Tuesday, July 01, 2008

എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു

എം ടിയും എര്‍ത്ത് ആര്‍ട്ടും

എം. ടിയും എര്‍ത്ത് ആര്‍ട്ടും തമ്മിലെന്ത്? അമ്പരക്കേണ്ട. വിശദീകരിക്കാം. ഒരു മലയേയോ ഒരു ഭൂവിഭാഗത്തേയോ ഒന്നാകെ ഒരു കരിമ്പടത്തുണിയില്‍ പൊതിഞ്ഞു വച്ചാലും അത് എര്‍ത്ത് ആര്‍ട്ട് ആകും. പ്രതിഷ്ഠാപനകല (Installation) യുടെ അവാന്തര വിഭാഗമാണ് എര്‍ത്ത് ആര്‍ട്ട്. പ്രകൃതിയേയും ഭൂവിഭാഗങ്ങളേയും നേരിട്ട് കലാവസ്തുവാക്കുന്ന സവിശേഷമായ പരിചരണ രീതിയാണത്. ഇത് തന്നെയാണ് എം. ടി വാസുദേവന്‍ നായരും എര്‍ത്ത് ആര്‍ട്ടും തമ്മിലുള്ള ബന്ധം എം. ടി. മലയാള സിനിമയിലേക്കും സാഹിത്യത്തിലേക്കും പരോക്ഷമായി ഒരു എര്‍ത്ത് ആര്‍ട്ട് കൊണ്ടു വന്നിരുന്നു. അദ്ദേഹം തന്‍റെ ജന്മ ദേശം ഉള്‍പ്പെടുന്ന വള്ളുവനാടിന്‍റെ സാംസ്കാരിക ഭൂമിശാസ്ത്രത്തെ ആഖ്യാനകലയുടെ കരിമ്പടപ്പുതപ്പിനുള്ളിലാക്കുകയും അതു വഴി എര്‍ത്ത് ആര്‍ട്ട് എന്ന കാലാസങ്കേതത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആ ഭൂവിഭാഗത്തെതന്നെ ഒരു കലാസൃഷ്ടിയാക്കി മാറ്റുകയും ചെയ്തു. ഒറ്റനോട്ടത്തില്‍ നിരുപദ്രവകരമായ കലാപ്രവര്‍ത്തനമാണ് ഇതെന്ന് തോന്നാം. വേണമെങ്കില്‍ ഫോക്നറുടെ യോക്നാപാട്ടോഫയുമായും ഹാര്‍ഡിയുടേ വെസ്സെക്സുമായും വേര്‍ഡ്സ്വര്‍ത്തിന്‍റെ ലേക്ക് ഡിസ്ട്രിക്ടുമായും അതിനെ തുലനം ചെയ്ത് ആത്മസായൂജ്യമടയുകയുമാവാം.


പക്ഷെ വസ്തുത നേരെ മറികാണ്. എം.ടി കേരളത്തിന്‍റെ സാംസ്കാരിക ഭൂപടത്തെ വള്ളുവനാടന്‍ സവര്‍ണ്ണ സംസ്കാരിക ഭൂപടത്തെ വള്ളുവനാടന്‍ സവര്‍ണ്ണ സംസ്കാരത്തിലേക്ക് പരിമിതപ്പെടുത്തുകയായിരുന്നു. കേരള സംസ്കാരമെന്നാല്‍ വള്ളുവനാടന്‍ സവര്‍ണ്ണതയാണെന്നും അവര്‍ സംസാരിക്കുന്നതാണ് നല്ല മലയാളമെന്നും നാലുകെട്ടുകളുടെ ഫ്യൂഡല്‍ ലോകമാണ് കേരളീയ കുടുംബങ്ങളുടെ ശരിപ്പകര്‍പ്പ് എന്നും എം. ടി മലയാളിയെ പറഞ്ഞു പഠിപ്പിച്ചു എന്നല്ല, പറഞ്ഞു ഫലിപ്പിച്ചു എന്നു വേണം പറയാന്‍. കേരളത്തിലെ ഇതര ഭൂവിഭാഗങ്ങളും അവിടത്തെ മനുഷ്യരും അവരുടെ സംസ്കാരവും അവരുടെ ഭാഷയും അതു വഴി തമസ്കരിക്കപ്പെട്ടു. എം. ടി കേരളത്തിന്‍റെസാംസ്കാരിക ഭൂപ്രകൃതിക്ക് മേല്‍ മറവിയുടെ ഒരു കരിമ്പുതപ്പ് വലിച്ചിട്ടുവെന്ന് വേണമെങ്കില്‍ പറയാം.

