ഏത് അഗ്നിയിലാണ്
സീതയുടെ പരിസുദ്ധി തെളിയിക്കപ്പെട്ടത്?
വിണ്ടുകീറിയ അമ്മയുടെ മാര്‍ത്തടത്തില്‍
കാല്‍നഖപ്പാടുകള്‍
ഉഴുതുമറിച്ച കൈപ്പാട്
ഒളിച്ചുകടത്തപ്പെട്ട ലോഹധാതുവിന്റെ
ബാക്കി പത്രം.
ചിറകു മുളച്ച അമ്മമാര്‍
കുഞ്ഞുങ്ങളെയും കൊണ്ട്
കിണറുകളിലേക്ക്
കൂടുമാറി തുടങ്ങിയോ?
*പ്രണയിനിയുടെ നെഞ്ചിലേക്ക്
കത്തിയിറക്കുമ്പോള്‍ ചീറ്റിയത്
നിന്റെ തന്നെ രക്തം തന്നെയോ?
വിഷസൂചിയൊടുങ്ങാത്ത നിന്റെ പകയ്ക്കും
പ്രണയമെന്ന് പേര്.
**പച്ചയമ്മാള്‍
നീ തിരികൊളുത്തി വിശുദ്ധമാക്കിയത്
നിന്നെ മാത്രമോ....
വെളിച്ചമില്ലാതലയുന്ന നിന്റെ കണവന്
വെളിവേകാന്‍ നാല്പത് കുടിലുകളുറ്റെ വെളിച്ചം.
മനസ്സില്‍ കുഞ്ഞുസൂര്യനുദിക്കുന്നതും കാത്ത്
മലമുകളിലെ യക്ഷിപ്പറമ്പില്‍ നീ തനിച്ചാണ്.
***ഗബ്ബര്‍സിങ്ങ്......
ഞങ്ങളുടെ കുഞ്ഞുരാത്രികളില്
ഭീതി നിറച്ചവനേ...
മകളുടെ തൊണ്ടക്കുരല് മുറിഞ്ഞ്
കണ്ണുകള്‍ തുറിച്ചപ്പോള്‍
അമ്മേ..ന്ന് ആ വിളിക്കാന്‍ കൂടി
നിന്റെ ചുട്ടു പോകാത്ത കയ്യും
ഇടിവെട്ടാത്ത തലയും സമ്മതിച്ചില്ലല്ലോ..
വലുതുംകുറിയതുമായ ഞങ്ങളുടെ കുഞ്ഞു സ്വപ്നങ്ങളിളെ
ഞെക്കിക്കൊല്ലാന്‍
വെളുത്ത പഞ്ഞിക്കെട്ടുപോലുള്ള
ഞങ്ങളുടെ ഇഷ്ടതോഴന്റെ ഭാവത്തില്‍ നീ
പുതിയ മുഖമൂടിയുമായി കോപ്പു കൂട്ടുന്നു.
മൊരിഞ്ഞ റൊട്ടിക്കഷണം പോലെ
ഏതഗ്നിയിലാണ് നീ ദഹിക്കുക?
സഹനത്തിന്റെ വിശുദ്ധിയില്‍ വാറ്റിയെടുത്ത
ഊര്‍മ്മിളയുടെ വിയര്‍പ്പിന്റെ കൊതിപ്പിക്കുന്ന ഗന്ധമെവിടെ?
പ്രണയിനിക്ക് അറുത്തുകൊടുത്ത വാന്‍ഗോഗിന്റെ
ഇടത്തെ ചെവിയെവിടെ?
കണ്ണകിയുടെ ഇടതുമുലക്കാമ്പില് ചീറ്റിയ അഗ്നിയെവിടെ?
ഇഡിപ്പസ്സിന്റെ ചൂഴ്ന്നെടുത്ത
രക്തമിറ്റിയ തിളങ്ങുന്ന മൂന്നം കണ്ണെവിടെ?
കിണറ്റുവക്കില്‍ വിധി
എനിക്കുമേല്‍ ഉറുമ്പരിക്കുന്നു.
