Friday, July 06, 2007

വിഗ്രഹങ്ങള്‍ ഉടയ്ക്കാനുള്ളതാണൊ? - പുഴമാഗസിനിലെ ചര്‍ച്ച

പുഴ മാഗസിനിലെ ‘ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷ എഴുത്തില്‍ ഇടപെട്ടാ‍ല്‍‘ എന്ന ലേഖനം വളരെ ആര്‍ജ്ജവത്തോടും സത്യസന്ധതയോടും കൂടിയാണെന്നതു കൊണ്ട് തന്നെ അത്തരം ചര്‍ച്ചകള്‍ ബ്ലോഗിലും ആവശ്യമില്ലേ എന്ന് തോന്നിയതു കൊണ്ട് അവിടെ ആ ലേഖനത്തില്‍ ഞാന്‍ കമന്‍റിയത് ഇവിടെ കുറിക്കുന്നു.
അവിടേയും ഇവിടേയും ചര്‍ച്ച നടക്കട്ടേ. വിഗ്രഹങ്ങള്‍ ഉടയ്ക്കാനുള്ളതാണൊ?


ശ്രീ പി. ശശീധരന്‍ റെ പ്രൌഡവും ചിന്തോദ്ദീപകവുമായ വിലയിരുത്തലുകള്‍ക്ക് ആദ്യമേ നന്ദി.
മുഖ്യധാരാ മാധ്യമങ്ങള്‍ എന്നും ബിംബങ്ങളെ അവരര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യത്തോടെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അതു കൊണ്ടു തന്നെ സാഹിത്യത്തിലും ഒരു വിചാരണ ആവശ്യമായിരിക്കുന്നത്.

എന്നാല്‍ ടി. പദ്മനാഭന്‍ തന്‍റെ കഥകള്ക്ക്‍ തന്നെ പാരഡി രചിക്കുന്ന ഈ സമയത്തുപോലും പദ്മനാഭന്‍ കഥകളുടെ ഏഴയലത്ത് വരാന്‍ യോഗ്യതയുള്ള കഥകള്‍ ഇവിടെ ഉണ്ടാകുന്നില്ലെന്ന് പ്രീയപ്പെട്ട പി. ശശീധരന്‍ സാര്‍ ഓര്‍മ്മിക്കാത്തതെന്താ.. അതു കൊണ്ടു തന്നെ ‘തന്‍റെ കഥ ഒന്നാമതായി വരണമെന്ന് പദ്മ നാഭന്‍ പറയുന്നുവെങ്കില്‍ അതിനു കാരണം കഥയുടെ കുലപതി തന്നെയാണ് അദ്ദേഹം.

പരിപൂര്‍ണ്ണന്‍ കമ്മീഷന്‍റെ വിചാരണ അഴീക്കോട് മാഷേ പോലുള്ളവര്‍ക്ക് അത്യാവശ്യമാണ്. നാഴികയ്ക്ക് നാല്പതു വട്ടം അധികാരസ്ഥാനങ്ങളിലുള്ളവരെ സുഖിപ്പിക്കാന്‍ അധികാരം നേടിയെടുക്കാന്‍ അഴീക്കോട് മാഷെ പോലുള്ളവരുടെ വ്യഗ്രത കാണുമ്പോള്‍ കന്നിമാസത്തിലെ പട്ടികളെ വല്ലതെ ഓര്‍മ്മവരും.

ആത്മകഥയുടെ ഉള്ളുകള്ളികറിയാതെ മാഗസിന്‍ ജേര്‍ണലിസമെന്ന ഉഷ്ണപ്പുണ്ണിനെ നെഞ്ചിലേറ്റുകയാണ് ഇന്ന് സകലരും. അതില്‍ നളിനി ജമീലമാരുടെ ജീവിതകഥ ഈ നൂറ്റാണ്ടിന്‍റെ ആത്മകഥയാണെന്ന് പ്രഘോഷിക്കുന്ന മുഖ്യധാരാ മാഗസിന്‍ എഡിറ്റര്‍മാര്‍ ജീവിതത്തെ മാറ്റിമറിക്കുന്ന ഇ. എം. എസ്സിന്‍റെ ആത്മകഥയെ നാലാം കിട ആത്മകഥയായി തള്ളിക്കളയുന്നുവെങ്കില്‍ അത് മുതലാളിത്ത സ്വാംശീകരണത്തിന്‍ റെയും ആഗോളവല്‍ക്കരണത്തിന്‍റെ പുറം പൂച്ചും വെളിച്ചത്തുകൊണ്ടുവരുന്നവയാണ്.

പേനയുന്തി എഴുത്തുകാര്‍ക്ക് മാഗസിന്‍ ജേര്‍ണലിസം നല്‍കുന്ന മാസപ്പിരിവ് നിലനിര്‍ത്താന്‍ എഡിറ്റര്‍മാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളായി മാത്രമേ ഇതിനെ കാണുവാന്‍ സാധിക്കൂ. അതു കൊണ്ടു തന്നെ ജനതയെ ആകെ നിര്‍ണ്ണയിക്കാനും മാറ്റിത്തീര്‍ക്കാനും പുതുക്കിപ്പണിയാനും കഴിയുന്ന ഇ. എം. എസ്സിന്‍ റെ ആത്മകഥ തന്നെയാണ് ലോകത്തിനുമുമ്പ് നമുക്ക് തുറന്നു വയ്ക്കാനുള്ളത്.
സുഗത ടീച്ചറെ പോലുള്ള അഭിനയ കവയിത്രികള്‍ക്ക് നാട്യം മാത്രമേ ഉള്ളൂവെന്ന് ഈനാട്ടിലെ ജനം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന സത്യം ടീച്ചറെങ്കിലും ഓര്‍ക്കുന്നത് നല്ലതു തന്നെ.
ഇത്തരം സത്യസന്ധമായ എഴുത്തുകള്‍ക്ക് മാ‍ഗസീന്‍ എഡിറ്റര്‍മാര്‍ ഒരിക്കലും അനുവാദം തരില്ലെന്നിരിക്കെ ഇവിടെ പുഴയില്‍ ഈ എഴുത്ത് എന്നെ അതിശയിപ്പിച്ചു എന്നു പറയുന്നതില്‍ സന്തോഷമുണ്ട്.

അതിജീവനത്തിന്‍റെ ഈ കാലത്ത് ഇത്തരം തിരിച്ചറിവുകള്‍ വായനക്കാരനും എഴുത്തുകാരനും ആത്മഹര്‍ഷം നല്‍കും എന്നതില്‍ തര്‍ക്കമില്ല.
(ലിങ്ക്: പുഴ: http://www.puzha.com/puzha/magazine/html/mirror3.html)

35 comments:

ഞാന്‍ ഇരിങ്ങല്‍ said...

പരിപൂര്‍ണ്ണന്‍ കമ്മീഷന്‍റെ വിചാരണ അഴീക്കോട് മാഷേ പോലുള്ളവര്‍ക്ക് അത്യാവശ്യമാണ്. നാഴികയ്ക്ക് നാല്പതു വട്ടം അധികാരസ്ഥാനങ്ങളിലുള്ളവരെ സുഖിപ്പിക്കാന്‍ അധികാരം നേടിയെടുക്കാന്‍ അഴീക്കോട് മാഷെ പോലുള്ളവരുടെ വ്യഗ്രത കാണുമ്പോള്‍ കന്നിമാസത്തിലെ പട്ടികളെ വല്ലതെ ഓര്‍മ്മവരും.

ഉറുമ്പ്‌ /ANT said...

