Wednesday, July 09, 2008

ഭാഗം- 3 : എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു

മരണം എന്ന കോമാളി


ഇവാന്‍ ഇല്ലിച്ചിന്‍റെ മരണം (Death of Invan Illich) എന്ന ലിയോ ടോള്‍സ്റ്റോയിയുടെ പ്രകൃഷ്ടകൃതിയില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ആസന്നമരണന്‍റെ അനാഥത്വവും ഏകാന്തതയുമെന്ന ഗംഭീരപ്രമേയം എംടിയുടെ കാഥിക പ്രജ്ഞയെ ഏതാണ് ആവേശിച്ച മട്ടാണ്. അതിന്‍റെ മലയാളം പതിപ്പുകള്‍ (പകര്‍പ്പുകള്‍) ഒന്നും രണ്ടുമല്ല എം.ടി യുടെ ചിത്രങ്ങളില്‍. ‘സുകൃത’ത്തിലെ രവിശങ്കര്‍, ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ യിലെ വൃദ്ധന്‍ എന്നിവര്‍ ഉദാഹരണങ്ങളില്‍ ചിലതു മാത്രം.


‘ ആരണ്യക’ ത്തിലെ നെടുമുടി വേണുതരിപ്പിച്ച കിഴവന്‍ കഥാപാത്രത്തേയും ഇവിടെ ഓര്‍ക്കാം. ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ യിലെ മരിപ്പിക്കലുകാരന്‍ (കുതിരവട്ടം) ഒരു നല്ല കഥാ‍പാത്രമാണ്. പക്ഷെ അയാളുടെ മരണത്തെ എംടി സെന്‍റിമെന്‍റലൈസ് ചെയ്ത് വഷളാക്കി കളഞ്ഞു.
ഈ ജനുസ്സില്‍ പെട്ട എം.ടി ചിത്രങ്ങളില്‍ എല്ലാം കൊണ്ടും മികച്ചത് ‘സുകൃതം’ തന്നെയാണ്. പക്ഷെ ആ ചിത്രത്തില്‍ നരേന്ദ്രപ്രസാദ് അവതരിപ്പിക്കുന്ന ഒരു പോസ്റ്റ് മോഡേണ്‍ ഡോക്ടരുണ്ടല്ലോ, ഒരു നവീന ജീവന്‍ മശായ്!!


ആ കഥാപാത്രത്തിന്‍റെ- അഥവാ നടന്‍റെ- ഭ്രാന്തന്‍ ചേഷ്ഠകളും അയാളുടെ ഹോളിസ്റ്റിക് ചികിത്സയെന്ന പരിഹാസ്യമാവിധം അവിശ്വസനീയമായ ‘മൃത്യുഞ്ജയ’വുമൊക്കെ പടത്തിന്‍റെ നട്ടെല്ലാ‍യ യാതാര്‍ത്ഥ്യപ്രതീതിയെത്തന്നെ തകിടം മറിച്ചുകളഞ്ഞു.
അതോടെ ഇതിഹാസത്തിലെ കചദേവയാനീകഥയുടെ ദുര്‍ബലമായ പഠനഭേദമായിത്തീര്‍ന്നു ‘സുകൃതം’ എന്ന മികച്ചതാവേണ്ടിയിരുന്ന തിരക്കഥ ശാന്തീകൃഷ്ണയുടെ ദേവയാനിയും ഗൌതമിയുടെ ശര്‍മ്മിഷ്ഠയും മനോജ് കെ ജയന്‍റെ യയാതിയും മമ്മൂട്ടിയുടെ കചനും! പോരേ പൂരം. !
ഇങ്ങനെയൊക്കെയാണെങ്കിലും ഈ ചിത്രത്തിലെ അവസാന രംഗം ഒരു മികച്ച ദൃശ്യാനുഭവമാണെന്ന് പറയാതെ വയ്യ.

അപകടകരമായ കാല്പനീകത:

പുരാണേതിഹാസങ്ങളിലും (വൈശാലി) പുരാവൃത്തത്തിലും (പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ) ചരിത്രത്തിലും (ഇനിയും വരാനിരിക്കുന്ന ‘പഴശ്ശിരാജ എന്ന ചിത്രം) ഒക്കെ നടത്തിയ സര്‍ഗ്ഗാത്മകമായ ഇടപെടലുകളിലൂടെ തന്‍ റേ പതിവ് വള്ളുവനാടന്‍ ഫ്യൂഡല്‍ പ്രമേയങ്ങള്‍ക്ക് പുരാവൃത്തപദവിയും പുരാണ പരിവേഷവും നല്‍കുകയായിരുന്നു എം.ടി എന്ന ചലച്ചിത്രകാരന്‍.

തന്‍റെ പരിമിതമായ കാല്‍പ്പനീക പ്രമേയങ്ങളെ വിദൂരഭൂതകാലത്തിന്‍റെ ഭാഗമായി കാണാനുള്ള കാല്‍പ്പനീക സഹജമായ ഗൃഹാതുരതയും ഭൂതകാലാഭിരതിയുമാണ് എംടിയുടെ വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍ മുതലായ ചിത്രങ്ങളുടെ നിര്‍മ്മാണ വസ്തുക്കള്‍. പക്ഷെ ഈ മൂന്ന് ചിത്രങ്ങളിലൂടെയും വാസ്തവത്തില്‍ ഇതിഹാസപാഠത്തെ എംടി ഡീമിത്തിഫൈ Demythify ചെയ്യുകയല്ല പകരം തന്‍റെ സവര്‍ണ്ണ ഫ്യൂഡല്‍ ഗൃഹാതുരതയെ മിത്തിഫൈ ചെയ്യുകയാണുണ്ടായത്.