നിളാ നദി അങ്ങിനെ കേരളീയര്‍ക്ക് ഒരു സാംസ്കാരിക വികാരമായും വള്ളുവനാടന്‍ മലയാളം കേട്ടാല്‍ രോമാഞ്ചമുണ്ടാകുന്ന (പൈം) കിളിക്കൊഞ്ചലായും നാലുകെട്ടുകള്‍ സാംസ്കാരിക ചിഹനങ്ങളായും മാറി. കേരളീയത, കേരളീയ സംസ്കാരം ഇവയുടെ നനാര്‍ത്ഥ സമ്പന്നമായ പഞ്ചവര്‍ണ്ണചിറകരിഞ്ഞ് അതിനെ എം. ടി വള്ളുവനാടിന്‍റെ പരിമിതമായ ചട്ടക്കൂട്ടിനുള്ളിലൊതുക്കുകയായിരുന്നു. കൂട്ടിലടച്ച തത്തയെപ്പോലെ അത് വള്ളുവനാടന്‍ മലയാളം മാത്രം മൊഴിഞ്ഞു. കാച്ചെണ്ണയുടേയും മുല്ലപ്പൂവിന്‍റെയും വാസനാസോപ്പിന്‍റേയും നറുമണമുള്ള നായികമാര്‍ അങ്ങിനെ നമ്മുടെ സ്വപ്നസുന്ദരിമാരായും മാറി.

ചെറിയ മനുഷ്യരും ചെറിയ ലോകവും

പ്രണയിക്കുന്നത് നഷ്ടപ്പെടാനോ നഷ്ടപ്പെടുത്താനോ വേണ്ടി മാത്രമാണെന്നും ജീവിതം ഉല്‍ക്കര്‍ഷേച്ഛുവിന്‍റെ പടയോട്ടമാണെന്നും എം. ടിയുടെ നായകന്‍മാര്‍ നമ്മെ പഠിപ്പിച്ചു. സ്വന്തം മനസ്സിന്‍റെ ഇരുളടഞ്ഞ കാമനാ പ്രപഞ്ചത്തില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാത്തവരും ആത്മവ്രണങ്ങളില്‍ നിന്നൊഴുകുന്ന ചോരകൊണ്ട് കൈയ്യൊപ്പിടുന്നവരുമായിരുന്നു അവര്‍. ‍.

എം. ടി തിരക്കഥയെഴുതിയ ‘ഉയരങ്ങളില്‍’ എന്ന ചലച്ചിത്രത്തിലെ ജയരാജന്‍ (മോഹന്‍ ലാല്‍) ഈ ഉല്‍ക്കര്‍ഷേച്ഛുവിന്‍റെ പൂര്‍ണ്ണാവതാരമായിരുന്നു. എം. ടിയുടെ സിനിമകളില്‍ നായകന്‍മാര്‍ - അയാള്‍ സാഹിത്യകാരനോ ബിസ്സിനസ്സുകാരനോ ബ്യൂറോക്രാറ്റോ ആരു തന്നെ ആയാലും ഹൃദയത്തില്‍ വ്രണിതമായ പ്രണയ മുദ്ര വഹിക്കുന്നയാളും ദാമ്പത്യ ഛിദ്രം അനുഭവിക്കുന്നയാളും എല്ലാം നേടിയിട്ടും ഒന്നും നേടിയിട്ടില്ലെന്ന്, ഭൂതാതുരയോടെ വിലപിക്കുന്നയാളും നാടകീയതയും കാല്പനീക ഭംഗിയും തികഞ്ഞ ‘കിടിലന്‍‘ ഡയലോഗുകള്‍ പറഞ്ഞ് സഹാനുഭൂതിയും കൈയടിയും ഒരുമിച്ച് നേടുന്നവനുമാണ്. എം. ടിയുടെ റെട്ടറിക്ക് സാധാരണക്കാരായ കഥാപാത്രങ്ങളുടെ ചെറിയ വായില്‍ പോലും വലിയ നെടുങ്കന്‍ ഡയലോഗുകള്‍ തിരുകുന്നു.

ആത്മ വ്രണങ്ങള്‍ ഒളിപ്പിക്കാന്‍ വേണ്ടി വലിപ്പം ഭാവിക്കുന്ന ചെറിയ മനുഷ്യരുടെ ചെറിയ ലോകമാണത്. അവര്‍ക്കെല്ലാം ഒരേ എം.ടീയന്‍ മുഖച്ഛയയാണ്. (ഒരേ പലര്‍ എന്ന് എംടിയുടെ കഥാപാത്രങ്ങളെ വിവരിച്ചാല്‍ തെറ്റില്ല. ‘ ആള്‍ക്കൂട്ടത്തില്‍ തനിയെ ‘യിലും ‘സുകൃത’ത്തിലും നായകര്‍ ഇരട്ടപെറ്റ സഹോദരങ്ങളെ പോലെ പെരുമാറുന്നതിന് കാരണമിതാണ്.

