Saturday, August 30, 2008

കിം കി ദുക് എന്ന ചലച്ചിത്ര പ്രതിഭ



കിം കി ദുക് എന്നാല്‍ പേരു പോലെ കൌതുകം ജനിപ്പിക്കുന്ന സൌന്ദര്യ സങ്കപ്പത്തെ തോല്പിക്കുന്ന അസാ‍മാന്യമായ കരവിരുതുള്ള കൊറിയന്‍ ചലച്ചിത്ര സംവിധായകനാണ്.



സിനിമ സൌന്ദര്യത്തിന്റെയും സങ്കല്‍പ്പത്തിന്റെയും അപ്പുറം കാഴ്ചയുടെ, ദാര്‍ശനീകതയുടെ, ആത്മീയതയുടെ പുസ്തകമാണെന്ന് പ്രേക്ഷനെ അനുഭവിപ്പിക്കുന്ന സംവിധായകനാണ് കിം കി ദുക്.


അദ്ദേഹത്തിന്റെ 2003 ല്‍ റിലീസ് ചെയ്ത "Spring, Summer, Fall, Winter... and Spring“ എന്ന സിനിമയെ കുറിച്ചാണീ കുറിപ്പ്. രണ്ടായിരാമാണ്ടില്‍ "The Isle” എന്ന ആദ്യ ചിത്രത്തിലൂടെയാണ് കിം കി ദുക് സിനിമ എന്ന പണിപ്പുരയിലേക്ക് നടന്നടുക്കുന്നത്. അന്നു വരെയുണ്ടായിരുന്ന കൊറിയന്‍ ചലച്ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇദ്ദേഹത്തിന്റെ സംവിധാന രീതിയും സിനിമാ സങ്കല്‍പ്പങ്ങളും. സിനിമ കൊണ്ട് കവിത രചിക്കുകയാണ് പലപ്പോഴും കിം കി ദുക് ചെയ്തു പോരാറുള്ളത്.


കിം കി ദുക് തന്റെ "Spring, Summer, Fall, Winter... and Spring എന്ന സിനിമയെ കുറിച്ച് പറയുന്നത് ഇങ്ങനെ . "ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. സന്തോഷം, ദേഷ്യം, ദു:ഖം ആഹ്ലാദം എന്നിവ നമ്മള്‍ ജീവിക്കുന്ന നാല് കാലാവസ്ഥകളിലൂടെ ‘മോങ്കിന്റെ ജീവതത്തിലൂടെ പറയുന്നു. മോങ്ക് ജീവിക്കുന്നത് ചുറ്റും മലനിരകളാലും തടാകത്താലും ചുറ്റപ്പെട്ട ഒരു അമ്പലത്തിലാണ്. പ്രകൃതിയുടെ തടാകത്തിലാണ് നാം മനുഷ്യര്‍.”
ജുസാന്‍ പോണ്ട് എന്ന നോര്‍ത്ത് കൊറിയയിലെ ക്യുന്‍ സാങ്ങ് എന്ന സ്ഥലത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മലനിരകളാല്‍ ചുറ്റപ്പെട്ട സ്ഥലത്ത് ഒരു കൃത്രിമ തടാകം സൃഷ്ടിച്ച് വിവിധ കാലങ്ങള്‍ക്കനുസരിച്ച് സെറ്റുകള്‍ നിര്‍മ്മിച്ചാണ് കിം ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
നോര്‍ത്ത് കൊറിയന്‍ സര്‍ക്കാര്‍ സംരക്ഷിച്ചു പോരുന്ന ഈ സ്ഥലം ഇന്ന് ബുദ്ധ മത വിശ്വാസികളുടെത് മാത്രമല്ല പുരാവസ്തു ഗവേഷകരുടേയും ഇഷ്ട സന്ദര്‍ശന സ്ഥലങ്ങളില്‍ ഒന്നാണ്.
ബുദ്ധ വിഹാരങ്ങളും വിശ്വാസികളും ഏറെയുള്ള സ്ഥലമാണ് കൊറിയ. മദ്ധ്യസ്ഥ കൊറിയയിലെ അതി സുന്ദരമായ കാട്ടു പ്രദേശത്തെ ജുസാന്‍ പോണ്ടിലെ വിശുദ്ധമെന്ന് തോന്നിപ്പിക്കുന്ന തടാകത്തിന് മദ്ധ്യേയുള്ള ബുദ്ധ വിഹാരത്തിലെ പ്രഭാതമാണ് സിനിമയിലെ ആദ്യ കാഴ് ചകള്‍.

