Sunday, May 06, 2007

കെ. എം. പ്രമോദിന്‍ റെ കവിതകള്‍

ആഗോള വല്‍ക്കരണത്തിന്‍റെ ആദ്യഘട്ടത്തില്‍ കമ്മ്യൂണിസം മരിച്ചു എന്ന് നേരിട്ട് പറയാതെ ‘എല്ലാം കണക്കാണ്’ എന്നും ഇനി പ്രസ്ഥാനങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ആഗോള മുതലാളിത്തം പറഞ്ഞു നടന്നു. കേന്ദ്രീകൃതമായ സമരങ്ങള്‍ക്ക് സാധ്യതയില്ലെന്നും അത്തരം നീക്കങ്ങള്‍ തലപൊക്കുമ്പോള്‍ സാമ്രാജത്വ ശക്തികള്‍ അവയെയൊക്കെ നശിപ്പ്ക്കുവാനും ബദ്ധശ്രദ്ധരായി.


മുതലാളിത്തത്തിന്‍റെ ഈ ചീത്തക്കാലത്ത് കാലത്തെ അതിജീവിക്കാനുള്ള, വെളിപ്പെടുത്തുവാനുള്ള സാഹിത്യമുണ്ടാകുന്നു എന്നതുപോലെ തന്നെ മുതലാളിത്തം സാഹിത്യത്തിന്‍റെ സാധ്യതകളെ അതിന്‍റെ വിപണന തന്ത്രങ്ങള്‍ കൊണ്ട് വരിഞ്ഞു മുറുക്കാന്‍ ശ്രമിക്കുന്നുവെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. സാഹിത്യം; അത് കഥ ആയാലും കവിത ആയാലും സമൂഹത്തിനോടുള്ള സംവാദമാണ്.


എല്ലാ സംവാദങ്ങളേയും മുക്കി കൊല്ലാന്‍ ആഗോള വല്‍ക്കരണത്തിന്‍റെ വിപണന തന്ത്രങ്ങള്‍ ഇന്നും എന്നും ശ്രമിക്കുന്നു. അതു കൊണ്ടാണ് ഇന്നത്തെ പത്രവാര്‍ത്ത നാളത്തെ വാര്‍ത്ത അല്ലാതായി മാറുകയും പിന്നീട് തുടര്‍ച്ച ഇല്ലാതാവുകയും ചെയ്യുന്നത്. മാത്രവുമല്ല പത്രവാര്‍ത്തയെ അതിജീവിക്കുന്ന സാഹിത്യമൊരു സാമൂഹിക വ്യവഹാരമാവുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ സാഹിത്യം പലഘട്ടങ്ങളിലും അത് അതിന്‍റെ അതിജീവന തന്ത്രം പ്രയോഗിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം. സമരങ്ങളുടെ സംസ്കാരം നഷ്ടപ്പെടുകയും അന്യാധീനപ്പെട്ടുപോവുകയും ചെയ്യുമ്പോള്‍ സമരസപ്പെടലിന്‍റെ സംസ്കാരം ഉടലെടുക്കുകയും ചെയ്യുന്നു. അത്തരം സമരസപ്പെടലാണ് കെ. എം പ്രമോദിന്‍റെ കവിതകള്‍ സാധ്യമാക്കുന്നത്.


ചരിത്രം, ജീവിതം, സാമൂഹിക ജീവിതം ഇതൊക്കെയും വേര്‍തിരിഞ്ഞു നില്‍ക്കുകയൊ പുറം തിരിഞ്ഞു നില്‍ക്കുകയൊ ചെയ്യുമ്പോള്‍ഴാണ് പ്രമോദിന്‍ റെ കവിതകളുടെ ഉല്‍ഭവം എന്ന് നമുക്ക് കാണുവാന്‍ കഴിയുന്നു.

ചരിത്രത്തെ, സമൂഹത്തെ വെറും എടുത്തണിയാനുള്ള ലേബലായി മാത്രം മാറ്റപ്പെടുന്ന ‘സമരസപ്പെടലി’ന്‍റെ തത്വശാസ്ത്രം ഇവിടെ പ്രാവര്‍ത്തികമാക്കുന്നു. എല്ലാ പ്രസംഗങ്ങളും പൊള്ളയാണെന്നും ഇതൊക്കെ പറയുവാന്‍ മാത്രമേ കൊള്ളൂ എന്നും സാമ്രാജ്യത്വത്തിന്‍റെ കാവല്‍ ഭടന്‍മാര്‍ നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് പ്രമോദിന്‍റെ കവിതകള്‍ ഇങ്ങനെ സംസാരിക്കുന്നത് :“
ക്ഷണം


“ചരിത്രവും പൌരധറ്മ്മവും പൊതിഞ്ഞിരുന്നത്
‘ സോവിയറ്റ് നാടി’ന്റെ കട്ടിയുള്ള കടലാസ്സുകൊണ്ടായിരുന്നു.
ക്രൂഷ്ചേവിന്റെ പടമുള്ള കവറിട്ട കണക്കുപുസ്തകത്തില്‍ നിറയെ ചുവന്ന മുട്ടകളുടെചീഞ്ഞുപോയ സ്വപ്നങ്ങളായിരുന്നു.”

ചരിത്രവും പൌരധര്‍മ്മവും പൊതിഞ്ഞു സൂക്ഷിക്കേണ്ടതാണെന്നും ഇതൊന്നും ആരും കാണാതിരിക്കുകയാണ് വേണ്ടതെന്ന് ആരൊക്കെയോ ചേര്‍ന്ന് നമ്മെ പഠിപ്പിക്കുന്നു. സോഷിലിസം കട്ടിയുളള ഒരു പുറം ചട്ട മാത്രമായിരുന്നെന്നും അതൊരു കണക്കിലെ കളി മാത്രമായിരുന്നെന്നും കളികളൊക്കെയും നേരമ്പോക്കിനുള്ളവയാണെന്നും ആരോ നമ്മെ പഠിപ്പിക്കുകയാണെന്ന് പ്രമോദിന്‍റെ കവിതകള്‍ ചൂണ്ടിക്കാട്ടുന്നു. അതുക്കെ കൊണ്ടാണ് ആഗോളവല്‍ക്കരണത്തിന്‍റെ എല്ലാ തന്ത്രങ്ങളും നമ്മുടെ സാഹിത്യത്തെ പിടിമുറിക്കിയിരിക്കുന്നുവെന്ന് പറയുന്നത്.


കമ്മ്യൂണിസം മരിച്ചു എന്നും ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പില്ലെന്നും ആഗോള മുതലാളിത്തം വിളിച്ചു പറയുന്നു. ഇനി വരാനിരിക്കുന്ന നാളെയുടെ സ്വപ്നങ്ങളാണ്; അതും നാളെയുടെ ചുവപ്പ് സ്വപ്നങ്ങള്‍ തന്നെയാണ് (പലപ്പോഴും പ്രമോദിന് തന്‍റെ സ്വപ്നങ്ങളില്‍ ആത്മ വിശ്വാസം നഷ്ടപ്പെടുന്നുവെങ്കിലും!!) പ്രമോദിന്‍ റെ കവിതകള്‍.

അടിമ പറഞ്ഞത് എന്ന കവിതയില്‍ പ്രമോദ് ഇങ്ങനെ വരച്ചു വയ്ക്കുന്നു.
“ശക്തമായ കാലടികളില്‍ നിന്നും തെറികുന്ന കൊഴുത്ത രക്ത ത്തുള്ളികള്‍ എന്‍റെ കറുത്ത് നഗ്നമായ ചന്തിയില്‍ വരയ്ക്കുന്ന ‘ചുവപ്പു ചിത്രങ്ങള്‍ കണ്ട് അവന്‍ കിടുകിടാ വിറച്ചിട്ടുണ്ടാവണം”

മുതലാളിത്തം എന്ന കൊഴുത്ത രക്ത്തുള്ളികളില്‍ നിന്ന് ഒരു നാള്‍ അടിമയുടെ നഗ്നമായ ചന്തിയില്‍ ചുവപ്പ് സൂര്യന്‍ ഉദിക്കുമെന്ന് പ്രത്യാശിക്കുന്ന കവിയുടെ സോഷിലിസ്റ്റ് ചിന്ത ‘ഒരു നാള്‍ മുതലാളിത്ത ത്തെ വിറപ്പിക്കുക തന്നെ ചെയ്യുമെന്ന് ഉദ്ബോധിപ്പിക്കുന്നു.



ഒപ്പം തന്നെ ആനുകാലിക രാഷ്ട്രീയ ത്തിലേക്കും അതിന്‍റെ പൊയ്ക്കണ്ണിലേക്കും ചൂളം വിളിക്കുന്ന പ്രമോദിനേയും കാണാം.

ഒരു സ്വയം വിമര്‍ശനം പ്രമോദിന്‍ റെ കവിതകളുടെ പ്രത്യേകത തന്നെയാണ്. അതു കൊണ്ടു കൂടിയാണ്
തെരഞ്ഞെടുപ്പ്‌ എന്ന കവിതയില്‍ വിപ്ലവം കടലാസില്‍ മാത്രം ഉറങ്ങിപ്പോയെന്നും ഇന്ന് രക്ത സാക്ഷികള്‍ ജീവിക്കുന്നഥ് ഓരോ ഇലക്ഷന്‍ സമയത്തും ‘കള്ള വോട്ടുകളായി പുനര്‍ജ്ജനിക്കുന്നുവെന്നും പറഞ്ഞു വയ്ക്കുമ്പോള്‍ ജനാധിപത്യത്തില്‍ ‘ശക്തമായി’ ഇടപെടുന്ന ഇടതു പക്ഷത്തിന്‍ റെ ‘ശനിദശയെ’ കുറിച്ചും പ്രത്യേകിച്ച് കണ്ണൂര്‍ രാഷ്ട്രീയത്തെ കുറിച്ചും പ്രമോദ് പറഞ്ഞു വയ്ക്കുന്നു.


അമ്പുവേട്ടന്‍ ജീവിക്കുന്നത്, അതു പോലുള്ള രക്ത സാക്ഷികള്‍ ജീവിക്കുന്നത് ‘കള്ള വോട്ടി’ ലൂടെ മാത്രമാണെന്ന തിരിച്ചറിവ് കവിയോടൊപ്പം വായനക്കാരനും പങ്കുവയ്ക്കുമ്പോള്‍ സാര്‍ഥക മാകുന്നത് ഒരു നല്ല കവിതയുടെ സംവേദനമാണ്.

പ്രമോദിന്‍റെ കവിതകള്‍ കോറിയിടുന്നതൊക്കെയും ക്രിത്രിമത്വം ഇല്ലാതെ ജാഡകളില്ലാതെ ആധുനീക കവി കള്‍ക്കുണ്ടാകുന്ന വാക്കുകളിലെ ദുര്‍ഗ്രാഹ്യത ഒന്നും മില്ലാതെ നേരെ കഥ പറഞ്ഞു പോകുന്ന ആഖ്യാന തലം സൃഷ്ടിക്കുകയും ഒപ്പം ജനിച്ചു വളര്‍ന്ന സ്ഥലവും, രാഷ്ട്രീയവും വിഷയമായി വരികയും ചെയ്യുന്നു. . കണ്ണൂരിലെ രാഷ്ട്രീയം കേരളത്തിലെ മറ്റ് രാഷ്ട്രീയ ചൂടില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നും ഓരോ കവിതകളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.


