തുടര്‍ച്ച...)
എം. ടി തിരക്കഥയെഴുതിയ ‘വൈശാലി’ എന്ന ഭരതന് ചിത്രം ‘നഖക്ഷതങ്ങളു’ടെ പ്രമേയത്തെ പുരാണ പശ്ചാത്തലത്തില്‍ വിളമ്പിവെച്ച വിഭവ സമൃദ്ധമായ ഉടല് വിരുന്നാക്കി മാറ്റുകയായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ഋശ്യശൃംഗന് എന്ന മുനികുമാരന്റേയും വേശ്യാവൃത്തിയിലേക്കും പിച്ചവെയ്ക്കുന്ന കാതരയായ യുവസുന്ദരി (വൈശാലി) യുടേയും സ്ഥാനത്ത് ‘ നഖക്ഷതങ്ങളി’ലെ നായികാ നായകന് മാരെ സങ്കല്പിക്കാന് വളരെ എളുപ്പം സാധിക്കും. നിബിഡവനാന്തരം ഒരുക്കുന്ന വിജനതയും ആദ്യമായി സ്ത്രീ സംഗമറിയുന്ന നായകനും അനാഘ്രാത വിശുദ്ധയും നാമമാത്ര വല്‍ക്കലധാരിണിയുമായ നായികയുടെ ഉടലഴകും (ഉടലളവും) തുറന്നിടുന്ന ദൃശ്യചാരുതകള്‍ രോമാഞ്ചകാരിയായ ഒരനുഭവം തന്നെ!!. ആ രോമാഞ്ചം ഏറ്റുവാങ്ങിയവരായിരുന്നു ആ തലമുറയിലെ ഒട്ടുമിക്ക മലയാളി പ്രേക്ഷകരും.
‘കഞ്ചബാണന്റെ ദൂതി’യായ (ഓ. എന്‍. ആ ചിത്രത്തിലെഴുതിയ ഗാനത്തിലെ ഒരു വിശേഷണം) നായികയെ പ്രേക്ഷകരുടേ കാമസന്തര്‍പ്പണത്തിന് വേണ്ടിയാണ് എം. ടിയും ഭരതനും കൂടി പുരാണത്തില്‍ പുത്തന്‍ പ്രേക്ഷകരുടെ ഇടയിലേക്ക് ഇറക്കികൊണ്ടുവരുന്നത്. താപസരല്ലാത്ത ആ തരള ഹൃദയര്‍ അക്ഷരാര്‍ത്ഥത്തില്‍ ഇളകി മറിയുകയും ചെയ്തു.
പെരുന്തച്ചന് എന്ന (അ) ബ്രഹ്മണന്
പെരുന്തച്ചനി’ലെ അച്ഛനും മകനും തമ്പുരാട്ടിമാരായ അമ്മയേയും മകളേയും കാമിക്കുന്നവരാണ്. തലമുറവിടവ് ഇങ്ങനെയും ആവിഷ്കരിക്കാം! അതിലും വലിയ കടുംകൈ പെരുന്തച്ചനിലെ കീഴാള - അവര്‍ണ്ണ മുഖച്ഛായ മായ്ച്ച് കളഞ്ഞ് എം.ടി പാവം തച്ചനെയും സവര്‍ണ്ണവല്‍ക്കരിച്ചു എന്നതാണ് ‘കൌശീകീയം’ ഉദ്ധരിച്ച് എതിരാളിയെ നിഷ്പ്രഭനാക്കുകയും സ്വയംവരദുര്‍ഗ്ഗയുടെ രൂപ സാദൃശ്യം അന്വേഷിച്ച് കെട്ടിലമ്മയുടെ കിടപ്പറവാതില്‍ വരെ ചെല്ലുകയും (വടക്കന്‍ വീരഗാഥയിലെ ചന്തുവിനൊപ്പോലെയെന്ന് വേണമെങ്കില്‍ പറയാം) ആത്മാഹുതി നടത്തുന്നതിനു തൊട്ടുമുന്‍പ് പോലും പര്‍വ്വതസ്തനമണ്ഡിതയും സമുദ്രവസനയുമായ ഭൂമാതാവിനെ വണങ്ങിക്കൊണ്ട് ‘സംസ്കൃത ശ്ലോകാതുര’ (ശോകാതുരനല്ല) നാവുകയും ചെയ്യുന്ന പെരുന്തച്ചന്, ബ്രഹ്മണകഥാപാത്രങ്ങളേക്കാള്‍ ബ്രഹ്മണ്യമുള്ള ഒരാളായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാമ്പറ്റ ഉണ്ണി (നെടുമുടി വേണു) മായുള്ള സൌഹൃദം തച്ചന്റെ സവര്‍ണ്ണതയ്ക്ക് പരോക്ഷ ന്യായീകരണമാവുന്നത് കാണാം.