എംടി യുടെ ഈ മൂന്ന് തിരക്കഥകളും ഭൂതകാലത്തിന് പുതിയ പാഠഭേദം നിര്‍മ്മിക്കുകയല്ല മറിച്ച് വര്‍ത്തമാനത്തിന് ഒരു ഭൂതപാഠം നിര്‍മ്മിക്കുകയാണ് ചെയ്തത്. കല്‍പ്പനാ പ്രധാനമായ ഒരു തരം കപടസാംസ്കാരിക ചരിത്ര രചന (Fake Historiography) നടത്തുകയായിരുന്നു അദ്ദേഹം.

തന്‍റെ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയുടെ ഉപോല്‍പ്പന്നങ്ങളായ വികാര ദൌര്‍ബല്യ (Complex) ങ്ങള്‍ക്കും ക്ഷുദ്രകാല്‍പ്പനീക പ്രമേയങ്ങള്‍ക്കും അങ്ങിനെ എംടി വ്യാജമായ ഇതിഹാസ ഗൌരവമുണ്ടെന്ന് വരുത്തിത്തീര്‍ത്തു. ഇത്തരം ചില്ലറ കൌശലങ്ങളേയും മലക്കം മറിച്ചിലുകളേയും ഭാവനാപരമായ ചെപ്പടിവിദ്യകളേയും ശരാശരി മലയാളി പ്രേക്ഷകര്‍ ഉജ്ജ്വലമായ പ്രതിഭാ വിലാസമായി തെറ്റിദ്ധരിച്ചത്.
പുരാവൃത്തത്തില്‍ നിന്നും ചരിത്രത്തെ മോചിപ്പിക്കുകയല്ല, പുരാവൃത്തത്തില്‍ ചരിത്രത്തെ ബന്ധിപ്പിക്കുകയാണ് ‘ഒരു വടക്കന്‍ വീരഗാഥ’യിലും ‘പെരുന്തച്ചനി’ലും എംടി ചെയ്തത്.
പുരാണത്തേയും ‘പുരാവൃത്ത’ത്തെയും പുരുഷ / സവര്‍ണ്ണ പക്ഷത്തുനിന്നുകൊണ്ട് അപഭംഗപ്പെടുത്തുക (Disort) ആയിരുന്നു അദ്ദേഹം.

അത് സര്‍ഗ്ഗാത്മകതയുടെ ദുരുദ്ദേശ്യപരമായ ദുര്‍വ്യയം തന്നെയായിരുന്നു. അപകടകരമാംവിധം വിഷപൂരിതമായ കാല്‍പ്പനീക വിശുദ്ധിയുള്ള പ്രമേയ സന്ദര്‍ഭങ്ങളും ചലച്ചിത്രങ്ങളുമാണ് എം.ടി സൃഷ്ടിച്ചിട്ടുള്ളത്.

കാലമിത്രയും എഴുത്തച്ഛന്‍റെ വളര്‍ത്തുകിളിയായ ശാരികപ്പൈതലായി വേഷം മാറി മലയാളിയെ വഞ്ചിക്കുകയായിരുന്നു എംടിയുടെ വള്ളുവനാടന്‍ കാല്‍പ്പനീകപൈങ്കിളി. ഒരു പക്ഷെ ഇനിയുമത് തുടര്‍ന്നു പോയേക്കാം. അത്രമാത്രം വിധേയത്വം (Loyality) എംടിയുടെ കാല്‍പ്പനീകതയോട് മലയാളിക്കുണ്ട്. ഇനിയും അതില്‍ നിന്ന് ഒരു ലഹരിമുക്തി മലയാളിക്ക് സാദ്ധ്യമാണോ എന്നറിയില്ല, സാക്ഷാല്‍ എംടിക്കു പോലും അത് സാദ്ധ്യമാവാത്തിടത്തോളം കാലം എംടി തന്‍റെ കാല്‍പ്പനീക കഞചാവു ലേഹ്യം ചെറിയ ഉരുളയാക്കി ഊട്ടി വളര്‍ത്തിയ മലയാളിക്കും അതിന് കഴിയുമെന്ന് തോന്നുന്നില്ല. (അവസാനിച്ചു).
[ചര്‍ച്ചകള്‍ അവസാനിപ്പിക്കാതെ വിഷയത്തില്‍ ഊന്നി സംസാരിക്കൂ. ഇത്തരം എഴുത്തുകളെ നമ്മള്‍ തള്ളിക്കളയേണ്ടതുണ്ടോ...??]

പ്രതീക്ഷിക്കുക....... ശ്രീനിവാസന്‍റെ തിരക്കഥയിലെ നായിക- നായക കഥാപാ‍ത്രങ്ങളുടെ ചരിത്ര പരമായ ദൌത്യം എന്തായിരുന്നു.?
എഴുതിയത് : രാജു ഇരിങ്ങല്‍

Saturday, July 05, 2008

ഭാഗം - 2 : എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു

(ഒന്നാംഭാഗം: എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു http://komath-iringal.blogspot.com/2008/07/blog-post.html)
തുടര്‍ച്ച...)