കാമനാവിനിമയവും കാല്‍പ്പനികതയും

അസംതൃപ്തമായ രതി കാമനകളുമായി കൂട്ടിലടച്ച വന്യമൃഗത്തെപ്പോലെ ഉഴറി നടക്കുന്ന കൌമാരക്കാരേയും ചെറുപ്പക്കാരേയും വൃദ്ധരേയും എം.ടി യുടെ സിനിമകളില്‍ കാണാം. കാമനകളെ കാല്‍പ്പനീകവല്‍ക്കരിക്കുകയായിരുന്നു എം. ടി ചലച്ചിത്രങ്ങള്‍. അവയിലെ കാമനാവിനിമയത്തിനുള്ള തുറന്ന സാധ്യതകള്‍ അവയെ എളുപ്പം ജനപ്രീയമാക്കി. കൌമാരക്കാരന്‍റെ വെറിപിടിച്ച കാമം എം.ടി തൂലികത്തുമ്പിലൂടെ വാര്‍ന്നു വീണപ്പോള്‍ ‘വേനല്‍ക്കിനാവുകളായി’ (സംവിധാനം: സേതുമാധവന്‍) മാറി. സ്വന്തം തിരക്കഥയില്‍ എം. ടി സംവിധാനം ചെയ്ത ‘കടവ്’ എന്ന ചിത്രത്തിലെ കൌമാരനായകന്‍റെ സാധനാരതിയെ നായികപ്പെണ്‍കുട്ടിയുറ്റെ കാലില്‍ നിന്ന് അഴിഞ്ഞു പോയ വെള്ളിപ്പാദസരവുമായി അവനെ നഗരത്തെരുവുകള്‍ തോറും അലഞ്ഞു തിരിയുന്ന മൂപ്പെത്താത്ത കാല്‍പ്പനീകനാക്കി മാറ്റി. ‘സുകൃത’ ത്തില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച കഥപാത്രം, യുവാവിന്‍റെ കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിയതിനു ശേഷമുള്ള കാമനാ സന്തര്‍പ്പണത്തെയും ‘തീര്‍ത്ഥാടന’ത്തിലെ കരുണന്‍ മാഷ് അതേ ചെറുപ്പക്കാരന്‍റെ വൃദ്ധാവതാരത്തെയും വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയായിരുന്നു. കൌമാര-യൌവ്വന വാര്‍ദ്ധക്യങ്ങളിലെ കാമനാവിനിമയത്തിന്‍റെ ചാലകശരീരങ്ങളായി ഈ ചിത്രങ്ങളിലെ നായക - ഉപനായക ഗാത്രങ്ങള്‍ മാറുന്നു.

എം. ടിയുടെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളില്‍ ഒന്നായ ‘നഖക്ഷതങ്ങളു’ടെ വിജയ രഹസ്യം അതിലെ ഗുപത ലൈംഗീകതയായിരുന്നു. വള്ളുവനാടന്‍ കൌമാര ലൈംഗീകതയുടെ നിളയില്‍ നീരാടാനും നീന്തിത്തുടിക്കാനും മലയാളിക്ക് എം.ടി ഹരിഹരന്‍ (ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെ) ഒരുക്കിയ സുവര്‍ണ്ണാവസരമായിരുന്നു. അത്. മോനിഷ എന്ന മുഖശ്രീയും നിഷ്കളങ്കഭാവമുള്ള കൌമാരക്കാരിയെ വള്ളുവനാടന്‍ ഗ്രാമീണശാലീനതയുടെ ഇറുകിയ പുറം കുപ്പായം അണിയിച്ച് ഒരു നാടന്‍ ശകുന്തളയായി വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു എം. ടിയും ഹരിഹരനും.

മരവുരിയെയല്ല, അനുദിനം വളര്‍ന്ന് വലുതായി വരുന്ന നിന്‍റെ മാറിടത്തെയാണ് കുറ്റപ്പെടുത്തെണ്ടതെന്ന് പുളകിതയാകുന്ന ഒരു തോഴി, ഈ നാടന്‍ ശകുന്തളയ്ക്ക് അകമ്പടി സേവിക്കുന്നില്ല. പകരം ചിത്രത്തില്‍ നാഷണല്‍ അവാര്‍ഡിന് അര്‍ഹമായ സ്വാഭാവികാഭിനയം കാഴ്ചവച്ച മോനിഷ എന്ന സാമാന്യത്തിലധികമായ ശരീര പുഷ്ടിയുള്ള കൌമാരക്കാരിയെ ഇറുകിയ വള്ളുവനാടന്‍ ശാലീന വേഷത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന ഒരു സുഭഗ ഗാത്രമായി കുടിയിരുത്തിയതേയുള്ളൂ. എം. ടിയും ഹരിഹരനും ആദ്യ നോട്ടത്തില്‍ പരിപൂര്‍ണ്ണ നിഷ്കളങ്കവും അന്തിമ വിശകലനത്തില്‍ അങ്ങേയറ്റം അപകടകരവുമാണ് ‘നഖക്ഷതങ്ങളി’ലെ കണ്ണിമാങ്ങാപ്രേമം.

ഇളം മുയലിന്‍റെ തരുണമാംസത്തില്‍ കൊതിപെരുത്ത കിഴവന്‍ ചെന്നായയുടെ വേട്ടക്കണ്ണുകള്‍ കൊണ്ടാണ് ലൈംഗീക വിശപ്പ് നിറഞ്ഞ മലയാള മനസ്സ് ഈ ടിനേജ് ലൌ സ്റ്റോറി ആസ്വദിച്ചത്. അതൊരു റോമിയോ -ജൂലിയറ്റ് കഥയായില്ല. തിരക്കഥാകൃത്തിന്‍ റെ ലക്ഷ്യം അതൊന്നുമായിരുന്നില്ല. കൌമാര ലൈംഗീകത തക്ഷകരൂപിയാ‍യ മാമ്പഴപ്പുഴുവിനെ പോലെ ഈ ചിത്രത്തിലെ നായികാ നായകന്‍മാരുടെ മേദുര ഗാത്രങ്ങള്‍ക്കുള്ളില്‍ പതിയിരിക്കുന്നു. തക്കം പാര്‍ത്തിരുന്ന് അത് പ്രേക്ഷകനെ ദംശിക്കുകയും ചെയ്യുന്നു. ഈ വള്ളുവനാടന്‍ സിന്‍ഡ്രല്ലയുടെ കാമുകന്‍ ഒരു രാജകുമാരനൊന്നും അല്ലെങ്കിലും ഉല്‍ക്കര്‍ഷേച്ഛയെ ധര്‍മ്മ സങ്കടങ്ങളുടെ ഉടുപ്പണീയിക്കുന്നതില്‍ വിരുതനായ ആ പതിവു നായകന്‍റെ ദുര്‍ബ്ബലമായ മറ്റൊരു പകര്‍പ്പ് തന്നെയാണ് അയാളും. അയാളുടെ സന്തത സഹചാരിയായ ആ കുരങ്ങച്ചാരുണ്ടല്ലോ, അത് കൌമാര ലൈംഗീകതയുടെ അമര്‍ത്തിവച്ച ഇക്കിളികളെ അതിന്‍റേ സമസ്ത ചാപല്യത്തോടും കൂടു പ്രതീ‍ക വത്ക്കരിക്കുകയാണ ചെയ്യുന്നത്. (തുടരും......!!)