കന്തികമായി ഒരു റോക്കറ്റുപോലെ
പാഞ്ഞടുക്കുന്നു
പക്ഷേ
കായലിനരികിലെ വെയിലു കൊള്ളുന്ന കാറ്റും
ആകാശങ്ങളിലെ കാറ്റുകൊള്ളുന്ന വെയിലും
എന്റെ അഗ്നിയില്‍ ശുദ്ധിവരുത്തുന്നു.
പിന്കുറിപ്പ്:
*പ്രണയിനിയുടെ : അടുത്തകാലത്തായി കാമുകന്മാരുടെ കത്തിക്കിരയായവര്
**പച്ചയമ്മാള്‍ : തമിഴ് നാട്ടില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്ത 17 കാരി. ഒപ്പം 17 കുടിലുകള്‍ കത്തി നശിച്ചു.
***ഗബ്ബര്‍സിങ്ങ് : മകള്‍ അച്ഛ്ന്റെ ഇഷ്ടത്തിനെതിരായി ഡിഗ്രിക്കു ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്തതിന് മകളെ തട്ടിക്കൊണ്ടു പോയി കഴുത്തു ഞെരിച്ചു കൊന്ന നരധമന്‍
Thursday, September 28, 2006
Subscribe to:
Post Comments (Atom)
7 comments:
നല്ല ആഴമുള്ള രചന. വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍.
നന്നായിട്ടുണ്ട്. എന്താ ടൈറ്റില്‍ വെക്കാത്തത്?
ചമ്പക്കാടന്: നന്ദി. വായിച്ചു എന്നറിഞ്ഞതിലും കമന്റ് തന്നതിനും
സു: ടൈറ്റില്‍ ഉണ്ടല്ലോ ചേച്ചി. ‘ഊര്‍മ്മിളയുടെ വിയര്‍പ്പ്’.
തുടക്കമല്ലേ അതും ഒഫീസില്‍ ഇരുന്ന്. കൂടുതല്‍ ശ്രദ്ധിക്കാം.
നന്നായെഴുതിയിരിക്കുന്നു.
മനസ്സു വല്ലാതെ കലുഷമാണെന്നു തോന്നുന്നു. തീക്ഷ്ണതയുള്ള ഇമേജുകള്‍. ചാരു നിവേദിതയുടെ സീറോ ഡിഗ്രി വായിച്ചിട്ടുണ്ടോ...?
നല്ലമ്മാളിന്റെയും മറ്റും കാര്യം പ്പറയുമ്പോള്‍ ചാരുവിനെ ഓര്‍മ്മ വരുന്നു.
അനോണി : നന്ദി, വായിച്ചുവല്ലോ.കമന്റിയല്ലോ. സന്തോഷം
റൊബി കുര്യന്: അഭിനന്ദനത്റ്റ് നന്ദി: ചാരുവിന്റെ സീറൊ ഡിഗ്രി വായിച്ചിട്ടില്ല. പറഞ്ഞ സ്ഥിക്ക് വായിക്കാന്‍ ശ്രമിക്കാം. ഇനിയും അടുത്ത രചനയിലും വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ഉണ്ടാകണം.
സ്നേഹത്തോടെ
രാജു.
കവിതകള്‍ വായിച്ചു...തീക്ഷ്ണ ബിംബങ്ങളുടെ സുലഭ സാന്നിധ്യം കൊണ്ട് കനപ്പെട്ട കവിതകള്‍...ബിംബങ്ങളുടെ പെരുക്കത്തില്‍ കവിതയുടെ ചരടുകള്‍ കേന്ദ്രപ്രമേയത്തില്‍ നിന്നു വേറിടുന്നുവോ എന്നു തോന്നി ചിലയിടങ്ങളില്‍..എന്തോ എന്റെ വായനയുടെ കുഴപ്പമായിരിക്കാം....അല്ലെങ്കില്‍ ശിഥില പ്രകൃതത്തിലാവാം കവിതയില്‍ ബിംബങ്ങള്‍ കൂടുതല്‍ അമ്ലതയുള്ളതാവുന്നത് അല്ലേ....?
ഇനിയും തുടരട്ടെ...ഈ കവിതകള്‍...
ആശംസകള്‍...
Post a Comment