എം. ടി തിരക്കഥയെഴുതിയ ‘വൈശാലി’ എന്ന ഭരതന്‍ ചിത്രം ‘നഖക്ഷതങ്ങളു’ടെ പ്രമേയത്തെ പുരാണ പശ്ചാത്തലത്തില്‍ വിളമ്പിവെച്ച വിഭവ സമൃദ്ധമായ ഉടല്‍ വിരുന്നാക്കി മാറ്റുകയായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ഋശ്യശൃംഗന്‍ എന്ന മുനികുമാരന്‍റേയും വേശ്യാവൃത്തിയിലേക്കും പിച്ചവെയ്ക്കുന്ന കാതരയായ യുവസുന്ദരി (വൈശാലി) യുടേയും സ്ഥാനത്ത് ‘ നഖക്ഷതങ്ങളി’ലെ നായികാ നായകന്‍ മാരെ സങ്കല്പിക്കാന്‍ വളരെ എളുപ്പം സാധിക്കും. നിബിഡവനാന്തരം ഒരുക്കുന്ന വിജനതയും ആദ്യമായി സ്ത്രീ സംഗമറിയുന്ന നായകനും അനാഘ്രാത വിശുദ്ധയും നാമമാത്ര വല്‍ക്കലധാരിണിയുമായ നായികയുടെ ഉടലഴകും (ഉടലളവും) തുറന്നിടുന്ന ദൃശ്യചാരുതകള്‍ രോമാഞ്ചകാരിയായ ഒരനുഭവം തന്നെ!!. ആ രോമാഞ്ചം ഏറ്റുവാങ്ങിയവരായിരുന്നു ആ തലമുറയിലെ ഒട്ടുമിക്ക മലയാളി പ്രേക്ഷകരും.

‘കഞ്ചബാണന്‍റെ ദൂതി’യായ (ഓ. എന്‍. ആ ചിത്രത്തിലെഴുതിയ ഗാനത്തിലെ ഒരു വിശേഷണം) നായികയെ പ്രേക്ഷകരുടേ കാമസന്തര്‍പ്പണത്തിന് വേണ്ടിയാണ് എം. ടിയും ഭരതനും കൂടി പുരാണത്തില്‍ പുത്തന്‍ പ്രേക്ഷകരുടെ ഇടയിലേക്ക് ഇറക്കികൊണ്ടുവരുന്നത്. താപസരല്ലാത്ത ആ തരള ഹൃദയര്‍‍ അക്ഷരാര്‍ത്ഥത്തില്‍ ഇളകി മറിയുകയും ചെയ്തു.


പെരുന്തച്ചന്‍ എന്ന (അ) ബ്രഹ്മണന്‍

പെരുന്തച്ചനി’ലെ അച്ഛനും മകനും തമ്പുരാട്ടിമാരായ അമ്മയേയും മകളേയും കാമിക്കുന്നവരാണ്. തലമുറവിടവ് ഇങ്ങനെയും ആവിഷ്കരിക്കാം! അതിലും വലിയ കടുംകൈ പെരുന്തച്ചനിലെ കീഴാള - അവര്‍ണ്ണ മുഖച്ഛായ മായ്ച്ച് കളഞ്ഞ് എം.ടി പാവം തച്ചനെയും സവര്‍ണ്ണവല്‍ക്കരിച്ചു എന്നതാണ് ‘കൌശീകീയം’ ഉദ്ധരിച്ച് എതിരാളിയെ നിഷ്പ്രഭനാക്കുകയും സ്വയംവരദുര്‍ഗ്ഗയുടെ രൂപ സാദൃശ്യം അന്വേഷിച്ച് കെട്ടിലമ്മയുടെ കിടപ്പറവാതില്‍ വരെ ചെല്ലുകയും (വടക്കന്‍ വീരഗാഥയിലെ ചന്തുവിനൊപ്പോലെയെന്ന് വേണമെങ്കില്‍ പറയാം) ആത്മാഹുതി നടത്തുന്നതിനു തൊട്ടുമുന്‍പ് പോലും പര്‍വ്വതസ്തനമണ്ഡിതയും സമുദ്രവസനയുമായ ഭൂമാതാവിനെ വണങ്ങിക്കൊണ്ട് ‘സംസ്കൃത ശ്ലോകാതുര’ (ശോകാതുരനല്ല) നാവുകയും ചെയ്യുന്ന പെരുന്തച്ചന്‍, ബ്രഹ്മണകഥാപാത്രങ്ങളേക്കാള്‍ ബ്രഹ്മണ്യമുള്ള ഒരാളായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാമ്പറ്റ ഉണ്ണി (നെടുമുടി വേണു) മായുള്ള സൌഹൃദം തച്ചന്‍റെ സവര്‍ണ്ണതയ്ക്ക് പരോക്ഷ ന്യായീകരണമാവുന്നത് കാണാം.

തിലകന്‍ ആത്മാവ് കൊടുത്ത് അഭിനയിച്ച് പൊലിപ്പിച്ച തച്ചന്‍റെ സഹോദരനായി (ബാബു നമ്പൂതിരി) പാക്കനാരോ ചാത്തനോ - എന്തിന് നാറാണത്ത് ഭ്രാന്തനോ - അല്ല ചിത്രത്തില്‍ കടന്നു വരുന്നത്! പറയിപെറ്റ പന്തിരുകുലത്തില്‍ നിന്ന് അടര്‍ത്തി മാറ്റുകയാണ് എം. ടി പെരുന്തച്ചനെ. പന്തിരുകുലത്തിലെ തച്ചന്‍റെ അവര്‍ണ്ണ സഹോദരങ്ങളാരും ചിത്രത്തില്‍ മുഖം കാണിക്കുന്നതുമില്ല തച്ചനും അവര്‍ണ്ണ മുഖം നഷ്ടമാവുന്നു. തച്ചന്‍ ഒരു പാതി ബ്രാഹ്മണനും പാതിദൈവവുമായി വിഹരിക്കുന്ന സുവര്‍ണ്ണ ലോകത്തു നിന്ന് അവര്‍ണ്ണരായ കൂടെ പ്പിറപ്പുകളെ ഒന്നാകെ എം. ടി ‘ഗളഹസ്തം’ ചെയ്തിരിക്കുന്നു. അഥവാ ചിത്രത്തില്‍ പടിക്കുപുറത്താണ് അവരുടെ സ്ഥാനം. ആ വലിയ ‘തച്ചന്‍’ എന്ന് എം.ടിയുടെ പെരുന്തച്ചന്‍ ദൈവത്തെ സംബോധന ചെയ്യുന്ന സന്ദര്‍ഭം സിനിമയിലുണ്ട്.