ടി. പദ്മനാഭന്‍ തന്‍റെ കഥകള്ക്ക്‍ തന്നെ പാരഡി രചിക്കുന്ന ഈ സമയത്തുപോലും പദ്മനാഭന്‍ കഥകളുടെ ഏഴയലത്ത് വരാന്‍ യോഗ്യതയുള്ള കഥകള്‍ ഇവിടെ ഉണ്ടാകുന്നില്ലെന്ന് പ്രീയപ്പെട്ട പി. ശശീധരന്‍ സാര്‍ ഓര്‍മ്മിക്കാത്തതെന്താ.. അതു കൊണ്ടു തന്നെ ‘തന്‍റെ കഥ ഒന്നാമതായി വരണമെന്ന് പദ്മ നാഭന്‍ പറയുന്നുവെങ്കില്‍ അതിനു കാരണം കഥയുടെ കുലപതി തന്നെയാണ് അദ്ദേഹം.

ആരു പറഞു ടി.പത്മനാഭന്‍ കഥയുടെ കുലപതീയെന്ന് ?...............അദ്ദേഹതിന്റെ കഥ നല്ലതല്ലാ എന്നു പറയുന്നില്ല.......പക്ഷെ, എന്റേതു മാത്രമേ നല്ല കഥയായുള്ളൂ എന്ന ചിന്ത അദ്ദേഹത്തെ വെറും കൂപമണ്ഡൂകമാക്കി മാറ്റുന്നു...........
ടി.പത്മനാഭന്‍ മറുഭാഷാ കഥകളൊന്നും വായിക്കുന്നില്ലാ എന്നു വരുമോ........?

ഞാന്‍ ഇരിങ്ങല്‍ said...

ഉറുമ്പേ...,

പദ്മ്നാഭന്‍ റെ കഥകളുടെ നിലവാരത്തിലുള്ള ഒറ്റക്കഥ മലയാളത്തില്‍ കാണിക്കൂ. അല്ലെങ്കില്‍ പോട്ടൊ ഇന്നത്തെ എഴുത്തുകാരില്‍ അതിന്‍ റെ അടുത്തു നില്‍ക്കുന്ന ഒരു കഥ കാണിക്കൂ മാഷേ...

മലയാള ചെറുകഥയെ കാട്ടിലെറിഞ്ഞവരാണ് കേരളത്തിലെ കവിത തമ്പുരാക്കന്‍ മാരും അതു പോലെ സര്‍ക്കാര്‍ ബുദ്ധിജീവികളും. മലയാള ചെറുകഥാ സാഹിത്യത്തെ ചെളിക്കുണ്ടില്‍ നിന്ന് പുറത്തെടുത്ത് മലയാള സാഹിത്യത്തിന്‍ റെ ഉമ്മറത്ത് പ്രതിഷ്ഠിച്ച ആളാണ് മലയാളത്തിന്‍ റെ പ്രീയ കഥാ കുലപ്തി ടി. പദ്മാനാഭന്‍.
ശരിയാണ്. അദ്ദേഹത്തിന്‍ റെ ഇപ്പോഴത്തെ പലകഥകളും പഴയ നിലവാരത്തിലില്ല. എങ്കിലും ഇന്നും അദ്ദേഹം അഗ്രഗണ്യന്‍ തന്നെ എന്നതില്‍ മലയാളികള്‍ക്കാര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല.

സജീവ് കടവനാട് said...

ടി പത്മനാഭന്‍ എന്ത് പറയുന്നു എന്നതല്ലല്ലോ എന്തെഴുതൂന്നു എന്നതല്ലേ വായനക്കാരന്‍ തിരക്കേണ്ടത്. എല്ലാക്കാലത്തും എല്ലാവര്‍ക്കും ഒരുപോലെയാകില്ലല്ലോ ഒന്നും. എഴുതുന്നവര്‍ ചിന്തിക്കേണ്ടതാണ് നിര്‍ത്തേണ്ട കാലമയോ എന്ന്. നമുക്ക് വേണമെങ്കില്‍ ബഹിഷ്കരിക്കാം. പത്മനാഭനെ മാത്രമല്ല അഴീക്കോടിനേയും ഇ എം എസിനേയും നളിനി ജമീലയേയും വരെ. അത് നമ്മുടെ സ്വാതന്ത്ര്യം.

Unknown said...

കിനാവേ..
ടി. പദ്മനാഭന്‍ എന്തു ചെയ്യുന്നൂ എന്ന് നിങ്ങള്‍ നോക്കേണ്ട, എന്തു എഴുതുന്നൂന്ന് നോക്കിയാല്‍ മതി. അതു തന്നെയാ ഞാന്‍ പറഞ്ഞതു.
ടി. പദ്മനാഭന്‍റെ കഥയുടെ ഏഴയലത്തു വയ്ക്കാന്‍ പറ്റിയ കഥകള്‍ താങ്കളെ പോലുള്ളവര്‍ അവതരിപ്പിക്കൂ. അല്ലെങ്കില്‍ അതിനോട് കിടപിടിക്കുന്ന മലയാള കഥ എടുത്തു പറയൂ ഇതാണ് കഥ എന്ന്. അല്ലാതെ പദ്മാനാഭന്‍ ഒന്നാമതായാല്‍ ആര്‍ക്കെങ്കിലും ചന്തിക്ക് മൂലക്കുരുവരുമെങ്കില്‍ അതിന് പദ്മനാഭനെ തെറിപറയുകയല്ല വേണ്ടത്.
നിസ്സംശയം പറയാം ഇന്നും പദ്മനാഭന്‍ തന്നെ ഒന്നാമന്‍.

മറ്റുള്ളവരെ പോലെ പടിവാതില്‍ ക്കല്‍ കാത്തു നിന്ന് കിട്ടിയതല്ല പദ്മനാഭന്‍ റെ കഥകളുടെ ഔന്നത്യം. നൂറ്റാണില്‍ സംഭവിച്ചു പോകുന്നതാണ്.
ഒര് ചക്ക വീണ് ആരുടേയെങ്കിലും മുയല്‍ ചത്തിട്ടുണ്ടെങ്കില്‍ അടുത്ത ചക്കയിടാന്‍ ആ കഥാകൃത്തു പോലും ഉണ്ടാകില്ല ഇന്ന്.

താങ്കള്‍ക്ക് ഇ. എം. എസ്സിനെ തള്ളിപ്പറയാം. പക്ഷെ അദ്ദേഹം ബാക്കിയാക്കി പോയ അനുഭവത്തിന്‍ റെ ഊര്‍ജ്ജം വറ്റാതെ ഈ ഭൂമിയില്‍ ബാക്കിയായുണ്ട്. അത് നാളെയുടെ നല്ല പ്രഭാതം നമുക്ക് കാട്ടിത്തരാതിരിക്കില്ലെന്ന് പ്രത്യാശിക്കുക തന്നെ ചെയ്യുന്നു. അല്ലാതെ നളിനി ജമീലമാരുടെ കൂത്തുകണ്ട് മഞ്ഞ പത്രത്തിന്‍ റെ കേമത്തം കണ്ട് കുളിരുകോരരുത്

സജീവ് കടവനാട് said...

"ടി. പദ്മനാഭന്‍റെ കഥയുടെ ഏഴയലത്തു വയ്ക്കാന്‍ പറ്റിയ കഥകള്‍ താങ്കളെ പോലുള്ളവര്‍ അവതരിപ്പിക്കൂ. അല്ലെങ്കില്‍ അതിനോട് കിടപിടിക്കുന്ന മലയാള കഥ എടുത്തു പറയൂ ഇതാണ് കഥ എന്ന്."

