Monday, November 13, 2006

ബാരക്കുഡയുടെ മകള്‍ - കവിത

നീ കുട്ടായ്മയുടെ മകള്‍
നീന്തിയും നിരങ്ങിയും
അക്ഷരങ്ങളാല്‍ പിച്ചവച്ചവള്‍
ഉഷണം നിറച്ച വേനലില്‍

കുളിരും കുളിര്‍ക്കറ്റുമായവള്‍
ബാരക്കുഡയുടെ മകള്‍.

നിന്‍റെ കയ്യിലെ രതനഹാരം
നിനക്കെന്ന പോലെ
എനിക്കും വെളിച്ചമാകുന്നു.
നിന്‍റെ ചുണ്ടിലെ തേനും തേന്മൊഴിയും
എന്‍റെ ചുണ്ടാല്‍ വലയം ചെയ്യുന്നു.

നിനക്കോര്‍മ്മയുണ്ടോന്നറിയില്ല
ബേപ്പുര്‍ പോയപ്പോള്‍
നിന്‍റെ വെളിച്ചത്തിന്
എന്തു വെളിച്ചമെന്ന്
സുല്‍ത്താന്‍ ചിരിച്ചു ചൊല്ലിയത്.

പുഴയും പുഴയിലെ ഓളങ്ങളും
സ്വപ്നംകണ്ടവള്‍
മരുഭൂമിയിലെ നീരുറവ
നീ
എനിക്ക് കുടിനീരാവുന്നു.

നിന്‍റെ വിരലുകള്‍
താളമിടുമ്പോള്‍
മേളങ്ങളുടെ,
ആരവങ്ങളുടെ തൃശ്ശൂര്‍ പൂരം
കതിനകളാല്‍ ബാരക്കുഡയില്‍‍
നക്ഷത്രങ്ങള്‍ വിരിയിക്കുന്നു.

നീ
കവിതയും കഥയുമായവള്‍
പുരികക്കൊടിയാല്
‍കാമുകണെ സൃഷ്ടിച്ചവള്‍

തലമറന്നവര്‍ക്ക്
എണ്ണതേക്കാന്‍ ഇടം നല്‍കിയവള്‍,
കിഴുക്കുകൊടുത്തവള്‍,
നീ മനസ്സുകളെ പുതപ്പിച്ച് ഒന്നിപ്പിച്ചവള്‍.

ബാരക്കുഡയിലെ കൂട്ടായ്മയുടെ മകളേ....
നിന്നെ കാണുവാന്‍
നിന്നെ തൊട്ടറിയുവാന്‍
ഞാനും എന്‍റെ മനസ്സും മാത്രം
നിനക്കയ് ഇട്ടിരി‍ക്കുന്ന
തൂശനിലയില്‍
ഒരു പിടിച്ചോറ് എനിക്കും.

കുറിപ്പ് : യു.. എ. ഇ. മീറ്റിന് അയച്ചു കൊടുത്ത ആശംസാ കവിത

Tuesday, November 07, 2006

പാറമടയിലെ രാഷ്ട്രീയം - കവിത

പാറ മടയില്‍ പുകയുന്ന ഒരു കല്ല്,
ചുവന്ന ഒരു കഷണം മുണ്ട്,
ഗന്ധകം, ഒരു പതാക.

നിറയ്ക്കുന്നതിനു മുമ്പ്
മൂക്കു വിടര്‍ത്തുന്ന മണം.
പുകച്ചുരുളുകള്‍ പോലെ
നീണ്ട പുകക്കുഞ്ഞ്
ബോഗന്‍ വില്ലയുടെ കരിഞ്ഞ തണ്ടു പോലെ.

ഉയരത്തില്‍ പറക്കാന്‍ കൊതിക്കുന്ന പുകക്കുഞ്ഞ്
ന്യൂട്ടന്‍റെ നിയമം കാരണം താഴേക്ക് വീഴുന്നു.

മരുന്നു നിറയ്ക്കുന്നു അയാള്‍ പതിവു പോലെ
ആശുപത്രിയില്‍ ഇന്നലെ

കൂട്ടുകാരന്‍റെ കൈപ്പത്തി കാണാതായി
എന്നിട്ടും അയാള്‍ പാറമടയിലെ ചരിവില്‍

തെര നിറയ്ക്കുന്നു.

തീ നിറയ്ക്കും മുമ്പ് പുക വരുന്നതെവിടെ നിന്ന്?
പുകച്ചുരുളുകള്‍ ഏണിയും പാമ്പും കളിക്കുന്നു.
താഴയും മേലെയും.