തിലകന് ആത്മാവ് കൊടുത്ത് അഭിനയിച്ച് പൊലിപ്പിച്ച തച്ചന്റെ സഹോദരനായി (ബാബു നമ്പൂതിരി) പാക്കനാരോ ചാത്തനോ - എന്തിന് നാറാണത്ത് ഭ്രാന്തനോ - അല്ല ചിത്രത്തില്‍ കടന്നു വരുന്നത്! പറയിപെറ്റ പന്തിരുകുലത്തില്‍ നിന്ന് അടര്‍ത്തി മാറ്റുകയാണ് എം. ടി പെരുന്തച്ചനെ. പന്തിരുകുലത്തിലെ തച്ചന്റെ അവര്‍ണ്ണ സഹോദരങ്ങളാരും ചിത്രത്തില്‍ മുഖം കാണിക്കുന്നതുമില്ല തച്ചനും അവര്‍ണ്ണ മുഖം നഷ്ടമാവുന്നു. തച്ചന് ഒരു പാതി ബ്രാഹ്മണനും പാതിദൈവവുമായി വിഹരിക്കുന്ന സുവര്‍ണ്ണ ലോകത്തു നിന്ന് അവര്‍ണ്ണരായ കൂടെ പ്പിറപ്പുകളെ ഒന്നാകെ എം. ടി ‘ഗളഹസ്തം’ ചെയ്തിരിക്കുന്നു. അഥവാ ചിത്രത്തില്‍ പടിക്കുപുറത്താണ് അവരുടെ സ്ഥാനം. ആ വലിയ ‘തച്ചന്’ എന്ന് എം.ടിയുടെ പെരുന്തച്ചന് ദൈവത്തെ സംബോധന ചെയ്യുന്ന സന്ദര്‍ഭം സിനിമയിലുണ്ട്.
അതുണര്‍ത്തുന്ന സാംസ്കാരിക വിവക്ഷകളെ, ചലച്ചിത്രത്തെയൊന്നാകെ ഭരിക്കുന്ന സമത്വഭാവനയും അവര്‍ണ്ണ കലാപമായും മറ്റാനുള്ള ബാദ്ധ്യതയില്‍ നിന്ന് എം.ടി തന്ത്രപൂര്‍വ്വം തലയൂരുന്നത് ചിത്രത്തില്‍ കാണാം. ഭൂനിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം നിലവില്‍ വന്ന ആധുനീക കേരളത്തില്‍ സവര്‍ണ്ണര്‍ അനുഭവിക്കുന്ന ദാരിദ്ര ദു:ഖത്തെപ്പറ്റി വിലപിക്കുന്ന കഥാപാത്രങ്ങള്‍ (സംവരണ വിരുദ്ധരും ജനാധിപത്യ വിരുദ്ധരും കൂടിയാണവര്‍) പല എം.ടി ചിത്രങ്ങളിലും ഉണ്ട്. സവര്‍ണ്ണ ദാരിദ്രത്തിന് കാരണം ഫ്യൂഡലിസത്തിന്റെ പതനമണെന്നും സവര്‍ണ്ണ ദാരിദ്രമാണ് മഹാദാരിദ്ര്യമെന്നും ഈ കഥാപാത്രങ്ങള്‍ അടഞ്ഞു തുറന്നും പ്രഖ്യാപിക്കുകയാണ്. (ഇത്തരം ചിലരെ ടി. ദാമോദരന്റെ സിനിമകളിലും കാണാം) തന്റെ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയെ എം.ടി പുരാവൃത്തഘടനയുള്ള പെരുന്തച്ചന്റെ ഭൂതകാലത്തിലേക്ക് പ്രക്ഷേപിക്കുകയായിരുന്നു. അങ്ങിനെയാണ് സവര്‍ണ്ണ മുഖച്ഛായയുള്ള തന്റെ വംശത്തില്‍ നിന്ന് കുലത്തില്‍ നിന്നും അറുത്തുമാറ്റപ്പെട്ട, തച്ചു ശാസ്ത്ര വിശാരദനായ പെരുന്തച്ചന് എന്ന നപുംസക വ്യക്തിത്വമുള്ള കഥാപാത്രത്തെ എം. ടി സൃഷ്ടിച്ചത്.