കണ്ണൂരില്‍ ഓരോ കുട്ടിക്കും അവിടെ അവന്‍റെതായ രാഷ്ട്രീയമുണ്ടെന്നു തന്നെ പറയാം.

അതു കൊണ്ടാണ് പ്രമോദ് ഇങ്ങനെ പറയുന്നത്

“ചെറുപ്പത്തില്‍ആംഗ്യപ്പാട്ടിന് സമ്മാനം കിട്ടിയിരുന്നത്പ്രഭാത് ബുക്സ് പരിഭാഷപ്പെടുത്തിയ‘യെമേല്യ‘യും ‘മിലാനൊസോവി‘ച്ചും ഒക്കെയായിരുന്നു.”.

‘ഞാന്‍’ എന്നും ‘എന്‍റെ’ എന്നും മുള്ള സവര്‍ണ്ണ ചിന്ത (മുതലാളിത്ത ചിന്ത) പ്രമോദിന്‍റെ എല്ലാ ചുവന്ന കവിതകളിലും കാണാം.

‘ഞാന്‍‘ എന്ന് പ്രമോദ് പറയുമ്പോള്‍ തന്‍റെ ഉള്ളിലെ ഇന്നത്തെ മുതലാളിത്തത്തെ കുടഞ്ഞെറിയാനുള്ള ഒരു തിവ്രശ്രമമായാണ് വായനക്കാര്‍ക്ക് ബോധ്യമാവുകയും ചെയ്യുന്നു.
എല്ലാ കവിതകളിലും ‘ഞാന്‍’ എന്നൊ എന്‍റെ എന്നൊ ഉള്ള അതി മുതലാളീകൃതമായ പ്രയോഗങ്ങള്‍ അറിയാതെ കവിതകളിലുടനീളം ഉപയോഗിച്ചതായി നമുക്ക് കാണുവാന്‍ സാധിക്കും. ഇത് പ്രത്യക്ഷത്തിലുള്ള കവിതയുടെ വീക്ഷണ കോണിന് എതിരുമാണെനു കാണാം.

അപേക്ഷയില്‍ പ്രമോദ് പറയുന്നത്


പ്രിയപ്പെട്ട സഹോദരാ...കറുത്ത മഷിയിലുള്ളഎന്റെചുവന്ന കവിത,വായിക്കുക മാത്രം ചെയ്ത്തിരികെയേല്‍പ്പിക്കുക.”

എല്ലാ സാഹിത്യവും വെറുതെ വായിക്കാനുള്ളത് മാത്രമാണെന്നും അതൊക്കെ നിത്യജീവിതത്തില്‍ പകര്‍ത്തുക സാധ്യമല്ലെന്നുമുള്ള ആഗോള മുതലാളിത്തത്തിന്‍റെ കാഴ്ചപ്പാടുകള്‍ സ്വയം വിമര്‍ശനമായി എടുത്തണിയുന്നു.

മനസ്സില്‍ നിന്നും ഇന്നും കുടിയിറക്കാത്ത ‘ഫ്രഞ്ചു വിപ്ലവം’ എന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്‍ റെ വീര സാഹസീകത നെഞ്ചിലേറ്റി

‘ നമ്മള്‍ കൊയ്യും വയലല്ലാം നമ്മുടെ താകും പൊന്‍ കിളിയേ’ എന്ന് ഉറക്കെ പ്പാടാന്‍ കവി കൊതിക്കുന്നു.

“ഉദയംകോട്ടം ശിവക്ഷേത്രത്തില് ഉത്സവത്തിനു വരുന്ന ഉണ്ണിച്ചിരുതയുടെ ഉയറ്ന്ന മുലകള്‍ നോക്കി സോമാലിയായിലെ കഞ്ഞികിട്ടാത്ത കുഞ്ഞുങ്ങളെക്കുറിച്ച് ഞാന്‍സഹതപിച്ചു.”

സവര്‍ണ്ണരുടെ ശരീരം, വാക്കുകള്‍, എഴുത്ത് അങ്ങിനെ എല്ലാത്തിനേയും സമൂഹം ഉയര്‍ന്നു തന്നെ കാണുന്നു എന്ന തത്വം പ്രമോദും ഇവിടെ ഉപയോഗിച്ചിരിക്കുന്നു.

“ഉദയംകോട്ടം ശിവക്ഷേത്രത്തില് ഉണ്ണിച്ചിരുത വരുമ്പോള്‍ അവളുടെ ഉയര്‍ന്ന മുലകള്‍ കണ്ട് ആസ്വദിക്കുന്നതിനൊപ്പം ആലോചിക്കുന്നത് സോമാലിയയിലെ പട്ടിണി പ്പാവങ്ങളെയാണ്.

ഒരു‍ കമ്മ്യ്യൂണിസ്റ്റുകാരന്‍ ഏറ്റവും നല്ല മനുഷ്യ സ്നേഹി ആയിരിക്കുമെന്നതുകൊണ്ടാണ് കവിക്ക് അങ്ങിനെ ചിന്തിക്കുവാന്‍ കഴിയുന്നത്.

ഉയര്‍ന്നതൊക്കെയും സവര്‍ണ്ണരുടേതാണെന്നും അതൊക്കെ നമുക്ക് ദൂരെ നിന്ന് കാണുവാ‍ന്‍ മാത്രമേ വിധിച്ചിട്ടുള്ളു അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായ് കവി അറിയാതെ പറഞ്ഞു വയ്ക്കുകയാണ് ചെയ്യുന്നത്. കാരണം ഉയര്‍ന്നു പോകുന്നതൊക്കെയും കീഴളര്‍ക്ക് കാണുവാന്‍ മാത്രം മുള്ളതാണെന്നും തൊഴിലാളി - അടിസ്ഥാന വര്‍ഗ്ഗം എന്നും താഴേക്ക് തന്നെ പോവുകായാണെന്നും പറയാതെ പറഞ്ഞു വയ്ക്കുകയാണ് കവി ചെയ്യുന്നത്.

ആനുകാലിക രാഷ്ട്രീയ ത്തിന്‍റെയും അടിയന്തിരാവസ്ഥയിലെ ഇന്ത്യയിലെ അവസ്ഥയെയും പറ്റി അതി മനോഹരമായി വരകു കാട്ടുന്നു ഈ കവിതയില്‍ അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വറ്ഷങ്ങള്‍. ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വ്യക്തികള്‍ക്കുമുണ്ടാകുന്ന അതി ഭീകരമായ മാറ്റത്തെ കുറിച്ച് വിശാ‍ലമായി പരിതപിക്കുന്ന കവിയെ നമുക്ക് കാണാം.

ഒപ്പം ഒരു പൊളിറ്റിക്കല്‍ സറ്റെയര്‍ എന്നനിലയിലും ഈ കവിത ശ്രദ്ധേയമാണ്.


വിപ്ലവത്തിനെ വിലക്കെടുക്കുന്ന ഭരണാധികാരികള്‍ ഒപ്പം വ്യക്തിയുടെ ഉള്ളില്‍ നിന്ന് സത്ത പിഴിഞ്ഞെടുക്കുന്നു. അതു കൊണ്ടാണ് വലിയ വിപ്ലവകാരിയായ ‘പപ്പന്‍’ ജയിലില്‍ നിന്ന് വരികയും അമ്പലം കമ്മിറ്റി പ്രസിഡന്‍റും, പൂജയും , പൂ മൂടലും നടത്തി സാമൂഹിക സേവനം ചെയ്യുന്നത്. മുതലാളിത്തം പല്ലിളിച്ച് കാട്ടുമ്പോള്‍ എല്ലാം ഒന്നു തന്നെയ്ന്നും ഇതൊക്കെ ഇത്രമാത്രമേ ഉള്ളൂ എന്നും നമ്മെ പഠിപ്പിക്കുന്നു. അതു കൊണ്ടാണ് കവിയെ നോക്കി ‘അറം പറ്റിയ’ കവിത എന്ന് പപ്പേട്ടന്‍ പറയുന്നത്.

പ്രമോദിന്‍റെ മറ്റു കവിതകളും ശ്രദ്ധേയമാണ്. കാമം, യാത്ര തുടങ്ങിയവയും കൈകാര്യം ചെയ്യുന്നത് ഇടതു - വലതു പക്ഷ ചേരിതിരിവും ആഗോള മുതലാളിത്ത സോഷിലിസ്റ്റ് ക്രമങ്ങളുടെ ഇന്നത്തെ പ്രസ്കതി യും തന്നെയാണ്.

ഒരു സാഹിത്യകാരന്‍, കവി എന്ന നിലയില്‍ പ്രമോദ് അദ്ദേഹത്തിന്‍റെ കവിതകളിലൂടെ സംവദിക്കുന്നത് ആനുകാലിക വിഷയങ്ങളില്‍ വ്യക്തികള്‍ ചെയ്യേണ്ടി വരുന്ന, ചെയ്യേണ്ടുന്ന കാര്യങ്ങള്‍ തന്നെയാണ്. ഒപ്പം അദ്ദേഹം മുന്നേട്ട് വയ്ക്കുന്നത് മാര്‍ക്സിസവും - കമ്മ്യൂണിസവും ഇന്നത്തെ കാലത്തെ എങ്ങിനെ പ്രസ്കത്മാകുന്നു എന്നു തന്നെയാണ്.

34 comments:

ഞാന്‍ ഇരിങ്ങല്‍ said...

എല്ലാ സംവാദങ്ങളേയും മുക്കി കൊല്ലാന്‍ ആഗോള വല്‍ക്കരണത്തിന്‍റെ വിപണന തന്ത്രങ്ങള്‍ ഇന്നും എന്നും ശ്രമിക്കുന്നു. അതു കൊണ്ടാണ് ഇന്നത്തെ പത്രവാര്‍ത്ത നാളത്തെ വാര്‍ത്ത അല്ലാതായി മാറുകയും പിന്നീട് തുടര്‍ച്ച ഇല്ലാതാവുകയും ചെയ്യുന്നത്. മാത്രവുമല്ല പത്രവാര്‍ത്തയെ അതിജീവിക്കുന്ന സാഹിത്യമൊരു സാമൂഹിക വ്യവഹാരമാവുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ സാഹിത്യം പലഘട്ടങ്ങളിലും അത് അതിന്‍റെ അതിജീവന തന്ത്രം പ്രയോഗിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം. സമരങ്ങളുടെ സംസ്കാരം നഷ്ടപ്പെടുകയും അന്യാധീനപ്പെട്ടുപോവുകയും ചെയ്യുമ്പോള്‍ സമരസപ്പെടലിന്‍റെ സംസ്കാരം ഉടലെടുക്കുകയും ചെയ്യുന്നു. അത്തരം സമരസപ്പെടലാണ് കെ. എം പ്രമോദിന്‍റെ കവിതകള്‍ സാധ്യമാക്കുന്നത്.

കണ്ണൂസ്‌ said...

രാജു, വളരെ നല്ല പരിശ്രമം.

കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ആണ്‌ പ്രമോദിന്റെ കവിതകള്‍. സമയം പോലെ തിരിച്ചു വരാം.