അതുണര്‍ത്തുന്ന സാംസ്കാരിക വിവക്ഷകളെ, ചലച്ചിത്രത്തെയൊന്നാകെ ഭരിക്കുന്ന സമത്വഭാവനയും അവര്‍ണ്ണ കലാപമായും മറ്റാനുള്ള ബാദ്ധ്യതയില്‍ നിന്ന് എം.ടി തന്ത്രപൂര്‍വ്വം തലയൂരുന്നത് ചിത്രത്തില്‍ കാണാം. ഭൂനിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം നിലവില്‍ വന്ന ആധുനീക കേരളത്തില്‍ സവര്‍ണ്ണര്‍ അനുഭവിക്കുന്ന ദാരിദ്ര ദു:ഖത്തെപ്പറ്റി വിലപിക്കുന്ന കഥാപാത്രങ്ങള്‍ (സംവരണ വിരുദ്ധരും ജനാധിപത്യ വിരുദ്ധരും കൂടിയാണവര്‍) പല എം.ടി ചിത്രങ്ങളിലും ഉണ്ട്. സവര്‍ണ്ണ ദാരിദ്രത്തിന് കാരണം ഫ്യൂഡലിസത്തിന്‍റെ പതനമണെന്നും സവര്‍ണ്ണ ദാരിദ്രമാണ് മഹാദാരിദ്ര്യമെന്നും ഈ കഥാപാത്രങ്ങള്‍ അടഞ്ഞു തുറന്നും പ്രഖ്യാപിക്കുകയാണ്. (ഇത്തരം ചിലരെ ടി. ദാമോദരന്‍റെ സിനിമകളിലും കാണാം) തന്‍റെ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയെ എം.ടി പുരാവൃത്തഘടനയുള്ള പെരുന്തച്ചന്‍റെ ഭൂതകാലത്തിലേക്ക് പ്രക്ഷേപിക്കുകയായിരുന്നു. അങ്ങിനെയാണ് സവര്‍ണ്ണ മുഖച്ഛായയുള്ള തന്‍റെ വംശത്തില്‍ നിന്ന് കുലത്തില്‍ നിന്നും അറുത്തുമാറ്റപ്പെട്ട, തച്ചു ശാസ്ത്ര വിശാരദനായ പെരുന്തച്ചന്‍ എന്ന നപുംസക വ്യക്തിത്വമുള്ള കഥാപാത്രത്തെ എം. ടി സൃഷ്ടിച്ചത്.

ഇരട്ട മുഖമുള്ള പുരുഷന്‍ മാരും മുഖം നഷ്ടപ്പെടുന്ന സ്ത്രീകളും

വാരണാസി’ എന്ന നോവലിലെ സുധാകരന്‍ എന്ന നായകന്‍ വെള്ളിത്തിരയില്‍ എം.ടി സൃഷ്ടിച്ച പുരുഷകഥാപാത്രങ്ങളുടെ ആകെത്തുകയാണെന്നും പറയാം. ശരിക്കുമൊരു പെണ്‍ വേട്ടക്കാരനായ സുധാകരനെ സ്ത്രീകളാല്‍ വേട്ടയാടപ്പെടുന്ന നിരപരാധിയുടെ വേഷം കെട്ടീക്കാന്‍ എം. ടി യുടെ ഏകപക്ഷീയമാ‍യ പുരുഷ ബോധത്തിന് വളരെ എളുപ്പം സാധിച്ചു!.


‘പഞ്ചാഗ്നി’ യിലെ നക്സലൈറ്റ് നായിക പോലും പുരുഷ സ്പര്‍ശത്താ‍ല്‍ (റഷീദ് - മോഹന്‍ ലാല്‍) നറു വെണ്ണ പോലെ ഉരുകുന്നു. ‘ ആരണ്യകം’ എന്ന സിനിമ ഒരു നക്സലൈറ്റ് പുരാവൃത്തമായും വെറുമൊരു പൈങ്കിളീക്കഥയായും (ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവെച്ചില്ലേ ഞാന്‍, തനിച്ചിരിക്കാന്‍ കഥപറയാന്‍ കളിപറയാന്‍ കിളിമകള്‍ വന്നില്ലേ’ എന്ന് പാടി ഊയലാടുന്ന പൈങ്കിളി നായികയോടൊപ്പം അതേ കാട്ടില്‍ ഒളിച്ചിരിക്കുകയും - ഒളിവില്‍ പാര്‍ക്കുകയും എന്നു പാഠാന്തരം - അവളോട് കഥ പറയുകയും കളിപറയുകയും മൊക്കെ ചെയ്യുകയും ചെയ്യുന്ന നക്സലൈറ്റാണല്ലോ ഈ ചിത്രത്തിലെ നായകന്‍). നക്സലിസത്തോടുള്ള ഫ്യൂഡല്‍ ഭയത്തിന്‍റെ തിരരൂപമായും മാറി. നക്സലിസത്തോടുള്ള എം.ടിയുടെ ഫ്യൂഡല്‍ ഭയം ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയുടെ മറുപുറമാകുന്നത് നക്സലിസത്തെ മെലോഡ്രാമകളാക്കി അവതരിപ്പിക്കുന്ന ‘ആരണ്യക’ ത്തിലും പഞ്ചാഗ്നിയിലും കാണാം. ഇതിന്‍റെ മറ്റൊരു മുഖമാണ് ‘ഒരു വടക്കന്‍ വീരഗാഥ’യില്‍.

