
ഇവാന് ഇല്ലിച്ചിന്റെ മരണം (Death of Invan Illich) എന്ന ലിയോ ടോള്‍സ്റ്റോയിയുടെ പ്രകൃഷ്ടകൃതിയില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ആസന്നമരണന്റെ അനാഥത്വവും ഏകാന്തതയുമെന്ന ഗംഭീരപ്രമേയം എംടിയുടെ കാഥിക പ്രജ്ഞയെ ഏതാണ് ആവേശിച്ച മട്ടാണ്. അതിന്റെ മലയാളം പതിപ്പുകള്‍ (പകര്‍പ്പുകള്‍) ഒന്നും രണ്ടുമല്ല എം.ടി യുടെ ചിത്രങ്ങളില്‍. ‘സുകൃത’ത്തിലെ രവിശങ്കര്‍, ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ യിലെ വൃദ്ധന് എന്നിവര്‍ ഉദാഹരണങ്ങളില്‍ ചിലതു മാത്രം.

ഈ ജനുസ്സില്‍ പെട്ട എം.ടി ചിത്രങ്ങളില്‍ എല്ലാം കൊണ്ടും മികച്ചത് ‘സുകൃതം’ തന്നെയാണ്. പക്ഷെ ആ ചിത്രത്തില്‍ നരേന്ദ്രപ്രസാദ് അവതരിപ്പിക്കുന്ന ഒരു പോസ്റ്റ് മോഡേണ്‍ ഡോക്ടരുണ്ടല്ലോ, ഒരു നവീന ജീവന് മശായ്!!
ആ കഥാപാത്രത്തിന്റെ- അഥവാ നടന്റെ- ഭ്രാന്തന് ചേഷ്ഠകളും അയാളുടെ ഹോളിസ്റ്റിക് ചികിത്സയെന്ന പരിഹാസ്യമാവിധം അവിശ്വസനീയമായ ‘മൃത്യുഞ്ജയ’വുമൊക്കെ പടത്തിന്റെ നട്ടെല്ലായ യാതാര്‍ത്ഥ്യപ്രതീതിയെത്തന്നെ തകിടം മറിച്ചുകളഞ്ഞു.
അതോടെ ഇതിഹാസത്തിലെ കചദേവയാനീകഥയുടെ ദുര്‍ബലമായ പഠനഭേദമായിത്തീര്‍ന്നു ‘സുകൃതം’ എന്ന മികച്ചതാവേണ്ടിയിരുന്ന തിരക്കഥ ശാന്തീകൃഷ്ണയുടെ ദേവയാനിയും ഗൌതമിയുടെ ശര്‍മ്മിഷ്ഠയും മനോജ് കെ ജയന്റെ യയാതിയും മമ്മൂട്ടിയുടെ കചനും! പോരേ പൂരം. !
ഇങ്ങനെയൊക്കെയാണെങ്കിലും ഈ ചിത്രത്തിലെ അവസാന രംഗം ഒരു മികച്ച ദൃശ്യാനുഭവമാണെന്ന് പറയാതെ വയ്യ.
ഇങ്ങനെയൊക്കെയാണെങ്കിലും ഈ ചിത്രത്തിലെ അവസാന രംഗം ഒരു മികച്ച ദൃശ്യാനുഭവമാണെന്ന് പറയാതെ വയ്യ.
അപകടകരമായ കാല്പനീകത:
പുരാണേതിഹാസങ്ങളിലും (വൈശാലി) പുരാവൃത്തത്തിലും (പെരുന്തച്ചന്, ഒരു വടക്കന്‍ വീരഗാഥ) ചരിത്രത്തിലും (ഇനിയും വരാനിരിക്കുന്ന ‘പഴശ്ശിരാജ എന്ന ചിത്രം) ഒക്കെ നടത്തിയ സര്‍ഗ്ഗാത്മകമായ ഇടപെടലുകളിലൂടെ തന് റേ പതിവ് വള്ളുവനാടന്‍ ഫ്യൂഡല്‍ പ്രമേയങ്ങള്‍ക്ക് പുരാവൃത്തപദവിയും പുരാണ പരിവേഷവും നല്‍കുകയായിരുന്നു എം.ടി എന്ന ചലച്ചിത്രകാരന്.

എംടി യുടെ ഈ മൂന്ന് തിരക്കഥകളും ഭൂതകാലത്തിന് പുതിയ പാഠഭേദം നിര്‍മ്മിക്കുകയല്ല മറിച്ച് വര്ത്തമാനത്തിന് ഒരു ഭൂതപാഠം നിര്‍മ്മിക്കുകയാണ് ചെയ്തത്. കല്‍പ്പനാ പ്രധാനമായ ഒരു തരം കപടസാംസ്കാരിക ചരിത്ര രചന (Fake Historiography) നടത്തുകയായിരുന്നു അദ്ദേഹം.