1. സമരങ്ങളുടെ സംസ്കാരം നഷ്ടപ്പെടുകയും അന്യാധീനപ്പെട്ടുപോവുകയും ചെയ്യുമ്പോള്‍ സമരസപ്പെടലിന്‍റെ സംസ്കാരം ഉടലെടുക്കുകയും ചെയ്യുന്നു. അത്തരം സമരസപ്പെടലാണ് കെ. എം പ്രമോദിന്‍റെ കവിതകള്‍ സാധ്യമാക്കുന്നത്.

2. ചരിത്രവും പൌരധര്‍മ്മവും പൊതിഞ്ഞു സൂക്ഷിക്കേണ്ടതാണെന്നും ഇതൊന്നും ആരും കാണാതിരിക്കുകയാണ് വേണ്ടതെന്ന് ആരൊക്കെയോ ചേര്‍ന്ന് നമ്മെ പഠിപ്പിക്കുന്നു. സോഷിലിസം കട്ടിയുളള ഒരു പുറം ചട്ട മാത്രമായിരുന്നെന്നും അതൊരു കണക്കിലെ കളി മാത്രമായിരുന്നെന്നും കളികളൊക്കെയും നേരമ്പോക്കിനുള്ളവയാണെന്നും ആരോ നമ്മെ പഠിപ്പിക്കുകയാണെന്ന് പ്രമോദിന്‍റെ കവിതകള്‍ ചൂണ്ടിക്കാട്ടുന്നു.

3. ഒരു സാഹിത്യകാരന്‍, കവി എന്ന നിലയില്‍ പ്രമോദ് അദ്ദേഹത്തിന്‍റെ കവിതകളിലൂടെ സംവദിക്കുന്നത് ആനുകാലിക വിഷയങ്ങളില്‍ വ്യക്തികള്‍ ചെയ്യേണ്ടി വരുന്ന, ചെയ്യേണ്ടുന്ന കാര്യങ്ങള്‍ തന്നെയാണ്. ഒപ്പം അദ്ദേഹം മുന്നേട്ട് വയ്ക്കുന്നത് മാര്‍ക്സിസവും - കമ്മ്യൂണിസവും ഇന്നത്തെ കാലത്തെ എങ്ങിനെ പ്രസ്കത്മാകുന്നു എന്നു തന്നെയാണ്.


രാജുവിന്റെ ഈ മൂന്ന് നിരീക്ഷണങ്ങള്‍ പരസ്പരം ചേര്‍ന്ന് പോവുന്നുണ്ടോ? പ്രമോദിന്റെ കവിതയുടെ രാഷ്ട്രീയം ഞാന്‍ ഉള്‍ക്കൊണ്ടിടത്തോളം ഇതല്ല. ചരിത്രത്തില്‍ നിന്നും വ്യ്‌വസ്ഥകളില്‍ നിന്നും മാറിനിന്നുള്ള ചിരിയായാണ്‌ പ്രമോദിന്റെ കവിതകള്‍ എനിക്കനുഭവപ്പെട്ടത്‌. ഒരുതരം ഉള്‍ക്കാഴ്ചയുള്ള ചിരി.

വല്യമ്മായി said...

വായിച്ചു.വിശദമായ അഭിപ്രായം പിന്നീട്.

അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍ എന്ന കവിതയിലൂടെ ജീവിതംെത്രയൊക്കെ മാറ്റാന്‍ നോക്കിയാലും ഒരു തരിയെങ്കിലും ബാക്കിവെച്ചു പോകുന്ന ആശയാദര്‍ശങ്ങളെ കുറിച്ചാണ് കവി സൂചിപ്പിച്ചത് എന്നാണ് എനിക്കു തോന്നുന്നത്.

ഇത്തരം ചര്‍ച്ചകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

കണ്ണൂസ്,
ചര്‍ച്ചകള്‍ ഉണ്ടാവട്ടെ..
എന്‍ റെ നിരീക്ഷണം പ്രമോദിന്‍ റെ കവിതകളിലുള്ള എടുത്തണിയിലുകള്‍ മാത്രമാണ്. ചര്‍ച്ചചെയ്യാന്‍ ഏറെയുള്ള കവിതകളാണ് അധികവും. ഈ എഴുത്തും പൂര്‍ണ്ണമല്ല.
(ഒരിക്കല്‍ എഴുതി തീരാറായപ്പോള്‍ കറന്‍ റ് പോയി. വീണ്ടും അത് പോലെ എഴുതാന്‍ കഴിഞ്ഞില്ല. ക്ഷമ ഉണ്ടായില്ല എന്നതു തന്നെ കാരണം)

1. സമരങ്ങളോട് സമരസപ്പെടാനുള്ള ത്വരയാണ് എനിക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്. പിന്നെ ദൂരെ നോക്കി നില്‍ക്കുന്ന കവിയെ അല്ല കവിതയില്‍ എവിടേയും കാണുന്നത്. കാരണം കവിതന്നെയൊ
അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ തന്നെയൊ ആത്മാവിഷ്കാരമാണ് ഈ കവിതകളിലൊക്കെയും.കാരണം എല്ലാ കവിതകളിലും ‘ഞാന്‍’ കടന്നു വരുന്നു അല്ലെങ്കില്‍ ‘ എന്‍റെ‘ ഇഴുകി ചേര്‍ന്നിരിക്കുന്നു ആയതിനാല്‍ ദൂരെ നിന്ന് ചിരിക്കുന്ന കവിയെ കാണുവാന്‍ സാധിക്കുന്നില്ല. താങ്കള്‍ പറയുന്ന ഉള്‍ക്കാഴച എന്തെന്ന് മനസ്സിലായില്ല

വല്യമ്മായീ‍,
‘ഒരു തരിയെങ്കിലും ബാക്കി വച്ചു പോകുന്ന ആശയാദര്‍ശങ്ങളെ കുറിച്ചല്ല കവി പറയുന്നത്.
“എല്ലാം കണക്കു’ തന്നെ എന്നൊ എല്ലാം ഒന്നാണെന്നൊ ഉള്ള മുതലാളിത്തത്തിന്‍റെ മറ്റൊരു ചിന്തയാണ് കവി ബാക്കി വയ്ക്കുന്നത്. അതു കൊണ്ടു തന്നെയാണ് ‘ അറം പറ്റല്‍’, കവിതയുടെ തലവാചകം തന്നെ നോക്കൂ ‘നഷ്ടപ്പെടുത്തിയ‘ തുടങ്ങിയ സാധാരണവും എന്നാല്‍ അര്‍ത്ഥ സമ്പുഷ്ടവുമായ ബിംബ വ്യതിയാനങ്ങള്‍ കൊണ്ട് തെന്‍ റെ ഭാഗം സംവദിക്കുക തന്നെയാണ് കവി ചെയ്യുന്നത്.

അന്ന് ആ നഷ്ടം പറ്റിയില്ലായിരുന്നെങ്കില്‍ എന്ന് പറയുമ്പോള്‍ കുറ്റപ്പെടുത്തുന്നത് അടിയന്തിരാവസ്ഥയെ അല്ല മറിച്ച് ഇപ്പോള്‍ ആയതു പോലെ അമ്പലകമ്മിറ്റി പ്രസിഡന്‍ റൊ അതു പോലെ സ്ഥാനങ്ങളൊ ലഭിക്കുമായിരുന്നു എന്ന് കവി അറിയാതെ പറഞ്ഞു പോകുന്നു. അല്ലെങ്കില്‍ ഞാന്‍ നേരത്തേ ജനിച്ചേനേ..എന്നും പറയുന്നു. നേരത്തേ ജനിച്ചിട്ട് അടിയന്തിരാവസ്ഥയ്ക്ക് എതിരെ സമരം നയിക്കാനല്ല മറിച്ച് ഇന്നത്തെ കാലത്തിന്‍ റെ സ്ഥാനമാനങ്ങല്‍ കുറച്ചു കൂടി നേരത്തെ കിട്ടിയേനെ എന്നും തന്നെയാണ്. അതു കൊണ്ട് ആദ്യ കവിതയില്‍ നിന്ന് ഇവിടെ എത്തുമ്പോള്‍ കവിയിലെ മാര്‍ക്സ്സിറ്റ് കമ്മ്യൂണിസ്റ്റ് ചിന്താഗതിയില്‍ കാര്യമായ മാറ്റം വരികയും പുതിയലോകക്രമത്തെ പുല്‍കാന്‍ സകലരേയും പോലെ കവിയും തയ്യാറാവുന്നു
എന്നു തന്നെ യാണ് ഞാന്‍ കരുതുന്നത്.

അഞ്ചല്‍ക്കാരന്‍ said...

വായിച്ചു. കുറെ നാളായി ഈ വിഷയം മനസ്സിലുണ്ട്. കൂടുതല്‍ പറയാനിണ്ട്. ഇപ്പോള്‍ സമയമില്ല. രാത്രി എഴുതാം.

കുതിരവട്ടന്‍ | kuthiravattan said...

:-)

ഞാന്‍ ഇരിങ്ങല്‍ said...

അഞ്ചല്‍ കാരന്‍..
വിശദമായ ചര്‍ച്ച പ്രതീക്ഷിക്കുന്നു. ഒപ്പം താങ്കളുടെ നിരീക്ഷണവും.

കുതിരവട്ടന്‍.: എന്താ ഒരുചിരിയില്‍ ഒതുക്കി കളഞ്ഞത്? ചിരിദിനമായതിനാലോണൊ?

ഞാന്‍ ഇരിങ്ങല്‍ said...

Devadas VM പറയുന്നു..:

ഇത്തരം വിശദമായ ചര്‍ച്ചകള്‍ ബ്ലോഗില്‍ അന്യം നിന്നു പൊകുന്ന ഈ കാലത്ത് താങ്കളുടെ പരിശ്രമം തീര്‍ത്തും ശ്രദ്ധേയമാണ്.

നന്ദി

തറവാടി said...

ഇരിങ്ങലെ ,

ഉള്ളതു പറഞ്ഞാ പിണങ്ങല്ലെ ,

എന്നെപ്പോലുള്ള "സാദാ" ആളുകള്‍ക്ക് വായിക്കാന്‍?

( പാചകമൊഴിച്ചു നിര്‍ത്തണേ!)

:)

ഞാന്‍ ഇരിങ്ങല്‍ said...

തറവാടീ,
എന്താ ഈ ‘സാദാ’ ആള്‍? എന്തായാലും താങ്കള്‍ പാചക മത്സരത്തിലൊന്നും പങ്കെടുക്കുന്നില്ലല്ലൊ..

ഈ ‘ സാദാ’ ഒന്ന് വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു.

Anonymous said...

പ്രമോദിന്റെ കവിതകളെ കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു.
നന്ദി.

Rasheed Chalil said...

പോസ്റ്റ് ഇഷ്ടമായി. നല്ല ശ്രമം.

ഓടോ :
ഇരിങ്ങല്‍ജീ പച്ചാളത്തിന്റെ പ്രൊഫൈലില്‍ പറഞ്ഞ ‘സിധാ സാദാ ആത്മി‘ യിലെ ‘സാദാ‘ ആയിരിക്കും.

ഞാന്‍ ഇവിടെ എവിടേയും ഇല്ല.

Mr. K# said...

