്‍ പറ്റിക്കാനൊന്നും പറ്റില്ല വിദ്യാഭ്യാസവും വിവരവും ഉള്ളവളാണ്. ജ്യോതിശാസ്ത്രത്തെ പറ്റി അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവളാണവള്‍. അതിനെപ്പറ്റി അവള്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌.

"നിനക്കുള്ളതു പോലെ ഏതോ ഒരു കാഴ്ച , എനിക്കുമുണ്ടാകണം. അല്ലെങ്കില്‍ ഒരു ശക്തി. ചില തോന്നലുകളോ.. ചില ചിന്തകളൊ ..അല്ലെങ്കില്‍ പിന്നെ ഗോര്‍ബച്ചേവ്‌ ഭരണം അകാലചരമം പ്രാപിക്കുമെന്ന്‌ എനിക്കെങ്ങിനെയാണ്‌ പ്രവചിക്കാന്‍ കഴിയുക!!!

അച്ഛനേയും അമ്മയെയും ചോദിച്ചാല്‍ അവളുടെ കണ്ണു നിറയുമെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്‌. അവള്‍ ശപിച്ചത്‌ ഗോര്‍ബച്ചേവിനെ മാത്രമായിരുന്നു. സോഷിലിസത്തിന്റെ മഹത്വത്തെക്കുറിച്ചൊന്നും അവള്‍ക്ക്‌ പറയുവാനുണ്ടായിരുന്നില്ല. ഇടയ്ക്ക്‌ പിറുപിറുക്കും.

"നിങ്ങള്‍ക്കെന്തറിയാം എന്റെ നാടിനെ കുറിച്ച്‌. തിളങ്ങുന്ന ചട്ടയുള്ള പുസ്തകമല്ലല്ലോ സോഷിലിസം. തണുപ്പിലെരിയുമ്പോള്‍ ഒരു തുടം വോഡ്യ്ക്ക്‌ വേണ്ടി സ്വയം വില്‍പനച്ചരക്കാവുന്ന സോഷിലിസം. അവള്‍ വീണ്ടും കണ്ണു നിറഞ്ഞ്‌ ചിരിക്കും.


ഗോര്‍ബച്ചേവിന്റെ പതനം പ്രവചിച്ച അന്നു തന്നെയാണ് അമേരിക്കയിലേക്ക്‌ റിസര്‍ച്ചിന് പോകാന്‍ നതാലിയയ്ക്ക്‌ അവസരം കൈവന്നതും. പിന്നീടൊരിക്കലും തിരിച്ചു പോകേണ്ടി വന്നിട്ടില്ലവള്‍ക്ക്‌. തെരുവിലകപ്പെട്ടുപോയ അച്ഛനും അമ്മയും. മഞ്ഞു മലയിടിച്ചലുകളില്‍ വോഡ്ക കിട്ടാതെ അമര്‍ന്നു പോയത്‌ അവളെ ഇന്ന്‌ വേദനിപ്പിക്കുന്നതേയില്ല. അനാഥത്വത്തിന്റെ തീമഴയിലാണവള്‍ രാവുറങ്ങിയത്‌

രാശിഫലകങ്ങളിലെ അഷ്ടദിക്കുകളും അവള്‍ക്ക്‌ കാവലായി. നെഞ്ചിലപ്പോഴും കലക്കവെള്ളമാണ്‌ കുത്തിനിറഞ്ഞൊലിക്കുന്നതെന്ന്‌ അവള്‍ പറയാതെ തന്നെ എനിക്കറിയാമായിരുന്നു. കൊളാബയിലെ വിളക്കുമരങ്ങള്‍കിടയിലൂടെ കടല്‍ക്കാറ്റിന്റെ ഉപ്പും പേറി നടക്കുമ്പോള്‍ അവള്‍ ശാന്തയായിരിന്നു.

ജനന മരണങ്ങളില്‍ സംഭവിക്കുന്ന ഗ്രഹങ്ങളുടെ സ്ഥാനമാനങ്ങളിലെ വ്യത്യാസം അവളുടെ തലയിലപ്പോള്‍ ഉണ്ടായിരുന്നതേയില്ല. ഭൂമിയിലെ അച്ചുതണ്ടിന്റെ മാറ്റങ്ങളും ഒമ്പതില്‍ നിന്ന്‌ പതിനൊന്നിലെത്തി നില്‍ക്കുന്ന ഗ്രഹ സംക്രമണ രാശിയും അവളെ ഉലക്കാന്‍ പോന്നതായിരുന്നില്ല..