24 comments:

ഞാന്‍ ഇരിങ്ങല്‍ said...

മരവുരിയെയല്ല, അനുദിനം വളര്‍ന്ന് വലുതായി വരുന്ന നിന്‍റെ മാറിടത്തെയാണ് കുറ്റപ്പെടുത്തെണ്ടതെന്ന് പുളകിതയാകുന്ന ഒരു തോഴി, ഈ നാടന്‍ ശകുന്തളയ്ക്ക് അകമ്പടി സേവിക്കുന്നില്ല. പകരം ചിത്രത്തില്‍ നാഷണല്‍ അവാര്‍ഡിന് അര്‍ഹമായ സ്വാഭാവികാഭിനയം കാഴ്ചവക മോനിഷ എന്ന സാമാന്യത്തിലധികമായ ശരീര പുഷ്ടിയുള്ള കൌമാരക്കാരിയെ ഇറുകിയ വള്ളുവനാടന്‍ ശാലീന വേഷത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന ഒരു സുഭഗ ഗാത്രമായി കുടിയിരുത്തിയതേയുള്ളൂ. എം. ടിയും ഹരിഹരനും ആദ്യ നോട്ടത്തില്‍ പരിപൂര്‍ണ്ണ നിഷ്കളങ്കവും അന്തിമ വിശകലനത്തില്‍ അങ്ങേയറ്റം അപകടകരവുമാണ് ‘നഖക്ഷതങ്ങളി’ലെ കണ്ണിമാങ്ങാപ്രേമം

schooldays said...

പൊടുന്നനെ ഒരു എം ടി വിരോധം പൊട്ടിപ്പുറപ്പെടാന്നുള്ള ചേതോവികാരം മനസ്സിലായില്ല. ഈ ലേഖനത്തില്‍ പറയുന്ന പോലെ ഒരു വള്ളുവനാടന്‍ സമ്സ്കാരം അടിച്ചേല്പ്പിക്കാനൊന്നും എം ടി ശ്രമിച്ചിട്ടുള്ളതായി തോന്നിയിട്ടില്ല. എം ടി വള്ളുവനാട്ടുകാരനാണ്‌. അദ്ദേഹം തിരോന്തരം ഭാഷയില്‍ എഴുതേണ്ട കാര്യമില്ല. അതിന്‌ അവിടത്തുകാരായ എഴുത്തുകാരുണ്ടല്ലോ. ഒരു ശൈലിയുടെ പേരില്‍ വെട്ടിമുറിക്കപ്പെടേന്ടതൊന്നുമല്ല മലയാളവും മലയാളിയും .

പിന്നെ ലൈം ഗികതയുടെ കാര്യം . ഏത് എഴുത്തുകാരനാണ്‌ ഹേ മാറിടത്തെ ഉപയോഗിക്കാത്തത്? ഇന്ദുലേഖ മുതലിങ്ങോട്ടുള്ള ഒട്ടുമുക്കാല്‍ ക്ലാസ്സിക്കുകളും മാറിടത്തെ ആശ്രയിക്കുന്നുണ്ട്, ഏതെങ്കിലും ഘട്ടത്തില്‍ . ഈ ലേഖകന്‌ എം ടി കഥപാത്രങ്ങളെ ആരോപിച്ചത് പോലെ പൂര്‍ ത്തിയാകാത്ത രതിസ്വപ്നങ്ങള്‍ ഉണ്ടെങ്കില്‍ സഹായിക്കാന്‍ നിവൃത്തിയില്ല. അത്ര ചൊറിച്ചിലാണെങ്കില്‍ പോയി ഹസ്തമൈഥുനം ചെയ്യൂ. അല്ലാതെ ഒരു മഹാനായ എഴുത്തുകാരനെ തെറി വിളിക്കുകയല്ല വേണ്ടത്.

ഇനി പ്രശസ്തിയ്ക്ക് വേണ്ടിയാണെങ്കില്‍ , എം ടിയേക്കാള്‍ നല്ലത് ആ ഷേകസ്പിയറെ തന്നെ കൂട്ടുപിടിക്കുന്നതാണ്‌.