തികച്ചും ഒറ്റപ്പെട്ട കാട്ട് പ്രദേശവും മലകളാല്‍ അലംകൃതമായ ഭൂപ്രദേശവും ബുദ്ധാശ്രമത്തിനും മലകള്‍ക്കും മീതെ അങ്ങിങ്ങായ് പ്രത്യക്ഷപ്പെടുന്ന മഴമേഘങ്ങളും അരിച്ചു കയറുന്ന മഞ്ഞു പാളികളുടെ തണുപ്പും പ്രേക്ഷകനെ അനുഭവിപ്പിക്കാന്‍ ഈ സിനിമയ്ക്ക് കഴിയുന്നു ലളിതമായ ചര്യകളോടെ ഒരു ദിവസം ആരംഭിക്കുന്നു. ഉണര്‍ന്നെഴുന്നേറ്റാല്‍ പ്രാര്‍ത്ഥന, പിന്നീട് ഔഷധ ചെടികള്‍ ശേഖരിക്കാന്‍ വനത്തിലേക്കൊരു യാത്ര. ബാല്യത്തിന്റെ നിഷ്കളങ്കതയില്‍ചെയ്തു പോരുന്ന അപരാധങ്ങളുടെ ഒരു മാതൃകത കാണിക്കുന്നു അഞ്ചു വയസ്സുകാരനിലൂടെ. എന്നാല്‍ പ്രകൃതിയെ സംബന്ധിച്ച് ഇത് ഒരു മഹാ അപരാധമാകുന്നു. അങ്ങിനെ കുട്ടികളിലെ അപകടകരമായേക്കാവുന്ന അക്രമ വാസനയെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കാനുള്ള പാഠങ്ങള്‍ ഈ സിനിമ പറഞ്ഞു വയ്ക്കുന്നു. ഈപ്രവര്‍ത്തികള്‍ ചെയ്യുമ്പൊള്‍ പിന്നണിയില്‍ കൊടുക്കുന്നപതിഞ്ഞ താളത്തിലുള്ള കൊറിയന്‍ നാടോടി പാട്ടുകളുടെ ഈണം ദൃശ്യത്തെ ഗംഭീരമാക്കുവാന്‍ സഹായിക്കുന്നു.
ജീവിത്തിന്റെ പാഠങ്ങള്‍ പഠിക്കുവാന്‍ മീനും തവളയും പാമ്പും വെറും ഉപകരണങ്ങള്‍ മാത്രമാകുന്നു. ഗുരു പ്രകൃതി തന്നെയാവുകയും ഗുരു ശിക്ഷ വിധിക്കുകയുംചെയ്യുന്നു. “മീനിനെയും തവളയെയും പാമ്പിനെയും മോചിപ്പിക്കുക. അഥവ ഒന്നെങ്കിലും ചത്തു പോയാല്‍ കെട്ടിയകല്ലിന്റെ ഭാരം മരണം വരെ നിന്നെ പിന്തുടരും”. ഇതാണ് ഗുരു ശിഷ്യന് വിധിച്ച ശിക്ഷ അല്ലെങ്കില്‍ ഒന്നാമത്തെ പാഠം. ചത്തു പോയ പാമ്പിനരികില്‍ നിന്ന് കൊച്ചു ബാലന്‍ കരയുകയും അറിവില്ലായ്മയുടെ പ്രവാഹവും കുറ്റവും ഒക്കെയായി വസന്തം അങ്ങിനെ അവസാനിക്കുന്നു. അഞ്ചു വയസ്സുള്ള കുട്ടി പൌരോഹിത്യത്തിന്റെയും ജീവിതത്തിന്റേയും ആദ്യപാഠങ്ങള്‍ പഠിക്കുകയാണ് അങ്ങിനെ വസന്തത്തില്‍. ചിത്രങ്ങള്‍ സംസാരിക്കുന്ന ഈ ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരു പക്ഷെ ആവശ്യമേ ഇല്ലായിരിക്കണം. ഓരോ ചിത്രങ്ങളും സംസാരിക്കുന്നത് കൊണ്ട് സംഭാഷണം ചെറുതെങ്കിലും ഉള്‍ക്കാമ്പു കൊണ്ട് ശ്രദ്ധേയമണ്.