ഇന്നലേയും അമേരിക്കയില്‍ പുതിയ ഗ്രഹത്തെ കണ്ടുപിടിച്ചെന്ന്‌ പറയുമ്പോള്‍ നതാലിയയുടെ മുഖം കറുക്കും. അവളുടേ കണ്ടുപിടുത്തങ്ങളെല്ലാം തെറ്റുന്നതു കൊണ്ടാവാം എന്ന്‌ ഞാന്‍ സ്വയം സമാധാനിക്കുമ്പോഴും അതൊന്നുമായിരുന്നില്ലെന്ന്‌ അവള്‍ തന്നെ പറയുമായിരുന്നു.

അവളുടെ അറിവുകളില്‍ കൂടുതലൊന്നും തനിക്ക്‌ പറഞ്ഞു കൊടുക്കാനുണ്ടായിരുന്നില്ല. അല്ലെങ്കിലും ഇതൊക്കെ ശാസ്ത്രീയ മായി പഠിച്ച നതാലിയയെ ഇതിലും കൂടുതല്‍ ഞാനെന്താണ്‌ പഠിപ്പിക്കുക.
തനിക്കിത്‌ വെറുമൊരു ഹോബി മാത്രമാണ്‌. മനസ്സിന്റെ വ്യതിയാനങ്ങള്‍ നക്ഷത്ര ദിശനോക്കി കണ്ടു പിടിക്കുക. അറിയാവുന്ന ചിന്തകളൊക്കെ അയാള്‍ അവള്‍ക്ക്‌ പറഞ്ഞു കൊടുത്തു.


അങ്ങിനെയിരിക്കെ ഒരു ദിവസം ഉറക്കമുണര്‍ന്ന്‌ നോക്കിയപ്പോള്‍ നതാലിയയെ മുറിയിലെങ്ങും കണ്ടില്ല. കടല്‍ക്കരയിലൂടെ അവളെ അന്വേഷിച്ച്‌ ഏറെ ദൂരം നടന്നു. സണ്‍ബാത്ത്‌ ചെയ്യുന്നവരുടെ കൂട്ടത്തിലും കടലില്‍ കുളിക്കുന്നവര്‍ക്കിടയിലും അവളെ തിരഞ്ഞു. ഇനിയിപ്പോള്‍ കടല്‍ വെള്ളത്തിലൊ തുറമുഖത്തേക്കോ മറ്റോ പോയിരിക്കുമോ ആകാശങ്ങളിലെ നക്ഷത്രങ്ങളുടെ കണക്കെടുപ്പില്‍ മുങ്ങങ്കുഴിയിടാനും ഞണ്ടുകള്‍ തീര്‍ത്ത പുറ്റുകളില്‍ കയ്യിട്ട്‌ ഞണ്ടു പിടിക്കാനും അവള്‍ ആഴങ്ങളിലേക്ക്‌ പോയിരിക്കുമോ..അതൊക്കെയും അവളുടെ ഇഷ്ടങ്ങളുടെ പട്ടികയായിരുന്നു. കടല്‍ക്കരയില്‍ നിന്ന്‌ എന്നും കപ്പലണ്ടി തരുന്ന രാജ്സഥാനിയായ ബന്‍മാലിയോട്‌ തിരക്കി.
ബോട്ടു കടവിലെ മലയാളിയായ കണ്ണനോടും. തിരക്കി. എവിടേപ്പോയെന്ന്‌ ആര്‍ക്കും അറിയില്ല. എന്തായാലും ഈ തീരത്തെ എതെങ്കിലും കരയില്‍ ഞണ്ടു മാളങ്ങളില്‍ കാണുമവള്‍ എന്ന്‌ മനസ്സ്‌ മന്ത്രിച്ചു.
ഒരു ഓര്‍മ്മ പോലെ അവള്‍ ആദ്യം താമസിച്ചിരുന്ന കെട്ടിടത്തിലെക്ക്‌ പോകാം എന്ന്‌ തീരുമാനിച്ച്‌ എതിരെ വരുന്ന ടാക്സിക്ക്‌ കൈനീട്ടി.