ഇരട്ട മുഖമുള്ള പുരുഷന് മാരും മുഖം നഷ്ടപ്പെടുന്ന സ്ത്രീകളും
വാരണാസി’ എന്ന നോവലിലെ സുധാകരന് എന്ന നായകന് വെള്ളിത്തിരയില്‍ എം.ടി സൃഷ്ടിച്ച പുരുഷകഥാപാത്രങ്ങളുടെ ആകെത്തുകയാണെന്നും പറയാം. ശരിക്കുമൊരു പെണ് വേട്ടക്കാരനായ സുധാകരനെ സ്ത്രീകളാല്‍ വേട്ടയാടപ്പെടുന്ന നിരപരാധിയുടെ വേഷം കെട്ടീക്കാന്‍ എം. ടി യുടെ ഏകപക്ഷീയമായ പുരുഷ ബോധത്തിന് വളരെ എളുപ്പം സാധിച്ചു!.
‘പഞ്ചാഗ്നി’ യിലെ നക്സലൈറ്റ് നായിക പോലും പുരുഷ സ്പര്‍ശത്താല്‍ (റഷീദ് - മോഹന്‍ ലാല്‍) നറു വെണ്ണ പോലെ ഉരുകുന്നു. ‘ ആരണ്യകം’ എന്ന സിനിമ ഒരു നക്സലൈറ്റ് പുരാവൃത്തമായും വെറുമൊരു പൈങ്കിളീക്കഥയായും (ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവെച്ചില്ലേ ഞാന്‍, തനിച്ചിരിക്കാന്‍ കഥപറയാന്‍ കളിപറയാന്‍ കിളിമകള്‍ വന്നില്ലേ’ എന്ന് പാടി ഊയലാടുന്ന പൈങ്കിളി നായികയോടൊപ്പം അതേ കാട്ടില്‍ ഒളിച്ചിരിക്കുകയും - ഒളിവില്‍ പാര്‍ക്കുകയും എന്നു പാഠാന്തരം - അവളോട് കഥ പറയുകയും കളിപറയുകയും മൊക്കെ ചെയ്യുകയും ചെയ്യുന്ന നക്സലൈറ്റാണല്ലോ ഈ ചിത്രത്തിലെ നായകന്). നക്സലിസത്തോടുള്ള ഫ്യൂഡല്‍ ഭയത്തിന്റെ തിരരൂപമായും മാറി. നക്സലിസത്തോടുള്ള എം.ടിയുടെ ഫ്യൂഡല്‍ ഭയം ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയുടെ മറുപുറമാകുന്നത് നക്സലിസത്തെ മെലോഡ്രാമകളാക്കി അവതരിപ്പിക്കുന്ന ‘ആരണ്യക’ ത്തിലും പഞ്ചാഗ്നിയിലും കാണാം. ഇതിന്റെ മറ്റൊരു മുഖമാണ് ‘ഒരു വടക്കന്‍ വീരഗാഥ’യില്‍.
‘ഒരു വടക്കന്‍ വീരഗാഥ’ യിലെ ചന്തു ഒരു ദുരന്ത/ വീരനായകനാവുന്നത് വടക്കന്‍ പാട്ടിലെ വീരാംഗനയായ ഉണ്ണിയാര്‍ച്ചയുടെ പെണ്‍ബുദ്ധിയെ പുലഭ്യം പറഞ്ഞിട്ടു കൂടിയാണ്. ചന്തുവിന്റെ ചാപല്യങ്ങളെ വെള്ളപൂശുന്നതിനു വേണ്ടി, സ്ത്രീയുടെ പ്രത്യുല്‍പ്പന്നമതിത്വത്തെയും പ്രായോഗിക ബുദ്ധിയേയും സ്വയം നിര്‍ണ്ണയാവകാശത്തേയും തന്‍പോരിമയേയും എംടി വിശ്വാസവഞ്ചനയുടെയും അവസരവാദപരതയുടേയും വേഷം കെട്ടിക്കുന്നു. പഴയ നായര്‍ത്തറവടുകളിലെ സംബന്ധവ്യവസ്ഥയോടുള്ള എംടിയുടെ പുരുഷാധിപത്യപരമായ കലഹമായിരുന്നു ചന്തുവിന്റെ പാത്ര സൃഷ്ടി.