‘ഒരു വടക്കന്‍ വീരഗാഥ’ യിലെ ചന്തു ഒരു ദുരന്ത/ വീരനായകനാവുന്നത് വടക്കന്‍ പാട്ടിലെ വീരാംഗനയായ ഉണ്ണിയാര്‍ച്ചയുടെ പെണ്‍ബുദ്ധിയെ പുലഭ്യം പറഞ്ഞിട്ടു കൂടിയാണ്. ചന്തുവിന്‍റെ ചാപല്യങ്ങളെ വെള്ളപൂശുന്നതിനു വേണ്ടി, സ്ത്രീയുടെ പ്രത്യുല്‍പ്പന്നമതിത്വത്തെയും പ്രായോഗിക ബുദ്ധിയേയും സ്വയം നിര്‍ണ്ണയാവകാശത്തേയും തന്‍പോരിമയേയും എംടി വിശ്വാസവഞ്ചനയുടെയും അവസരവാദപരതയുടേയും വേഷം കെട്ടിക്കുന്നു. പഴയ നായര്‍ത്തറവടുകളിലെ സംബന്ധവ്യവസ്ഥയോടുള്ള എംടിയുടെ പുരുഷാധിപത്യപരമായ കലഹമായിരുന്നു ചന്തുവിന്‍റെ പാത്ര സൃഷ്ടി.

വി.ടിയും അന്തര്‍ജ്ജനവും വിമോചനപ്രതീകമായി അവതരിപ്പിച്ച കുറിയേടത്ത് താത്രിയും ‘പരിണയം’ എന്ന എം. ടി ചിത്രത്തില്‍ എളുപ്പം വാടിപ്പോവുന്ന പെണ്‍കൊടിയായി ഭാവം പകരുന്നു. ഫ്യൂഡലിസത്തിന്‍റെ ജീര്‍ണ്ണോന്മുഖമായ സ്ത്രി വിരുദ്ധതയെ കൊണ്ടാടാനും അതിലെ സ്ത്രീ വിരുദ്ധതയെ സ്വയം നിര്‍ണ്ണയാവകാശത്തെ അപഹസിക്കാനുമാണ് എംടി ഇവിടെ പരാമര്‍ശിച്ച രണ്ടു ചിത്രങ്ങളിലും താല്പര്യപ്പെടുന്നത്.


ഈ ഉഭയമന:സ്ഥിതിയാണ് എം.ടിയുടെ തീര്‍ത്ഥാടനത്തിലെ കരുണന്‍ മാഷ് എന്ന കഥാപാത്രത്തിന്‍റെ പിറവിക്ക് പിന്നില്‍. ആസ്തമ മൂര്‍ച്ഛിച്ചു പിടഞ്ഞുണരുന്ന സീനില്‍ തന്‍റെ ഭാര്യയെയാണ് കുടജാദ്രിയിലേക്ക് കൂടെപ്പോന്ന പഴയ വിനീത ശിഷ്യ വിനോദിനിയെയല്ല ‘പാവം മാഷ്’ വിളിച്ചു കേഴുന്നത്. ഇത് തികച്ചുമൊരു മദ്ധ്യവര്‍ഗ്ഗ മലയാളിനായകന്‍റെ പുരുഷവിലാപമാണ്. ഇതു വഴി എം.ടി കരുണന്‍ മാഷ് എന്ന സദാചാരനിഷ്ഠനും ലോലഹൃദയനുമായ സ്കൂള്‍ മാഷിന്‍റെ മുഖം രക്ഷിക്കുന്നു. മുഖം നഷ്ടപ്പെടുന്നത് മാഷുടെ പ്രീയ ശിഷ്യ വിനോദിനിക്കാണ്. ഒരു ഫ്യൂഡല്‍ തറവാട്ടിലെ ഓമനപുത്രിയായ വിനോദിനിയുടെ വര്‍ത്തമാനാവസ്ഥയെ ഫ്യൂഡലിസത്തിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട പതിവു നൊസ്റ്റാള്‍ജിയയുടെ പുളീച്ചു തേട്ടലായി അവതരിപ്പിക്കുന്നുണ്ട് ഈ ചിത്രത്തില്‍. ഫ്യൂഡലിസത്തില്‍ നിന്നും മദ്ധ്യവര്‍ഗ്ഗ കുടുംബ ഘടനയുടെ സദാചാര വ്യവസ്ഥയില്‍ നിന്നും ഒരേസമയം പുറത്താകുന്ന വിനോദിനി അതോടെ വഴിയാധാരമായി മാറുന്ന കിടിലന്‍ ഷോട്ടോടുകൂടിയാണ് ‘തീര്‍ത്ഥാടനം’ അവസാനിക്കുന്നത്. ശാന്തം!! പാവം!! (തുടരും...)