ഈ വരികള്‍ താങ്കള്‍ക്ക് ടി പത്മനാഭനോടുള്ള അമിതമായ ആരാധനയില്‍ നിന്നുണ്ടായതാണെന്ന് കരുതുന്നു. എനിക്കു നല്ലകഥകളായി തോന്നുന്നവ പലതും താങ്കള്‍ക്ക് ചവറായി തോന്നിയ്ക്കാം. അതുപോലെ തിരിച്ചും. പത്രങ്ങളുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങളില്‍ വീണുപോകുന്നവരാണ് വായനക്കാരെല്ലാവരും എന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. വായനക്കാരന്‍ അവന്റെ അഭിരുചിക്കനുസരിച്ചാണ് വായ്യിക്കുന്നത്. മാധ്യമങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍ കഴിവുണ്ടായിരിക്കാം. വായനയെ തിരിച്ചുവിടാനുള്ള കഴിവ് ഇല്ലെന്നു തന്നെയാണ്‍` ഞാന്‍ കരുതുന്നത്. പിന്നെ ഞാന്‍ ഇ എം എസിനെ തള്ളിപറഞ്ഞുവെന്നത് എന്റെ കമന്റ് നേരെ വായിക്കാത്തതുകൊണ്ട് തോന്നിയതാണ്.
ഇ എം എസ്സൊക്കെ കേരളമുള്ളിടത്തോളം കാലംനിലനില്‍ക്കുന്ന ഒരു സിംബലാണ്. രാഷ്ട്രീയത്തിലല്ല. സാധാരണക്കാര്‍ക്കിടയില്‍.കേരളത്തിന്റെ ബൌദ്ധികമണ്ഡലത്തില്‍ ഇ എം എസ് പരത്തിയ പ്രകാശം എക്കാലവും നിലനില്‍ക്കുമെന്ന് നിങ്ങളെപ്പോലെ ഞാനും വിശ്വസിക്കുന്നു.

Unknown said...

രാഷ്ട്രീയത്തിലല്ല എന്നു പറഞ്ഞതിനാല്‍
എന്താണ് രാഷ്ട്രീയം എന്ന് പറഞ്ഞു തരിക

സജീവ് കടവനാട് said...

അഭിനവ രാഷ്ട്രീയ മാമാങ്കം എന്നാണ് ഉദ്ദേശിച്ചത്

കിരണ്‍ തോമസ് തോമ്പില്‍ said...

രാജു

ചന്ദ്രമതിയുടെ

ദൈവം സ്വര്‍ഗത്തില്‍ എന്ന പുസ്തകത്തിലേ കഥകള്‍ വായിച്ചിട്ടുന്റോ ? P.N. കിഷോര്‍ കുമാറിന്റെ സഖാവ്‌ കുഞ്ഞനന്ദന്റെ കുടുമ്പത്തില്‍ ലോക കമ്യൂണസത്തിന്റെ പങ്ക്‌ എന്ന കഥാസമാഹരവും വായിക്കുക. പിന്നെ പ്രിയ A.S ന്റെ കഥകളും ഉന്നത നിലവാരം പുലര്‍ത്ത്തുന്നു. എന്റെ അഭിപ്രായത്തില്‍ ചന്ദ്രമതിയുടെ കഥകളെല്ലാം തന്നേ ഉന്നത്‌ നിലവാരം പുലര്‍ത്തുന്നവയാണ്‌

ഉറുമ്പ്‌ /ANT said...

പ്രിയ രാജു,
പത്മനാഭന്‍ നല്ല കഥ എഴുതിന്നില്ലെന്നൊ, നല്ല കഥാകരനല്ലെന്നോ ആരൂം പറയുന്നില്ല ഇവിടെ, എന്നാല്‍ താങ്കള്‍ പറഞതുപോലെ നല്ല കഥ അദ്ദേഹത്തില്‍ നിന്നും വരുന്നില്ലെങ്കില്‍........മതിയാക്കി പഞജ്പുശ്ചമടക്കി വീട്ടിലിരുന്നുകൂടെ.......പാട്ടു നന്നയിരിക്കുമ്പൊള്‍ത്തന്നെ പാട്ടു നിര്‍ത്തുവാന്‍ അദ്ദേഹത്തിന്റെ അകമഴിഞ ആരാധകനായ താങ്കള്‍ക്കു നിര്‍ദ്ദേശിക്കവുന്നതാണ്.
നൂറുകണക്കിനു കഥകളുണ്ട് മലയാളത്തില്‍ ചൂണ്ടിക്കാണിക്കാന്‍........എന്നാല്‍ അവയുടെ കഥാകാരന്മാരുടെ എല്ലാ കഥകളും നല്ലതാണെന്നു പറയുവാന്‍ കഴിയില്ല...എം.പി. നാരായണപിള്ളയുടെ ഒറ്റ്ക്കഥ മതി ഈ പറയുന്ന മഹാരഥന്‍മാര്‍ അദ്ദേഹത്തെ പൂവിട്ടു വണങാന്‍. (മോഷ്ടിക്കന്‍ കയറി, വിശപ്പു കാരണം ആ വീട്ടിലെ ഭക്ഷണം കഴിച്ച്, ഉറങിപ്പോയ കള്ളന്റെ കഥ. (ടൈറ്റില്‍ ഓര്‍ക്കുന്നില്ല)
താങ്കളുടെ കണ്ണുകള്‍ പത്മനാഭനോടുള്ള ആരധനയുടെ തിമിരം ബാധിച്ചിരിക്കുന്നു എന്നു പറയെണ്ടി വന്നതില്‍ ഖേദമുണ്ട്.

രാജ് said...

നല്ലൊരു ചരിത്രകാരന്‍ രാഷ്ട്രീയക്കാരനായതും, രാഷ്ട്രീയത്തിലെ നിലനില്പിനും ന്യായീകരണങ്ങള്‍ക്കു വേണ്ടിയും ഒരു ചരിത്രകാരന്റെ ധര്‍മ്മബോധം കളഞ്ഞുകുളിച്ചതുമായ ഉദാഹരണമല്ലേ ഇ.എം.എസ്സിന്റെ പില്‍ക്കാല രചനകള്‍ മിക്കവയും? ഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ വായിച്ചിരിക്കുന്ന രണ്ടു പാക്കിസ്താനികളെയെങ്കിലും എനിക്കറിയാം. ഗാന്ധിയില്‍ പലപ്പോഴായി ആരോപിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയകാപട്യം ആ രചനയിലുണ്ടെങ്കില്‍ ഒരു പക്ഷെ അത് ദേശാന്തരങ്ങളില്‍ വായനയ്ക്കെത്തുമായിരുന്നില്ല. ഇ.എം.എസ്സിന്റെ ആത്മകഥയേക്കാളും വി.ടിയുടെ ആത്മകഥ മുന്നില്‍ നില്‍ക്കുന്നതും രാഷ്ട്രീയക്കാരന്റെ കാപട്യം അതിലില്ലാത്തതിനാലാണ്.

പത്മനാഭന്‍ :)

‘പദ്മ്നാഭന്‍ റെ കഥകളുടെ നിലവാരത്തിലുള്ള ഒറ്റക്കഥ മലയാളത്തില്‍ കാണിക്കൂ. അല്ലെങ്കില്‍ പോട്ടൊ ഇന്നത്തെ എഴുത്തുകാരില്‍ അതിന്‍ റെ അടുത്തു നില്‍ക്കുന്ന ഒരു കഥ കാണിക്കൂ മാഷേ’

ഉറുമ്പ് ആദ്യമേ കമന്റിട്ട് പോയതിനാലും ഇരിങ്ങലിനു ആരാധനകൊണ്ടുള്ള അന്ധതബാധിച്ചുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതിനാലും നല്ല കഥകളുടെ സര്‍വ്വേ നടത്തി ഇരിങ്ങലിനെ ബോധിപ്പിക്കുന്ന് ബുദ്ധിയാവില്ല എന്ന് ഞാനും മനസ്സിലാക്കുന്നു :)

ഞാന്‍ ഇരിങ്ങല്‍ said...

