Saturday, October 28, 2006

ബന്യാമും ശ്രീവിദ്യയും പിന്നെ ഞാനും : - കഥ

ബന്യാമും ശ്രീവിദ്യയും പിന്നെ ഞാനും : കഥ

ഒരു തലവേദനയ്ക്കിടയില്‍ പനഡോളിന്‍റെ അവസാന വീര്യം ഒലിച്ചിറങ്ങുമ്പോഴാണ്
അമ്മൂമ്മയുടെ മരണം ഒരു ഫോണ്‍ വിളിയായ് കരഞ്ഞു തീര്‍ത്തത്. പോകണമൊ വേണ്ടയൊ എന്ന് ഭാര്യയുമായ് ആലോചിച്ച് ഉറക്കത്തിനിടയില്‍ ഭാര്യയെ കെട്ടിപ്പിടിച്ചു കിടക്കുന്നതിനിടയില്‍ അയാള്‍ തീരുമാനിച്ചു. വേണ്ട അതു വരെ പോയിവരുന്ന ചിലവു ഓര്‍ക്കുമ്പോള്‍ മാസവാടകയ്ക്ക് വരുന്ന കാട്ടറബിയുടെ ഉഷ്ണിച്ച തലപ്പാവ് തെളിഞ്ഞു വന്നു.

മയക്കത്തിനിടയില്‍ വീണ്ടും ഒരു കുഞ്ഞുമീനിന്‍റെ കരച്ചില്‍. അയലത്തെ കുമാരേട്ടന്‍റെ ഭാര്യ എടുത്തിട്ട പഴം ചക്ക പോലെ വീണു പോയിരിക്കുന്നു. ഇനി അവരില്ല. ഏട്ടന്‍റെ ശംബ്ദത്തിന്‍ ആദ്യം വിളിച്ചപ്പോഴുണ്ടായ ദു:ഖത്തേക്കാളേറെ ദു:ഖം മുണ്ടോന്ന് അയാള്‍ സംശയിച്ചു.
കുമാരേട്ടന്‍റെ ഭാര്യ അവരുടെ ചിരി തന്നെ ഒരു ഒന്ന് ഒന്നര ചിരി ആയിരിന്നു. അമ്മയുടെ കൂടെ കുളിക്കാന്‍ കുളത്തില്‍ കുളിക്കാന്‍ പോയ കാലത്ത് എത്രയോ തവണ അവരെ ഈറനോടെ കണ്ടിരിക്കുന്നു. അയാള്‍ ഉറക്കം വരാതെ ചത്ത മീനിനെ കയ്യില്‍ വച്ച് ഒരോ ഇരിപ്പു തന്നെ ഇരിന്നു.
പിന്നെ എഴുന്നേറ്റ് ഡ്രസ്സ് ചെയ്തു തുടങ്ങി. അയാളുടെ മനസ്സിലപ്പോള്‍ കുമാരേട്ടന്‍റെ ഭാര്യ മാത്രമായിരുന്നു. പല്ലു കൊഴിഞ്ഞ അമ്മൂമ്മ അപ്പോള്‍ മണ്ണോട് ചേരാന്‍ കാത്തു നില്‍ക്കുന്നത് അയാള്‍ ഓര്‍ത്തതേയില്ല.

Thursday, October 05, 2006

ആദിത്യ എന്ന് പേര് ( കഥ)

ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അയാള്‍ സംസാരിച്ചത് മുഴുവനും കുഞ്ഞിന്‍റെ അരഞ്ഞാണത്തെ കുറിച്ചായിരുന്നു. ചിരിയോടെ അമ്മ ഓര്‍ത്തത് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്‍റെ മടിയില്‍ കിടന്ന് അരമണി കിലുക്കി, മോണകാട്ടി ചിരിച്ച മകനെയായിരുന്നു.


വൈകുന്നേരം കടപൂട്ടി വീട്ടിലെത്തിയ അച്ഛനോട് എത്ര പവന്‍റെ അരഞ്ഞാണം വാങ്ങിക്കന്‍ കാശുണ്ടാകും എന്നും അവരൊക്കെ വല്യ ആളുകളാണ് അതിനനുസരിച്ച് നീങ്ങിയില്ലെങ്കില്‍ മകന് കുറച്ചിലല്ലേ എന്നുമാണ് അമ്മ പറഞ്ഞത്.

കുഞ്ഞിനെ കാണുവാനുള്ള തിരക്കിനിടയില്‍ കാശിന്‍റെ കാര്യം അച്ഛന്‍ മറന്നു പോവുകയും “അത് അവന്‍ അയച്ചു തരില്ലേ“ എന്ന് സന്ദേഹപ്പെടുകയും ചെയ്തു.