വി.ടിയും അന്തര്‍ജ്ജനവും വിമോചനപ്രതീകമായി അവതരിപ്പിച്ച കുറിയേടത്ത് താത്രിയും ‘പരിണയം’ എന്ന എം. ടി ചിത്രത്തില്‍ എളുപ്പം വാടിപ്പോവുന്ന പെണ്‍കൊടിയായി ഭാവം പകരുന്നു. ഫ്യൂഡലിസത്തിന്റെ ജീര്ണ്ണോന്മുഖമായ സ്ത്രി വിരുദ്ധതയെ കൊണ്ടാടാനും അതിലെ സ്ത്രീ വിരുദ്ധതയെ സ്വയം നിര്‍ണ്ണയാവകാശത്തെ അപഹസിക്കാനുമാണ് എംടി ഇവിടെ പരാമര്‍ശിച്ച രണ്ടു ചിത്രങ്ങളിലും താല്പര്യപ്പെടുന്നത്.
ഈ ഉഭയമന:സ്ഥിതിയാണ് എം.ടിയുടെ തീര്‍ത്ഥാടനത്തിലെ കരുണന് മാഷ് എന്ന കഥാപാത്രത്തിന്റെ പിറവിക്ക് പിന്നില്‍. ആസ്തമ മൂര്‍ച്ഛിച്ചു പിടഞ്ഞുണരുന്ന സീനില്‍ തന്റെ ഭാര്യയെയാണ് കുടജാദ്രിയിലേക്ക് കൂടെപ്പോന്ന പഴയ വിനീത ശിഷ്യ വിനോദിനിയെയല്ല ‘പാവം മാഷ്’ വിളിച്ചു കേഴുന്നത്. ഇത് തികച്ചുമൊരു മദ്ധ്യവര്‍ഗ്ഗ മലയാളിനായകന്റെ പുരുഷവിലാപമാണ്. ഇതു വഴി എം.ടി കരുണന് മാഷ് എന്ന സദാചാരനിഷ്ഠനും ലോലഹൃദയനുമായ സ്കൂള്‍ മാഷിന്റെ മുഖം രക്ഷിക്കുന്നു. മുഖം നഷ്ടപ്പെടുന്നത് മാഷുടെ പ്രീയ ശിഷ്യ വിനോദിനിക്കാണ്. ഒരു ഫ്യൂഡല്‍ തറവാട്ടിലെ ഓമനപുത്രിയായ വിനോദിനിയുടെ വര്‍ത്തമാനാവസ്ഥയെ ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട പതിവു നൊസ്റ്റാള്‍ജിയയുടെ പുളീച്ചു തേട്ടലായി അവതരിപ്പിക്കുന്നുണ്ട് ഈ ചിത്രത്തില്‍. ഫ്യൂഡലിസത്തില് നിന്നും മദ്ധ്യവര്‍ഗ്ഗ കുടുംബ ഘടനയുടെ സദാചാര വ്യവസ്ഥയില്‍ നിന്നും ഒരേസമയം പുറത്താകുന്ന വിനോദിനി അതോടെ വഴിയാധാരമായി മാറുന്ന കിടിലന്‍ ഷോട്ടോടുകൂടിയാണ് ‘തീര്‍ത്ഥാടനം’ അവസാനിക്കുന്നത്. ശാന്തം!! പാവം!! (തുടരും...)
13 comments:
‘ഒരു വടക്കന്‍ വീരഗാഥ’ യിലെ ചന്തു ഒരു ദുരന്ത/ വീരനായകനാവുന്നത് വടക്കന്‍ പാട്ടിലെ വീരാംഗനയായ ഉണ്ണിയാര്‍ച്ചയുടെ പെണ്‍ബുദ്ധിയെ പുലഭ്യം പറഞ്ഞിട്ടു കൂടിയാണ്. ചന്തു വിന്റെ ചാപല്യങ്ങളെ വെള്ളപൂശുന്നതിനു വേണ്ടി, സ്ത്രീയുടെ പ്രത്യുല്‍പ്പന്നമതിത്വത്തെയും പ്രായോഗിക ബുദ്ധിയേയും സ്വയം നിര്‍ണ്ണയാവകാശത്തേയും തന്‍പോരിമയേയും എംടി വിശ്വാസവഞ്ചനയുടെയും അവസരവാദപരതയുടേഹ്യും വേഷം കെട്ടിക്കുന്നു. പഴയ നായര്‍ത്തറവടുകളിലെ സംബന്ധവ്യവസ്ഥയോടുള്ള എംടിയുടെ പുരുഷാധിപത്യപരമായ കലഹമായിരുന്നു ചന്തുവിന്റെ പാത്ര സൃഷ്ടി.