ഒരു ബുദ്ധിജീവി ഇറങ്ങിയിരിക്കുന്നു ! കഷ്ടം

un said...

ഓ അപ്പോ ഈ രതി ലൈംഗികത ഇവയൊക്കെ തുടങ്ങിയത് വള്ളുവനാട്ടില്‍ നിന്നാണല്ലേ? അല്ലേലും മാഷേ, ഈ വള്ളുവനാട്ടുകാരാണ് മലയാള ഭാഷയേയും സാഹിത്യത്തേയും ഒക്കെ കുട്ടിച്ചോറാക്കിയത്. ഞാന്‍ നൂറുവട്ടം യോജിക്കുന്നു.

സജി said...

ഇരിങ്ങന്‍,
മൌലികം അല്ലെങ്കിലും , മിനിമം യോചിപ്പ് എങ്കിലും ഉണ്ടാവുമല്ലൊ, ഈ വിഷയത്തോട്.

എം.ടീ. തന്റെ ഹൃദയത്തിന്റെ ആഴത്തില്‍ മുറിവേല്‍പിച്ച ഒരു ഒരു ജീവിതത്തെ അനാ‍വരണം ചെയ്തപ്പോല്‍, മലയാളില്‍ ആ ഭാഷയെ നെഞ്ചില്ലേറ്റി സ്വീകരിച്ചു എന്നു പറയുന്നതല്ലേ ശരി. അതൊരു കലാകാരന്റെ വിജയമാത്രമല്ലെ?.

അപ്പുകിളിയുടെയും,, മൈമുനയൂടെയും ഗ്രാമിണ ഭാഷ സ്വീകരിക്കപ്പെടാതിരുന്നത് എന്തു കൊണ്ടാണന്ന് അറിയാമോ? ഒരു ശരാശരി മലയാളിയുടെ ഉള്ളിലെ അധപതിച്ച സവര്‍ണ്ണ ബഹുമാനം കൊണ്ടു മാത്രമാണ്. അതിന് കലാകാരന്‍ എന്തു പിഴച്ചു?

പിന്നെ താങ്കള്‍ പറഞ്ഞില്ലേ “ഹൃദയത്തില്‍ വ്രണിതമായ പ്രണയ മുദ്ര വഹിക്കുന്നയാളും ദാമ്പത്യ ഛിദ്രം അനുഭവിക്കുന്നയാളും എല്ലാം നേടിയിട്ടും ഒന്നും നേടിയിട്ടില്ലെന്ന്,“ കരുതുന്ന കഥപാത്രങ്ങളേപ്പറ്റി. നിങ്ങള്‍ കണ്ണാടി എടുത്ത് ഒന്നു നോക്കൂ..ആ കാണുന്ന ഇരിങ്ങന്‍ പറയും “ സ്നേഹിതാ..ഞാനും അവരില്‍ ഒരാള്‍ മാത്രം!!” അതു തിരിച്ഛറിഞ്ഞ എം.ടി..യെ അഭിനന്ദിക്കൂ‍!!

ഒരിക്കലും ക്കണ്ടു മുട്ടാത്ത ഒരൂ സുന്ദരിയെ പ്രണയിക്കുന്നവരാണ് മലയാളി. അവളെ നാലുകെട്ടിന്റെ മുറ്റത്തോ തുളസിത്തറയ്ക്കരികിലോ, കുളിക്കടവിലോ,തിരുവാതിര നാള്‍ രാത്രിയിലോ,ക്കഥാപാത്രങ്ങളായി പോലും കണ്ടു മുട്ടുമ്പോല്‍ പ്രണയിച്ചു പോകും.

അതു ഫ്യുഡല്‍ കാല്പനികതയെകില്‍ അങ്ങനെ!
നമ്മള്‍ ഇന്നും അതില്‍ നിന്നൊന്നും മോചിതരല്ലല്ലോ?

എതിരന്‍ കതിരവന്‍ said...

പാലായിലുള്ള ഞങ്ങള്‍‍ക്ക് കഥയൊക്കെ വായിക്കണമെങ്കില്‍ വള്ളുവനാട് വരെ പോകണം. അഞ്ചുമൈല്‍ ദൂരെ ഇരുന്ന് ലളിതാംബിക അന്തര്‍ജ്ജനം എഴുതിയതോ എട്ടുമൈല്‍ ദൂരെ ഇരുന്ന് കാരൂര്‍ എഴുതിയതോ പത്തു മൈല്‍ ദൂരെ പൊന്‍ കുന്നം വര്‍ക്കിയും ഇരുപതുമൈല്‍ ദൂരെ ഇരുന്ന് ബഷീര്‍ എഴുതിയതോ ഒക്കെ ആര്‍ക്കു വേണം? തകഴി? കേശവദേവ്? അതൊക്കെ പിന്നേം തെക്ക്. തെക്കരെ ആരു വിശ്വസിക്കും?

ഓഫ് ടോപിക്:

മോനിഷയ്ക്ക് അവാറ്ഡ് കിട്ടിയത് ജൂറികള്‍ നടത്തിയ പിടിവലിയില്‍ ആ കുട്ടിയ്ക്ക് വന്നു വീണതാണ്. (‘മൃഗയ’ യില്‍ സുഹാസിനി മുലേയ്ക്കു കിട്ടിയ പോലെ). അഭിനയ ശേഷി തീരെ ഇല്ലെന്ന് പിന്നീട് ആ കുട്ടി തെളിയിച്ചിരുന്നു.