തന്റെ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയുടെ ഉപോല്പ്പന്നങ്ങളായ വികാര ദൌര്‍ബല്യ (Complex) ങ്ങള്‍ക്കും ക്ഷുദ്രകാല്‍പ്പനീക പ്രമേയങ്ങള്‍ക്കും അങ്ങിനെ എംടി വ്യാജമായ ഇതിഹാസ ഗൌരവമുണ്ടെന്ന് വരുത്തിത്തീര്‍ത്തു. ഇത്തരം ചില്ലറ കൌശലങ്ങളേയും മലക്കം മറിച്ചിലുകളേയും ഭാവനാപരമായ ചെപ്പടിവിദ്യകളേയും ശരാശരി മലയാളി പ്രേക്ഷകര്‍ ഉജ്ജ്വലമായ പ്രതിഭാ വിലാസമായി തെറ്റിദ്ധരിച്ചത്.
പുരാവൃത്തത്തില്‍ നിന്നും ചരിത്രത്തെ മോചിപ്പിക്കുകയല്ല, പുരാവൃത്തത്തില്‍ ചരിത്രത്തെ ബന്ധിപ്പിക്കുകയാണ് ‘ഒരു വടക്കന്‍ വീരഗാഥ’യിലും ‘പെരുന്തച്ചനി’ലും എംടി ചെയ്തത്.
പുരാണത്തേയും ‘പുരാവൃത്ത’ത്തെയും പുരുഷ / സവര്‍ണ്ണ പക്ഷത്തുനിന്നുകൊണ്ട് അപഭംഗപ്പെടുത്തുക (Disort) ആയിരുന്നു അദ്ദേഹം.
പുരാണത്തേയും ‘പുരാവൃത്ത’ത്തെയും പുരുഷ / സവര്‍ണ്ണ പക്ഷത്തുനിന്നുകൊണ്ട് അപഭംഗപ്പെടുത്തുക (Disort) ആയിരുന്നു അദ്ദേഹം.
അത് സര്‍ഗ്ഗാത്മകതയുടെ ദുരുദ്ദേശ്യപരമായ ദുര്‍വ്യയം തന്നെയായിരുന്നു. അപകടകരമാംവിധം വിഷപൂരിതമായ കാല്പ്പനീക വിശുദ്ധിയുള്ള പ്രമേയ സന്ദര്‍ഭങ്ങളും ചലച്ചിത്രങ്ങളുമാണ് എം.ടി സൃഷ്ടിച്ചിട്ടുള്ളത്.
കാലമിത്രയും എഴുത്തച്ഛന്റെ വളര്‍ത്തുകിളിയായ ശാരികപ്പൈതലായി വേഷം മാറി മലയാളിയെ വഞ്ചിക്കുകയായിരുന്നു എംടിയുടെ വള്ളുവനാടന്‍ കാല്‍പ്പനീകപൈങ്കിളി. ഒരു പക്ഷെ ഇനിയുമത് തുടര്‍ന്നു പോയേക്കാം. അത്രമാത്രം വിധേയത്വം (Loyality) എംടിയുടെ കാല്‍പ്പനീകതയോട് മലയാളിക്കുണ്ട്. ഇനിയും അതില്‍ നിന്ന് ഒരു ലഹരിമുക്തി മലയാളിക്ക് സാദ്ധ്യമാണോ എന്നറിയില്ല, സാക്ഷാല്‍ എംടിക്കു പോലും അത് സാദ്ധ്യമാവാത്തിടത്തോളം കാലം എംടി തന്റെ കാല്പ്പനീക കഞചാവു ലേഹ്യം ചെറിയ ഉരുളയാക്കി ഊട്ടി വളര്‍ത്തിയ മലയാളിക്കും അതിന് കഴിയുമെന്ന് തോന്നുന്നില്ല. (അവസാനിച്ചു).
[ചര്‍ച്ചകള്‍ അവസാനിപ്പിക്കാതെ വിഷയത്തില്‍ ഊന്നി സംസാരിക്കൂ. ഇത്തരം എഴുത്തുകളെ നമ്മള് തള്ളിക്കളയേണ്ടതുണ്ടോ...??]
പ്രതീക്ഷിക്കുക....... ശ്രീനിവാസന്റെ തിരക്കഥയിലെ നായിക- നായക കഥാപാത്രങ്ങളുടെ ചരിത്ര പരമായ ദൌത്യം എന്തായിരുന്നു.?
എഴുതിയത് : രാജു ഇരിങ്ങല്‍