വന്നു. വായിച്ചു. പോകുന്നു. അത്രയേ ആ ചിരിക്കര്‍ത്ഥമുള്ളു. പോസ്റ്റിനെക്കുറിച്ച് നല്ലതെന്നോ ചീത്തയെന്നോ പറയണം എന്നു തോന്നിയില്ല, അപ്പോപ്പിന്നെ ഒരു സ്മൈലിയിട്ടു സ്ഥലം കാലിയാക്കുക.

qw_er_ty

ദൃശ്യന്‍ said...

ഇരിങ്ങല്‍,

വളരെ നല്ല സംരംഭം.

പ്രമോദിന്‍‌റ്റെ കവിതകള്‍ അധികം വായിച്ചില്ല, വായിച്ചിട്ട് എന്‍‌റ്റെ അഭിപ്രായാം തീര്‍ചയായും പറയുന്നതായിരിക്കും.

സസ്നേഹം
ദൃശ്യന്‍

Pramod.KM said...

ഇരിങ്ങല്‍ മാഷേ.ഉദ്യമത്തിന്‍ നന്ദി പറയട്ടെ.:)
കവിത മൊത്തമായി എടുത്ത് വിശകലനം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെ.
കമ്യൂണിസം പലപ്പോഴും എന്റ്റെ കവിതയില്‍ വരുന്നത് ഒരു ആത്മ വിമറ്ശനമായോ,സങ്കടമായോ,ആഹ്വാനമോ ഒക്കെ ആയാണ്‍.ക്ഷണം എന്ന കവിതയില്‍ ‘ചുവന്ന മുട്ടകളുടേ ചീഞ്ഞുപോയ സ്വപ്നം’എന്നത് വേദനയോടെ തന്നെ എഴുതിയതാണ്‍.പിന്നെ കണ്ണൂരിലെ കുട്ടികളുടെ രാഷ്ട്രീയത്തെ കുറിച്ച് താങ്കള്‍ക്കും അറിവുള്ളതാണല്ലോ.
അടിമ പറഞ്ഞതിനേക്കാള്‍ നന്നായി ചൂഷിതന്റെ ആത്മവിശ്വാസത്തെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല.
അടിയന്തിരാവസ്ഥയ്ക്ക് ശേഷം ആശയങ്ങള്‍ പണയപ്പെടുത്തേണ്ടി വന്ന പഴയ വിപ്ലവകാരികള്‍,എന്റെ അച്ഛന്‍ അടക്കമുള്ളവറ്,ബാക്കിവെച്ചത് ഒരു തലമുറയുടെ നഷ്ടമാണ്‍.മകന്റെ 6 വറ്ഷങ്ങള് നഷ്ടപ്പെടുത്തി എന്നല്ലാതെ ഒന്നും നേടുന്നില്ല പപ്പന്‍ എന്ന സഖാവ്.മാത്രമല്ല’ചെറുപ്പത്തില്‍ ഇതിലപ്പുറം തോന്നും’എന്ന പിന്തിരിപ്പന്‍ ആശയമാണ്‍ പപ്പനെ നയിക്കുന്നത് ഇപ്പോള്‍.
കവിതകളിലൂടെ ഞാന്‍ സമരസപ്പെടുകയോ,സമരം ചെയ്യുകയോ ആണോ ചെയ്യുന്നത് എന്നുള്ളത് വായനക്കാരന്റെ ഹൃദയങ്ങളാണ്‍ തീരുമാനിക്കേണ്ടത്.
നന്ദി.എല്ലാവറ്ക്കും.കവിത മൊത്തത്തില്‍ വിശകലനം ചെയ്യാന്‍ സമയമെടുക്കുമെന്നതു കൊണ്ടാവണം,പിന്നീട് അഭിപ്രായം പറയാമെന്ന് മുമ്പ് ഈ ലേഖനത്തിന്‍ കമന്റു ചെയ്തവറ് ഒന്നും പറയാതിരിക്കുന്നത്;)

ഞാന്‍ ഇരിങ്ങല്‍ said...

പ്രമോദ്..,
ബ്ലോഗിലെ ഒരു അവസ്ഥ അങ്ങിനെയാണ്. പിന്നെ വായിച്ച് എഴുതാം എന്ന് പറയും അപ്പോഴേക്കും പുതിയത് വന്നിരിക്കും. പിന്നെ പഴയതിന് പ്രസക്തി ഇല്ലല്ലോ. സത്യത്തില്‍ ഇത് നമ്മുടെ ടെലിവിഷന്‍ മീഡിയയുടെ ഒരു കുഴപ്പമാണ്.

താങ്കളുടെ കവിതകളെ കുറിച്ചുള്ള നിരീക്ഷണം അത്ര കേമമൊന്നും ആക്കാന്‍ പറ്റിയില്ല. എങ്കിലും ശ്രമിച്ചിട്ടുണ്ട്.
ബൂലോകത്തിലെ ചില കവിതകളെ താരതമ്യം ചെയ്തു കൊണ്ട് ഒരു പഠനം ഉദ്ദേശിക്കുന്നുണ്ട്. എന്താണ് അഭിപ്രായം.

Pramod.KM said...

കവിതകളുടെ താരതമ്യ പഠനവും നല്ലതു തന്നെ.
2ഓ മൂന്നോകവിതകള്‍ മാത്രമായാലെ അതും ഫലം ചെയ്യൂ.എനിക്ക് തോന്നുന്നത് ഓരോ കവിതയായി എടുത്ത് വിശകലനം ചെയ്യുന്നത് നന്നാവും എന്നാണ്‍.അത്തരത്തിലാവുമ്പോള്‍ പുതിയത് വരുന്നു എന്നുള്ള പ്രശ്നങ്ങളുമില്ല.മാത്രമല്ല,ഒരു കവിയുടെ എല്ലാ കവിതകളുക്കും ഒരു പൊതു സ്വഭാവം കല്‍പ്പിക്കുക എന്നത് അത്ര ഫലപ്രദമാവില്ല.വ്യത്യസ്ഥ ജീവിത് സാഹചര്യങ്ങളിലാണല്ലൊ വ്യത്യസ്ഥ കവിതകള്‍ ജനിക്കുന്നത്.
കവിതാപഠനത്തിനായി ഒരു ബ്ലോഗ് വിശാഖ് ശങ്കറ് മാഷ് തുടങ്ങിയിട്ടുമുണ്ട്,താങ്കള്‍ ശ്രദ്ധിച്ചോ എന്നറിയില്ല.

തറവാടി said...

ഇരിങ്ങലേ ,

"സാദാ" ആളുകള്‍ എന്നുദ്ദേശിച്ചത് , എന്നെപ്പൊലുള്ള ആളുകളെയാണ്. ( അതെത്ര പേരുണ്ടെന്ന് ചോദിച്ചാല്‍!)

എന്താണ്‍ താങ്കള്‍ ഈ പോസ്റ്റില്‍ ഉദ്ദേശിച്ചത്‌?

അതുകൊണ്ടാര്‍ക്കാണ്‌ നേട്ടം?

അതോ അങ്ങിനെയൊന്നുണ്ടോ?

പണ്ട് ബ്ളോഗര്‍മാരെ പരിചയപ്പെടുത്തുന്ന ഒരു പരിപാടി തുടങ്ങി ,

അതതു പൊലെ അവസാനിച്ചു , ( അതോ അവസാനിപ്പിച്ചോ?)
ഞാന്‍ തുറന്നു പറഞ്ഞാല്‍ എല്ലാര്‍ക്കും പിടിച്ചെന്നു വരില്ല , പക്ഷെ പറയാതിരിക്കാന്‍ എനിക്കൊട്ടുവയ്യതാനും ,

ഒരു തരത്തില്‍ ഇതും ഒരു "പുറം ചൊറിയലല്ലെ" നിങ്ങള്‍ കവിതവായിക്കൂ , നിങ്ങള്‍ ചിന്തിക്കുന്നതുപോലെ ഞാന്‍ ചിന്തിക്കണമെന്നില്ലല്ലോ , പ്രമോദ് കവിതകള്‍ എഴുതട്ടെ , പറ്റുന്നവര്‍ വായിക്കട്ടെ,

പിന്നെ കാശ്‌ കൊടുത്തല്ലല്ലോ നമ്മള്‍ ബൂലോകത്ത് വായിക്കുന്നത് , അങ്ങിനെയെങ്കില്‍ അതു കൊടുക്കുന്നതിനു മുമ്പെ ഒരു വിമര്‍ശനമോ / വിലയിരുത്തലോ നോക്കുന്നതില്‍ കുറ്റമില്ലതാനും
, കാശെങ്കിലും കളയാതിരിക്കാന്‍ പറ്റുമെങ്കില്‍ !

ദേ ഇരിങ്ങലേ ,

ഞാന്‍ എന്‍റ്റെ അഭിപ്രായം പറഞ്ഞു അത്രമത്രം

( എത്രയോ പുതിയവര്‍ വരുന്നു അവരുടെ പോസ്റ്റുകള്‍ വായിച്ച് ഒരു അഭിപ്രായം പറയാന്‍ പറ്റിയാല്‍ അതാകും ഇതിനേക്കാള്‍ നല്ലതെന്നെന്‍റ്റെ മതം )

:)

ഞാന്‍ ഇരിങ്ങല്‍ said...

തറവാടീ,

1. എന്താണ്‍ താങ്കള്‍ ഈ പോസ്റ്റില്‍ ഉദ്ദേശിച്ചത്‌?
ചോദ്യം പോലെ തന്നെ ഉത്തരവും വ്യക്തം. ബൂലോകത്തിലെ നല്ല കവിതകളുടെ അല്ലെങ്കില്‍ ചില പ്രത്യേകതകള്‍ ഉള്ള കവിതകളെ എന്‍റെ വായനാ രീതിയും ശൈലിയും വച്ച് എന്‍റെ കണ്ണടയിലൂടെ കണ്ടത് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുക. കൂടാതെ മാധ്യമ ഭീകരന്‍ മാരുടെ അതിഭയങ്കരങ്ങളായ കവിതകളില്‍ നിന്ന് ഏറെയൊന്നും മോശമല്ലാത്ത അല്ലെങ്കില്‍ അവയ്ക്കൊപ്പം നില്‍ക്കുന്നവയാണ് ബൂലോക കവിതകളും എന്ന് ഉറക്കെ പ്രഖ്യാപിക്കുക തുടങ്ങി വളരെ സഹജമായ ഉദ്ദേശങ്ങള്‍ മാത്രമാണ്.

2. അതുകൊണ്ടാര്‍ക്കാണ്‌ നേട്ടം?
നേട്ടം ഒരു വ്യക്തിക്ക് മാത്രമാണെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. ബൂലോകത്തിലെ ഇത്തരം രചനകളെ മറ്റ് വന്‍ കിട മാധ്യമങ്ങള്‍ക്ക് കൂടി പരിചയപ്പെടുത്തുന്നതോടൊപ്പം ബൂലോകത്തിലെ തന്നെ സീരിയസ്സ് വായനക്കാര്‍ക്കും കവികള്‍ക്കും ഒരു പ്രചോദനമായിരിക്കുമെന്നു തന്നെ ഞാന്‍ കരുതുന്നു.

3. അതോ അങ്ങിനെയൊന്നുണ്ടോ?