ഒരു വയലിന്റെ ഓരത്ത്‌ ഒറ്റപ്പെട്ട്‌ കിടക്കുന്ന ഒരു പഴയ പൊട്ടിപ്പോളിഞ്ഞ വീടാണ്‌ നതാലിയ വാടകയ്ക്ക്‌ എടുത്തിരിന്നത്‌. അവിടെ നിന്ന്‌ നോക്കിയാല്‍ നാടന്‍ പ്രകൃതിയുടെ പച്ചപ്പ്‌ കാണാം. അങ്ങിങ്ങായ്‌ തെളിയുന്ന കൊച്ചു വീടുകളിലെ സന്ധ്യാദീപങ്ങള്‍ കാണാം വണ്ടിയില്‍ നിന്നിറങ്ങി ഒരു കയറ്റം കയറി കുടിലിനു മുമ്പിലെത്തിയപ്പോള്‍...

"രാജ്‌.. ഞാനിവിടെ ഉണ്ട്.”

അതൊരു നാട്ട്‌ ജ്യോത്സ്യന്‍റെ കുടിലായിരുന്നു. അവിടത്തുകാരുടെ കല്യാണങ്ങള്‍ക്കും മറ്റും ജാതകം ഒത്തു നോക്കുന്നത്‌ ഇവിടെ വച്ചാണ്‌. അധികം ജ്യോതിഷികളൊന്നും ഈ നാട്ടില്‍ ഉള്ളതായി അറിയില്ല. ഞാനിവിടെ വരുന്നത്‌ തന്നെ നതാലിയയുടെ സന്ദര്‍ശനത്തിന് ശേഷം മാത്രമാണ്‌.

കുടിലിന്‍ മുമ്പില്‍ ഗണപതിയുടെ ഫോട്ടോയ്ക്ക്‌ താഴെയായ്‌ വരാന്തയില്‍ ചോക്കുകൊണ്ട്‌ വരച്ച്‌ തയ്യാറാക്കിയ എട്ടു കള്ളികളില്‍ ഒരു ഭാഗത്തായി വെളുത്ത വരയുള്ള കറുത്ത ശംഖ്‌ പിറന്നപടിയിരിക്കുന്നു. !!!
ചുവന്ന പൂക്കള്‍, പഴങ്ങള്‍, തേങ്ങ, അവില്‍ ,മലര്‍ എല്ലാം ഒരുക്കി എന്തോ പ്രശ്നം വയ്ക്കുകയണ്‌ എന്ന്‌ ഒറ്റനോട്ടത്തില്‍ മനസ്സിലായി. ചോദ്യമെന്നോണം നതാലിയയെ നോക്കിയെങ്കിലും ഉള്ളില്‍ ഒരു ചിരിയാണ് തോന്നിയത്‌.
ജ്യോതിഷത്തില്‍ അപാരമായ ജ്ഞാനമുള്ള നതാലിയ വെറുമൊരു നാട്ടു ജ്യോതിഷിയുടെ അടുത്ത്‌....

ചമ്രം പടിഞ്ഞ്‌ കൈകൂപ്പി ഇരിക്കുമ്പോള്‍ അവള്‍ കടലിന്റെ ഇരമ്പം കേള്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്‌ താഴെ കൂട്ടി വച്ച ചുവന്ന്‌ പൂവെടുത്ത്‌ ജ്യോതിഷി അവളുടെ തലയിലേക്കെറിഞ്ഞു. രാശി ചക്രത്തില്‍ ശംഖ്‌ കിഴക്ക്‌ പടിഞ്ഞാറായി തിരിച്ച്‌ വച്ച്‌ ജ്യോതിഷി മന്ത്രങ്ങളുടേ കെട്ടഴിച്ചു. മന്ത്രമുരുവിട്ട്‌ ഇടയ്ക്ക്‌ ജ്യോതിഷി ചോദ്യം മെറിഞ്ഞു തന്നു.