വായിക്കുന്നു.
ഇനി തുടര്‍ച്ചയുണ്ടോ?
കണ്ണൂസ്..,
ഒരു ഭാഗം കൂടെ ഉണ്ട്. (തുടര്‍ച്ച ) എന്ന് എഴുതാന്‍ വിട്ടു പോയതാണ്.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
വായിക്കുന്നു,കൊള്ളാം. നിര്മാല്യത്തെക്കുറിച്ചൊന്നും പറയാനില്ലെ?:)
ഇരിങ്ങല്‍ ഇത് ആരെഴുതിയതാണ് എന്നു കൂടെ പറയൂ.
പ്രമോദ്..വായനയ്ക്ക് നന്ദി..
ശകുനിയമ്മാവാ.... എഴുതിയ ആളീന് റെ പേര് കൊടുത്തിട്ടുണ്ട് ശ്രദ്ധിക്കുമല്ലോ.
ആള് ആര് എന്നതല്ല എന്ത് എന്നതാണ് കാര്യം. വായന പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
വായിച്ചു കൊണ്ടിരിക്കുന്നു. മുഴുവൻ ഭാഗവും വായിച്ച ശേഷമാവാം മറ്റു അഭിപ്രായങൾ
രാജൂ വായിക്കുന്നു.:)
മരുമകനേ രാജു,
വല്ലവനും എഴുതിയത് എടുത്തെഴുതി നീയെന്തിനാ നിന്റെ ബ്ലോഗ് ചീത്തയാക്കുന്നേ ? ഇതിപ്പൊ അവനു പകരം നിന്നെ ചീത്ത വിളിച്ചിട്ട് എന്താ കാര്യം ? നീ അവനെ ഇങ്ങറ്റ്ട് കൊണ്ടുവാ, അവന്റെ ചന്തിയില്‍ നമുക്ക് ചട്ടുകം പഴുപ്പിച്ച് വയ്ക്കാം, അവന്റെ വിഴുപ്പലക്കല്‍ നമുക്ക് നിര്‍ത്തണ്ടെ മരുമകനേ ?
ഗബ്രിയേല്‍ ഗാക്സി മാര്‍ക്കേസ് വിശ്വപ്രസിദ്ധനായ ഒരു സാഹിത്യകാരനാണെന്ന് നമുക്കറിയാം..എന്നാല്‍ അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന ഒരാരോപണം നിലനില്ക്കുന്നു. അതുപോലെ തന്നെ വില്യം വേര്‍ഡ് വര്‍ത്തിന്റെ അതിഭാവുകത്വം, എമിലി ഡിക്കിന്‍സന്റെ കവിതകളിലെ അമിതാഭിനിവേശം, വില്യം ബ്ലേക്കിന്റെ ഡാര്‍ക്ക് ഹ്യൂമര്‍, കോളറിഡ്ജിന്റെ കാവ്യഗീതങ്ങളിലെ ഭാവന, പാവ്ലോ കൊയ്ലോയുടെ കൃതികളിലെ തത്വചിന്ത, എന്തിന് ആശാന്റെ കവിതകളിലെ കാവ്യനീതിപോലും വിമര്‍ശനവിധേയമായിട്ടുണ്ട്...
ലോകത്തെ ഒരു സാഹിത്യസൃഷ്ടിയും ഒരു സാഹിത്യകാരനും പൂര്‍ണ്ണമാണ് അല്ലെങ്കില്‍ പൂര്‍ണ്ണനാണ് എന്ന് വാദിക്കുന്നവരെ കൂപമണ്ഡൂകമെന്നേ വിളിക്കാന്‍ സാധിക്കൂകയുള്ളൂ.....
അതിനാല്‍ തന്നെ എം ടിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളിലേറെയും
വസ്തുതതയ്ക്ക് നിരക്കുന്നത് തന്നെ...
"കേരള സംസ്കാരമെന്നാല്‍ വള്ളുവനാടന്‍ സവര്‍ണ്ണതയാണെന്നും അവര്‍ സംസാരിക്കുന്നതാണ് നല്ല മലയാളമെന്നും നാലുകെട്ടുകളുടെ ഫ്യൂഡല്‍ ലോകമാണ് കേരളീയ കുടുംബങ്ങളുടെ ശരിപ്പകര്‍പ്പ് എന്നും എം. ടി മലയാളിയെ പറഞ്ഞു ഫലിപ്പിച്ചു."