Sapna Anu B.George said...

ഇത്തിരിയേ മനസ്സിലായുള്ളു എങ്കിലും അവതരണ ശൈലി നന്നായിട്ടുണ്ട്.

Anonymous said...

രാജൂ ഇതു താങ്കള്‍ എഴുതിയതാണോ, അതോ സജയ് കെ. വി. എഴുതിയതോ? ഏങ്കില്‍ ഇതിനെ പറ്റി താങ്കളുടെ അഭിപ്രായം കൂടി പറഞ്ഞാലല്ലേ പൂര്‍ണമാകൂ? അഭിപ്രായം ഒന്നും പറയാത്ത സ്ഥിതിക്ക് താങ്കള്‍ സജയ്‌ പറഞ്ഞതിനോട് പൂര്‍ണമായി യോചിക്കുന്നു എന്നാണോ വിവക്ഷ? അതോ രാജുവും സജയും ഒരാളാണോ?

aneeshans said...

ഇരിങ്ങലേ,

ഇങ്ങനെ അക്ഷരത്തെറ്റുകള്‍ വരുത്തല്ലേ. ഒരു നിരൂപകന്‍ എന്ന് പരക്കെ അറിയപ്പെടുന്ന നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതൊന്നുമല്ല. വായിച്ച് കഴിഞ്ഞപ്പോള്‍ നിങ്ങളോട് തോന്നിയ വികാരം ഇവിടെ എഴുതാന്‍ പറ്റില്ല.

ഓഫ് : സജിയുറ്റെ സംശയം എനിക്കുമുണ്ട്. പോസ്റ്റിനെ കുറിച്ച് രാജു പറഞ്ഞ് കഴിഞ്ഞിട്ട് പറയാം

Ranjith chemmad / ചെമ്മാടൻ said...

പാറപ്പുറത്തിനെയും മലയാറ്റൂരിനെയും വായിച്ച്
സൈനികമായ ഒരു ചിട്ട വട്ടം, അല്ലെങ്കില്‍ ചില
അധീശത്വ ശൈലി മലയാളിയെ അടിച്ചേല്പ്പിക്കന്‍
ശ്രമിച്ചുവെന്നും,
എന്‍.പി.യെയും ബഷീറിനെയും വായിച്ച്,
ഇസ്ലാമിക ചിന്തകള്‍ മലയാളിയിലേക്ക്
കുത്തി വെയ്ക്കുകയാണെന്നുമൊക്കെ
ആരെങ്കിലും എവിടെയെങ്കിലുമൊക്കെ
എഴുതിയാല്‍
അതിന് ഒരു ഇരിങ്ങല്‍ കഞ്ഞിമുക്കി
വീണ്ടും പോസ്റ്റുമോ?
എന്ന് ഞാന്‍ ഭയക്കുന്നു.

Ranjith chemmad / ചെമ്മാടൻ said...

നൊമാദും സജിയും പറഞ്ഞപോലെ
താങ്കളുടെ അഭിപ്രായം അറിയാന്‍
കാത്തിരിക്കുന്നു.

Anonymous said...

കഷ്ടം മനുഷ്യര്‍ ഇങ്ങനെ നിരുത്തരവാദപരമായി ഓരോന്ന് എഴുതുന്നല്ലൊ.

വായിച്ച ഒരാളെങ്കിലും അഭിനന്ദിക്കാതിരുന്നതില്‍ നിന്നും ഇതിന്റെ അര്‍ത്ഥശൂന്യത മനസ്സിലക്കു ഇരിങ്ങലേ

കൌടില്യന്‍ said...

പണ്ട് എം.ടി.യുടെ ഒരു പ്രഭാഷണം കേള്‍ക്കാനിടയായി.
അതിന്റെ രത്നച്ചുരുക്കം ഇങ്ങനെയായിരുന്നു.

കേട്ടറിയുന്നത്, കണ്ടറിയുന്നത്, വളറ്ന്ന ചുറ്റുപാട്
ഇവയൊക്കെ അപഗ്രഥിച്ച്, സ്വന്തമായ ശൈലിയില്‍
ഒരു ഭാഷ (ശൈലി) രൂപപ്പെടുത്താന്‍ ശ്രമിക്കണമെന്നും
അങ്ങനെയേ ഭാഷയും സംസ്ക്കാരവും വളരുകയും
പുരോഗമിക്കുകയും ചെയ്യുകയുള്ളുമെന്നാണ്
എഴുതിത്തുടങ്ങുന്നവരോടായി അദ്ദേഹം ഉപദേശിച്ചത്
അദ്ധേഹം ചെയ്യുന്നതും അതുതന്നെയാണ്‌.
അതിനെ ഇങ്ങിനെ നിറമുള്ള കണ്ണടയിലൂടെ കണ്ട്
പല്ലിളിച്ച് കാടുകയല്ല വേണ്ടത്.
സ്നേഹപൂറ്വ്വം കൗടില്യന്‍.....

Nachiketh said...