ചെറിയ തെറ്റുകളില്‍ നിന്ന് ബാലന്‍ കൌമാരത്തിലെത്തുന്നു. യുവാവ് (Seo Jae-kyung) പതിവു പോലെ കാനന ഭംഗി കണ്ട് വരുമ്പോള്‍ ‍ആശ്രമത്തിലേക്ക് വരുന്ന രണ്ട് സ്ത്രീകളെ കാണുന്നു. കൌമാരക്കാരിയായ, രോഗിയായ മകളെയും കൂട്ടി അമ്മ (Jung-young Kim). ആശ്രമത്തിന്റെ മുഖ്യ കവാടത്തില്‍ നിന്ന് യുവാവ് അവരെയും കൊണ്ട് ആശ്രമത്തിലേക്ക്. “ഇവിടെ ഈ ആശ്രമത്തില്‍ മകളുടെ രോഗം മാറും ഈ കാനനത്തിലെ കരുത്തുറ്റ മരം പോലെ അവള്‍ക്ക് ആരോഗ്യം ഉണ്ടാകും“ യുവാവ് പറയുന്നു. യൌവ്വനാരംഭത്തിലെ പ്രശ്നങ്ങളും സുഖങ്ങളും ആരംഭിക്കുന്നത് അവിടെ നിന്നാണ്. ചികിത്സക്കായ് മകളെ ആശ്രമത്തില്‍ വിട്ട് ആ അമ്മ മടങ്ങുന്നു. അസുഖം പൂര്‍ണ്ണമായും ഭേദമായി കഴിഞ്ഞാല്‍ അവളവിടെ എത്തും എന്ന് ആ ബുദ്ധ പുരോഹിതന്‍ വാക്കു കൊടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് സിനിമയില്‍ കൌമാരക്കാരായ യുവാവിലും യുവതിയിലും സംഭവിക്കാവുന്ന മാറ്റങ്ങളുടെ അപകട മനസ്സിന്റെ ചിത്രങ്ങളാണ് കിം സിനിമയില്‍ വരച്ചു വയ്ക്കുന്നത്.

വസന്തം:
വസന്തത്തില്‍ നായക്കുട്ടിയാണ് ആശ്രമത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരു പൂവന്‍ കോഴിയാണ്. ആശ്രമത്തില്‍ ഒരു വൈകാരിക അന്തരീക്ഷത്തെ ഇത് പ്രധാനം ചെയ്യുന്നു. പുവന്‍ കോഴിയെന്ന യുവാവും പിടക്കോഴിയെന്ന യുവതിയും.
യൌവ്വനത്തിലെ പരിഭ്രമിക്കുന്ന കാഴ്ചകളും ആദ്യ സപര്‍ശനങ്ങളും സംവിധായകന്‍ കരുതി കൂട്ടി തന്നെ അണിയിച്ചൊരുക്കുന്നു. സപര്‍ശനത്തിന് പ്രതികരണവും ഉണ്ടാകുന്നുവെങ്കിലും യൌവ്വനം അത് വക വയ്ക്കാതെ മുന്നോട്ട്പോകുന്നു.
കയ്പുള്ള ഔഷധമായാലും കൊടുക്കുന്നത് അതിലോലമായ ഹൃദയം കൊണ്ടായിരി‍ക്കണം എന്ന് ആ ബുദ്ധ പുരോഹിതന്‍ സംസാരിക്കുന്നു. അന്യരെ സ്നേഹിക്കുക, ബഹുമാനിക്കുക എന്ന അതിലളിത തത്വവും ആത്മീയത കച്ചവട വല്‍ക്കരിക്കപ്പെട്ട ഇന്നത്തെ സമൂഹത്തില്‍ ഔഷധങ്ങളൊക്കെ വിറ്റു പോവുകയും പേറ്റന്റ് പോലുള്ള കരാറുകള്‍ ഉണ്ടാവുകയും ചെയുന്നു.
പഴയ ആചാരങ്ങള്‍ വൈദ്യം, ശുശ്രൂഷ തുടങ്ങിയവയൊക്കെ സേവനങ്ങള്‍ മാത്രമായിരുന്നു. അവരൊക്കെയും ദൈവസമാനരായി തിര്‍ന്നത് അതുകൊണ്ടാണ്. എന്നാല്‍ ഇന്ന് ഗുരുകുല സമ്പ്രദായം നമുക്കു മുമ്പില്‍ ഇല്ലെന്നും ഇതൊക്കെയാണ് മുല്യങ്ങളെ തകര്‍ത്തെറിഞ്ഞതെന്നും സിനിമ നമ്മെ പഠിപ്പിക്കുന്നു.
കലുഷവും ക്ഷുഭിതവുമായിരിക്കുന്നു യൌവ്വനം. ആഗ്രഹിക്കുന്നത് പിടിച്ചെടുക്കുന്നതാണ് യൌവ്വനത്തിന്റെ പ്രത്യേകതയും.
ശരീരം കൊണ്ട് യുവാവും യുവതിയും ഒന്നായി തീരുന്നു. ബുദ്ധ പുരോഹിതന്‍ അറിയാതെ അവര്‍ പരസ്പരം പലപ്പോഴും ഒന്നാവുകയും ഇണചേരുകയും ചെയ്യുന്നു. യുവാവിന്റെ ശാന്തമായ മനസ്സ് ശരീര തൃഷ്ണകളാല്‍ ജ്വലിക്കുകയും രാത്രിയുടെ അന്ത്യയാമങ്ങളില്‍ യുവതിയുമായി ശയിക്കുകയും ചെയ്യുന്നു. അപ്പോള്‍ അതായിരുന്നു രോഗവും ഔഷധവും.