Tuesday, July 01, 2008

എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു

എം ടിയും എര്‍ത്ത് ആര്‍ട്ടും

എം. ടിയും എര്‍ത്ത് ആര്‍ട്ടും തമ്മിലെന്ത്? അമ്പരക്കേണ്ട. വിശദീകരിക്കാം. ഒരു മലയേയോ ഒരു ഭൂവിഭാഗത്തേയോ ഒന്നാകെ ഒരു കരിമ്പടത്തുണിയില്‍ പൊതിഞ്ഞു വച്ചാലും അത് എര്‍ത്ത് ആര്‍ട്ട് ആകും. പ്രതിഷ്ഠാപനകല (Installation) യുടെ അവാന്തര വിഭാഗമാണ് എര്‍ത്ത് ആര്‍ട്ട്. പ്രകൃതിയേയും ഭൂവിഭാഗങ്ങളേയും നേരിട്ട് കലാവസ്തുവാക്കുന്ന സവിശേഷമായ പരിചരണ രീതിയാണത്. ഇത് തന്നെയാണ് എം. ടി വാസുദേവന്‍ നായരും എര്‍ത്ത് ആര്‍ട്ടും തമ്മിലുള്ള ബന്ധം എം. ടി. മലയാള സിനിമയിലേക്കും സാഹിത്യത്തിലേക്കും പരോക്ഷമായി ഒരു എര്‍ത്ത് ആര്‍ട്ട് കൊണ്ടു വന്നിരുന്നു. അദ്ദേഹം തന്‍റെ ജന്മ ദേശം ഉള്‍പ്പെടുന്ന വള്ളുവനാടിന്‍റെ സാംസ്കാരിക ഭൂമിശാസ്ത്രത്തെ ആഖ്യാനകലയുടെ കരിമ്പടപ്പുതപ്പിനുള്ളിലാക്കുകയും അതു വഴി എര്‍ത്ത് ആര്‍ട്ട് എന്ന കാലാസങ്കേതത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആ ഭൂവിഭാഗത്തെതന്നെ ഒരു കലാസൃഷ്ടിയാക്കി മാറ്റുകയും ചെയ്തു. ഒറ്റനോട്ടത്തില്‍ നിരുപദ്രവകരമായ കലാപ്രവര്‍ത്തനമാണ് ഇതെന്ന് തോന്നാം. വേണമെങ്കില്‍ ഫോക്നറുടെ യോക്നാപാട്ടോഫയുമായും ഹാര്‍ഡിയുടേ വെസ്സെക്സുമായും വേര്‍ഡ്സ്വര്‍ത്തിന്‍റെ ലേക്ക് ഡിസ്ട്രിക്ടുമായും അതിനെ തുലനം ചെയ്ത് ആത്മസായൂജ്യമടയുകയുമാവാം.


പക്ഷെ വസ്തുത നേരെ മറികാണ്. എം.ടി കേരളത്തിന്‍റെ സാംസ്കാരിക ഭൂപടത്തെ വള്ളുവനാടന്‍ സവര്‍ണ്ണ സംസ്കാരിക ഭൂപടത്തെ വള്ളുവനാടന്‍ സവര്‍ണ്ണ സംസ്കാരത്തിലേക്ക് പരിമിതപ്പെടുത്തുകയായിരുന്നു. കേരള സംസ്കാരമെന്നാല്‍ വള്ളുവനാടന്‍ സവര്‍ണ്ണതയാണെന്നും അവര്‍ സംസാരിക്കുന്നതാണ് നല്ല മലയാളമെന്നും നാലുകെട്ടുകളുടെ ഫ്യൂഡല്‍ ലോകമാണ് കേരളീയ കുടുംബങ്ങളുടെ ശരിപ്പകര്‍പ്പ് എന്നും എം. ടി മലയാളിയെ പറഞ്ഞു പഠിപ്പിച്ചു എന്നല്ല, പറഞ്ഞു ഫലിപ്പിച്ചു എന്നു വേണം പറയാന്‍. കേരളത്തിലെ ഇതര ഭൂവിഭാഗങ്ങളും അവിടത്തെ മനുഷ്യരും അവരുടെ സംസ്കാരവും അവരുടെ ഭാഷയും അതു വഴി തമസ്കരിക്കപ്പെട്ടു. എം. ടി കേരളത്തിന്‍റെസാംസ്കാരിക ഭൂപ്രകൃതിക്ക് മേല്‍ മറവിയുടെ ഒരു കരിമ്പുതപ്പ് വലിച്ചിട്ടുവെന്ന് വേണമെങ്കില്‍ പറയാം.

നിളാ നദി അങ്ങിനെ കേരളീയര്‍ക്ക് ഒരു സാംസ്കാരിക വികാരമായും വള്ളുവനാടന്‍ മലയാളം കേട്ടാല്‍ രോമാഞ്ചമുണ്ടാകുന്ന (പൈം) കിളിക്കൊഞ്ചലായും നാലുകെട്ടുകള്‍ സാംസ്കാരിക ചിഹനങ്ങളായും മാറി. കേരളീയത, കേരളീയ സംസ്കാരം ഇവയുടെ നനാര്‍ത്ഥ സമ്പന്നമായ പഞ്ചവര്‍ണ്ണചിറകരിഞ്ഞ് അതിനെ എം. ടി വള്ളുവനാടിന്‍റെ പരിമിതമായ ചട്ടക്കൂട്ടിനുള്ളിലൊതുക്കുകയായിരുന്നു. കൂട്ടിലടച്ച തത്തയെപ്പോലെ അത് വള്ളുവനാടന്‍ മലയാളം മാത്രം മൊഴിഞ്ഞു. കാച്ചെണ്ണയുടേയും മുല്ലപ്പൂവിന്‍റെയും വാസനാസോപ്പിന്‍റേയും നറുമണമുള്ള നായികമാര്‍ അങ്ങിനെ നമ്മുടെ സ്വപ്നസുന്ദരിമാരായും മാറി.