എന്ന് പറയുന്നതില്‍ ഒരളവു വരെ അപാകതയൊന്നുമില്ല.
എന്നാല്‍..
"കേരളത്തിലെ ഇതര ഭൂവിഭാഗങ്ങളും അവിടത്തെ മനുഷ്യരും അവരുടെ സംസ്കാരവും അവരുടെ ഭാഷയും അതു വഴി തമസ്കരിക്കപ്പെട്ടു."
എന്ന് പറയുന്നിടത്ത് എനിക്ക് അല്പം വിയോജിപ്പിനുള്ള ഇടം കണ്ടെത്തേണ്ടതുണ്ട്..കാരണം...
സവര്ണ്ണപാരമ്പര്യത്തിന്റെ - സംസ്കാരത്തിന്റെ പ്രതിനിധിയായ എം ടിയുടെ ഭാഷ സവര്ണ്ണമായതിനാലോ...കഥാപാത്രങ്ങളുടെ ഭാഷയില്‍ പോലും ആ സവര്‍ണത കടന്നുവന്നതിനാലോ നാം ആശങ്കപ്പെടേണ്ടതില്ല..കാരണം അത് പ്രതീക്ഷിക്കുന്നത് തന്നെയാണ്..ഒരാള്‍ ജീവിക്കുന്ന സാഹചര്യങ്ങളുടെ അഥവാ അനുഭവങ്ങളുടെ ഒരു പകര്‍പ്പുതന്നെയാണ് അയാളുടെ കലാസൃഷ്ടികളില്‍ നാം പലപ്പോഴും ദര്‍ശിക്കാറുള്ളത്..അതിനാല്‍ തന്നെ കൃതികളിലെ സാഹചര്യവും സംസ്കാര സന്നിവേശവും എം ടി മനഃപൂര്‍വ്വം സൃ്ഷ്ടിച്ചെടുക്കുന്നതാണെന്ന് പറയാന്‍ സാധിക്കില്ല... എങ്കിലും എം ടിയുടെ സാഹിത്യത്തിന്റെ കാന്വാസിന് വലിയ വിശാലതയില്ലെന്നും അതിലുള്ള ചിത്രങ്ങളും കഥാപാത്രങ്ങളും ഒരര്‍ത്ഥത്തില്‍ പരിമിതമാണെന്നോ ഒരേ അടിസ്ഥാനസ്വഭാവം കൈക്കൊള്ളുന്നവരാണെന്നും മനസ്സിലാക്കിയെടുക്കാം....
പിന്നെ നഖക്ഷതങ്ങളിലെ കണ്ണിമാങ്ങ പ്രേമം കൗമാരലൈംഗിതയുടെ ചാപല്യത്തിന്റെ തനിപ്പകര്‍പ്പ് കൂടിയാണെന്നത് സമ്മതിക്കാതെ തരമില്ല.
വൈശാലി എന്ന ചിത്രം
നഖക്ഷതങ്ങളുടെ പ്രമേയത്തെ
പുരാണപശ്ചാത്തലത്തില്‍
ഒട്ടാകെ പതിച്ചുവച്ച
ഒരു മേനിവിരുന്നാക്കി മാറ്റിയെന്ന്
പറയുന്നിടത്ത് എന്തോ ഒരു
അസ്വാഭാവികതയില്ലേ...?
ഈ രണ്ടു സിനിമകളെയും
അത്രത്തോളം സാമ്യവത്കരിക്കാമെന്ന്
എനിക്ക് തോന്നുന്നില്ല....
സസ്നേഹം..
അന്യന്.....:)
പ്രീയപ്പെട്ടവരെ..,
എംടിയുടെനായികാ-നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു എന്ന ലേഖനത്തിന്റെ അവസാന ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കുമല്ലോ..
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
പ്രീയപ്പെട്ടവരെ..,
എംടിയുടെനായികാ-നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു എന്ന ലേഖനത്തിന്റെ അവസാന ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കുമല്ലോ..
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
വ്യത്യസ്ഥമായ കഥാദൃശ്യപഠനം..നന്നായല്ലൊ ഇരിങ്ങന്‍.
ബ്ലോഗില്‍ ഞാനൊരു പുതുമുഖം. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
Post a Comment