കിരണ്‍ തോമസ്സ്,
ചന്ദ്രമതിയുടെ പുസ്ത്കം ഞാന്‍ വായിച്ചിട്ടുണ്ട്. കിഷോറിന്‍റെ കഥാസമാഹാരം വായിച്ചിട്ടില്ല.
എന്നാല്‍ പ്രിയ . എ. എസ്സിന്‍ റെ കഥകളില്‍ മിക്കവയും വായിച്ചിട്ടുണ്ട്.
ഇതിനൊക്കെയും ഉത്തരം പദ്മനാഭന്‍ റെ മറുപടി തന്നെയാണ്. എങ്കിലും ഈ കഥകളൊക്കെയും നല്ലകഥകളല്ലെന്ന് ഒരിക്കലും ഞാന്‍ പറയില്ല. എന്നാല്‍ ഇവിടെ ചര്‍ച്ച അതായിരിന്നില്ല.
പദ്മ്നാ‍ഭന്‍ ഒന്നാം സ്ഥാനത്തായപ്പോള്‍ ചിലര്‍ക്കൊക്കെ കുശുമ്പ്. അയാള്‍ക്കെന്തിനാ ഇത്ര പ്രാധാന്യം കൊടുക്കുന്നതെന്ന്.
അത്തരം പ്രവണതകള്‍ക്കെതിരെയാണ് ഞാന്‍ സംസാരിച്ചത്.
ഇവിടെ പദ്മനാഭനെ ടാര്‍ഗറ്റ് ചെയ്യുകയല്ല ചെയ്യേണ്ടിരുന്നത്.
എന്തേ സുഗത ടീച്ചറിന്‍റെ നാട്യ വിലാസത്തെ ക്കുറിച്ചാരും മിണ്ടിയില്ല?

എന്തേ അഴീക്കോട് മാഷിനെ പറ്റിയാരും പറഞ്ഞില്ല.
അതെന്താ ആര്‍ക്കും കൊട്ടാന്‍ പറ്റിയ ചെണ്ടയാണ് പദ്മനാഭന്‍ എന്ന് കരുതുന്നുവൊ ആരെങ്കിലും?
ഇവിടെ വ്യക്തിയല്ല പ്രധാ‍നം അവരെടുത്ത നിലപാടുകളും കൃതികളും തന്നെയാണ്.
അല്ലാതെ കണ്ണൂരുകാരനായതിനാല്‍ പ്രാദേശികാവാദത്തിനായ് ഞാന്‍ പദ്മനാഭനെ അനുകൂലിച്ചതല്ല.

പെരിങ്ങോടന്‍ റെ കണ്ടുപിടുത്തങ്ങള്‍ പലപ്പോഴും ചിരിയുണര്‍ത്താറുണ്ട്. അതിലൊന്നാണ്
“നല്ലൊരു ചരിത്രകാരന്‍ രാഷ്ട്രീയക്കാരനായതും, രാഷ്ട്രീയത്തിലെ നിലനില്പിനും ന്യായീകരണങ്ങള്‍ക്കു വേണ്ടിയും ഒരു ചരിത്രകാരന്റെ ധര്‍മ്മബോധം കളഞ്ഞുകുളിച്ചതുമായ ഉദാഹരണമല്ലേ ഇ.എം.എസ്സിന്റെ പില്‍ക്കാല രചനകള്‍ മിക്കവയും? ”

പെരിങ്ങോടന് ഇപ്പോഴും അറിയില്ല ചരിത്രവും രാഷ്ട്രീയവും എന്താണെന്ന്. അതാ ഈ നര്‍മ്മ ഭാഷണത്തിന്‍റെ മറുപടി. പിന്നെ
പദ്മനാഭനെ ‘ആക്കിയുള്ള’ ആ ചിരി :)
അതിനെ കുറിച്ച് ഞാനെന്തുപറയാന്‍
അത് പെരിങ്ങോടന്‍ റെ തനത് സ്വഭാവമായതിനാല്‍!
എന്തായാലും ഇവിടെ ചര്‍ച്ച തുടരട്ടെ.

വിഗ്രഹങ്ങള്‍ ഉടയ്ക്കാനുള്ളതാണൊ?

Anonymous said...

ഇരിങ്ങല്‍ മാഷേ എനിക്ക് രാഷ്ട്രീയമൊന്നും അറിയില്ല. എന്നാലും മലയാളത്തിലെ ചെറുകഥാരൂപം പുഴകടന്നും ഗൗരിയുടെ പടികടന്നും ഒരുപാടുമുന്നോട്ട് പോയില്ലേ. 'ഹിഗ്വിറ്റ' പോലും (പദ്മനാഭന്‍ മാഷിന്റെ നല്ല സമയത്ത് ഇറങ്ങിയ എന്‍.എസ്സിന്റെ കഥ) പദ്മനാഭന്‍ മാഷിന്റെ കഥകള്‍ക്കൊരുപടി മുന്നിലാണ്. എനിക്ക് അടുത്തകാലത്ത് മലയാളം വായന വളരെകുറവായതുകൊണ്ട് വിശദമായി ഒരു കുറിപ്പിടാനുള്ള ധൈര്യം ഇല്ല. എങ്കിലും ലതീഷ് മോഷനും സുഭാഷ്ചന്ദ്രനും ഒക്കെ ആശാവഹമായ ഒരുപരിണാമം കാണിക്കുന്നു എന്നാണ് എന്റെ എളിയപക്ഷം. അപ്പോള്‍ ചോദ്യമിതാണ്: നേരം വൈകിയ ഈ നേരത്ത് കുലപതിപ്പട്ടത്തില്‍ കയറി തൂങ്ങണോ? ഇനി പട്ടം ചാര്‍ത്തി അദ്ദേഹത്തെ പെട്ടിയിലടക്കാനാണെങ്കില്‍ വിരോധമില്ല. കുരിശടിയില്‍ വയ്ക്കുന്നതിനുമുന്നേ തലക്കുപിന്നിലൊരു ഹാലോ... ഇരുന്നോട്ടെ :)

Unknown said...

മനു ഞാന്‍ ആദ്യമേ പറഞ്ഞു പദ്മനാഭനെ ഒരു ടാര്‍ഗറ്റാക്കി ചര്‍ച്ചചെയ്യേണ്ട ഒരു കാര്യമില്ല. പിന്നെ
ഈ പറയുന്ന ഹിഗ്വിറ്റയ്ക്ക് ശേഷം എന്‍. എസ്സ് മാധവന്‍ റെ എത്രകഥകള്‍ നമുക്ക് എടുത്തു പറയാനുണ്ടാകും. ഒരു ‘തിരുത്ത്’ അല്ലാതെ.

പുഴയിലെ ലേഖനമാണ് ഈ പോസ്റ്റിന് ആധാരം. അതില്‍ പദ്മനാഭന്‍ എന്നും ആദ്യപേജുകളില്‍ സ്ഥാനം പിടിക്കുന്നാതിനെ ‘ചാ‍ക്കിട്ട് പിടിത്തം’മായി കാണുന്നു. അപ്പോള്‍ അതല്ലെന്ന് വായനക്കാരായ എന്‍ റെ കൂടി ഉത്തരവാദിത്തമായി തോന്നി.
എന്നാ‍ല്‍ താങ്കളെ പോലുള്ളവരെന്താ പപ്പേട്ടനെ വിട്ട് മറ്റുമുരിക്കിലേക്ക് ചായാത്തത്? പേടിയുണ്ട് അല്ലേ..
നാളെ ഏതെങ്കിലും ഒരു അവാര്‍ഡ് കമ്മിറ്റിയില്‍ അവര്‍ വന്നാല്‍ താങ്കളുടെ അവാര്‍ഡ് തെറിച്ചു പോകുമെന്ന പേടി?
അതു കൊണ്ടു തന്നെയാണ് ചോദ്യം ആവര്‍ത്തിക്കുന്നത്
വിഗ്രഹങ്ങള്‍ ഉടയ്ക്കപ്പെടാനുള്ളതാണോന്ന്.
എന്തായാലും ഇവിടെ വന്ന് എന്നോടൊപ്പം സമയം ചിലവഴിച്ചതിന് നന്ദി.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

എതിരന്‍ കതിരവന്‍ said...