അങ്ങിനെ ഉണ്ടെന്ന് മനസ്സിലായല്ലൊ അല്ലേ...

4. പണ്ട് ബ്ളോഗര്‍മാരെ പരിചയപ്പെടുത്തുന്ന ഒരു പരിപാടി തുടങ്ങി , അതതു പൊലെ അവസാനിച്ചു , ( അതോ അവസാനിപ്പിച്ചോ?)

ബ്ലോഗര്‍ മാരെ പരിചയപ്പെടുത്തുന്നതു പോലെയൊ അതിലേറെയൊ പ്രാധാന്യം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ കാണുന്നു.
പിന്നെ പുതിയ നല്ല ബൂലോകരെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശം ഇപ്പോഴും തുടരുന്നു. പക്ഷെ സമയം കിട്ടാത്തതിനാല്‍ വളരെ പതുക്കെയാണ്.

വിജയിക്ക് പിന്നാലെ പോവുക എന്‍റെ ശീലമല്ല. തോറ്റവര്‍ക്ക് പിന്നാലെ പോവുകയാണ് പതിവ്.

5. ഞാന്‍ തുറന്നു പറഞ്ഞാല്‍ എല്ലാര്‍ക്കും പിടിച്ചെന്നു വരില്ല , പക്ഷെ പറയാതിരിക്കാന്‍ എനിക്കൊട്ടുവയ്യതാനും ,

തുറന്ന് പറയുന്നതു കൊണ്ട് തന്നെ ഏറെ പിടിച്ചു. ഇനിയും പറയുക. നമുക്ക് മുഖം നോക്കേണ്ട കാര്യമില്ല. (എങ്കിലും ഞാന്‍ പുലിയൊന്നുമല്ലല്ലൊ)

6. ഒരു തരത്തില്‍ ഇതും ഒരു "പുറം ചൊറിയലല്ലെ"
കവിതാ നിരൂപണം ഒരിക്കലും പുറം ചൊറിയലല്ല. അതിനെ നിരൂപകന്‍റെ കണ്ണട വച്ച് വായിക്കുമ്പോഴുണ്ടാകുന്ന ഒരു ആസ്വാദനം മാത്രമാണ്. അല്ലാതെ ഒരു കവിക്കും പുറം ചൊറിഞ്ഞു കൊടുക്കേണ്ട ഗതികേട് ഇതുവരെ വന്നിട്ടില്ല.
പരസ്പരം പുറം ചൊറിയുന്നതിനെ നേരിട്ടും ബൂലോകത്തും പൊതു മാധ്യമങ്ങളിലും ശക്ത്മായി എതിര്‍ത്തിട്ടുള്ള ഒരാളാണെന്ന് എന്നെ അറിയുന്നവര്‍ക്ക് നന്നായറിയാം എന്നു തന്നെ കരുതുന്നു.

ഇത്തരം കണ്ടെത്തലുകള്‍ നല്ല കവിതയ്ക്കും വായനയ്ക്കും വഴിവയ്ക്കും എന്ന് ഞാന്‍ കരുതുന്നതിനാല്‍ ചെയ്യുന്നു എന്നു മാത്രം.
തീര്‍ച്ചയായും മറ്റൊരു കവിയുടെ കവിതകളെ അവലോകനം ചെയ്തുകൊണ്ട് അടുത്തു തന്നെ വീണ്ടും പ്രതീക്ഷിക്കാം.

7. നിങ്ങള്‍ കവിതവായിക്കൂ , നിങ്ങള്‍ ചിന്തിക്കുന്നതുപോലെ ഞാന്‍ ചിന്തിക്കണമെന്നില്ലല്ലോ ,

കവിത അല്ലെങ്കില്‍ കഥ പത്തു പേര്‍ വായിക്കുമ്പോള്‍ പത്ത് തരത്തിലാണ് വായ്ക്കുന്നത് അപ്പോള്‍ ഞാന്‍ വായിക്കുമ്പോള്‍ ഉണ്ടായ എന്‍റെ അനുഭവങ്ങള്‍ എഴുതുന്നു എന്നതു പോലെ താങ്കള്‍ക്കും പരിശ്രമിക്കാവുന്നതാണ്.
നല്ല കാമ്പുള്ളത് കണ്ടെത്തി കാണാത്തവര്‍ക്ക് എത്തിച്ചൊടുക്കുമ്പോള്‍ഴുണ്ടാകുന്ന ഒരു സുഖം കൂടി ഇതിനുണ്ട്.

8. പിന്നെ കാശ്‌ കൊടുത്തല്ലല്ലോ നമ്മള്‍ ബൂലോകത്ത് വായിക്കുന്നത് , അങ്ങിനെയെങ്കില്‍ അതു കൊടുക്കുന്നതിനു മുമ്പെ ഒരു വിമര്‍ശനമോ / വിലയിരുത്തലോ നോക്കുന്നതില്‍ കുറ്റമില്ലതാനും
, കാശെങ്കിലും കളയാതിരിക്കാന്‍ പറ്റുമെങ്കില്‍ !

തീര്‍ച്ചയായും ഞാനൊരുക്കലും വിലയിരുത്തലുകളൊ വിമര്‍ശനങ്ങളൊ കണ്ടിട്ട് വായിക്കുകയൊ കാണുകയൊ ചെയ്യാറില്ല. നല്ലതാണെന്ന് പറഞ്ഞ കൃതി പലപ്പോഴും എനിക്ക് നല്ലതായി തോന്നാറുമില്ല. നേരെ തിരിച്ചും.

പുതിയവ വരുമ്പോള്‍ എണ്ണത്തിലല്ല കാര്യം അതിന്‍റെ ഉള്ളടക്കത്തിലും കൈകാര്യം ചെയ്യുന്നതിലുമാണ്. കൂടുതല്‍ കൃതി വരാതിരിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുകയും നല്ല പത്ത് കൃതികള്‍ മാത്രം വരട്ടേ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍.

വീണ്ടും താങ്കളുടെ കുറിപ്പുകളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു ശക്തമായി തന്നെ.

തറവാടി said...

ഇരിങ്ങലേ ,

:)

Pramod.KM said...

തറവാടിയേട്ടാ..
ഈ പോസ്റ്റ് കൊണ്ട് എനിക്കുണ്ടായ എടുത്തുപറയത്തക്കതായ ഒരു ഗുണം:
“At 4:36 AM, Thulasi said.to Iringal
പ്രമോദിന്റെ കവിതകളെ കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു.“
"Thulasi said...
പ്രമോദേ, ഇന്നാണ് നിന്റെ കവിതകളൊക്കെ വായിച്ചത്. സന്തോഷിച്ചു,സങ്കടപ്പെട്ടു, ആലോചിച്ചു അത്ഭുതപ്പെട്ടു.
ഈ ചിത്രം ഞാന്‍ നിന്റെ കവിതകള്‍ക്ക് സമര്‍പ്പിച്ചോട്ടേടാ സഖാവേ ? :)
5:59 AM"
സമര്‍പ്പണംപ്രമോദിന്റെ കവിതകള്‍ക്ക്
ഇത് വലിയ ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു,വ്യക്തിപരമായി.നന്ദി;)

Inji Pennu said...

ദേ ഇവിടേം..പുതിയവരെ അനുമോദിക്കാന്‍ ഒരു പരിപാടി സംഘടിപ്പിക്കൂ പ്രിയ തറവാടി മാഷേ...ഞാന്‍ അവിടെ കമന്റിടാന്‍ റെഡി! ഇത് കുറെയായി ഞാന്‍ വായിക്കുന്നു താങ്കളുടെ കമന്റില്‍....:) ഇന്നിതു പറ്യാണ്ടിരിക്കാന്‍ പറ്റണില്ല. ക്ഷമിക്കൂ... :)..സംഘടിപ്പിക്കൂ! സംഘടിപ്പിക്കൂ...പണ്ട് ജോണ്‍ എഫ് കെന്നഡി പറഞ്ഞിട്ടുണ്ട് (ശ്ശൊ , ഇനിയത് ഗൂഗിളില്‍ പോയി തപ്പണം)...അല്ലെങ്കില്‍ വേണ്ടല്ലെ? :)

ശ്ശെടാ ഇതു വലിയ പൊല്ലാപ്പാണല്ലൊ, ബ്ലോഗില്‍ എന്ത് ചെയ്താലും, ആദ്യം പുതിയവര്‍ക്ക് വേണ്ടി എന്തു ചെയ്തു എന്ന് ചോദ്യം...ഈ പ്രമോദ് എന്നു പറയുന്ന ആള്‍ പുതിയതല്ലേ? കഷ്ടി ഒരു മാസമായിട്ടുള്ളൂന്നാ തോന്നണെ, ആ കൊച്ച് സഹജീവികളോടുള്ള ഉപദ്രവം തുടങ്ങീട്ട്...:)

ഇരിങ്ങലേട്ടാ ഒന്ന് ക്ഷമിക്കണേ...

sandoz said...

ഇന്നിവിടെ കൂടാന്‍ പറ്റൂന്നാ തോന്നണേ.......
ഞാന്‍ പോയി ഒരു പായും തലയിണയും എടുത്ത്‌ കൊണ്ടുവരട്ടെ.......
അടി തുടങ്ങല്ലേ....
ഞാന്‍ ഓടിപ്പോയിട്ട്‌ വരാം.....

ഇരിങ്ങലേട്ടാ...ഈ വേഡ്‌ വെരി [qajgk]ഒന്നെടുത്ത്‌ മാറ്റിയേ...പെട്ടെന്ന് ..പെട്ടെന്ന് കമന്റ്‌ ഇടാനുള്ളതാ.....

വിഷ്ണു പ്രസാദ് said...

ഇരിങ്ങലിന്റെ ഉദ്ദേശ്യം നല്ലതു തന്നെയായിരുന്നു.പ്രമോദിന്റെ കവിതകള്‍ ഇത്ര വേഗം പഠനത്തിനു വിധേയമാക്കിയപ്പോള്‍ അതിനൊരു പ്രതികരണം നല്‍കാന്‍ ഞാന്‍ തയ്യാറായിട്ടുണ്ടായിരുന്നില്ല എന്നതാണ് സത്യം.അയാളുടെ കവിതകള്‍ എല്ലാം വായിച്ച് വിലയിരുത്താതെ എന്തെങ്കിലും പറയുന്നത് ശരിയല്ലല്ലോ.ബൂലോകത്തെ ഏറ്റവും കാവ്യോര്‍ജ്ജമുള്ള
കവിയാണ് ഇപ്പോള്‍ ഈ ചെറുപ്പക്കാരന്‍.അയാള്‍ ഈ പ്രോത്സാഹനം ശരിക്കും അര്‍ഹിക്കുന്നുണ്ട്.എത്ര അയത്ന ലളിതമായാണ് അയാള്‍ ബാര്‍ബര്‍ കണ്ണേട്ടനേയും ഭാഗ്യവാനെയയുമൊക്കെ വരച്ചു വെച്ചിരിക്കുന്നത്.
പക്ഷേ ഇരിങ്ങലിന്റെ പഠനത്തില്‍ ചില വൈരുദ്ധ്യങ്ങള്‍ കടന്നു കൂടിയിട്ടുണ്ടെന്ന് കണ്ണൂസ് പറഞ്ഞത് ഞാനും ശരി വെക്കുന്നു.
(തുടരാം)

വിഷ്ണു പ്രസാദ് said...

ഇരിങ്ങല്‍ ഇവിടെ പ്രമോദിന്റെ കവിതയിലെ രാഷ്ട്രീയമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.നടക്കുകയില്ലെന്ന് ഉറപ്പുള്ള ഒരു വിപ്ലവസ്വപ്നം(അതീ കവിക്കും ബോധ്യമുണ്ട്) അണുരൂപത്തില്‍ ഈ കവിയുടെ ഉള്ളില്‍ നിലനില്‍ക്കുന്നുവെന്നത് സത്യമാണെങ്കിലും ,അതിനെ താനുള്‍പ്പെടുന്ന തലമുറയുടെ സാമ്പ്രദായികമായ ഒരു സഹാനുഭൂതിയോടെയും പരിഹാസത്തോടെയും ഇയാള്‍ മാറിമാറിക്കാണുന്നുണ്ട്.എന്നാല്‍ തനിക്കോ തന്റെ കവിതയ്ക്കോ ഒരു വിപ്ലവത്തെ തിരിച്ചുവിളിക്കാനാവില്ലെന്ന് അയാള്‍ക്കറിയാം.

പൂര്‍ണമായും രൂപപ്പെട്ടില്ലാത്ത ഒരു കവിയെക്കുറിച്ച് ഇതില്‍പ്പരം പറയുന്നത് അപരാധമാണ്.എങ്കിലും അഗോളീകൃതമായ സമൂഹത്തിന്റെ നടപ്പവസ്ഥകള്‍ കാട്ടിത്തരുവാന്‍(അതും പരിമിതമായി) മാത്രമേ ഇതുവരെ എഴുതപ്പെട്ട കവിതകള്‍ക്കാവുന്നുള്ളൂ.
ഇതു പറയേണ്ടിവന്നത് കവിതയിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്തതു കൊണ്ടാണ്...

Kiranz..!! said...

രാജുവേട്ടാ..അവന്റെ കവിതകള്‍ ഒരു പഠനവിധേയമാക്കിയത് നന്നായി,ചെക്കന്‍ എങ്ങോ‍ട്ടാ ഈ പോക്കെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവൂല്ലോ :)

ഒരു കാര്യം,എനിക്ക് കവിത വായിക്കാന്‍ ചില പ്രചോദനങ്ങള്‍ കിട്ടി അവിടെ നിന്നും..നല്ല്ല പോസിറ്റീവായ ചില ലീഡുകള്‍..അതുകൊണ്ട് അയാം ദ ഹാപ്പി..

സാന്റോ..എന്നെയങ്ങ് കൊല്ലെടാ..:)))

Viswaprabha said...

പ്രമോദിന്റെ കവിതകളെ പഠനപ്രാധാന്യത്തോടെ ഞാനും ഇതുവരെ വായന തുടങ്ങിയിട്ടില്ല.

പ്രമോദിന്റെയെന്നല്ല, മിക്കവാറും പല ബൂലോഗകവികളേയും ഇനിയും വിശദമായി വായിക്കാനിരിക്കുന്നതേയുള്ളൂ.

എന്റെ ബ്ലോഗുസ്വപ്നങ്ങളില്‍ സങ്കല്‍പ്പിച്ചിരുന്നതിനേക്കാള്‍ വളരെ വളരെ വിശാലമാണ് ബ്ലോഗിലെ മലയാ‍ള‍കവിതകളുടെ സാദ്ധ്യതകള്‍ എന്ന് കുറച്ചുമുന്നേ മനസ്സിലായിരുന്നു. പേരെടുത്തുപറയാതെ (മനമറിയാതെ ആരെയെങ്കിലും വിട്ടുപോവരുതല്ലോ) കുറേയധികം നല്ല ധിഷണകളെ എനിക്കിവിടെ കാണാനാവുന്നുണ്ട്. എങ്കിലും എഴുതിയെഴുതി ഇനിയും തെളിയേണ്ടവരാണ് മിക്കവാറും. ഗൌരവമുള്ള, ദീര്‍ഘനാളത്തെ സ്ഥായിയുള്ള, കവിതകളിലേക്ക് ഈ കൂട്ടുകാര്‍ മെല്ലെ മെല്ലെ കാലെടുത്തുവെക്കുമെന്ന് എനിക്കുറപ്പുണ്ട്. എങ്ങനെയെഴുതിയാലും കവിതയായി എന്ന സാമാന്യസങ്കല്പം ‘കഴിവുറ്റവരുടെ നിലനില്‍പ്പി’ലൂടെ സാവധാനം വാര്‍ന്നുപൊക്കോളും.

അച്ചടിയ്ക്കും കവിയരങ്ങുകള്‍ക്കും കൊണ്ടുകൊടുക്കാനാവാത്ത വായനക്കാരെയും പിന്മൊഴിച്ചാര്‍ത്തുകളേയും സ്വയംതിരുത്തലുകളേയും സമ്മാനിക്കാനാവും ബൂലോഗക്കവിതക്കൂട്ടത്തിന്.


ബ്ലോഗുകവിതകളില്‍ ഇരിങ്ങലിന്റെ ഇടപെടലുകള്‍ ശ്ലാഘനീയമാണ്. ആ വിമര്‍ശനങ്ങള്‍ /ആസ്വാദനങ്ങള്‍ കുറ്റമറ്റതോ അല്ലയോ എന്നത് ഇപ്പോള്‍ പ്രസക്തമല്ല. ആരെയാണ് ഇരിങ്ങല്‍ പഠിക്കാനെടുക്കുന്നത് എന്നും പ്രസക്തമല്ല. പരസ്പരം ഗൌരവമായി പഠിക്കുവാന്‍ ശ്രമിക്കുന്നു എന്ന നിലയില്‍ തന്നെ അതൊരു വലിയ കാര്യമാണ് ഇപ്പോള്‍.

എല്ലായിടത്തും ചിതറിക്കിടക്കുന്ന ബൂലോഗത്തുണ്ടുകളില്‍ നിന്ന് ശ്രദ്ധിക്കപ്പെടേണ്ട അലുകുകള്‍ തപ്പിയെടുക്കുകയും അവയൊക്കെ രാകി മൂര്‍ച്ച നോക്കുകയും ചെയ്യുക എന്നതും ഒരു നല്ല സേവനം തന്നെ.



ഇരിങ്ങല്‍ അര്‍പ്പണബോധത്തോടെ ഈ കര്‍ത്തവ്യം തുടരുക. ഈ പഠനങ്ങളുടെ തന്നെ ഗുണനിലവാരം തല്‍ക്കാലം പ്രസക്തമല്ല.


ഇത്തരം ഒരു പഠനത്തിന് വിധേയനാകുന്ന ബ്ലോഗറിനായിരിക്കും ഇതുമൂലം ഏറ്റവും ഗുണം. കൂടുതല്‍ ആളുകള്‍ വായിക്കുന്നുണ്ട് എന്നതല്ല. (ഒരു ബാക്ക് ലിങ്ക് എന്ന നിലയില്‍ വളരെ ചെറിയ ഒരു സമയത്തേക്കുമാത്രമേ ഉണ്ടാവൂ അത്തരം എഫെക്റ്റ് ). പ്രത്യുത, എഴുത്തുകാരന് ഇനിയും എഴുതാനിരിക്കുന്ന വരികളില്‍ കൂടുതല്‍ ഉത്തരവാദിത്തവും ശ്രദ്ധയും അതു നല്‍കും. വെറുതെ പൊടിഞ്ഞുവീഴുന്ന ഇത്തിരി കമന്റുകളേക്കാള്‍ അവന്‍ അപ്പോള്‍ ഉറ്റുനോക്കുക ഒരു കവിയെന്നുള്ള സ്വന്തം ആത്മവിശ്വാസത്തിലേക്കും അതിന്റെ ഉന്നമനത്തിലേക്കുമായിരിക്കും.

അങ്ങനെയാണ് ബൂലോഗകവിതകള്‍ സഹാര്‍ത്ഥനാമികളായ മറ്റെല്ലാ എഴുത്തുകൂട്ടങ്ങളേയും വെല്ലുവിളിച്ച്, നാളെ ഭാഷയുടെ സാമൂഹ്യപ്രതിപത്തിയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പോകുന്നത്.

***

പുതിയ ബ്ലോഗര്‍മാരെ ശ്രദ്ധിക്കുന്നില്ല എന്ന പരാതിയില്‍ ഇനി അര്‍ത്ഥമില്ല. കൂടുതല്‍ ആളുകളുണ്ടാവും തോറും ശ്രദ്ധ ലഭിക്കാനുള്ള മത്സരവും കൂടും. എല്ലാവരേയും ഇഷ്ടപ്പെട്ടുകൊണ്ടു തന്നെ, എന്നിട്ടും എല്ലായിടത്തും എത്തിപ്പെടാന്‍ കഴിയാതെ ഇരിക്കേണ്ടി വരും എത്ര അര്‍പ്പിതചേതസ്സുകളായാലും നമുക്കൊക്കെ. ക്ഷമയും കാലവും സ്വന്തം അദ്ധ്വാനവും കൊണ്ടു മാത്രമേ ഇനി ആര്‍ക്കും(പുതിയവരായാലും പഴയവരായാലും) ‘തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേരാ’യി മാറാന്‍ കഴിയൂ. ആസൂത്രിതമായ ‘പുറംചൊറിയല്‍’ കൊണ്ടുപോലും ശരിക്കും അര്‍ഹനല്ലാത്ത ഒരാളെയും പൊക്കിയെണീച്ചു നടത്തിക്കാന്‍ പറ്റില്ല ഇനി.


മുന്‍പേ നടന്നവര്‍ക്ക് പുതിയ ബ്ലോഗര്‍മാര്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം ഇപ്പോഴുമുണ്ട്. സാങ്കേതികമായി അവരെ സഹായിക്കുക. മലയാളം എങ്ങനെ തെറ്റുകൂടാതെ കമ്പ്യൂട്ടറില്‍ തയ്യാറാക്കാം എന്നും അത് ഏറ്റവും നയനാനദകരമായി എങ്ങനെ ബ്ലോഗിലോ മറ്റിടങ്ങളിലോ അവതരിപ്പിക്കാം എന്നോ പറഞ്ഞുകൊടുത്തുകൊണ്ടേ ഇരിക്കുക.

ആഴ്ചയില്‍ ശരാശരി 10 പേര്‍ക്ക് ഓണ്‍‍ലൈനായോ ഓഫ്‌ലൈനായോ വരമൊഴി/ബ്ലോഗ് രീതികള്‍ പഠിപ്പിച്ചുകൊണ്ടാണ് ഞാന്‍ എന്റെ നിലയില്‍ ആ സപര്യ തുടരുന്നത്. കമന്റിടുന്നതിനേക്കാളും പോസ്റ്റിടുന്നതിനേക്കാളും പ്രധാനമാണ് അത് എന്നു ഞാന്‍ കരുതുന്നു.

തറവാടി said...

ഇഞ്ചീ,

ഇത്തരം പോസ്റ്റുകളല്ല നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടത് മറിച്ച് ,

ദോശയും ചമ്മന്തിയുമൊക്കെയാണ്
അതു നമ്മള്‍ മറക്കരുത്!