"വന്നത്‌ റഷ്യയില്‍ നിന്നാണെന്നും അച്ഛനും അമ്മയും നഷ്ട്പ്പെട്ടെന്നും അയാള്‍ പ്രവചിച്ചു. ഇതൊക്കെയും താനും നതാലിയയോട്‌ പറഞ്ഞതതാണല്ലോന്ന്‌ വെറുതെയെങ്കിലും അയാള്‍ ഓര്‍ത്തു. പെട്ടെന്ന്‌ ഒരു വെളിപാട്‌ പോലെ ജ്യോതിഷി പറഞ്ഞു.

"ഈ ശംഖ്‌ ഒരു മാലയായ്‌ കോര്‍ത്തിട്ടോളൂ "

അതെന്തിനാണെന്ന്‌ ചോദിക്കണമെന്നുണ്ടായിരുന്നു അയാള്‍ക്ക്‌. പക്ഷെ സങ്കോചം കൊണ്ടയാള്‍ ഒന്നും ചോദിച്ചില്ല.

"നാലു ദിവസത്തെ പൂജയ്ക്ക്‌ ശേഷം ഇത്‌ കഴുത്തിലണിയാം. ഇപ്പോള്‍ ‍പോയിക്കോളൂ.,"


കടലിലേക്ക്‌ ഉന്തിനില്‍ക്കുന്ന പാറയില്‍ നതാലിയയും ഞാനും മേഘങ്ങളെ നോക്കിയിരിക്കുകയയിരുന്നു. ഏറെ നേരത്തെ മൂകതയ്ക്ക്‌ ശേഷം അവള്‍ പറഞ്ഞു.

" ആ വെളുത്ത വരയുള്ള കറുത്ത ശംഖ്‌. എത്ര ആകര്‍ഷണമാണല്ലേ...ഒരു ശക്തിപോലെ എന്നെ ആകര്‍ഷിക്കുന്നുണ്ടത്‌. ..
എനിക്കായ്‌ ഈ കടല്‍ തന്നതു പോലെ.... രാജ്‌.. നീ പറയൂ എന്താണിത്‌ ഈ ശംഖ്‌ എന്റെ അച്ഛന്റേയും അമ്മയുടേയും ഓര്‍മ്മകള്‍ തരുന്നു....


പ്രതീക്ഷയുടെ ഒരു തുരുത്താണവള്‍ക്കിത്‌ എന്നെനിക്കറിയാത്തതു കൊണ്ടല്ല. സംരക്ഷണത്തിന്റെ പിടിവള്ളി. തള്ളക്കോഴിയുടെ ചിറകിനടിയില്‍ പതുങ്ങാന്‍ വെമ്പുന്ന കോഴിക്കുഞ്ഞിന്റെ വ്യഗ്രത അവളില്‍ ഞാന്‍ കണ്ടു. എന്നിട്ടും ഞാന്‍ പറഞ്ഞു.
"അതൊക്കെ വെറുമൊരു അന്ധവിശ്വാസമാണ്‌. ഈ ജ്യോതിഷികളൊക്കെ ചില നാട്ടു മന്ത്രവാദികളാകാം. നാട്ടുകാരെ വശത്താകാന്‍ നാടകം മെനയുന്നവര്‍."

എന്‍റെ സ്നേഹത്തിന്റെ സുരക്ഷിതത്വത്തില്‍ നിന്ന്‌ അവള്‍ കുതറിമാറുമോന്നൊരു പേടി എന്നിലുള്ളതു കൊണ്ടായിരിക്കാം ഒരു ഈര്‍ഷ്യ നെതാലിയയോട്‌ തോന്നിയത്‌.
ഞാനൊരു വാഗ്വാദത്തിന് ഒരുങ്ങുകയാണെന്നും ജ്യോതിഷിയുടെ അടുക്കല്‍ പോയത്‌ എനിക്ക്‌ ഇഷ്ടമായില്ലെന്നും പ്രകടിപ്പിക്കുകയായിരുന്നു ഞാന്‍.
മുഖം താഴ്ത്തി അവളപ്പോള്‍ എന്റെ കൈത്തണ്ടയില്‍ നഖം കൊണ്ട്‌ അമര്‍ത്തി അമര്‍ത്തി ഒരു പിരിയന്‍ ശംഖിന്റെ ചിത്രം വരയ്ക്കാന്‍ തുടങ്ങി.

