Sunday, September 24, 2006

പിത്തള പിടിയുള്ള വാക്കിങ്ങ് സ്റ്റിക്ക് - സംഭവ കഥ


ഉമ്മയെ കാണുമ്പോള് എന്തൊരു ചന്തമാണ്.പതുപതുത്തതും മിനുസമുള്ളതുമായിരുന്നു പത്തുപെറ്റുമ്മയുടെമുടി. വെളുത്ത പഞ്ഞിക്കെട്ടുപോലെ. പുള്ളിക്കരയുള്ള വെളുത്ത തട്ടമാണ് എന്നും ഉമ്മ ധരിച്ചിരുന്നത്. കാതില് ഇടയ്ക്ക് വെളുത്ത് മഞ്ഞച്ച ഓല മനോഹരമായി വളച്ച് പുതിയ ഫാഷന്‍ തരംഗത്തിലെ പെണ്‍കുട്ടി കളെ പോലെ ചെവിയില്‍ തോരണം പോലെ ചാര്‍ത്തുക പതിവാണ്. ഒരു പൂവന്‍ കോഴിയുടെ തലയെടുപ്പോടെ തീങ്ങി നില്‍ക്കുന്ന കാത് ആട്ടി ആട്ടി അവരങ്ങിനെ “എന്‍റെ കൊഴി ഇതു വഴിയെങ്ങാനും പോയോ” എന്നു തലയാട്ടിക്കൊണ്ടിരിക്കും. അതിനൊക്കെയും ഉമ്മയ്ക്ക് അവരുടെതായ കാരണങ്ങള് ഉണ്ട്. മൂസ്സാന്റെ ബാപ്പ ഒരു പെരുന്നാളിന്റെ നിറവിലാണ് ഉമ്മയ്ക്ക് നല്ല ഒരു ജോഡി കമ്മല് സമ്മാനിച്ചത്. അന്നതു ഒരു പാടു പേരെ ഉമ്മ കാട്ടി കൊടുത്തു. പിന്നെ പിന്നെ അതിനെ നെറം കൊറഞ്ഞുപോകുമോന്നു ഭയപ്പെട്ടിട്ടാകണം തുണിപെട്ടിയില് ഏറ്റവും അടിയില്‍ ആരും കാണാതെ അവരതു ഒളിച്ചു വച്ചതു. സമയം കിട്ടുമ്പൊഴൊക്കെ ഉമ്മ പെട്ടി തുറന്നു ചേര്‍ത്തും പേര്‍ത്തും നോക്കുക പതിവാണു. കാലം കഴിയുമ്പൊള്‍ അതുപിന്നെ മലവെള്ളപ്പാച്ചലില്‍ അങ്ങേരൊടൊപ്പം ഉമ്മയെ വിട്ടും പോകുകയും ചെയ്തു. ചിലപ്പോഴെക്കെ ഉമ്മ കഥ പറഞ്ഞുതന്നിരുന്നത് ‘താനിക്ക’ വീഴുന്ന ഞങ്ങളുടെ പറമ്പിന്റെ കയറ്റം കയറിയുള്ള രണ്ടാമത്തെ പടിയില് വച്ചാണ്. കഥ പറയുന്നത് എപ്പോഴും അവരുടേതു തന്നെ കഥ ആയിരിക്കും. ഞങ്ങള്‍ കുട്ടികള്‍ക്ക് അവരുടെ തൂങ്ങിക്കിടക്കുന്ന കാതിലില് ഇക്കിളിയിടാനും ഞങ്ങള് പെറുക്കി കൂട്ടുന്ന ‘താനിക്ക‘ കറുത്ത കല്ല് കൊണ്ട് പതിയെ മുട്ടി പൊട്ടിച്ചിതറാതെ ഒരു ബോംബ് നിര്മ്മാതാവിന്റെ കൌശലത്തോടെ. താനിക്ക പതിയെ എടുത്തു ഒരു ഇല കുമ്പിളില് വച്ച് ഒരു കൈക്കുടന്ന ആയാല് “ ങാ ഇനി മതി.. ഇന്നത്തെക്കളി എന്താ.. അരിപ്പൊ തിരിപ്പൊ..പരിപ്പും പന്ത്രണ്ടാനേം കുതിരെം..വേണൊ”? അതൊ. ആ കയ്യില് ഈ കയ്യില് ആയിരം.വേണൊ....ഇന്ന് ആയിഷു പറ...ല്ലെ വേണ്ട നിസ്സര് മോന് പറ..” കയ്യിലെ താനിക്ക പൊടി മുണ്ടിന്റെ കോന്തലയില് ഉരച്ച് നടുവിന് കയ്യ് കൊടുത്ത് എല്ലവരെയും നെറ്റിചുളിച്ചു കൊണ്ടു നോക്കി. “ഉമ്മാ.. ഇന്നു നമ്മക്കു തോല് വച്ച് കളിക്കാം. ..