Sunday, April 29, 2007

സി. പി. എമ്മിന് സംഭവിക്കുന്നത്

കേരളത്തിലെ സി.പി.എം ന് എന്തു സംഭവിക്കുന്നു? തീര്‍ച്ചയായും നാം ഓരോരുത്തരും ആലോചിക്കേണ്ട കാര്യം തന്നെയാണ്.

എന്തെന്നാല്‍ ദാ.. ഒരു വിമര്‍ശന കവിത എഴുതിയതിന് വളരെ കാലമായി പാര്‍ട്ടിയില്‍ അടിയുറച്ചു നില്‍ക്കുന്ന, പാര്‍ട്ടിയിലെ കലാസാംസ്കാരിക രംഗത്തും അതു പോലെ ഓരോ കൂട്ടായ്മയിലും തോളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കെ. സി ഉമേഷ് ബാബുവിനെയും കുഞ്ഞപ്പ പട്ടാന്നൂരിനെയും സി. പി. എം. പുറത്താക്കിയിരിക്കുന്നു.

കാരണമെന്തെന്നോ... ജനശക്തിയില്‍ ‘ഭയങ്ങള്‍‘ എന്ന കവിത എഴുതിയതിന്.
വാര്‍ത്തെ ഇങ്ങനെ ചുരിക്കി വിവരിക്കാം.

“പാര്‍ട്ടി നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടു കവിതയെഴുതിയതിനു പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ.സി. ഉമേഷ്‌ ബാബുവിനെ സിപിഎം പുറത്താക്കി. ജനശക്‌തിയില്‍ ഭയങ്ങള്‍ എന്ന വിമര്‍ശന കവിത എഴുതിയതിനെത്തുടര്‍ന്നാണ് നടപടി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുകസ സെക്രട്ടറി സ്ഥാനത്തു നിന്നും ഉമേഷ്‌ ബാബുവിനെ നീക്കികൊണ്ടുള്ള പാര്‍ട്ടി തീരുമാനം പുകസ ഫ്രാക്ഷന്‍ യോഗം വിളിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞപ്പ പട്ടാനൂരിനെയും പുറത്താക്കിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി പി. ശശി, സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം.വി. ഗോവിന്ദന്‍, സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍ എന്നിവരുടെ സാന്നിധ്യത്തിലാണു യോഗം ചേര്‍ന്നത്‌. പാര്‍ട്ടി തീരുമാനം പി. ശശിയാണു യോഗത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഉമേഷിനു പകരം പൊന്ന്യം ചന്ദ്രനെ സെക്രട്ടറിയായി തീരുമാനിക്കണമെന്നു പാര്‍ട്ടി നിര്‍ദേശിച്ചെങ്കിലും യോഗം അംഗീകരിച്ചില്ല. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം.കെ. മനോഹരനെയാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല ഏല്‍പ്പിച്ചിരിയ്ക്കുന്നത്. ഉമേഷിനെതിരെയുള്ള നടപടിയെ യോഗത്തില്‍ പങ്കെടുത്ത പൊന്ന്യം ചന്ദ്രന്‍ ഒഴികെ മറ്റെല്ലാവരും എതിര്‍ത്തിട്ടും തീരുമാനത്തില്‍ നിന്നു മാറാന്‍ സിപിഎം നേതൃത്വം തയാറായില്ല.“

പാര്‍ട്ടി എക്കാലത്തും കൈക്കൊണ്ടിട്ടുള്ള പ്രഖ്യാപിത നയങ്ങളില്‍ നിന്നുള്ള അതിരൂക്ഷമായ വ്യതിചലനം തന്നെ ഇത്. ബൂര്‍ഷ്വ - പിന്തിരിപ്പന്‍ ശക്തികളുടെ ഇടയില്‍ പെട്ട് കമ്മ്യൂണിസത്തെയും മാര്‍ക്സിസത്തെയും പണയം വച്ചിരിക്കുന്നു കേരളത്തിലെയും അതു പോലെ ഇന്ത്യയിലേയും.
അഭിപ്രായ സ്വാതന്ത്ര്യവും ആശയ സ്വാതന്ത്ര്യവും നിഷേധിക്കുന്ന സാമ്രാജത്വ - മുതലാളിത്ത ആഗോള സംസാകാരത്തെ വിശ്വാസികള്‍ എങ്ങിനെ കാണുന്നു എന്ന് നമുക്ക് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

എന്തു കൊണ്ട് ആശയ പ്രകാശനത്തിനുള്ള വേദികള്‍ ഇന്ത്യന്‍ - കേരള മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റുകള്‍ നിഷേധിക്കുന്നു? ചര്‍ച്ചകളും കൂട്ടായ്മകളും കൊണ്ട് കെട്ടിപ്പെടുത്ത പ്രസ്ഥാനം അത്തരം ചര്‍ച്ചകളെ ഭയക്കുന്നുവൊ?