"അതെ അതൊരു ആത്മബന്ധത്തിന്റെ ബാക്കിപത്രമാകാം. അതെന്തോ നിന്നോട്‌ പറയാന്‍ ആഗ്രഹിക്കുന്നു“.

വീണ്ടും ഒരു നോസ്ട്രഡര്‍ ഡാമസ്‌ തിരപോലെ എന്‍റെ മനസ്സിന്‍റെ പാറക്കല്ലിലടിച്ച്‌ വാക്കുകള്‍ ചിതറി.

രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ അവള്‍ കരയാന്‍ ആരംഭിച്ചു.
വല്ലതും കഴിച്ചോന്ന്‌ ചോദിക്കാന്‍ ഒരുമ്പെടുമ്പോഴേക്കും അവള്‍ പറഞ്ഞു

" രാജ്‌ പറയൂ .. ആ ശംഖ്‌.. ”

അവളെ ഇത്രയും പരിക്ഷീണയായി ഞാനിതുവരെ കണ്ടിട്ടില്ല.
“പറയാം ”എന്ന്‌ കടുപ്പിച്ച്‌ പറഞ്ഞു കൊണ്ട്‌ അവളേയും കൂട്ടി പണിസ്ഥലത്തേക്ക്‌ നടന്നു.

നാളെയെങ്കിലും ടെറാക്കോട്ട ശില്‍പം മെനഞ്ഞ്‌ പണി പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു. ഊരുചുറ്റി നടക്കുന്നതിനിടയില്‍ ഇടയ്ക്ക്‌ ഒര്‍മ്മിപ്പിച്ചെങ്കിലും ഒന്നും നടന്നില്ല. പകുതി പൂര്‍ത്തിയാക്കിയ ചില ടെറക്കോട്ടകള്‍ ഉണങ്ങി വരണ്ട്‌ പൊട്ടി തുടങ്ങിയിരിക്കുന്നു. ചിലതൊക്കെ പിണക്കം ഭാവിച്ച്‌ മുഖം വീര്‍പ്പിച്ചിരിക്കുന്നു. പൊടിപിടിച്ച്‌ നാശമായിരിക്കുന്നു ടെന്റ്‌.

ഇന്നലെത്തെ രാത്രിയിലെ കടുത്ത ചൂടും ഇടയ്ക്ക്‌ പെയ്താടിയ കാറ്റുമാകാം എല്ലാത്തിനും കാരണം. ചുണ്ടുകള്‍ പൊട്ടിയ ചില ടെറക്കോട്ടകള്‍ അവള്‍ കയ്യിലെടുത്ത്‌ വെള്ളത്തില്‍ മുക്കി നനപ്പിച്ച്‌ കുളിരാന്‍ അനുവദിച്ചു.
കളിമണ്ണിന്റെ ഗന്ധം അവള്‍ക്ക്‌ ഏറെ ഇഷ്ടമാണെന്ന്‌ ഇടയ്ക്ക്‌ എപ്പോഴോ അവള്‍ പറഞ്ഞിരുന്നു. ഒരു കഷണം ഉരുട്ടിയെടുത്ത്‌ മുഖത്ത്‌ തണുപ്പിനായ്‌ അവള്‍ ഒട്ടിച്ച്‌ വച്ചു.

അവള്‍ ‍ക്രമേണ ശാന്തമാകാന്‍ തുടങ്ങിയെന്ന്‌ എനിക്ക്‌ മനസ്സിലായി.

കാരാറുകാരന് എത്രയും പെട്ടെന്ന്‌ ശില്‍പങ്ങളുടെ പണി തീര്‍ത്ത്‌ കൊടുക്കണം. അവള്‍ കൂടെ ഉണ്ടെന്ന്‌ പോലും മറന്നു. ഉളിയും കോലും പിന്നെ പണിയായുധങ്ങളൊക്കെ നിര്‍ത്താതെ ആടിയും പാടിയും വിയര്‍പ്പൊഴുക്കി.