ചെറിയ മനുഷ്യരും ചെറിയ ലോകവും

പ്രണയിക്കുന്നത് നഷ്ടപ്പെടാനോ നഷ്ടപ്പെടുത്താനോ വേണ്ടി മാത്രമാണെന്നും ജീവിതം ഉല്‍ക്കര്‍ഷേച്ഛുവിന്‍റെ പടയോട്ടമാണെന്നും എം. ടിയുടെ നായകന്‍മാര്‍ നമ്മെ പഠിപ്പിച്ചു. സ്വന്തം മനസ്സിന്‍റെ ഇരുളടഞ്ഞ കാമനാ പ്രപഞ്ചത്തില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാത്തവരും ആത്മവ്രണങ്ങളില്‍ നിന്നൊഴുകുന്ന ചോരകൊണ്ട് കൈയ്യൊപ്പിടുന്നവരുമായിരുന്നു അവര്‍. ‍.

എം. ടി തിരക്കഥയെഴുതിയ ‘ഉയരങ്ങളില്‍’ എന്ന ചലച്ചിത്രത്തിലെ ജയരാജന്‍ (മോഹന്‍ ലാല്‍) ഈ ഉല്‍ക്കര്‍ഷേച്ഛുവിന്‍റെ പൂര്‍ണ്ണാവതാരമായിരുന്നു. എം. ടിയുടെ സിനിമകളില്‍ നായകന്‍മാര്‍ - അയാള്‍ സാഹിത്യകാരനോ ബിസ്സിനസ്സുകാരനോ ബ്യൂറോക്രാറ്റോ ആരു തന്നെ ആയാലും ഹൃദയത്തില്‍ വ്രണിതമായ പ്രണയ മുദ്ര വഹിക്കുന്നയാളും ദാമ്പത്യ ഛിദ്രം അനുഭവിക്കുന്നയാളും എല്ലാം നേടിയിട്ടും ഒന്നും നേടിയിട്ടില്ലെന്ന്, ഭൂതാതുരയോടെ വിലപിക്കുന്നയാളും നാടകീയതയും കാല്പനീക ഭംഗിയും തികഞ്ഞ ‘കിടിലന്‍‘ ഡയലോഗുകള്‍ പറഞ്ഞ് സഹാനുഭൂതിയും കൈയടിയും ഒരുമിച്ച് നേടുന്നവനുമാണ്. എം. ടിയുടെ റെട്ടറിക്ക് സാധാരണക്കാരായ കഥാപാത്രങ്ങളുടെ ചെറിയ വായില്‍ പോലും വലിയ നെടുങ്കന്‍ ഡയലോഗുകള്‍ തിരുകുന്നു.

ആത്മ വ്രണങ്ങള്‍ ഒളിപ്പിക്കാന്‍ വേണ്ടി വലിപ്പം ഭാവിക്കുന്ന ചെറിയ മനുഷ്യരുടെ ചെറിയ ലോകമാണത്. അവര്‍ക്കെല്ലാം ഒരേ എം.ടീയന്‍ മുഖച്ഛയയാണ്. (ഒരേ പലര്‍ എന്ന് എംടിയുടെ കഥാപാത്രങ്ങളെ വിവരിച്ചാല്‍ തെറ്റില്ല. ‘ ആള്‍ക്കൂട്ടത്തില്‍ തനിയെ ‘യിലും ‘സുകൃത’ത്തിലും നായകര്‍ ഇരട്ടപെറ്റ സഹോദരങ്ങളെ പോലെ പെരുമാറുന്നതിന് കാരണമിതാണ്.

കാമനാവിനിമയവും കാല്‍പ്പനികതയും

അസംതൃപ്തമായ രതി കാമനകളുമായി കൂട്ടിലടച്ച വന്യമൃഗത്തെപ്പോലെ ഉഴറി നടക്കുന്ന കൌമാരക്കാരേയും ചെറുപ്പക്കാരേയും വൃദ്ധരേയും എം.ടി യുടെ സിനിമകളില്‍ കാണാം. കാമനകളെ കാല്‍പ്പനീകവല്‍ക്കരിക്കുകയായിരുന്നു എം. ടി ചലച്ചിത്രങ്ങള്‍. അവയിലെ കാമനാവിനിമയത്തിനുള്ള തുറന്ന സാധ്യതകള്‍ അവയെ എളുപ്പം ജനപ്രീയമാക്കി. കൌമാരക്കാരന്‍റെ വെറിപിടിച്ച കാമം എം.ടി തൂലികത്തുമ്പിലൂടെ വാര്‍ന്നു വീണപ്പോള്‍ ‘വേനല്‍ക്കിനാവുകളായി’ (സംവിധാനം: സേതുമാധവന്‍) മാറി. സ്വന്തം തിരക്കഥയില്‍ എം. ടി സംവിധാനം ചെയ്ത ‘കടവ്’ എന്ന ചിത്രത്തിലെ കൌമാരനായകന്‍റെ സാധനാരതിയെ നായികപ്പെണ്‍കുട്ടിയുറ്റെ കാലില്‍ നിന്ന് അഴിഞ്ഞു പോയ വെള്ളിപ്പാദസരവുമായി അവനെ നഗരത്തെരുവുകള്‍ തോറും അലഞ്ഞു തിരിയുന്ന മൂപ്പെത്താത്ത കാല്‍പ്പനീകനാക്കി മാറ്റി. ‘സുകൃത’ ത്തില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച കഥപാത്രം, യുവാവിന്‍റെ കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിയതിനു ശേഷമുള്ള കാമനാ സന്തര്‍പ്പണത്തെയും ‘തീര്‍ത്ഥാടന’ത്തിലെ കരുണന്‍ മാഷ് അതേ ചെറുപ്പക്കാരന്‍റെ വൃദ്ധാവതാരത്തെയും വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയായിരുന്നു. കൌമാര-യൌവ്വന വാര്‍ദ്ധക്യങ്ങളിലെ കാമനാവിനിമയത്തിന്‍റെ ചാലകശരീരങ്ങളായി ഈ ചിത്രങ്ങളിലെ നായക - ഉപനായക ഗാത്രങ്ങള്‍ മാറുന്നു.