ഞാന്‍ ഇരിങ്ങല്‍ said...

തറവാടിയുടെ ഇടപെടല്‍ കൂടുതല്‍ വായനയെ സഹായിക്കുന്നുവെന്ന് സമ്മതിക്കാതിര്‍ക്കാന്‍ വയ്യ.

ഇഞ്ചിപ്പെണ്ണ്.. താങ്കള്‍ ഇവിടെ വന്നതിന് നന്ദിയുണ്ട്.

സാന്‍ഡോസ് കിടക്കയും തലയിണയും എടുത്ത് ഉറങ്ങാതെ കാത്തിരുന്നെങ്കിലും ഒരടി കാണാന്‍ ഭാഗ്യമില്ലാതെ പോയി. അല്ലേ..

ബൂലോകത്തെ ചില കവികളെങ്കിലും ഇത് വായിച്ചൂ ന്നറിയുന്നത് തന്നെ എനിക്ക് അഭിമാനമാണ്.

വിഷ്ണുമാഷേ.. കണ്ണൂസ് പറഞ്ഞതിലെ വൈരുധ്യങ്ങള്‍ ഞാ‍ന്‍ വിശദീകരിച്ചതാണ്.
“ആരോ നമ്മെ പഠിപ്പിക്കുകയാണെന്ന് പ്രമോദിന്‍റെ കവിതകള്‍ ചൂണ്ടിക്കാട്ടുന്നു.”

ആരോ.. എന്നുള്ളത് ഉറച്ച് വായിക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത് വൈരുധ്യമില്ലാതെ കിട്ടും എന്നു തന്നെയാണ് എന്‍റെ പക്ഷം. ഒപ്പം പ്രമോദിന്‍റെ വിശദീകരണം കൂടിയായപ്പോള്‍ വിശദമായി എന്നു തന്നെ ഞാന്‍ കരുതുന്നു.

ഞാനും കവിതയിലെയും കവിയിലെയും രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചയ്ക്ക് വിഷയമാക്കിയത്.

കിരണ്‍സ്, വളരെ നന്ദി.
വിശ്വേട്ടാ..
ഇവിടെ വന്നതിനും വിശദമായകുറിപ്പു കൊണ്ട് ധന്യമാക്കിയതിന് പ്രത്യേകം നന്ദി.

പ്രമോദിനെ പോലെയും അതു പോലെ നല്ല കാമ്പുള്ള കവിതയും കഥയും ഇനിയും നമുക്ക് ചര്‍ച്ചചെയ്യുവാനും സംവദിക്കുവാനും എല്ലാവരും തയ്യാറാകുമെന്നു തന്നെ ഞാന്‍ കരുതുന്നു.

വരൂ..
വാക്കുകള്‍ കൊണ്ട് നമുക്ക് അഗ്നി പെയ്യിക്കാം. എല്ലാവരും അവരവരുടെ വാദങ്ങള്‍ ന്യായീകരിക്കട്ടേ...

നേരിട്ടും മെയില്‍ വഴിയും അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി.

വിഷ്ണു പ്രസാദ് said...

വിപ്ലവത്തിനെ വിലക്കെടുക്കുന്ന ഭരണാധികാരികള്‍ ഒപ്പം വ്യക്തിയുടെ ഉള്ളില്‍ നിന്ന് സത്ത പിഴിഞ്ഞെടുക്കുന്നു.
ഈ ഭാഗം ശ്രദ്ധിച്ചാല്‍ ഒരു സംശയം തോന്നും:
വിപ്ലവം മുതലാളിമാരുടെ ഔദാര്യത്തില്‍ സംഭവിക്കേണ്ടുന്ന ഒന്നാണോ?

പപ്പന്‍ ഒരു വിശ്വാസിയാവുന്നത്/അല്ലെങ്കില്‍ ഒരു പ്രതിലോമചിന്തകനാവുന്നത് ആരും വിലയ്ക്കെടുത്തിട്ടൊന്നുമല്ല.അനുഭങ്ങള്‍ അയാളെ അങ്ങനെ ആക്കി തീര്‍ത്തതാണ്.അതുകൊണ്ടാണ് തന്റെ മകനെ നോക്കി ‘അറം പറ്റിയ കവിത’ എന്ന് അയാള്‍ പറഞ്ഞു പോവുന്നത്.

ഞാന്‍ എന്നും എന്റെ എന്നും പ്രയോഗിച്ചാല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധനാവും ഇല്യോ...
ഇതൊന്നും അറിയാണ്ടാവും പ്രമോദ് അങ്ങനെയൊക്കെ എഴുതിയത്...അവന് മാപ്പ് കൊടുക്കണേ...

സത്യത്തില്‍ ഇരിങ്ങലേ,നിങ്ങള്‍ രണ്ടു കാര്യം പറയുന്നു
1.പ്രമോദ് തന്റെ കവിതകളിലൂടെ മുതലാളിത്തത്തിനെതിരെ സമരം ചെയ്യുന്നു
2.പ്രമോദ് മുതലാളിത്തത്തോട് സമരസപ്പെടുന്നു.

ഈ പറഞ്ഞതിനെ വൈരുദ്ധ്യമെന്നല്ലേ പറയേണ്ടത്.
അതോ വൈരുദ്ധ്യാധിഷ്ഠിത ഭൌതിക വാദം എന്നോ...:)

ഞാന്‍ ഇരിങ്ങല്‍ said...

വിഷ്ണുമാഷേ...,

സത്യത്തില്‍ ഇരിങ്ങലേ,നിങ്ങള്‍ രണ്ടു കാര്യം പറയുന്നു
1.പ്രമോദ് തന്റെ കവിതകളിലൂടെ മുതലാളിത്തത്തിനെതിരെ സമരം ചെയ്യുന്നു
2.പ്രമോദ് മുതലാളിത്തത്തോട് സമരസപ്പെടുന്നു.

കവിതയും രണ്ടു കാര്യം സംസാരിക്കുമ്പോള്‍ എനിക്ക് അങ്ങിനെയല്ലേ മാഷേ പറയാന്‍ പറ്റൂ..
ആദ്യകവിതയും പിന്നീട് എഴുതിയ കവിതയും ഒപ്പം പ്രമോദിന്‍ റെ കമന്‍ റും കൂട്ടി വായിക്കുമ്പോള്‍ ഞാന്‍ പറഞ്ഞതു തന്നെയല്ലേ സംഭവിക്കുന്നത്.
മുതലാളിത്തത്തോട് സമരസപ്പെടുകയും ഒപ്പം അതിനെ എതിര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കവിതകള്‍ തന്നെയാണ് എനിക്ക് കാണുവാന്‍ സാധിച്ചത്.

2. വിപ്ലവം മുതലാളിമാരുടെ ഔദാര്യത്തില്‍ സംഭവിക്കേണ്ടുന്ന ഒന്നാണോ?

തീര്‍ച്ചയായും അല്ല. എന്നാല്‍ മുതലാളിക്കെതിരെ അല്ലെങ്കില്‍ സാമ്രാജ്വത്വത്തിനെതിരെ സമരം ചെയ്യുമ്പോള്‍ സംഭവിക്കുന്നത് മാത്രമാണ് പ്രമോദ് എഴുതിയതും അത്തരം സംഭവങ്ങളില്‍ വിപ്ലവകാരി മാറിയെങ്കില്‍ അതിനര്‍ത്ഥം വിപ്ലവത്തിന്‍റെ സത്ത് മുതലാളിത്തം ഊറ്റിക്കളഞ്ഞെന്നു തന്നെയാണ്.
എല്ലാ വിപ്ലവകാരികളും അനുഭവങ്ങളില്‍ നിന്ന് ഉള്‍ വലിഞ്ഞെങ്കില്‍ ലോകത്ത് ഒരിക്കലും ഒരു വിപ്ലവവും ഉണ്ടാകുമായിരുന്നില്ലെന്ന് നാം ഓര്‍ക്കണം.

പിന്നെ കവി അറിഞ്ഞു കൊണ്ടൊ അറിയാതെയൊ എഴുതിയത് വായനക്കാരന്‍റെ ഇഷ്ടത്തിന് വായിക്കാം.

അതു കൊണ്ടാണ് എന്‍റെ വായനയും മാഷിന്‍റെ വായനയും വ്യത്യസ്തമായി പോവുകയും നമ്മള്‍ ചിലപ്പോഴെങ്കിലും വിഭിന്നമായി ചിന്തിക്കുകയും ചെയ്യുന്നത്. അങ്ങിനെ എന്നെയും മാഷെയും വ്യത്യസ്ത ചിന്താരീതികളില്‍ വര്‍ത്തിക്കുവാന്‍ അനുവദിക്കുക എന്ന മഹത്താ‍യ കാര്യമാണ് വായനയിലൂടെ സാധ്യമാകുന്നത്.

Anonymous said...

വിഷ്ണമാഷ്‌ സൂചിപ്പിച്ച ആ വൈരുധ്യം ഉണ്ടല്ലോ, അത്‌~ ഇപ്പോള്‍ സാധാരണയായി കാണുന്ന ഒന്നാണ്‌. എന്നിലും നിന്നിലും പ്രമോദിന്റെ കവിതകളിലും ഒക്കെ കാണുന്ന സൂക്ഷ്മാംശം.
നന്ദി ഇരിങ്ങലച്ചോ.(തമാശക്ക് ഇങനെ വിളിക്കുന്നതാണേ. മാത്രല്ല ഇരിങ്ങല്‍ ജി ഇരിങ്ങല്‍ മാഷ് എന്നൊക്കെ പാറയുംമ്പോ ഒരു രസം വരുന്നില്ല. പല പോസ്റ്റിലും താങ്കളുടെ ഇടപെടലുകള്‍ കണ്ട്‌, ഇങനെ ഒരു തോന്നലാണ് വന്നത്. ചെയ്യുന്ന കൃത്യത്തിനനുസരിച്ചല്ലെ പേര്‍ വേണ്ടത്‌. വേണമെങ്കില് നിര്‍ത്താം)
-സു-
qw_er_ty

കണ്ണൂസ്‌ said...