ഇരിങ്ങലേ ആരോടാ, ഈ രോഷം, എം.ടിയുടെ വായനക്കാരോടോ?, എം.ടി .മിക്കവാറും ഏതാണ്ട് എഴുത്ത് നിര്‍ത്തിയ അവസ്ഥയില്ലാണ് എന്നാണ് തോന്നുന്നത്, എന്തായാലും നിരീക്ഷണം കൊള്ളാം ഒരിക്കല്‍ ആനന്ദ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞതാണെന്നോര്‍മ്മ,“ തന്റെ ക്രഫ്റ്റില്‍ ഏറ്റവും മിടുക്കന്‍ എം.ടിയാണ്, കാരണം എന്തു വിമര്‍ശനമുണ്ടായാലും അതിന്റെ ഉള്‍കൊണ്ട് കവച്ചു വെയ്കുന്നതാവും അദ്ദേഹത്തിന്റെ അടുത്ത വര്‍ക്ക് അത് പുസ്തകമായാലും സിനിമയായലും”

ഏറനാടന്‍ said...

വിവര്‍ശനത്തിനേതറ്റവും വരെ പോകാം. അതുവായിച്ച് ഏതറ്റവും വരെ ചിന്തകള്‍ വിരിച്ചിടാം. യുക്തിക്കനുയോജ്യമായവ വായനക്കാരും പ്രേക്ഷകരും കണ്ടെത്തട്ടെ. അല്ലേ ഇരിങ്ങലേ?

Anonymous said...

പ്രിയ രാജു ഇരിങ്ങല്‍
ഇത് ആര്‌ എഴുതിയതെങ്കിലും ആകട്ടെ.... താന്‍ എഴുതുന്നതിനെക്കുറിച്ച് നല്ല ധാരണ വേണം . എം ടി എന്നയാള്‍ വള്ളുവനാട്ടുകാരനാണ്‌, ഞാനും അതേ....അദ്ദേഹത്തിന്റെ ഭാഷ മലയാളക്കരയെ മുഴുവന്‍ ആകര്‍ ഷിച്ചുവെങ്കില്‍ അത് അദ്ദേഹത്തിന്റെ മിടുക്ക്. താങ്കള്‍ ക്ക് പറ്റുമെങ്കില്‍ താങ്കളുടെ ശൈലിയില്‍ എഴുതി മലയാളക്കരയെ സ്വാധീനിക്കുക..

ഇനി അല്പം ഗൌരവം : ഇത് പോലെ മണ്ടത്തരങ്ങള്‍ എഴുതി മറ്റ് ബ്ലോഗ്ഗര്‍ മ്മാരെ അപമാനിക്കരുത് പ്ലീസ്. വിവരമില്ലെങ്കില്‍ മിണ്ടാതിരിക്കുക. അല്ലാതെ ഇതേ പോലെ....ഛായ്....നിര്‍ ത്തി പൊയ്ക്കൂടെ അല്പമെങ്കിലും നാണമുണ്ടെങ്കില്‍

chithrakaran ചിത്രകാരന്‍ said...

സാഹിത്യകാരന്റെ മിടുക്ക് അല്ല അയാളെ മഹാനാക്കുന്നത്.മിടുക്കുള്ളവര്‍ ഒരു വില്‍പ്പനക്കാരന്‍ മാത്രമാണ്. സ്വയം മാര്‍ക്കെറ്റിങ്ങ് നടത്തുന്ന കൂട്ടിക്കൊടുപ്പുകാരനാകരുത് സാഹിത്യകാരന്‍.ബ്രാന്‍ഡ് നെയ്മുകളുമായി നില്‍ക്കുന്ന മയക്കുമരുന്നു വില്‍പ്പനക്കാരായ സാഹിത്യകാരന്മാരെ അടിച്ചുടക്കേണ്ടത് സാംസ്കാരിക ശുദ്ധീകരണത്തിന്റെ ആവശ്യമാണ്.
വിപണിക്കുവേണ്ടി ചരക്കുണ്ടാക്കുന്നവരെ ആരാധിക്കുന്ന സമൂഹത്തെ സ്വബോധത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്ന ഇത്തരം വിമര്‍ശനങ്ങളാണ് വര്‍ത്തമാനം ആവശ്യപ്പെടുന്നത്.
ഒരോ സാഹിത്യകാരനും തന്റേതായ ഭാഷയുണ്ടാകണം. അല്ലാതെ,വള്ളുവനാടന്‍ മിമിക്രിയാകരുത് സാഹിത്യം.
ഇരിങ്ങല്‍ നന്നായിരിക്കുന്നു.

Anonymous said...

മുരളി ഒരു ചിത്രകാരനാണ്. ഇന്ത്യയില്‍ എല്ലായിടത്തും അറിയപ്പെടുന്ന ഒരാള്‍ :))

വേണു venu said...