രോഗം മാറിയ അവസ്ഥയില്‍ പെണ്‍കുട്ടിക്ക് (Ha Yeo-jin) ഇനി മടക്കയാത്രയാവാം. പുരോഹിതന്‍ അത് പറയുമ്പോള്‍ യുവാവ് മനസ്സ് നഷ്ടപ്പെട്ട് എല്ലാം നഷ്ടപ്പെട്ടവനായി കു‍ട്ടിലിട്ട് അടച്ച മൃഗത്തെ പോലെ ഒപ്പം ഭീരുവുമായി മാറുന്നു. എന്നിട്ടും എന്നും പൂജിക്കുന്ന ബുദ്ധ പ്രതിമയുമായി രാത്രി യുവാവ് പാലായനം ചെയ്യുന്നു. ഒരു കള്ളനെ പോലെ. ഒരു ഭീരുവിനെ പോലെ. അത് യൌവ്വനത്തിന്റെ മറ്റൊരു അവസ്ഥ തന്നെയാണ്.


ശിശിരം

ആശ്രമത്തില്‍ സന്യാസി തനിച്ചാണ്. ഇപ്പോള്‍ പൂച്ചയാണ് കൂട്ടിന്.
ഭാര്യയെ കൊന്ന് 30 കാരനായ യുവാവ് ഒളിവില്‍ പോകുന്ന ഒരു വാര്‍ത്തയാണ് ഗുരുവിനെ ഉണര്‍ത്തുന്നത്. ചിത്രത്തില്‍ ഗുരു തന്റെ ശിഷ്യനെ തിരിച്ചറിയുന്നു. ഗുരു അവന്റെ വരവ് പ്രതീക്ഷിച്ചു കൊണ്ട് ആ തടാകത്തിലേക്ക് നോക്കി ഇരുന്നു.

കൊടുങ്കാറ്റു പോലെ അവന്‍ ശക്തിയല്ലാം ചോര്‍ന്ന ഒരു മനസ്സുമായി ഒരു കത്തിയുമായ് വരുന്നു. അവന്റെ മനസ്സ് അവനോ മറ്റാര്‍ക്കെങ്കിലുമൊ പിടിച്ചു കെട്ടാന്‍ പറ്റാതായിരുക്കുന്നുവെന്ന് ഗുരു അറിയുന്നു. അവന്റെ രോഷം, വേദന ഒക്കെയും ഗുരുവിന് മനസ്സിലാക്കാന്‍ പറ്റാത്തതായിരുന്നില്ല. അവന്‍ പറയുന്നത് ഇങ്ങനെ.