ഇരിങ്ങല്‍,
ഒന്നാം സ്ഥാനത്ത് ഒരാളെ മാത്രം വയ്ക്കാന്‍ സര്‍വസമ്മതനായി ഒരു കഥാകാരനെ/കഥാകാരിയെ കിട്ടാന്‍ പാടാണ്.
വിഗ്രഹങ്ങളെ ആരും ഉടയ്ക്കേണ്ടി വരില്ല. സര്‍ഗ്ഗശേഷി കുറയുമ്പോള്‍ താനേ ഉടഞ്ഞൊളും. പക്ഷേ അവരുടെ നല്ല കഥകള്‍ ഉടയാതെ എക്കാലവും നിലനില്‍ക്കും.
പുതിയ എഴുത്തുകാര്‍ അത്ര മോശക്കാരൊന്നുമല്ല.

ഗുപ്തന്‍ said...

ഇരിങ്ങല്‍ മാഷേ in a way I owe you an apology. പിന്മൊഴി സ്റ്റൈലില്‍ ലേഖനത്തെക്കുറിച്ച് ഒന്നും പറയാതെ ചര്‍ച്ചപോയവഴിക്ക് വെറുതെ പോയതാണ്. പറഞ്ഞകാര്യത്തില്‍ മാറ്റമില്ല (കുലപതി എന്നൊക്കെ വാഴ്ത്തി ഒരാളെ ഒരു സാഹിത്യരൂപത്തിന്റെ തിരുമുറ്റത്ത് കുടിവയ്ക്കുമ്പോള്‍ ആ സാഹിത്യരൂപത്തിന്റെ ശില്പപരമായ വളര്‍ച്ചക്ക് ഒരാള്‍ നലകിയ സംഭാവയാണ് നോക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. On that count I place NS ahead of Shri Padmanabhan. പ്രായപൂര്‍ത്തിയാകാത്ത മകളെനോക്കിനിന്ന് ഒരച്ഛന്‍ നടത്തുന്ന ആത്മഗതത്തിന്റെ രൂപത്തില്‍ എന്‍.എസ്സിന്റെ ഒരു കഥ മാതൃഭൂമിയില്‍ വന്നത് ഓര്‍ക്കുന്നു. എനിക്കിഷ്ടപ്പെടാത്ത കഥ. പക്ഷേ അതിന്റെ ശില്പഭദ്രത എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതൊക്കെ പോട്ടെ...പറഞ്ഞാല്‍ ചര്‍‌വ്വിത ചര്‍‌വ്വണമാകും.) പക്ഷെ, പറയാതിരുന്നവ പറയേണ്ടതായിരുന്നു എന്നതുകൊണ്ട് ഇങ്ങനെ ഒരു കമന്റ് എന്റെ കടമയാകുന്നു.

ലേഖനത്തില്‍ (പുഴയിലെയും) പറഞ്ഞഭൂരിഭാഗം കാര്യങ്ങളോടും യോജിപ്പുണ്ട്. നളിനി ജമീലയുടെ ആത്മകഥക്ക് കിട്ടിയ കവറേജുമായി താരതമ്യപ്പെടുത്തി ആയതുകൊണ്ട് EMS ന്റെ ആത്മകഥയെക്കുറിച്ചു പറഞ്ഞതും നിര്‍ബന്ധമായും സത്യമായിരിക്കണം. (ഞാന്‍ അതുവായിച്ചിട്ടില്ലാത്തതുകൊണ്ടാണ് സന്ദിഗ്ദ്ധമായ അഭിപ്രായം) അതുകൊണ്ടാവും -ഞാന്‍ മാത്രമല്ല പലരും- വിയോജിപ്പുള്ള ഒരു വശത്തേക്ക് തന്നെ പോയത്. വിയോജിപ്പ് പറയുന്നതു ആശയവികസത്തിന്, സം‌വാദത്തിന്, കൂടുതല്‍ സാധ്യത ഉള്ളതുകോണ്ടാണ്. അതിനിടയില്‍ ഒരു യോജിപ്പ് കുറിക്കാത്തത് എന്റെ കാര്യത്തില്‍ മറവികൊണ്ട് വന്നതും.

എഴുത്തിലെ കാല്പനികതയെക്കാള്‍ അപകടകാരിയാണ് ജീവിതത്തിലെ കാല്പനികത. സുഗതറ്റീച്ചറിന് പറ്റിയത് അതാണ് എന്നു തോന്നി. എഴുത്തുവറ്റി. അത് അവര്‍ തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു. അഭയപോലെ ഗൗരവതരമായ ഒരു സം‌രഭത്തെ കാല്പനികമായ ഒരു കണ്ണൂകൊണ്ട് കാണുന്നതിന്റെ തകരാറാണ് പുഴലേഖനത്തില്‍ വന്നത് എന്ന് തോന്നുന്നു. സുഗത റ്റീച്ചര്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നല്‍കിയതൊക്കെ പീഡകരും നല്‍കിയതാണ് എന്ന പരിഹാസം ലക്ഷ്യവേധിയാകുന്നത് അങ്ങനെയാണ്. പീഡിപ്പിക്കപ്പെടുന്ന് പെണ്‍കുട്ടിക്ക് നമ്മുടെ തറവാടുകളിലെയും കാല്പനികസാഹിത്യത്തിലെയും അമ്മമാരും നല്‍കുന്നത് അതൊക്കെത്തന്നെ ആണെന്ന് ലേഖകന്‍ ഓര്‍ത്തുകാണുമോ എന്തോ?

അങ്ങനെ കാലത്തിനൊപ്പം നീങ്ങാത്ത എഴുത്തിന്റെയും ജീവിതത്തിന്റെയും കാര്യം വരുമ്പോഴാണ് പദ്മനാഭന്‍ മാഷും .... കണ്ടോ കണ്ടോ , എന്നെ തല്ലുകൊള്ളിക്കാന്‍ പിന്നേം വരണെ. ഞാന്‍ ഒന്നും പറഞ്ഞില്ല.

പിന്നെ ആ അവാര്‍ഡിന്റെ കാര്യം പറഞ്ഞത് മനസ്സിലായില്ലാട്ടോ... ചിലപ്പോള്‍ ആളുമാറിക്കാണും. ഞാന്‍ എഴുത്തുകാരനൊന്നും അല്ല. മഴനിലാവ് എന്ന ബ്ലോഗില്‍ നേരം‌പോക്കിന് എന്തെങ്കിലും കുറിക്കുമെന്നേയുള്ളൂ. വെറുതെ. മറ്റുള്ളവര്‍ എഴുതുന്നതൊക്കെ വായിച്ചാല്‍ എനിക്ക് ഞാന്‍ എഴുതുന്നതിന്റെ കുഴപ്പം മനസ്സിലാവും എന്ന് ഒരു ഉപദേശം വിഷ്ണു മാഷിന്റെ കയ്യില്‍നിന്ന് കിട്ടിയതാണ് ഇതുവരെ കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ്. എഴുത്ത് ഒരു വഴിയാക്കാന്‍ ആലോചനയില്ലാത്തറ്ഋഉകൊണ്ട് മെനക്കെടാന്‍ പോയില്ല. :)

Unknown said...