രാജു,

"ഞാന്‍" എന്ന ഉത്തമപുരുഷന്‍ പലപ്പോഴും പ്രമോദിന്റെ കവിതകളില്‍ കടന്നു വരാറുണ്ടെങ്കിലും, അത്‌ "ഞാനി"നെ നായക സ്ഥാനത്ത്‌ അവരോധിച്ചു കൊണ്ടുള്ള ഒരു കടന്ന് വരവ്‌ അല്ല എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. ഉദാഹരണത്തിന്‌ " അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറ്‌ വര്‍ഷങ്ങള്‍" എടുക്കുക. നഷ്ടം വന്നത്‌ കവിക്കാണ്‌ എന്നത്‌ ഒരു സൂചന മാത്രമാണ്‌. നഷ്ടം വന്ന കവിയേയോ, നഷ്ടം വരുത്തിയ പപ്പനേയോ ആണ്‌ ഈ കവിതയില്‍ കാണുന്നതെങ്കില്‍, അതില്‍ രാഷ്ട്രീയമില്ല. ഈ കവിതയിലെ രാഷ്ട്രീയ നായക സ്ഥാനത്ത്‌ "ഞാനോ", "പപ്പനോ" അല്ല, മറിച്ച്‌ അടിയന്തിരാവസ്ഥ ആണ്‌. ഒരു തലമുറക്ക്‌, അടിയന്തരാവസ്ഥ കാരണം നഷ്ടപ്പെടുത്തേണ്ടി വന്ന വര്‍ഷങ്ങളും, അറം പറ്റിയ പോലെ ആ തലമുറയുടെ ദര്‍ശനവും പേടിപ്പിക്കുന്നതാവുന്നതുമാണ്‌ ഈ കവിതയിലെ രാഷ്ട്രീയം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പ്രമോദിലെ കവി മുതലാളിത്തവുമായോ ആഗോളവത്‌കരണവുമായോ സമരസപ്പെടുന്നു എന്നതും അത്ര ശരിയായി തോന്നുന്നില്ല. സമരം ചെയ്യുന്നില്ല എന്നതിന്‌ സമരസപ്പെടുന്നു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. കമ്മ്യൂണിസത്തെപ്പറ്റിയുള്ള പ്രമോദിന്റെ ചിന്ത ഒരു തരം ഗൃഹാതുരത്വം കലര്‍ന്ന നിരാശയാണ്‌. അതിനെ ആഗോളവത്‌കരണവുമായുള്ള സമരസപ്പെടലായി വ്യാഖ്യാനിക്കുന്നത്‌, പ്രിയനന്ദന്റെ നെയ്തുകാരനിലെ നായകന്‍ അപ്പാ മേസ്ത്രി മുതലാളിത്തവുമായി സമരസപ്പെട്ടു എന്ന് പറയുന്നതിന്റെ ഒരു ലളിത ഭാഷ്യമായിരിക്കും. :-)

ഞാന്‍ ഇരിങ്ങല്‍ said...

ചോദ്യം:1
നഷ്ടം വന്നത്‌ കവിക്കാണ്‌ എന്നത്‌ ഒരു സൂചന മാത്രമാണ്‌. നഷ്ടം വന്ന കവിയേയോ, നഷ്ടം വരുത്തിയ പപ്പനേയോ ആണ്‌ ഈ കവിതയില്‍ കാണുന്നതെങ്കില്‍, അതില്‍ രാഷ്ട്രീയമില്ല. ഈ കവിതയിലെ രാഷ്ട്രീയ നായക സ്ഥാനത്ത്‌ "ഞാനോ", "പപ്പനോ" അല്ല, മറിച്ച്‌ അടിയന്തിരാവസ്ഥ ആണ്‌. ഒരു തലമുറക്ക്‌, അടിയന്തരാവസ്ഥ കാരണം നഷ്ടപ്പെടുത്തേണ്ടി വന്ന വര്‍ഷങ്ങളും, അറം പറ്റിയ പോലെ ആ തലമുറയുടെ ദര്‍ശനവും പേടിപ്പിക്കുന്നതാവുന്നതുമാണ്‌ ഈ കവിതയിലെ രാഷ്ട്രീയം എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഉത്തരം:1
താങ്കളുടേത് തന്നെയായ വാക്കുകള്‍ തന്നെ എടുക്കാം “നഷ്ടം വന്നത് കവിക്കാണ്’ എന്ന് പറയുമ്പോള്‍ മുമ്പ് പറഞ്ഞ വിപ്ലവത്തെ കവി അറിയാതെ തള്ളിപ്പറയുകയാണ് ചെയ്യുന്നത് എന്നാല്‍ കവി അത് അറിയുന്നില്ല.
അതില്‍ പറയുന്നത് “അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ ‘എന്‍റെ‘ ആറ് വര്‍ഷങ്ങള്‍‘ എന്നാണ്.
അതായത് അടിയന്തിരാവസ്ഥ എന്ന കാര്യം കവിയില്‍ അല്ലെങ്കില്‍ പപ്പനില്‍ വിപ്ലവം ഉറപ്പിക്കുകയും പിന്നീട് കാലം കഴിയുമ്പോള്‍ വിശ്വസിച്ചതൊക്കെയും തെറ്റായെന്നൊ അതുമല്ലെങ്കില്‍ ‘കാലത്തിനനുസരിച്ച്’ കോലം കെട്ടണമെന്നും സമൂഹം (വിപ്ലവ സമൂഹമല്ല’) മുതലാളിത്ത സമൂഹം അവനെ പഠിപ്പിക്കുന്നു. അതിനര്‍ഥം അവന്‍ മുതലാളിത്തത്തിന്‍ റെ ഭാഗമാകുന്നു എന്നു പഴയതൊക്കെയും ‘അറം’ പറ്റിയതായും തോന്നുന്നു. ഇത് വിപ്ലവകാരിയായ വേണുവിനും അതു പോലെ എം. വി. രാഘവനും പറ്റിയത് തന്നെയാണ്.
വേണും സന്യാസത്തിലേക്കും രാഘവന്‍ മുതലാളിയുമായപ്പോള്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ വിപ്ലവം മാത്രമാണ്. അത് കൊണ്ടണ് പറയുന്നത് മുതലാളിത്തം അവരുടെ വിപ്ലവത്തിന്‍ റെ സത്ത ഊറ്റി ക്കളഞ്ഞിരിക്കുന്നു. അവര്‍ പിന്നീട് ‘ജീവിത’ത്തിനു വേണ്ടി ഒറ്റുകാരാവുന്നൂ എന്ന്. ഒറ്റുകാരാവുക എന്നുള്ളത് മുതലാളിത്തത്തെ പുണരുക എന്നു തന്നെയാണ്.

ചോദ്യം:2
കമ്മ്യൂണിസത്തെപ്പറ്റിയുള്ള പ്രമോദിന്റെ ചിന്ത ഒരു തരം ഗൃഹാതുരത്വം കലര്‍ന്ന നിരാശയാണ്‌. അതിനെ ആഗോളവത്‌കരണവുമായുള്ള സമരസപ്പെടലായി വ്യാഖ്യാനിക്കുന്നത്‌, പ്രിയനന്ദന്റെ നെയ്തുകാരനിലെ നായകന്‍ അപ്പാ മേസ്ത്രി മുതലാളിത്തവുമായി സമരസപ്പെട്ടു എന്ന് പറയുന്നതിന്റെ ഒരു ലളിത ഭാഷ്യമായിരിക്കും

ഉത്തരം:2
ഗൃഹാതുരത്വം നിറഞ്ഞ നിരാശ വിപ്ലവകാരിയില്‍ വളരെയൊന്നും പ്രകടമാകില്ല. പ്രമോദ് എന്ന ‘ഞാന്‍‘ ഒരു വിപ്ലവകാരിയൊന്നുമല്ലെങ്കിലും അയാള്‍ വിപ്ലവത്തിന്‍റെ ഒരു ബൈ പ്രോഡക്റ്റ് ആണെന്നു തന്നെ പറയാം. അപ്പോള്‍ നിരാശ എന്നുള്ളത് ഒരു തരം പിന്തിരിപ്പന്‍ സമീപനമാണെന്നും വിശ്വസിച്ചതൊക്കെയും തെറ്റാണോ എന്നുള്ള സംശയമാണെന്നും തനിക്ക് വിശ്വാസത്തില്‍ നിന്ന് മാറ്റം വന്നൂ എന്ന് തെളിയിക്കുന്ന ഒരു അടയാളമാണ്.
ഇത്തരം അടയാളങ്ങളുടെ ഭാഗമാണ് പിന്നീട് അമ്പലം കമ്മിറ്റി പ്രസിഡന്‍റാവുകയും ആളുകള്‍ക്ക് മനസ്സിലാവാന്‍ വേണ്ടി മാത്രമായി നെറ്റിയില്‍ ചന്ദനക്കുറി അണിയുകയും ചെയ്യുന്നത്. അതൊരു വെളിപ്പെടുത്തല്‍ കൂടിയാണ്. ഞാന്‍ വിപ്ലവകാരിയല്ലെന്നും കഴിഞ്ഞതൊക്കെ കഴിഞ്ഞു എന്നും സ്വയം വെളിപ്പെടുത്തല്‍ കൂടിയാണ്. അങ്ങിനെ സ്വയം ചിഹനങ്ങളിലൂടെ, അടയാളങ്ങളിലൂടെ സ്ഥാനങ്ങളിലൂടെ ‘വിപ്ലവം’ എന്നുള്ളത് എന്നില്‍ നിന്ന് ഓടിയൊളിച്ചു എന്ന് വിളിച്ച് പറയുകയാണ് ചെയ്യുന്നത്. ഇത് അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല. അറിയാതെ ചെയ്തു പോകുന്ന മനസ്സിന്‍റെ വിശ്വാസ തകര്‍ച്ചയുടെ ഭാഗമാണ്. വിശ്വാസത്തെ തകര്‍ക്കുക എന്നുള്ളതു കൊണ്ടാണ് മുതലാളിത്തം ആ വഴിക്ക് പോകുന്നത്, മറ്റൊരു തരത്തില്‍ പറയുമ്പോള്‍ ‘ഞാന്‍’ ആണ് ‘ശരി’ എന്ന് തെളിയിക്കുവാനാണ് ‘അടിയന്തിരാവസ്ഥ’ സംജാതമാകുന്നത്. അവിടെ ‘ഞാന്‍’ എന്ന അവസ്ഥ നായകരൂപം പ്രാപിക്കുന്നതായും നമുക്ക് കാണാം. അല്ലെങ്കില്‍ അടിയന്തിരാവസ്ഥ എന്നുള്ളത് നിങ്ങളുടെ ‘തെറ്റിനെ‘ തിരുത്താനുള്ള ഒരവഥ സൃഷ്ടിക്കപ്പെടുക എന്ന വളരെ ‘മഹത്തായ’ കാര്യം നമ്മളെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.

അങ്ങിനെ ‘ഞാന്‍’ എന്നോ പപ്പന്‍ എന്നോ ഉള്ളത് ‘ അടിയന്തിരാവസ്ഥ പോലെ സ്വയമറിയാതെ ‘നായകനാ’വുന്ന ഒരു അവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

“വിമറ്ശനമായോ,സങ്കടമായോ,ആഹ്വാനമോ ഒക്കെ ആയാണ്‍.ക്ഷണം എന്ന കവിതയില്‍ ‘ചുവന്ന മുട്ടകളുടേ ചീഞ്ഞുപോയ സ്വപ്നം’എന്നത് വേദനയോടെ തന്നെ എഴുതിയതാണ്” എന്ന് കവി പറയുമ്പോള്‍
ഒരു വിമര്‍ശനം തന്നെയാണ് ഉദ്ദേശിക്കുന്നത്. അതു കൊണ്ടാണ് പറയുന്നത് വിമര്‍ശിച്ചു കൊണ്ട് തന്‍റെ തട്ടകത്തില്‍ ഉറച്ച് നില്‍ക്കാന്‍ തയ്യാറെടുക്കുമ്പോഴും കവിയുടെ പ്രതീക്ഷ നഷ്ടപ്പെടുന്നുവോ എന്ന തോന്നലില്‍ ഒരു സമരസഭാവം അനുഭവപ്പെടുകയും ചെയ്യുന്നു.

<