പ്രിയ ഇരിങ്ങല്‍, മെയില്‍ കിട്ടിയിരുന്നു. സമയക്കുറവിനാല്‍ ഒരു മറുകുറിയ്ക്കു് സാധിച്ചില്ല. വായിച്ചു കഴിഞ്ഞപ്പോള്‍ പേന കൈയ്യില്‍ നിന്നു് ഊര്‍ന്നു വീഴുന്ന അനുഭവവും കൂടി ആയി.
എം.ടിയേയും പാറപ്പുറത്തിനേയും ബഷീറിനേയും തകഴിയേയും എന്നു വേണ്ട മലയാള ഭാഷയെ ഉള്‍പ്പുളകമാക്കിയ കഥകാരരേയും കവികളേയും പൊട്ട കിണറ്റില്‍ കിടന്നു് ഒരു തവള പുലമ്പുന്നതായാല്‍ പോലും ഇതിലും വ്യത്യസ്തമായിരിക്കും എന്നു തോന്നി.
ക്ഷമിക്കണം.എന്‍റെ ഭാഷ.
ഒരു കാലഘട്ടത്തിനെ, അതു തിരുവോന്ത്രം ആയാലും കൊല്ലമായാലും കോഴിക്കോടായാലും വള്ളുവനാടായാലും ആ അതി കായകന്‍റെ ഭാഷയും കഥകളും സിനിമയും പ്രകംബനം കൊള്ളിച്ചു എന്നതു് മലയാള ഭാഷ ഉള്ള കാലത്തോളം നിലനില്‍ക്കുന്ന സത്യം തന്നെ.
പിന്നെ കോഞ്ഞനം കാണിക്കാന്‍ ആരക്കു് ആരെ ആണു് കഴിയാത്തതു്. പ്രത്യേകിച്ചും ബ്ലോഗില്‍.....

Unknown said...

ഒരു എഴുത്തുകാരന്‍ എന്തെങ്കിലും എഴുതുമ്പോള്‍ സ്വന്തം നാടിന്റെ ചൂരും ചൂടും അതില്‍ ഉണ്ടാവുക തികച്ചും സ്വാഭാവികം... അതിനി എം റ്റി ആണേലും, നമ്മുടെ വിശാല്‍ജി ആണെങ്കിലും ശരിതന്നെ...!! ഞാന്‍ എഴുതിയാല്‍ തിരുവനന്തപുരത്തിന്റെ ഭാഷയുടെ ഒരു ടച്ച് കാണും. പിന്നെ നായക-നായികാ കഥാപാത്രങ്ങള്‍... ഹി ഹിഹി ... അത് എഴുതുന്ന ആളിന്റെ ഇഷ്ടം... 2. ലൈംഗികത- ഏത് കൃതിയിലാണ് ലൈംഗികതയും, എസ്പഷലി മാറിടവും ഉപയോഗിക്കാത്തത്?! സാമാന്യ ജനത്തിനു മനസ്സിലാകാത്ത ബുജി സാഹിത്യം മാത്രമല്ല സാഹിത്യം... മസാല ഇല്ലാത്ത ഒരു സംഗതിയും ഇല്ല... പൊന്തന്‍ മാട എന്ന പടം, ഭയങ്കര ആര്‍ട്ട് പടം അല്ലെ? അതിലും ഉണ്ടല്ലോ മാറിടവും സെക്സും ഒക്കെ... ഇതൊന്നും ഇല്ലാത്തതായി ഒന്നും ഇല്ല! :)

പിന്നെ ചിത്രകാരന്‍ ചേട്ടന്‍ പറഞ്ഞത് കാര്യമാക്കണ്ട. അത് മറ്റേതാ.. ഏത്? സവര്‍ണ്ണോഫോബിയ!

തറവാടി said...
This comment has been removed by the author.
തറവാടി said...

അല്ല ഇത് താങ്കള്‍ എഴുതിയതാണോ ആണെങ്കില്‍ കിടിലന്‍ കുറിപ്പ് ,

പറ്റുമെങ്കില്‍ മ്മടെ ബഷീറിനെ പറ്റിയും , എസ്.കെ യെപ്പറ്റിയും ( മ്മടെ എസ്.കെ പൊറ്റക്കാടില്ലെ മൂപ്പരെന്നെ )

പിന്നെ മ്മടെ അനന്ദ് , സക്കറിയ, മ്മടെ വിജയേട്ടന്‍ , എല്ലാരെപ്പറ്റിയും താമസിയാതെ പ്രതീക്ഷിക്കുന്നു.

( സ്വന്തമല്ല കൃതിയെങ്കില്‍ ആരെങ്കിലും എഴുതിക്കാണും , കിട്ടാനില്ലെങ്കില്‍ ബൂലോകത്ത് തപ്പിയാല്‍ ചെലപ്പോ കിട്ടിയേക്കും അവരെക്കൊണ്ട് എഴുതിക്കണം , താങ്കള്‍ അതൊരു പോസ്റ്റാക്കണം )

- said...

മൌനം ഭൂഷണം എന്ന് നിലപാടിലാണോ ഇരിങ്ങല്‍ ?

ഞാന്‍ ഇരിങ്ങല്‍ said...

ശകുനിയമ്മാവാ...,
മൌനം തല്‍ക്കാലം എഴുതി തീരുന്നതുവരെ മാത്രമാണ്. മുഴുവനും തീര്‍ന്നു കഴിഞ്ഞാല്‍ കൂടുതല്‍ ഇടപെടാന്‍ അവസരം ലഭിക്കുമല്ലോ. അതുവരെ വായനക്കാര്‍ സംവദിക്കട്ടെ എന്നു കരുതിയാണ്.

ഈ ലേഖനം എഴുതിയ ആളിന്‍ റെ പേരും സ്ഥലവും ഞാന്‍ ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്. അത് പരിശോധിച്ചാല്‍ മനസ്സിലാകും

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...
This comment has been removed by the author.
<