എതിര്‍വന്‍ പറഞ്ഞത് കറക്റ്റ്.
അതാണ് നല്ല കഥകള്‍ എക്കാലവും നിലനില്‍ക്കും
പുതിയ എഴുത്തുകാരില്‍ നല്ല കഥകള്‍ ഇല്ല എന്ന് ഞാന്‍പറഞ്ഞതിനര്‍ത്ഥമില്ല. പദ്മനാഭന് അദ്ദേഹത്തിന്‍ റേതായ സ്ഥാനം ഉണ്ടെന്നേ ഞാന്‍ പറഞ്ഞതിനര്‍ത്ഥമുള്ളൂ.
പദ്മനാഭന്‍ റെ ‘പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്’ എന്ന കഥ മറ്റൊരു വിദേശ എഴുത്തുകാരന്‍റെ രചനയുടേ അതേ പടിയുള്ള ആവിഷ്കാരമാണെന്ന് ആദ്യമുതലേ ആരോപണം ഉണ്ടായിരുന്നു.

എന്തിന് പദ്മനാഭനെ മാത്രം പറയുന്നു.

എം. മുകുന്ദന്‍ റെ ‘രാധ രാധ മാത്രം എന്ന കഥ കുര്‍ട് കുസെന്‍ ബെര്‍ഗിന്‍റെ ‘ഞാന്‍ ആരാണ്’ എന്ന കഥയുടെ ഈച്ചകോപ്പിയാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. എങ്കിലും മുകുന്ദന്‍ റെ ഏറ്റവും നല്ല കൃതികളില്‍ രാധ രാധ മാത്രം; എന്ന കഥ സ്ഥാനം പിടിക്കുന്നു.

Unknown said...

അയ്യോ മനൂ
ഞാന്‍ താങ്കള്‍ എന്ന വ്യക്തിയെ കുറച്ചു കണ്ടതല്ല. അവാര്‍ഡ് ഇന്ന് പലരുടേയും സ്വപ്നമാണ്. അപ്പോള്‍ വിഗ്രഹങ്ങളെ തള്ളിപ്പറയാന്‍ മടിക്കും.

സൌകര്യം പോലെ വേറെരു കഥ ഞാന്‍ നേരില്‍ പറയാം. ഒരു അവാര്‍ഡ് കഥ.

ഗുപ്തന്‍ said...

from my earlier comment:
"അഭയപോലെ ഗൗരവതരമായ ഒരു സം‌രഭത്തെ കാല്പനികമായ ഒരു കണ്ണൂകൊണ്ട് കാണുന്നതിന്റെ തകരാറാണ് പുഴലേഖനത്തില്‍ വന്നത് എന്ന് തോന്നുന്നു."

പുഴലേഖനത്തില്‍ ലേഖകന്‍ സൂചിപ്പിച്ചത് എന്ന് തിരുത്തിവായിച്ച് എന്റെ മാനം കാക്കുമാറാകണം എന്ന് അപേക്ഷ.

Unknown said...

മനു ഒരു വിയോജിപ്പ്
കാലത്തിനൊത്ത് നാടക്കുന്നവരാണ് ഇന്നത്തെ എഴുത്തുകാരെങ്കില്‍
കാലത്തിനു മുമ്പേ നടന്നവരാണ് പദ്മനാഭനെ പോലുള്ളവരുടെ മഹത്വം.

എന്‍ എസ്സിന്‍റെ ക്രാഫ്റ്റും പദ്മനാഭന്‍ റെ ശൈലിയും ഇവിടേയും പഠനവിധേയമാക്കേണ്ടുന്നതു തന്നെ എന്നതില്‍ സംശയമില്ല.

കണ്ണൂസ്‌ said...

രാജു.

ക്ഷമാപൂര്‍വമ്‌.

പദ്‌മനാഭന്റെ ഏറ്റവും നല്ലതെന്ന് താങ്കള്ക്ക് തോന്നുന്ന രന്ട് കഥകളുമ്, അതെങിനെ നല്ലതാവുന്നു എന്നും ഒന്ന് ചുരുക്കി എഴുതാമോ?

പദ്‌മനാഭന്‍ മലയാള ചെറുകഥയില്‍ ഒന്നാം സ്ഥാനതാണെന്ന് അദ്ദേഹം തന്നെ സ്വയം ധരിക്ചു വെക്ചിരിക്കുന്ന ഒരു കാര്യമല്ലേ? ഇന്നട്ട്ഹെ കഥകളുടെ കാര്യം പോട്ടേ, ബഷീര്, കാരൂര്, മാധവ്ക്കുട്ടി, സി.വി. ശ്രീരാമന്‍ ഇവരുടെയൊക്കെ കഥകള്‍ പദ്‌മനാഭന്‍ കഥകളുടെ അടുതൊന്നും നില്ക്കുന്നില്ല്ല എന്ന നിരീക്ഷണം അതുഭുതാവഹം എന്നേ പറയേന്ടൂ.

രാജ് said...

സ്വയം അന്ധനാകുമ്പോഴും മറ്റുള്ളവരെ അന്ധനെന്ന് വിളിക്കുവാനുള്ള ത്വര നല്ലതാണ്, നിലനില്പിനത് കൂടിയേ തീരൂ. ഒരു പക്ഷെ ഇ.എം.എസ്സിന്റെ ആദ്യകാല ചരിത്ര ലേഖനങ്ങള്‍ ഇരിങ്ങല്‍ വായിച്ചു കാണുകയില്ല, അല്ലെങ്കില്‍ പില്‍ക്കാലത്ത് വന്ന പാര്‍ട്ടി സ്വാംശീകരണത്തില്‍ അതൊക്കെ മറന്നുപോയതുമായിരിക്കാം. ചരിത്രകാരനായ ഇ.എം.എസ് ആത്മകഥ സ്വീകരിക്കുവാന്‍ ഒരു പക്ഷെ കഴിഞ്ഞേയ്ക്കും, മറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ആത്മകഥയ്ക്ക് പി.ശശിധരന്‍ ഉദ്ഘോഷിക്കുന്ന ഗുണങ്ങളൊന്നും ഇല്ല തന്നെ. പി.ശശിധരനോളം വിവരമില്ലെങ്കിലും മലയാളത്തിലെ പല പ്രമുഖസാഹിത്യ നിരീക്ഷകരും ഭാഷയിലെ ഏറ്റവും മികച്ച ആത്മകഥയെന്ന് പറയുന്ന വിടിയുടെ കണ്ണീരും കിനാവും ഇ.എം.എസ്സ് ആത്മകഥയേക്കാള്‍ മികച്ചതാണെന്ന് പറയുന്ന വരിയും, ഗാന്ധിയുടെ സത്യാന്വേഷണപരീക്ഷണങ്ങളെ കുറിച്ചെഴുതിയ വരിയും ‘വിഴുങ്ങിയിട്ടേ’ ഇരിങ്ങലിന് എന്നെ ക്വോട്ട് ചെയ്യാന്‍ കഴിയുകയുള്ളൂ എന്നറിയാം, കാരണം എന്നിലാരോപിക്കുന്നത് അദ്ദേഹത്തിന്റെ പോരായ്മയാണെന്നതു കൊണ്ട് :)

കണ്ണൂസേ, പത്മനാഭന്റെ ആശിര്‍വാദത്തില്‍ പുറത്തുവന്ന കെ.ആര്‍.മീരയുടെ ‘ഓര്‍മ്മയുടെ ഞെരമ്പ്’ എന്ന കഥ വായിച്ചിട്ടുണ്ടോ? ടിയുടെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന പൈങ്കിളിയെ മറക്കാം, എന്നാല്‍ തന്നെയും മഖന്‍ സിങിന്റെ മരണം എന്ന ‘നല്ല’ കഥയേക്കാളും മികച്ച കഥകള്‍ മീരയെ പോലുള്ള ചെറുപ്പക്കാര്‍ എഴുതുന്നുണ്ട്. കണ്ണൂസ് പേരെടുത്തു പറഞ്ഞ പഴയവരെയും, എം.പി.നാരായണപ്പിള്ള പോലുള്ള വേറിട്ട ചിന്താഗതിക്കാരെയും മാറ്റി നിര്‍ത്തിയിട്ടേ കഥയുടെ കുലപതിയ്ക്ക് വായിക്കുവാനുള്ള പരിഗണനയെങ്കിലും നല്‍കുവാനാകൂ.