ഇതിനോട് ചേര്‍ത്തു വായിക്കേണ്ടുന്നവ തന്നെയാണ്. എം.എന്‍ വിജയന്‍ മാഷിന്‍റെ ദേശാഭിമാനിയില്‍ നിന്നുള്ള പുറത്താക്കല്‍.

ഇ. എം. എസ്സ് എന്ന മഹാപ്രതിഭ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതിനു ശേഷം കേരള രാഷ്ട്രീയ ത്തില്‍ പ്രത്യേകിച്ച് സി. പി. ഐ എമ്മില്‍ താത്വതീക മായ , രാഷ്ട്രീയ മായ കാഴചപ്പാട് അവസാനിച്ചുവെന്ന് പറയുന്നുവെങ്കില്‍ അതില്‍ ആര്‍ക്കെങ്കിലും തെറ്റു കാണുവാന്‍ സാധിക്കുമൊ?
ഇ. എം എസ്സിന് ശേഷം എന്ത് എന്ന ചോദ്യത്തിന് ഒരിക്കല്‍ എനിക്ക് കിട്ടിയ മറു പടി ഇങ്ങെനെ ആയിരുന്നു.
“ മനസ്സും ശരീരവും കുറുക്കി അദ്ദേഹം രചിച്ച മഹത്തായ രചനകള്‍ പാര്‍ട്ടിക്ക് എന്നും തണലായിരിക്കും. അതുകൊണ്ട് തന്നെ ഇ. എം എസ്സ് എന്ന ശരീരം മാത്രമേ ഇല്ലാതായിള്ളൂ. ആശയവും സംസ്കാരവും എന്നും പാര്‍ട്ടിയുടെ കൂടെയുണ്ട്”

ആ വെളിച്ചം കെട്ടു പോയപ്പോള്‍ പ്രകാശിതമാകേണ്ടുന്ന രാഷ്ട്രീയ സംസ്കാരം പാര്‍ട്ടി എന്തു കൊണ്ട് കാണിക്കുന്നില്ല. കേരളത്തിലെ സി. പി. എം. പിടിച്ചെടുക്കലും പുറത്താക്കലും കൊണ്ട് ഇനിയും എത്രനാള്‍ ജനമനസ്സുകളില്‍ പിടിച്ചു നില്‍ക്കും???

മാര്‍ക്സിസ്റ്റ് - കമ്മ്യൂണിസത്തില്‍ നിന്ന് ഏറെ പിന്നോട്ട് പോയ ഇന്ത്യന്‍ ഇടതു പക്ഷ പാര്‍ട്ടികള്‍ അവരുടെ അവരവരുടെ പാര്‍ട്ടികളുടെ പേര് മാറ്റി ചരിത്രം തിരിത്തിയെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പേരുകള്‍ വെറുമൊരു ലേബലുകള്‍ മാത്രമാകുമ്പോള്‍ തകരുന്നത് മനസ്സില്‍ പ്രതിഷ്ഠിച്ച ചിത്രങ്ങളാണ്.

സാധാരണക്കാരന് മനസ്സിലാവത്ത ചിത്രങ്ങളായി മാറിയിരിക്കുന്നു ഇന്ത്യന്‍ ഇടതു പക്ഷ പ്രസ്ഥാനം.

ഭയങ്ങള്‍ - ഉമേഷ് ബാബു കെ സി
(സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ഭ്രമങ്ങള്‍ക്കും മതിഭ്രമങ്ങള്‍ക്കും)
ഭയം ഒന്ന്
ആരോ ഒരു പ്രസംഗം നടത്തി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു കവിത എഴുതി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു വിമര്‍ശനം ഉന്നയിച്ചു
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു പത്രം തുടങ്ങി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരാള്‍ മരിച്ച വാര്‍ത്തകേട്ടപ്പോഴും
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ശ്രീ. കെ. സി. ഉമേഷ് ബാബു വിന്‍ റെ “
ചൂണ്ടയും കൈയും ” എന്ന കവിത. (മാധ്യമം)


ജലാശയത്തില്‍ ചൂണ്ട വീഴുന്നത് എന്തെങ്കിലും ഒന്നിനെ കോര്‍ത്തെടുക്കാന്‍.
പിന്നീട് തിന്നാനോ വില്‍ക്കാനോ ആയി.

കുത്തൊഴുക്കില്‍ കൈ താഴുന്നത് പെട്ടുപോയ ഒന്നിനെ കരയ്ക്കണയ്ക്കാന്‍.
പിന്നീടും തികവോടെ വളരാനായി.