എല്ലാവരും റെഡിയാവുമ്പോള്‍ ഉമ്മ നിബന്ദനകള് വയ്ക്കാന് തുടങ്ങും. അതിനിടയില് ഞാന്‍ പോയി കുറച്ച് കാട്ട് ചെടിയുടെ ഇലകള് പറിച്ച് കൊണ്ട് വരികയും പത്തുപെറ്റുമ്മ അതു കൈയ്യിലെടുത്തു അറ്റം ശരിയാക്കി ഒരരികില് വച്ച് കെട്ടി ഞങ്ങളില് ഒരാളായി മാറുകയും ചെയ്യുകയാണ്. ആര്‍പ്പുവിളികളുമായി ഞങ്ങള്‍ കളിക്കുമ്പോള്‍ ഒരു റഫറിയുടെ ജാഗ്രതയോടെ പത്തുപെറ്റുമ്മ ഞങ്ങള്‍ക്കരികില് മറ്റൊരു കുട്ടിയായ്. സ്നേഹത്തിന്റെ മുഖം മൂടി വച്ച മാലാഖ. ഒരോ പ്രാവശ്യവും കളിയില്‍ വിജയിക്കുന്ന കുട്ടികള്‍ക്കു ഉമ്മ താനിക്ക കൊടുക്കും. അതൊക്കെ കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഉമ്മ അല്പനേരം കൂടി അവിടെ ഇരിക്കും. പിന്നെ കോന്തലകൊണ്ടു കണ്ണുകള്‍ തുടച്ച് ഏതെങ്കിലും പീടികത്തിണ്ണയിലൊ സ്വന്തം വീടിന്‍ റെ ഉമ്മറത്തെക്കൊ പോകും. അന്നൊരു ദിവസം ഞങ്ങളുടെ കൂടെ കളിക്കാന്‍ വരുമ്പോള്‍ പത്തുപെറ്റുമ്മ കയ്യില്‍ ഒരു വടി. ചുവന്ന റിബണ്‍ കൊണ്ട് അലങ്കരിച്ച പിത്തളപ്പിടിയുള്ള മനോഹരമാ‍യ ഒരു വാക്കിങ്ങ് സ്റ്റിക്ക്. കഥയില്‍ ആദ്യം പറഞ്ഞതുപോലെ എല്ലാ തെരുവുകളും പത്തുപെറ്റുമ്മയ്ക്ക് സ്വന്തമാണു. മൂസ്സാന്‍റെ ബാപ്പ മലവെള്ളത്തില്‍ ഒലിച്ചുപോയി 5വര്‍ഷം കഴിഞ്ഞാണു ഉമ്പായിന്‍റെ ബാപ്പ പത്തുപെറ്റുമ്മയെ കെട്ടിയത്. അതിനൊരു കാരണം ഉണ്ട്. 4 പിള്ളാരുമായി ഒറ്റ്യ്ക് താമസിക്കുന്ന ഉമ്മയുടെ അടുത്ത് പള്ളിയില്‍ ഓത്ത് ചൊല്ലിക്കുന്ന് മൊയ് ലിയാര്‍ എന്നും എന്തെങ്കിലും എടങ്ങേറുമായി വരും. ഒന്നുകില്‍ ഇളയചെക്കന്‍ മര്യാദിക്ക് ക്ലാസ്സില്‍ ഇരിക്കുന്നില്ല, മൂത്ത കുട്ടി മുസ്സ കൂട്ടുകാരെ ഉപദ്രവിക്കുന്നു..അങ്ങിനെ അങ്ങിനെ..ഉമ്മയ്ക്കാണെങ്കില്‍ ഈ മൊയ് ലി യാറിനെ കണ്ണെടുത്താല്‍ കണ്ടുകൂട. കാര്യം പറഞ്ഞു തീര്‍ന്നാലും അവിടെ തന്നെ ഇരുന്ന് പഴം പുരാണം പറഞ്ഞു രാത്രി വരെ അവിടെ തന്നെ ഇരിക്കും. ഒരു വഷളചിരിയടെ. ഒന്നു കുളിക്കാന്‍ പോകാനൊ, ഇച്ചിരി മുള്ളാനൊ പോകാന്നു വിചാരിച്ചാല്‍ ഈ കാലമാടന്‍ ഒന്നു പോയിട്ടു വേണ്ടെ. ഒടുക്കം ആ വരവുനിക്കുന്നതിനു അറ്റകൈ തന്നെ പ്രയോഗിച്ചു. ഒരു കല്യാണം കഴിക്കുക. ആദ്യമൊക്കെ ആര്‍ക്കും അതൊട്ടു വിശ്വസിക്കാന്‍ പറ്റിയില്ല. എന്നിട്ടും ബ്രോക്കര് കുഞ്ഞാലി കൊണ്ടുവന്ന ആലോചന നടന്നു. പിന്നീടാണു അറിഞ്ഞതു ഉമ്പായിന്‍റെ ബാപ്പ എന്നും പുഴക്കരയില്‍ ഉമ്മ പോകുന്ന വഴിയില്‍ വെള്ള്മൊലിപ്പിച്ചു നിക്കാറുണ്ടായിരുനന്നെന്നും ചോദിച്ച്‍ സമ്മതിച്ചില്ലെങ്കില്‍ നാണക്കേടാവുമല്ലോന്നു കരുതി. എന്നിട്ടും ഉമ്മയോട് പെരുത്തു പ്രേമം കേറി ബ്രോക്കര് കുഞ്ഞാലിയെ പറഞ്ഞു ചട്ടം കെട്ടി നിര്‍ത്തുകയായിരുന്നു. അങ്ങിനെ 4 പെറ്റുമ്മ ഉമ്പായിയെയും കൂട്ടി പത്തു പെറ്റു. ഉമ്മയ്കൂ എന്നിട്ടും അതൊന്നും ഒരു വല്യ കാര്യമായി തോന്നിയില്ല. ഇതിലൊക്കെ എന്താ കാര്യമ്മെന്നും ഇനിം വേണമെങ്കില്‍ പത്തും കൂടെ പെറാന്‍ ഞാന്‍ തയ്യറാണു എന്നു ഉമ്മ കളിയായ് പറയാറുണ്ട്. മക്കളൊക്കെ വലുതായപ്പോള്‍ ഉമ്മയുടെ കഷ്ടകാലം ആരംഭിക്കാന്‍ തുടങ്ങി. സ്വത്തുക്കളൊക്കെ വിറ്റു വിറ്റു തീര്‍ന്നു കൊണ്ടിരുന്നു. അതിനനുസരിച്ചു മക്കളുടെ മിനുമിനുത്ത മുഖങ്ങളില്‍ കടന്നലുകള്‍ പാറി പറക്കുകയും അവയൊക്കെ വീര്‍ത്ത ബലൂണ്‍ പോലെ പൊട്ടാന്‍ പാകത്തില്‍ നില്‍ക്കുകയും ചെയ്തു. അപ്പോഴേക്കും ഇളയ ചെക്കന്‍ ഉമ്പായി മാര്‍ക്കറ്റിലെ ഏറ്റവും വലിയ കെട്ടുകാരനാവുകയും കള്ളുകുടിയില്‍ അവന്‍ മരക്കാര്‍ കുഞ്ഞമ്പുവിനെ മുട്ടുകുത്തിക്കുകയും ചെയ്തിരുന്നു. പത്തുപെറ്റുമ്മയ്ക്ക് വീട്ടില്‍നിന്നു കിട്ടിക്കൊണ്ടിരുന്ന ചായവെളളം നിര്‍ത്താന്‍ വേണ്ടി പശുവിനെ ‘മൂത്തു‘ പോയിന്നു പറഞ്ഞു അറക്കാന്‍ കൊടുത്തതും ഇളയമകന്‍ ഉമ്പായി തന്നെ ആയിരുന്നു. പിന്നെ അവരുടെ ‘ഓശാരം’വേണ്ടെന്ന് വയ്ക്കാന്‍ തന്നെ ഉമ്മ തീരുമാനിച്ചു. ഉമ്മയ്ക്കു വീട്ടില്‍ നിന്നു പുറത്തു കടക്കനുള്ള കോണിപ്പടിയായതു പശുവിനെ അറക്കാന്‍ കൊടുത്തതും അടുക്കളയില്‍ പലപ്പോഴും കറിപാത്രങ്ങള്‍ പൂട്ടി വയ്ക്കപ്പെടുന്നതുമാണു. പിന്നെ പിന്നെ തനിക്കു ആവശ്യമുള്ളത് അവരു തന്നെ കാലമാക്കാന്‍ തുടങ്ങി അവിടെയും മുറുമുറിപ്പു തുടങ്ങിയതാണ്. ഉമ്മ അതൊന്നും കണ്ടതായി ഭാവിച്ചതേയില്ല. എന്നാലും ഞങ്ങള്‍ കുട്ടികളെ കണ്ടാല്‍ കഥപറയാനൊ, മുട്ടയി തരാനൊ, അരിവറുത്തതു തരാനൊ അതൊമല്ലെങ്കില്‍ കൂട്ടത്തില്‍ കളിക്കാനൊ എന്നും പത്തുപെറ്റുമ്മ ഉണ്ടായിരുന്നു. അങ്ങിനെ ഇരിക്കുമ്പൊഴാണ് എഞ്ചിനീയര്‍ ഭാസ്കരന്‍റെ കൂടെ അമേരിക്കയില്‍ നിന്ന് ഒരു സായ്പ് കേരളത്തെക്കുറിച്ച് അറിയുന്നതിനും കുറച്ചുദിവസം തങ്ങുന്നതിനുമയി ഭാസ്കരന്‍റെ കൂടെ വന്നു. എവിടെയെങ്കിലും ആരെങ്കിലും പുതിയതായി വന്നാല്‍ ആദ്യം പത്തുപെറ്റുമ്മ അവിടെ എത്തും. മാത്രവുമല്ല ഭാസ്കരനും അവന്‍റെ അച്ച്ഛന്‍ ഗോപാലന്‍ നായരുമായി ഉമ്മയ്ക്കു നല്ല അടുപ്പമാണ്. ഭക്ഷണം ഒന്നു കിട്ടാത്ത ദിവസങ്ങളില്‍ അവിടെ നിന്നാണ് ഉമ്മ കഴിക്കുന്നത്. എല്ലാ‍വരും ഉമ്മയ്ക്കു ഭ്രാന്താണ് എന്നു പറയുമെങ്കിലും ഗോപാലന്‍ നായരും കുടുംബവും എന്നും ഉമ്മയെ സ്നേഹിച്ചിരുന്നു. അങ്ങിനെയും ചിലര്‍ വേണമല്ലൊ. പത്തുപെറ്റുമ്മയുടെ നടപ്പും വെടിപ്പും ഒക്കെ സായിപിനു ഒരു പാടു ഇഷ്ടമായി. പിന്നെ വയലുകളില്‍ സായിപ്പ് ഉമ്മയുടെ കൂടെ കുറച്ചുദിവസം നടക്കാനും പോയി. ഉമ്മയ്ക്കു ഇഗ്ലീഷൊന്നും അറിയില്ല്ല. എന്നലും സായിപ്പ് പറയുന്നത് ഉമ്മയ്ക്കും ഉമ്മ പറയുന്നത് സായിപ്പിനും മനസ്സിലാകുന്നു വെന്ന് ഭാസ്കരന്‍റെ ഡിഗ്രി ഫൈനലിയനിറിന് പോകുന്ന ശാലുമോള്‍ക്കു പെട്ടെന്ന് മനസ്സിലായി. എങ്കിലും അവളും അവരുടെ കൂടെ കൂടി. പറമ്പിലും തൊടിലും ഒക്കെ ആയി അങ്ങിനെ. ഏകദേശം പത്തു ദിവസം സായിപ്പ് അവിടെ താമസിച്ചു. അപ്പോഴേക്കും സായിപ്പ് ഉമ്മ യെ “mother" എന്നു വിളിച്ചു തുടങ്ങിയിരുന്നു. തിരിച്ചുപൊകാനൊരുങ്ങുമ്പോള് അയാളുടെ മനസ്സ് അമ്മയ്ക്ക് വേണ്ടിയൊന്ന് പിടച്ചു. ‍തന്റെ മരിച്ചു പോയ അമ്മയുടെ ഓര്‍മ്മയ്ക്ക് കൊണ്ടു നടക്കുന്ന വാക്കിങ്ങ് സ്റ്റിക്ക് ഉമ്മയുടെ കൈവെള്ളയിലേക്കു വച്ചുകൊടുക്കുമ്പോള്‍ സായിപ്പിന്‍റെ കണ്ണുകള്‍ നിറഞ്ഞു. പിത്തള പിടിയുള്ള് വാക്കിങ്ങ് സ്റ്റിക്ക്. പാടവരമ്പത്തും, പറമ്പത്തും ഒരു താങ്ങായി അതു ഏറ്റുവാങ്ങുമ്പൊള്‍ ഉമ്മയുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയയിരുന്നു. ഏതോ നഗരത്തില്‍ നിന്ന് വന്ന ഏതോ ഒരു മകന്‍. അവര്‍ സായിപ്പിനെ കെട്ടിപ്പിടിച്ച് ഒരു പാടു കരഞ്ഞു. (അടുത്തലക്കത്തില്‍ പത്തുപെറ്റുമ്മയ്ക്ക് പിന്നീട് എന്തു സംഭവിച്ചു?..)

2 comments:

ഞാന്‍ ഇരിങ്ങല്‍ said...

കുറച്ചുകൂടി ‘പത്തുപെറ്റുമ്മ’യെ കുറിച്ച് ഞാന്‍ എഴുതി. എല്ലാവരും വായിച്ച് കമന്‍റ് എഴുതുമല്ലൊ.

Anonymous said...

ഖണ്ഡിക തിരിച്ചെഴുതാമോ ചേട്ടാ?

<