അടുത്ത തവണ അയാള്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അമ്മ അടുക്കളയില്‍നിന്ന് ഉണ്ണിവാവേ..ഉണ്ണിവാവേ..ന്ന് മൂളിപ്പട്ടു പാടുകയായിരുന്നു. ഇന്നു തന്നെ എത്തിച്ചേരുന്ന തരത്തില്‍ നാട്ടിലേക്ക് കാശ് അയച്ചിട്ടുണ്ടെന്നും അതു വാങ്ങി കുഞ്ഞിനെ കാണുവാന്‍ പോകുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും പിന്നെ നടുവേദന കാരണം താഴത്തെ ബര്‍ത്തില്‍ തന്നെ രാത്രി കിടക്കാന്‍ സൌകര്യപ്പെടുത്തണമെന്നും സീറ്റ് കിട്ടിയില്ലെങ്കില്‍ അടുത്തിരിക്കുന്ന ആളുകളോട് പറഞ്ഞാല്‍ ശരിയാക്കിത്തരുമെന്നും അല്ലെങ്കില്‍ ടിക്കറ്റ് എക്സാമിനര്‍ക്ക് ചില്ലറ കൊടുത്താല്‍ ശരിയാക്കിത്തരുമെന്നും ഓര്‍മ്മപ്പെടുത്താന്‍ അയാള്‍ മറന്നില്ല.

എന്താടാ.. കുഞ്ഞിന് പേരു വല്ലതും കണ്ടു വച്ചുവൊ.. എന്ന് അമ്മ ചോദിക്കുന്നതിനു മുമ്പേ തന്നെ അയാള്‍ അമ്മയോട് കിന്നരത്തോടെ ചോദിച്ചു.

“ എന്തു പേരാണ് അമ്മ കൊച്ചുമോനു വേണ്ടി കരുതി വച്ചിരിക്കുന്നത്?”

അമ്മയുടെ മനസ്സില്‍ ഒരു വെളുത്ത നക്ഷത്രം ചിരിച്ചു നിന്നെങ്കിലും “ ഓ.... അതൊക്കെ നിങ്ങളുടെ പാങ്ങും പത്രാസ്സിനുമനുസരിച്ച് നിങ്ങളു തന്നെയങ്ങ് കണ്ടുപിടിച്ചാല്‍ മതി. വിളിക്കാന്‍ സുഖമുള്ളതായാല്‍ ഞങ്ങള്‍ കഷ്ടപ്പെടില്ല്ല” എന്നാണ് അമ്മ മറുപടി കൊടുത്തത്.
സ്വപ്നങ്ങള്‍ ഉറങ്ങുന്ന കണ്ണുകള്‍ ഉള്ളതു കൊണ്ടാണ് മകന് രാജീവന്‍ എന്ന് പേരു വച്ചതെന്നും അന്നു മോണ കാട്ടിയുള്ള ചിരിയില്‍ അയല്‍പക്കത്തുള്ള കൌസുവും കദീജുമ്മയും പിന്നെ വേറെയും കുറേ പേരല്ലാം അസൂയപ്പെട്ടിട്ടുണ്ടെന്നും അമ്മ പറയാന്‍ ആഗ്രഹിച്ചു.
രത്രി ഭക്ഷണ സമയത്ത് മകന്‍ വിളിച്ച കാര്യവും പിന്നെ പേരിനെ കുറിച്ച് സൂചിപ്പിച്ചതുമൊക്കെ പതിയെ അമ്മ വിളമ്പി.

രാവിലെ കട തുറക്കുമ്പോള്‍ വഴിയരികില്‍ ഒരു വെളുത്ത നക്ഷത്രം ചിരിച്ചു നിന്ന സംഭവം അച്ഛന്‍ അമ്മയോട് കൌതുകത്തോടെ പറഞ്ഞു. വീട്ടു വളപ്പിലൂടെ നടക്കുന്നതിനിടയില്‍ അച്ഛന്‍റെ മുടിയില്ലാ‍ത്ത തലയില്‍ ഒരു വെള്ളിവെളിച്ചം ഉയര്‍ന്നു നില്‍ക്കുന്നത് ഇന്നലെ അടുക്കള ജനാലയിലൂടെ അമ്മ കണ്ടിരുന്നത് ഒരു ചിരിയോടെ അച്ഛനോട് പറയാതിരുന്നു. അപ്പോഴും അമ്മയുടെ ചുണ്ടില്‍ എന്തോ പറയാന്‍ വേണ്ടി ഒരു ചിരി ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു.