ഞാന്‍ ഇരിങ്ങല്‍ said...

ഇവിടെ പദ്മനാഭന്‍ ഒരു ടര്‍ഗറ്റ് അല്ലെന്നിരിക്കെ അതില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമെന്ന് തോന്നുന്നില്ല. എന്നാല്‍ നല്ല കഥകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നമുക്ക് നല്ലതു തന്നെ.
കണ്ണൂസ് എന്നോട് പറഞ്ഞു പദമനാഭന്‍ റെ 2 കഥകള്‍ തിരഞ്ഞെടുത്ത് വിശദമാക്കാന്‍ എന്തു കൊണ്ട് നല്ലത് എന്ന്. എന്നാല്‍ ഞാന്‍ തിരിച്ചു പറയുവാനാഗ്രഹിക്കുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല കഥ എന്ന് തിരഞ്ഞെടുക്കപ്പെട്ട’ ഹിഗ്വിറ്റ’ ഇനിയും നമുക്കെന്തുകൊണ്ട് ചര്‍ച്ചചെയ്തുകൂട.
എന്തേ ആരും ‘എന്‍ .എസ്സ് മാധവന്‍ റെ ‘തിരുത്ത്’ പരാമര്‍ശിച്ചില്ല?

അല്ലെങ്കില്‍ കാരൂരിന്‍റെ പൂവമ്പഴം?

ഒപ്പം നമുക്ക് പദ്മ്നാഭന്‍റെ മഖന്‍ സിങ്ങിന്‍ റെ മകനും, പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും (പെരിങ്ങോടന്‍ റെ ഭാഷയിലെ പൈങ്കിളി കഥയും), നിധി ചാല സുഖമയും ചര്‍ച്ചചെയ്യാം.

പിന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായ പെരിങ്ങോടന്‍ ഇ. എം എസ്സിന്‍ റെ ആത്മകഥ വായിച്ചു എന്ന് അറിയുന്നതു തന്നെ സന്തോഷം നല്‍കുന്നു.

പിന്നെ പെരിങ്ങോടന്‍ പറയുന്ന ‘ആശീര്‍വാദത്തില്‍ പുറത്തു’ വന്ന കഥ അപ്പോള്‍ ആശീര്‍വാദത്തിനാണ് പ്രാ‍ധാന്യം കല്പിക്കുന്നതെന്ന് വിവക്ഷ അല്ലേ...

കണ്ണൂസ്‌ said...

രാജു, ഞാനും ചോദിക്കുന്നത്‌ അതു തന്നെയാണ്‌. ഇത്രയും നല്ല കഥകള്‍ വന്നിട്ടുള്ളപ്പോള്‍ പത്മനാഭന്‍ കഥകളുടെ ഏഴയലത്ത്‌ വരാന്‍ യോഗ്യതയുള്ള കഥ കാണിച്ചു തരാന്‍ താങ്കള്‍ പറഞ്ഞതിനു പുറകിലുള്ള കാര്യം എന്താണ്‌?

മാധവന്റെ ഹിഗ്വിറ്റയും തിരുത്തും മാത്രമല്ല, കാര്‍മനും, എന്റെ മകള്‍ ഒരു സ്ത്രീയും (മനു സൂചിപ്പിച്ച കഥ) വന്‍മരങ്ങള്‍ വീഴുമ്പോഴും, ചൂളൈമേട്ടിലെ ശവങ്ങളും , കപ്പിത്താന്റെ മകളും ഒക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെ. ഇത്ര നല്ല കഥകള്‍ മലയാളത്തിലുള്ളപ്പോള്‍ പത്മനാഭനും ഓണപ്പതിപ്പുകളും ആരാധകവൃന്ദവും ചേര്‍ന്ന് അദ്ദേഹത്തിന്‌ കിരീടവും ഇട്ടു കൊടുത്ത്‌ നടത്തുന്നതിലുള്ള അര്‍ത്ഥശൂന്യത തന്നെയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌.

രാജ് said...

കണ്ണൂസേ കനകം കനകം.

ഇരിങ്ങലേ ഞാന്‍ കമ്യൂണിസ്റ്റ് വിരുദ്ധനല്ല (എന്ന് വച്ച് ലോകത്തിന്റെ സകലപ്രശ്നങ്ങള്‍ക്കും ഉത്തരം കമ്യൂണിസമാണെന്ന് കരുതുന്ന അനുകൂലിയുമല്ല.) നേതാക്കളോടുള്ള മതിപ്പ് ഹോയില്‍ തുടങ്ങി‍ ഹോയില്‍ അവസാനിക്കുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടു വലിയ മതിപ്പൊന്നുമില്ല, നേതാക്കളോടു ഒട്ടുമില്ല. വായിച്ചവരില്‍ ഏറ്റവും ആകര്‍ഷിച്ചത് എം.പി.പരമേശ്വരനാണ്, ഓ സോറി പറഞ്ഞ് പറഞ്ഞ് വന്നതെല്ലാം ഒരു കമ്യൂണിസ്റ്റ് വിരുദ്ധന്റെ ലക്ഷണമാണല്ലോ, എങ്കില്‍ ഞാനുമതുതന്നെ :)

Anonymous said...

രാജു...
മലയാളത്തിലെ ഏറ്റവും നല്ല വായനക്കാരൊട്
ന ല്ല കഥകള്‍ select ചെയ്യാന്‍ പറന്നാല്‍
ടി. പദ്മനാഭന്റെ
ഒരു കഥ പോലും കാണിച്ചു തരില്ല.
KANNUR കാരനെന്ന സിമ്പതി കൊണ്ടാണൊ
രാജു ഈ സാഹസതിനു മുതിര്‍ന്നത്.

എസ്. ജിതേഷ്ജി/S. Jitheshji said...

അഴീക്കോടിനെക്കുറിച്ചുള്ള പരാമര്‍ശം അല്പം കടന്നുപോയി.

അനിലൻ said...

പദ്മനാഭന്‍ കഥകളുടെ ഏഴയലത്ത് വരാന്‍ യോഗ്യതയുള്ള കഥകള്‍ ഇവിടെ ഉണ്ടാകുന്നില്ലെന്ന് ....

ഇരിങ്ങല്‍ പദ്മനാഭനുശേഷം വായിച്ചിട്ടില്ലേ?

സുഭാഷ് ചന്ദ്രന്‍, സന്തോഷ് എച്ചിക്കാനം, ഇ സന്തോഷ്കുമാര്‍, ശിഹാബുദ്ദീന്‍, കെ ആര്‍ മീര, രേഖ.. (കുറച്ചു പേരുകള്‍ മാത്രമേ എഴുതുന്നുള്ളൂ)
ഇവരൊക്കെ കഥകള്‍ എഴുതുന്നുണ്ട്.
പലതും പദ്മനാഭന്റെ വിശേഷാല്പ്രതിക്കഥകളേക്കാള്‍ എത്രയോ മുന്‍പിലാണ്.