“ അവളെ ഞാന്‍ സ്നേഹിച്ചു എന്നെക്കാള്‍ എല്ലാറ്റിനും മിതെയായ്, ഓരോ ദിവസം കഴിയുമ്പോള്‍ അവള്‍ക്ക് എന്നെ വേണ്ടാതായി. പുതിയ കാമുകന്‍ വരുന്നു”

ഗുരു പറയുന്നത് ഇങ്ങനെയാണ്.

“നീ ആഗ്രഹിക്കുന്നതെന്തോ അത് മറ്റൊരാള്‍ക്കും ആഗ്രഹിക്കാം. നമ്മളെങ്ങിനെ അത് തെറ്റായി കണക്കാക്കും”. മനസ്സ്വാസ്ഥത്തിനായ് സന്യാസി ശിഷ്യനുവേണ്ടി പ്രജ്ഞ്നാ വ്രത സൂക്തം ആ ഒറ്റമുറി തടാകത്തിലെ വീടിന് പുറത്ത് എഴുതുന്നു. അവനോടത് കൊത്തി വയ്ക്കാന്‍ പറയുകയും ചെയ്യുന്നു.


ഒപ്പം കുറ്റവാളിയുടെ പുറകെ നിയമവും വരുമെന്ന് പാഠം നമ്മെ പഠിപ്പിക്കുന്നു.

യുവാവ് എഴുതി തുടങ്ങിയപ്പോള്‍ തന്നെ തടാകക്കരയില്‍ രണ്ട് ഡിറ്റക്ടീവ് ഓഫീസര്‍മാര്‍ വരികയും അത് കണ്ട് യുവാവ് ആക്രമ സന്നദ്ധനാവുകയും ചെയ്യുന്നു. ആശ്രമത്തിന്റെ സ്വച്ഛത തകര്‍ക്കാനൊരുങ്ങുന്നവരോട് അവന്‍ ചെയ്തു തുടങ്ങിയത് പൂര്‍ത്തിയാക്കാന്‍ അവനെ അനുവദിക്കണമെന്ന് സന്യാസി അഭ്യര്‍ത്ഥിക്കുന്നു. അവരത് സമ്മതിക്കുകയും ചെയ്ത് അവനരികില്‍ ഇരിക്കാന്‍ ആരംഭിച്ചു.

ഈ അവസരത്തില്‍ തടാകത്തിലൂടെ ഒരു ചെറീയ വെള്ളപ്പാത്രം ഒഴുകി പ്പോകുന്നതായി സംവിധായകന്‍ കാണിക്കുന്നു. ഒരു കൌതുകത്തോടെ രണ്ട് ഓഫിസര്‍ മാരും തങ്ങളുടെ തോക്ക് കൊണ്ട് അതിനെ വെടിവയ്ക്കാന്‍ ശ്രമിക്കുന്നു. പക്ഷെ ഒഴുകുന്ന ആ പാത്രത്തില്‍ വെടിയുണ്ട കൊള്ളിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. എന്നാല്‍ ഒരു ഭാഗത്ത് ഇത് നോക്കാതെ തനിക്ക് ഇതൊക്കെ കാണാം എന്നര്‍ത്ഥത്തില്‍ അരികിലുണ്ടായിരുന്ന ഒരു കല്ലെടുത്ത് ആ പാത്രത്തിലേക്ക് ആ ബുദ്ധപുരോഹിതന്‍ അലകഷ്യമെന്ന മട്ടില്‍ ഏറിയുകയും ചെയ്യുന്നു. ആത്മിയതയുടെ ശക്തി വെളിവാക്കുന്നതിനും ഏകാഗ്രത മനുഷ്യനെ ഉന്നതിയിലെത്തിക്കുമെന്നും ഒരു ചെറിയ ദൃശ്യത്തിലൂടെ വളരെ സമര്‍ത്ഥമായി സംവിധായകന്‍ പറഞ്ഞു തരുന്നു.