പേരുകളുടെ സൌന്ദര്യത്തെ കുറിച്ചും അതിന്‍റെ മ്രുദുലതയെ ക്കുറിച്ചും ഒരു ഗഗനചാരിയുടെ ഭാഷയില്‍ ഭാര്യയോട് സംവദിക്കുകയായിരുന്നു അയാള്‍. ആണ്‍കുട്ടി ആയതിനാല്‍ മാര്‍ദ്ദവമുള്ള ലോലമായ പേരുകള്‍ വേണ്ടെന്നും ഒരല്പം പൌരുഷമുള്ള പേരാണ് നല്ലതെന്നും ഭാര്യ പറയുമ്പോള്‍ അവളുടെ മനസ്സില്‍ അടുത്തിടെ പുറത്തിറങ്ങിയ ജോണ്‍ എബ്രഹാമിന്‍റെ മുഖമായിരുന്നുവൊഎന്ന് അയാള്‍ സംശയിച്ചു. ഭാര്യയുടെ അച്ഛന്‍ ആദിത്യ ബിര്‍ളയെ ക്കുറിച്ചും അദ്ദേഹത്തിന്‍റെ ഉയര്‍ച്ചയുടെ പടവുകളെ ക്കുറിച്ചും ഒരു പ്രസംഗം പോലെ പെയ്തു തീരുമ്പോള്‍ മടിയില്‍ നിന്ന് കുഞ്ഞു മോന്‍ ങേ.. ങേ.. എന്ന് കരഞ്ഞു തുടങ്ങി.

ആകാശങ്ങളില്‍ നക്ഷത്രങ്ങളെ കുറിച്ച് ആലോചിക്കുന്നതിനിടയില്‍ അയാള്‍ തന്‍റെ മകന് വേണ്ടിയുള്ള പേര് കണ്ടെത്തിക്കഴിഞ്ഞിരുന്നു.

ദ്രൌപതി : കവിത

അര്‍ജ്ജുനന്‍ വില്ലുകുലച്ചപ്പോള്‍
ദ്രൌപതി മുറുക്കി തുപ്പി
വെളുത്ത ചുമരില്‍
ചുവന്ന ഭാരതം
എങ്കിലും
ഭീമനായിരുന്നു അവളുടെ ഉള്ളില്‍

ഭീമന്‍ ഗദ ഉയര്‍ത്തി
അവളൊന്ന് പുളഞ്ഞു
ബാബറുപള്ളിയും കുരുശുമലയും
ഗോദ്ധ്ര തടാകവും ഇടിഞ്ഞു പൊളിഞ്ഞ്
കടലെടുത്തു

നകുലന്‍
ഒരു വലിപ്പായിരുന്നു അവളെ
ഇടതു കയ്യില്‍ നിന്ന് വലതു കയ്യിലേക്ക്
വലതു കയ്യില്‍ നിന്ന് ഇടതു കയ്യിലേക്ക്
എന്നിട്ടും
സഹദേവന്‍റെ നാക്കിലവള്‍
ചെന്നിദായകം തേച്ചു.

യുധിഷ്ട്ടിരന്‍
നോക്കിയതേ ഉള്ളു
കൈലാസമിളകി
പാല്‍ക്കടലിരമ്പി
അപ്പോഴും
ദ്രൌപതി ദുശ്ശാസനനെ
സ്വപ്നം കണ്ടു
പുതിയൊരു ഭാരതവും.

Wednesday, October 04, 2006

നിഷാദ ജന്മം : കവിത

ബ്രഹ്മചര്യം ഒരു വ്രതമാണെന്ന് ദൈവം
അയാളൊന്നു ചിരിച്ചു
കഴുത്തില്‍നിന്ന് ജപമാല ഊരി കട്ടിലിലിട്ടു.

പൂജ, പ്രാര്‍ത്ഥന
മനസ്സു കൊണ്ടെന്ന് ദൈവം
അവള്‍ ചുണ്ടില്‍ ചായം തേച്ചു
മുഖം മുനുക്കി പടികള്‍ കയറി തുടങ്ങി.

മദ്യം
നിഷാദര്‍ക്കും നിഷേധികള്‍ക്കും മാത്രമെന്ന് ദൈവം
ഉറക്കം കിട്ടാനെന്ന് അയാള്‍.

പടികയറി മുകളിലെത്തിയപ്പോള്‍
അവള്‍ കണ്ടു
അയാള്‍ നന്നയി ഉറങ്ങുന്നു
അവളും.
ദൈവം ഇറങ്ങി നടന്നു
ദിക്കറിയാതെ.
<