ആ വെളുത്ത വരയുള്ള കറുത്ത ശംഖിലൂടെ അവള്‍ അവളുടെ ആത്മാന്വോഷണത്തിലാണെന്ന്‌ എനിക്ക്‌ അറിയാം. അതിനുള്ളിലായിരിക്കുമൊ അവളുടേ അച്ഛനും അമ്മയും മകളെ തിരഞ്ഞ്‌ നടക്കുന്നത്‌ തണുപ്പിന്റെ വേലിയിറക്കങ്ങളിലെപ്പോഴോ.....

മഞ്ഞു പാളികള്‍ കടലായി രൂപാന്തരം സംഭവിക്കുമ്പോള്‍ ഒരു ശംഖായ്‌ മകളെത്തേടി അലയുകയാണൊ അവരിപ്പോഴും...!! തലയ്ക്ക്‌ വീണ്ടും ചൂടുപിടിച്ച്‌ തുടങ്ങി.

ശംഖുകള്‍ പൂര്‍വ്വ പിതാമഹന്മാരാണെന്ന്‌ ഉണ്ണി നീലി മുത്തശ്ശിയാണ് പറഞ്ഞു തന്നിരുന്നത്‌. എണ്ണം പറഞ്ഞ നാല് മിഴിവാര്‍ന്ന ടെറാക്കോട്ടകള്‍ പണി പൂര്‍ത്തിയാക്കി വച്ചെങ്കിലും സ്ത്രീ മുഖമുള്ളതിന് മിനുക്ക്‌ പണികള്‍ ഏറെ വേണ്ടിവന്നു.

ഇ-റോസ്‌ തീയറ്ററില്‍ സിനിമ കണ്ടിരിക്കുന്ന ഇടവേളയിലാണ് അവള്‍ ഇടതു കൈകോര്‍ത്ത്‌ പിടിച്ചു കൊണ്ട് പറഞ്ഞു തുടങ്ങിയത്‌.

"രാജ്‌.. ആ ശംഖ്‌.. എന്നോട്‌ ഇന്നലെകളിലെ കഥ പറയുന്നു. ഇടയ്ക്കൊരു താരാട്ട്‌ പോലെ ഒരു പാട്ട്‌ ഞാന്‍ കേള്‍ക്കുന്നു. ഭൂതകാലത്തെ കുറിച്ചുള്ള ഒരു സത്യം എന്നോട്‌ വെളിപ്പെടുത്തും പോലെ.. അതെന്നോട്‌ ഭാവിയും പറയുന്നു."

അവള്‍ കുസൃതിയോടെയും എന്നാല്‍ സീരിയസ്സായും എന്റെ കണ്ണുകളിലേക്ക്‌ നോക്കി.

"ഇനി ഞാന്‍ ഒരു കാര്യം കൂടെ പറയട്ടേ? ഇന്ന്‌ നീ ഉണ്ടാക്കിയ ആ ടെറക്കോട്ടയ്ക്ക്‌ എന്റെ മുഖമായിരിക്കും.. അതിന്റെ കഴുത്തിലൊരു കറുത്ത ശംഖും അതിലൊരു വെളുത്ത വരയുമുണ്ടാകും”

അയാള്‍ വെറുതെ ഒന്ന്‌ ചിരിച്ചെന്ന്‌ വരുത്തി. എങ്കിലും ഓര്‍മ്മകളുടെ ചിത്രക്കൂടത്തില്‍ അയാളോര്‍ക്കാന്‍ ശ്രമിച്ചു ടെറക്കോട്ടയില്‍ പണിതത്‌ നതാലിയയുടെ മുഖമായിരുന്നൊ? കാതില്‍ നിറയെ ജ്യോതിഷിയുടെ മന്ത്രങ്ങളും നതാലിയയുടേ ശബ്ദവും പിന്നെ ആ ശംഖും മാത്രം.

രാവിലെ തന്നെ ജ്യോതിഷിയെ കാണണം പൂജിക്കാന്‍ കൊടുത്ത ശംഖ്‌ തിരികെ വാങ്ങണം. ജനന മരണങ്ങളുടെ വൃത്തത്തില്‍ അകപ്പെട്ടു പോയ ഏതോ ഒരു ആത്മാവിനെ രക്ഷിക്കണം.

" നതാലിയ നീ അത്‌ കഴിത്തിലിടുകയൊന്നും വേണ്ട വെറുതെ ഷോക്കേസിലങ്ങാനും വച്ചാല്‍ മതി..