അടുത്ത പുലരിയില്‍ യുവാവിനെയും കൊണ്ട് അവര്‍ പോകുന്നു. നാളുകള്‍ കഴിഞ്ഞ് സന്യാസി സ്വയം മരിക്കാന്‍ തീരുമാനിക്കുന്നു. ഇവിടെയും സംവിധായകന്‍ അഭ്രപാളിയില്‍ പ്രേക്ഷനെ വിസ്മയിപ്പിക്കാന്‍ തക്കവണ്ണം സിമ്പലുകളുടെ ആവരങ്ങള്‍ എടുത്ത് നിറയ്ക്കുന്നു. അതും തികഞ്ഞ സൌന്ദര്യ ബോധത്തോടു കൂടി തന്നെ.

ബുദ്ധപുരോഹിതന്‍ മരിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ എഴുതി വയ്ക്കുകയും ചെയ്യുന്നുണ്ട്. മരണശേഷം അതേ സ്ഥലത്തു നിന്ന് ഒരു പാമ്പ് ഈ ആശ്രമത്തില്‍; പുരോഹിതന്‍ എഴുതി വച്ച പത്രത്തിനരികിലായ് കിടക്കുകയും ചെയ്യുന്നു. ഒരു നിധികാക്കും നാഗത്താനായി. ഒരു പക്ഷെ യുവാവ് തിരിച്ച് വരും എന്ന് പ്രേക്ഷകനെ ഓര്‍മ്മപ്പെടുത്താനായി പ്രതിക്ഷ ബാക്കിയാക്കി സംവിധായകന്‍ നാലാമത് ഋതുവായ അതിശൈത്യത്തെ കാട്ടിത്തരുന്നു.

ചിത്രത്തിലെ നാലാ‍മത് ഋതുവായി അതിശൈത്യംജലം ഉറഞ്ഞിരിക്കുന്നു. പ്രകൃതി ഉറഞ്ഞിരിക്കുന്നു. യുവാവ് തിരിച്ചെത്തുന്നു. അവന്റെ മുഖത്ത് മനോധൈര്യത്തിന്റെ, ജീവിതാനുഭവത്തിന്റെ , ആത്മീയതയുടെ ശാന്തത പ്രേക്ഷന് കാണാനാകുന്നുണ്ട്.

യുവാവ് ആ ആശ്രമത്തില്‍ എത്തിച്ചേരുമ്പോള്‍ എഴുതി വച്ച പത്രത്തിനരികില്‍ നിന്ന് പമ്പ് ഇഴഞ്ഞു പോവുകയും യുവാവിന്റെ വഴി ഇതാണ് എന്ന് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. സംവിധായക മര്‍മ്മമറിഞ്ഞ കിം ഈ ഒറ്റ സീനിലൂടെ പ്രേക്ഷനെ നിത്യ വസന്തത്തിലേക്ക് എത്തിക്കുന്നു എന്നു തന്നെ പറയാം.

തന്റെ വഴി തിരിച്ചറിയുന്ന യുവാവ് പൌരോഹിത്യം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായ് മനസ്സിനെ ദൃഡപ്പെടുത്തുവാന്‍ വിവിധ ശാരീരിക-ആയുധമുറ സ്വയം അഭ്യസിക്കുന്നു. ആ മഞ്ഞുറഞ്ഞ ആശ്രമത്തെ പഴയ രീതിയിലേക്ക് കൊണ്ടുവരുന്നതിനായ് യുവാവ് ഓരോ മഞ്ഞുപാളികളിലും തന്റെ അദ്ധ്വാനം പ്രയോഗിക്കുന്നു.


ആ ഘട്ടത്തില്‍ മൂടിയ മുഖവുമായി; കൈക്കുഞ്ഞുമായി യുവതി ആശ്രമത്തില്‍ എത്തുന്നത്. കുഞ്ഞിനെ ആശ്രമത്തില്‍ ഉ‍പേക്ഷിച്ച് പോവുകയാണ് അവരുടെ ലക്ഷ്യം. മടക്കയാത്രയില്‍ ആ സ്ത്രീ സന്യാസി വെള്ളമെടുക്കാനായി പൊട്ടിച്ചുവച്ച മഞ്ഞു ദ്വാരത്തിലൂടെ മരണം വരിക്കുകയും ചെയ്യുന്നു.