ആശുപത്രിക്കിടക്കയില്‍ നിന്ന്

കൈപ്പത്തി മാടി വിളിക്കുന്നു.

പുകച്ചുരുളുകള്‍ക്കിടയില്‍ ഒരു ജീവിതം ബാക്കിയുണ്ട്.
ചിരിച്ചു കൊണ്ടു നില്‍ക്കുന്ന മകനുണ്ട്
കിന്നാരം ചൊല്ലുന്ന മകളുണ്ട്.
മതി
എല്ലാ മരുന്നുകളും ഒറ്റ മുറിവില്‍ വച്ച് കെട്ടി
തീ നിറയ്ക്കാതെ തിരിച്ചു പോരൂ.
വിധി നടപ്പിലാക്കന്‍ ആരെങ്കിലും വരും.

Monday, November 06, 2006

ദിനേശു ബീഡി - കഥ

ദിനേശു ബീഡി ആഞ്ഞു വലിച്ച് മനസ്സിന്‍റെ വിഷമം കുറയ്ക്കാന്‍ യത്നിക്കുമ്പോള്‍ മകന്‍ ചോദിച്ചു.

“ അച്ഛനെന്തിനാ ബീഡി വലിക്കുന്നേ...”ആകെ ഒരു പരവേശം മോനേ...

എല്ലാം ഓര്‍ത്തിട്ട് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല”.

മകന്‍ ഒന്നും മിണ്ടാതെ അചഛന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്ന് ദിനേശു ബീഡി എടുത്തു ചുണ്ടത്തു വച്ച് കത്തിക്കാനൊരുങ്ങി.

അയാള്‍ക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഞാനോ ഇങ്ങനെ ആയി. ഇവനെങ്കിലും...അവന്‍റെ ചുണ്ടത്തുനിന്ന് ബീഡി തട്ടിമാറ്റുകയും നിറഞ്ഞിരിക്കുന്ന പാക്കറ്റ് എരിയുന്ന അടുപ്പിലേക്കെറിഞ്ഞു. കുറച്ചു നേരം തീകാഞ്ഞപ്പോള്‍ അയാളില്‍ ഒരു കുളിര്‍ക്കാറ്റ് ഓടിയെത്തി.

പിന്നീടയാള്‍ പുകവലിച്ചതേയില്ല.

Thursday, November 02, 2006

മീന്‍ കുഞ്ഞുങ്ങക്കൊപ്പം ജോര്‍ജ്ജ് ബുഷ് : കവിത

ചെതുമ്പലുകളടര്‍ന്നു പോയ മീന്‍ കുഞ്ഞുങ്ങള്‍
വെള്ളത്തോട് ഒട്ടി ചേര്‍ന്നു.

വെള്ളരം കല്ലിനോട് കുശലം പറഞ്ഞു.

നീല മഷി തണ്ടുകളാല്‍ പാഞ്ഞടുക്കുന്ന
ഉപ്പു കൊറ്റനെ തടയുവാന്‍
കടലമ്മയോടും
ജോര്‍ജ്ജ് ബുഷിനോടും
പ്രാര്‍ത്ഥിച്ചു.

കടലുരുക്കത്തിലോളിച്ചു കടന്ന
കടലാമ മുങ്ങി നിവര്‍ന്നത്

സ്പേസ് സെന്‍ററിലും
ടോണീ ബ്ലയറിന്‍റെ കുളപ്പുരയിലും

ഉറക്കമുണര്‍ന്ന ലോറ ബുഷ്
സ്വപനം കണ്ടത്
കടലാമയും
ചെതുമ്പലുകള്‍ വളര്‍ന്ന മീന്‍ കുഞ്ഞുങ്ങളും
അവര്‍ക്കൊപ്പം
ജീനയും ബാര്‍ബരയും.

തുണിയില്ലാത്ത ബുഷിനെ
ലോറ നാണം മറന്ന് കെട്ടിപ്പിടിച്ചു.
അയാളുടെ മുതകില്‍ നിന്ന്
ചെതുമ്പലുകളുയര്‍ന്ന്
ലോറയുടെ
ഇടതു മാറിടത്തില്‍ നിന്ന്
രക്തം കിനിഞ്ഞിറങ്ങി.

ചെതുമ്പലുകളടര്‍ന്നു പോയ മീന് കുഞ്ഞുങ്ങള്‍
വെള്ളത്തോട് ഒട്ടിച്ചേര്‍ന്ന് കിടന്നു.

വെള്ളാരം കല്ലിനപ്പോള്‍ ചുവപ്പു നിറമായിരുന്നു.
<