എം. ടിയുടെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളില്‍ ഒന്നായ ‘നഖക്ഷതങ്ങളു’ടെ വിജയ രഹസ്യം അതിലെ ഗുപത ലൈംഗീകതയായിരുന്നു. വള്ളുവനാടന്‍ കൌമാര ലൈംഗീകതയുടെ നിളയില്‍ നീരാടാനും നീന്തിത്തുടിക്കാനും മലയാളിക്ക് എം.ടി ഹരിഹരന്‍ (ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെ) ഒരുക്കിയ സുവര്‍ണ്ണാവസരമായിരുന്നു. അത്. മോനിഷ എന്ന മുഖശ്രീയും നിഷ്കളങ്കഭാവമുള്ള കൌമാരക്കാരിയെ വള്ളുവനാടന്‍ ഗ്രാമീണശാലീനതയുടെ ഇറുകിയ പുറം കുപ്പായം അണിയിച്ച് ഒരു നാടന്‍ ശകുന്തളയായി വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു എം. ടിയും ഹരിഹരനും.

മരവുരിയെയല്ല, അനുദിനം വളര്‍ന്ന് വലുതായി വരുന്ന നിന്‍റെ മാറിടത്തെയാണ് കുറ്റപ്പെടുത്തെണ്ടതെന്ന് പുളകിതയാകുന്ന ഒരു തോഴി, ഈ നാടന്‍ ശകുന്തളയ്ക്ക് അകമ്പടി സേവിക്കുന്നില്ല. പകരം ചിത്രത്തില്‍ നാഷണല്‍ അവാര്‍ഡിന് അര്‍ഹമായ സ്വാഭാവികാഭിനയം കാഴ്ചവച്ച മോനിഷ എന്ന സാമാന്യത്തിലധികമായ ശരീര പുഷ്ടിയുള്ള കൌമാരക്കാരിയെ ഇറുകിയ വള്ളുവനാടന്‍ ശാലീന വേഷത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന ഒരു സുഭഗ ഗാത്രമായി കുടിയിരുത്തിയതേയുള്ളൂ. എം. ടിയും ഹരിഹരനും ആദ്യ നോട്ടത്തില്‍ പരിപൂര്‍ണ്ണ നിഷ്കളങ്കവും അന്തിമ വിശകലനത്തില്‍ അങ്ങേയറ്റം അപകടകരവുമാണ് ‘നഖക്ഷതങ്ങളി’ലെ കണ്ണിമാങ്ങാപ്രേമം.

ഇളം മുയലിന്‍റെ തരുണമാംസത്തില്‍ കൊതിപെരുത്ത കിഴവന്‍ ചെന്നായയുടെ വേട്ടക്കണ്ണുകള്‍ കൊണ്ടാണ് ലൈംഗീക വിശപ്പ് നിറഞ്ഞ മലയാള മനസ്സ് ഈ ടിനേജ് ലൌ സ്റ്റോറി ആസ്വദിച്ചത്. അതൊരു റോമിയോ -ജൂലിയറ്റ് കഥയായില്ല. തിരക്കഥാകൃത്തിന്‍ റെ ലക്ഷ്യം അതൊന്നുമായിരുന്നില്ല. കൌമാര ലൈംഗീകത തക്ഷകരൂപിയാ‍യ മാമ്പഴപ്പുഴുവിനെ പോലെ ഈ ചിത്രത്തിലെ നായികാ നായകന്‍മാരുടെ മേദുര ഗാത്രങ്ങള്‍ക്കുള്ളില്‍ പതിയിരിക്കുന്നു. തക്കം പാര്‍ത്തിരുന്ന് അത് പ്രേക്ഷകനെ ദംശിക്കുകയും ചെയ്യുന്നു. ഈ വള്ളുവനാടന്‍ സിന്‍ഡ്രല്ലയുടെ കാമുകന്‍ ഒരു രാജകുമാരനൊന്നും അല്ലെങ്കിലും ഉല്‍ക്കര്‍ഷേച്ഛയെ ധര്‍മ്മ സങ്കടങ്ങളുടെ ഉടുപ്പണീയിക്കുന്നതില്‍ വിരുതനായ ആ പതിവു നായകന്‍റെ ദുര്‍ബ്ബലമായ മറ്റൊരു പകര്‍പ്പ് തന്നെയാണ് അയാളും. അയാളുടെ സന്തത സഹചാരിയായ ആ കുരങ്ങച്ചാരുണ്ടല്ലോ, അത് കൌമാര ലൈംഗീകതയുടെ അമര്‍ത്തിവച്ച ഇക്കിളികളെ അതിന്‍റേ സമസ്ത ചാപല്യത്തോടും കൂടു പ്രതീ‍ക വത്ക്കരിക്കുകയാണ ചെയ്യുന്നത്. (തുടരും......!!)
<