പുരോഹിതന്‍ എന്നാല്‍ തപോബലവും മനോബലവും ഒത്തുചേര്‍ന്ന മനസ്സാണെന്ന് യുവാവിനറിയാം.
കടുംതപസ്സിന്റെ അവസാന തലത്തിലേക്ക് അയാള്‍ എത്തിച്ചേരുന്നു. ഭാരം വലിച്ചയാള്‍ പര്‍വ്വത മുകളിലേക്ക് കയറുന്നു. ഈ അവസരത്തിലൊക്കെ തന്നെ പശ്ചാത്തല സംഗീതം സിനിമയെ ക്ലാസിക് കാലഘട്ടത്തിലേക്കും കൂട്ടി കൊണ്ടു പോവുകയും കുട്ടിക്കാലത്തെ ഓര്‍മ്മയില്‍ അയാള്‍ കുറേനേരം അങ്ങിനെ സ്വയം മറന്ന് അറിവിന്റെ ആത്മീയതയുടെ ഉത്തുംഗതയിലേക്ക് നടന്നടുക്കുകയും ചെയ്യുന്നു.

ജീവിതം ഇങ്ങനെയൊക്കെ കല്ലും മുള്ളും ഉയര്‍ച്ചയും താഴ്ചയും ദുരിതവും നിറഞ്ഞതാണെന്ന് സംവിധായകനും യുവ സന്യാസിയും നമ്മെ ബോധ്യപ്പെടുത്തുന്നു.

പിന്നെയും വസന്തം വരികയാണ്.

സ്ത്രീ ഉപേക്ഷിച്ചു പോയ കുട്ടി വളരുകയാണ്. കളി നിനവുകളില്‍ ബാല്യം നിറയുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു. യുവസന്യാസിയുടെ തണലില്‍ നിര്‍മ്മമായ ശിക്ഷണത്തിലൂടെ ജീവിതം വീണ്ടും ആരംഭിക്കുന്നു.
കിം കി ദുക് മനുഷ്യാനുകമ്പയേയും പ്രകൃതിയേയും കൂട്ടിയോജിപ്പിച്ച് കൊണ്ട് ആത്മീയതയുടെ ഉത്തമ ഗീതം രചിക്കുകയാണ് ആദ്യ ചിത്രമായ The Isle."

കിം കി ദുകിന്‍ റെ എല്ലാ സിനിമയുടെയും കാമറ കൈകാര്യം ചെയ്യുന്നത് അത്രതന്നെ പ്രശസ്തനായ ക്ലാസിക് സിനിമാ ഛായഗ്രഹണ വിദഗ്ദന്‍ Dong-hyeon Baek ആണ്. കിംന്റെ തന്നെ "Coast Guard" എന്ന സിനിമയില്‍ ഇതിനേക്കാള്‍ ഏറെ ശ്രദ്ധേയമായ സംഭാവനയാണ് രണ്ടു പേരും നല്‍കിയിരിക്കുന്നത്.
പ്രകൃതിയേയും പ്രകൃതിയിലെ തന്നെ അപകടകരങ്ങളായ ജീവികളെയും ചരിത്രത്തെയും ഉപയോഗിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഈ സിനിമയില്‍ പലയിടങ്ങളിലും പാമ്പ് വല്ലാതെ സിമ്പലുകളായി ഉപയോഗിച്ചിട്ടുണ്ടെന്ന് നമുക്ക് കാണുവാന്‍ സാധിക്കും.

മാത്രവുമല്ല ഓരോ വിഷ്വലുകളും ഓരോരു അവസ്ഥകളുടേയും സ്വകാര്യതകളുടേയും പ്രതിബിംബമാകുന്നത് എത്ര സൂക്ഷ്മതയോടേയാണെന്ന് കിം കി ദുക് സിനിമകള്‍ പ്രേക്ഷകനേയും അത് പോലെ ചലച്ചിത്ര വിദ്വാര്‍ത്ഥികളേയും പഠിപ്പിക്കുന്നു. അതിവൈദഗദ്ധ്യത്തിന്‍ റെയും സൌന്ദര്യത്തിന്റെയും ആകെത്തുകയായ ഈ സിനിമ കാണാത്തവര്‍ ഒരിക്കലെങ്കിലും കാണേണ്ടതാണെന്ന് സംവിധായകന്‍ അടിവരയിട്ടു പറയുന്നു.
<