അനാഗതശ്മശ്രു said...

Why Sugatha kumari's reply to Geetha in Madhyamam weekly has notbeen quoted? There should not be a unilateral verdict from any PERFECT /complete commission( paripoorNan).. P.sasidharan....ParipooRNa sasidharan... ????

ഏറുമാടം മാസിക said...

അനില്‍ കുമാറിന്റെ പരാമര്‍ശത്തോട് ഞാന്‍ യോജിക്കുന്നു.സുഭാഷ് ചന്ദ്രന്‍, സന്തോഷ് എച്ചിക്കാനം, ഇ സന്തോഷ്കുമാര്‍, ശിഹാബുദ്ദീന്‍, കെ ആര്‍ മീര,ടി.വി.കൊച്ചു ബാവ, രേഖ,അപര്‍ണ്ണ.... ....
രാജു വായിച്ചില്ലെന്നുണ്ടാ?

chithrakaran ചിത്രകാരന്‍ said...

ആശംസകള്‍....!!

Anuraj said...

:)

salil | drishyan said...

വരാന്‍ വൈകിയെന്ന് തോന്നുന്നു.
ആരും ആരേക്കാളും മോശമല്ല. മലയാളചെറുകഥാകാരന്മാരില്‍ ഏറ്റവും മുകള്‍ത്തട്ടിലാണ് ടി.യുടെ സ്ഥാനമെന്ന് ആരും എടുത്ത് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ‘ഗൌരി‘യും ‘പ്രകശം പരത്തുന്ന പെണ്‍കുട്ടി‘യും പോലെ കാലത്തെ കവച്ചു വെയ്ക്കുന്ന കഥകള്‍ മലയാളത്തില്‍ വിരളം. ‘പൂവമ്പഴ’വും, ‘കടല്‍ത്തീരത്തും‘, ‘ഹിഗ്വിറ്റ‘യും മറ്റുള്ളവയും ഒന്നും മറന്നല്ല പറയുന്നത്. പക്ഷെ കൂടുതല്‍ ധനവും പേരും കിട്ടാവുന്ന നോവല്‍ സങ്കേതത്തിലേക്ക് പോകാതെ പൊതുവേ ഏട്ടിലെ പശുവായ ചെറുകഥാശാഖയില്‍ ഉറച്ചു നിന്ന്, അതിന് ഇന്നതെ ജനപ്രീതിയും പ്രശസ്തിയും നേടി കൊടുക്കാന്‍ ടി. ചെയ്തിടത്തോളം സംഭാവന മറ്റൊരു എഴുത്തുകാരനും നല്‍കിയിട്ടില്ല എന്നത് വാസ്തവം. പിന്നെ, ടി., എം.ടി., മുകുന്ദന്‍ തുടങ്ങിയവരുടെ സമീപകാല രചനകള്‍ എല്ലാം അവരുടെ മികച്ചവയുടെ നിഴല്‍ മാത്രമാണെന്നത് നമ്മള്‍ വേദനയോടെ മനസ്സിലാക്കുന്ന സത്യം മാത്രം. അപ്പോള്‍ ഇപ്പോള്‍ നന്നായി എഴുതുന്ന സുഭാഷിനേയും സുധീഷിനെയും മീരയേയും ഇന്ദുവിനേയുമൊക്കെ നമ്മള്‍ക്ക് ഇഷ്ടമാവും. പക്ഷെ എത്ര കാലം അവര്‍ ഈ ക്വാളിറ്റിയില്‍ തന്നെ എഴുതും എന്നാണ് നമ്മള്‍ കാത്തിരുന്നു കാണേണ്ടത്. പഴമക്കാരും പുതിയവരുമെല്ലാം നന്നായി എഴുതട്ടെ എന്ന് നമ്മുക്ക് ആശിക്കാം.

ഈ തര്‍ക്കം, എത്ര വേണമെങ്കിലും വലിച്ചു നീട്ടാവുന്ന ഒരു ഐ.വി. ശശി പടം പോലെ തോന്നിയതിനാലാണ് ഈ കമന്റ്. എല്ലാവരും പറഞ്ഞ അഭിപ്രായങ്ങളോടും എനിക്കു ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ യോജിപ്പും വിയോജിപ്പും ഉണ്ട്. പക്ഷെ, ആരോഗ്യപരമായ ഇത്തരം തര്‍ക്കവിതര്‍ക്കങ്ങള്‍ ബൂലോകത്തില്‍ നടക്കുന്നു എന്ന് കണ്ടപ്പോള്‍ സന്തോഷവും തോന്നി. ഇതിന് ആരംഭം കുറിച്ച ഇരിങ്ങലിനും ആക്ടീവായ് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി!

സസ്നേഹം
ദൃശ്യന്‍

അനിലൻ said...

ഇപ്പോള്‍ നന്നായി എഴുതുന്ന സുഭാഷിനേയും സുധീഷിനെയും മീരയേയും ഇന്ദുവിനേയുമൊക്കെ നമ്മള്‍ക്ക് ഇഷ്ടമാവും. പക്ഷെ എത്ര കാലം അവര്‍ ഈ ക്വാളിറ്റിയില്‍ തന്നെ എഴുതും എന്നാണ് നമ്മള്‍ കാത്തിരുന്നു കാണേണ്ടത്.


അങ്ങനെയൊരു കാത്തിരിപ്പുണ്ടോ ദൃശ്യാ?
നല്ല കഥയെഴുതാനാവാതെ വരുമ്പോള്‍ എഴുത്തു നിര്‍ത്തട്ടെ അവരൊക്കെ. നല്ല കഥകളെഴുതിയിരുന്ന കാലത്ത് എഴുത്തു നിര്‍ത്തിയവരുണ്ടായിട്ടുണ്ടല്ലോ മലയാളത്തില്‍ പിന്നെന്താ?

salil | drishyan said...

അനിലാ,

അതിനുള്ള മറുപടി എന്‍‌റ്റെ മുന്‍പത്തെ കമന്‍‌റ്റില്‍ തന്നെയില്ലേ?
“പിന്നെ, ടി., എം.ടി., മുകുന്ദന്‍ തുടങ്ങിയവരുടെ സമീപകാല രചനകള്‍ എല്ലാം അവരുടെ മികച്ചവയുടെ നിഴല്‍ മാത്രമാണെന്നത് നമ്മള്‍ വേദനയോടെ മനസ്സിലാക്കുന്ന സത്യം മാത്രം. പഴമക്കാരും പുതിയവരുമെല്ലാം നന്നായി എഴുതട്ടെ എന്ന് നമ്മുക്ക് ആശിക്കാം.“

നല്ല ഒരു ഒരു വായനയില്‍ നിന്നു മറ്റൊരു നല്ല വായനയിലേക്കുള്ള സമയദൂരം നാമെല്ലാം കാത്തിരിക്കുകയല്ലേ? വായിക്കുന്നതെല്ലാം, എഴുതുന്നതെല്ലാം നന്നാവണം എന്ന് നിര്‍ബന്ധമില്ലല്ലോ?

പിന്നെ എഴുത്തുകാരനോട് എഴുത്ത് നിര്‍ത്താന്‍ പറയുക എന്നാതിനേക്കാള്‍ നല്ലത് ‘നന്നായി എഴുതാന്‍’ പറയുന്നതല്ലേ. ആര്‍ക്കറിയാം വായനക്കാര്‍ക്കായ് അവസാനമൊരു ക്ലാസ്സിക്ക് രചന നടത്തിയിട്ടേ ഇവര്‍ മണ്‍‌മറയൂ എന്ന്? നമുക്ക് കാത്തിരിക്കാം, നല്ല വായനയ്ക്കായ്.

സസ്നേഹം
ദൃശ്യന്‍

<