"വേണ്ട അത്‌ ഇന്ന്‌ തന്നെ എനിക്ക്‌ കഴുത്തിലണിയണം.

പെട്ടെന്ന് കടലിലെക്ക് തന്നെ നോക്കി നില്‍ക്കുന്ന ഞങ്ങളുടെ സമീപത്തേക്ക്‌ എന്തോ ഒരു മൂളീച്ച പോലെ വന്ന്‌ പൊട്ടിച്ചിതറിയതു പോലെ തോന്നി.
ഒരു മഞ്ഞു കണമായിരുന്നോ... അല്ല.. അതിന്‍റെ പുറം തോടില്‍ പൊട്ടു പോലൊരു ഒരു വരയുണ്ടായിരുന്നു. വെളുത്ത തെളിവുള്ള ഒരു വര!!!

കറുത്ത ശംഖായിരുന്നു അത്‌.

ചിതറിയ വെള്ളത്തുള്ളീകള്‍ക്കൊപ്പം ഒരു നിമിഷം മറഞ്ഞില്ലതായി. ഇരുട്ടിലൂടെ നതാലിയ ഓടാന്‍ തുടങ്ങി. ഇടയ്ക്ക്‌ പാറക്കല്ലുകളില്‍ തട്ടി അവള്‍ വീണുരുണ്ടു. ഒരു കൊടുങ്കാറ്റു പോലെ അവള്‍ കുടിലിനു മുമ്പില്‍ നിന്നു

എന്റെ ശംഖ്‌ ? "

നതാലിയ സങ്കടവും ജിജ്ഞാസയും കലര്‍ന്ന്‌ കിതപ്പോടെ ചോദിച്ചു. "ക്ഷമിക്കണം ജ്യോതിഷി പ്രയാസപ്പെട്ടു തുടര്‍ന്നു. വൈകുന്നേരം അവസാനത്തെ പൂജയില്‍ ഞാന്‍ കണ്ണടച്ച്‌ നില്‍ക്കുമ്പോള്‍.. ഒരു പക്ഷി ആ ശംഖെടുത്ത്‌ പറന്നു പോയി. എത്ര ഓടിയിട്ടും എനിക്കത്‌ കിട്ടിയില്ല..

അയാള്‍ കരച്ചിലിന്‍റെ വക്കിലായിരുന്നു. ബാക്കി കേള്‍ക്കാനാവാതെ ശരീരമാകെ ചുവപ്പ്‌ രക്തം വാര്‍ന്നിറങ്ങും പോലെ നതാലിയക്ക്‌ തോന്നി. കഴുത്തില്‍ ഇറുകി കിടക്കുന്ന മാലയുടെ അറ്റം പൊട്ടിയടരുന്നു.


ഓര്‍മ്മകളുടെ അടിയൊഴുക്കില്‍.. നക്ഷത്രങ്ങള്‍ കരിക്കട്ടപോലെ കറുത്ത്‌ കറുത്ത്‌ വന്നു. മുന്നില്‍ ചമ്രം പടിഞ്ഞിരുന്ന്‌ അവള്‍ എട്ടുകള്ളികള്‍ വരച്ച്‌ ഏതോ സൂക്തങ്ങള്‍ ചൊല്ലാനാരംഭിച്ചു.

രാശി ചക്രങ്ങള്‍ക്കിടയില്‍ പ്രജ്ഞയുടെ ചിറകടി പോലെ അവളുടേ കണ്ണൂകളിലൊരു തിളക്കം മിന്നിത്തുടങ്ങി. പിന്നെയവള്‍ അവിടെ ഇരുന്നില്ല.

പണി തീര്‍ത്ത്‌ വച്ച ടെന്റിനരികിലേക്ക്‌ ഒരു ഭ്രാന്തിയേ പോലെ അവള്‍ ഓടി. ടെറാക്കോട്ട ശില്‍പത്തിന്റെ കഴുത്തിലപ്പോള്‍ തിളങ്ങുന്ന വെളുത്ത വരയുള്ള കറുത്ത ശംഖ്‌ അവളെയും കാത്തിരിക്കുന്നുണ്ടായിരുന്നു.
<