രണ്ടിടത്തും കരയുണ്ട്,ഒരാളും
രണ്ടിടത്തും കൈയുണ്ട്, പ്രവര്‍ത്തനവും.
എങ്കിലും എത്ര വേറിട്ടത്!
ആസക്തിയും അനുകമ്പയും അതിര് പകര്‍ന്ന മാര്‍ഗങ്ങള്
‍സംസാരജലത്തിലെ മനുഷ്യന്റെ കൈക്രിയകള്‍.

18 comments:

ഞാന്‍ ഇരിങ്ങല്‍ said...

“ മനസ്സും ശരീരവും കുറുക്കി അദ്ദേഹം രചിച്ച മഹത്തായ രചനകള്‍ പാര്‍ട്ടിക്ക് എന്നും തണലായിരിക്കും. അതുകൊണ്ട് തന്നെ ഇ. എം എസ്സ് എന്ന ശരീരം മാത്രമേ ഇല്ലാതായിള്ളൂ. ആശയവും സംസ്കാരവും എന്നും പാര്‍ട്ടിയുടെ കൂടെയുണ്ട്”

ആ വെളിച്ചം കെട്ടു പോയപ്പോള്‍ പ്രകാശിതമാകേണ്ടുന്ന രാഷ്ട്രീയ സംസ്കാരം പാര്‍ട്ടി എന്തു കൊണ്ട് കാണിക്കുന്നില്ല. കേരളത്തിലെ സി. പി. എം. പിടിച്ചെടുക്കലും പുറത്താക്കലും കൊണ്ട് ഇനിയും എത്രനാള്‍ ജനമനസ്സുകളില്‍ പിടിച്ചു നില്‍ക്കും???

Pramod.KM said...

ഓഹോ.ഇങ്ങനെയും സൊഭവിക്കുന്നുണ്ട് അല്ലേ?ഇരിങ്ങല്‍ മാഷേ..കുറിപ്പിന്‍ നന്ദി.
വി.എസിനെ പറ്റി എഴുതിയ കെ.ഇ.എന്‍ മാത്രമുണ്ട് അകത്തു നില്‍ക്കുന്നു.
അവസാനം പുറത്തുനില്‍ക്കുന്ന വിശാല ഇടതുപക്ഷത്തില്‍ നമുക്കും കിട്ടുമായിരിക്കും ഒരു ഇരിപ്പിടം;)

Unknown said...

ഇങ്ങനെയും സംഭവിക്കുന്നു പ്രമോദേ..

ചരിത്രം അവസാനിക്കുന്നില്ലെന്ന് പറഞ്ഞതു പോലെ ചരിത്രം സൃഷ്ടിക്കുകയാണിപ്പോള്‍.

കെ. ഇ. എന്‍ മാത്രമേ ആ ചേരിയില്‍ ഇനി ബാക്കിയുള്ളു.
പണ്ട് ലീലാവതി ടീച്ചര്‍ പറഞ്ഞിരുന്നു
“ എം. എന്‍ . വിജയനെന്ന് സിംഹത്തെ പിടിച്ചതാണ് സി. പി. എം ന്‍റെ ഏറ്റവും വലിയ ശക്തി എന്ന്.
എന്നാല്‍ ഇന്ന്
അതു പോലുള്ള സിംഹങ്ങളെ അവര്‍ക്ക് വേണ്ട.
എല്ലാം ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാവാന്‍ കുപ്പായം തുന്നിക്കൊണ്ടേയിരിക്കുന്നു.

വേണു venu said...

പാര്‍ട്ടി അച്ചടക്കമെന്നും കേന്ദ്ര നേത്രുത്വം എന്നുമൊക്കെ യുള്ള പേരു പറഞ്ഞ അടിച്ചമര്‍ത്തലിന്‍റെ, പുതിയ രക്ത സാക്ഷികള്‍‍ മാത്രമാണു് കെ. സി ഉമേഷ് ബാബുവും കുഞ്ഞപ്പ പട്ടാന്നൂരും.
അട്സ്ഥാന സിദ്ധാന്തങ്ങളില്‍‍ നിന്നു് എത്രയോ മാറിക്കഴിഞ്ഞിരിക്കുന്നു കേരള കമ്യൂണിസ്റ്റു് പ്രസ്ഥാനങ്ങളെല്ലാം. കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍‍, പുതിയ തലമുറയ്ക്കു് ചരിത്രത്തില്‍‍ മാത്രം വായിക്കാനൊരു വെറും വ്യക്തിയാക്കി മാറ്റിയിരിക്കുന്നു ഈ.എം.എസ്സു് എന്ന യുഗ പുരുഷനെ.
ഇരിങ്ങലേ ലേഖനം നന്നു്....

ഞാന്‍ ഇരിങ്ങല്‍ said...

വേണുവേട്ടാ വായിച്ചതിനും അഭിപ്രായപ്പെട്ടതിനും നന്ദി.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അപചയം സംഭവിക്കുന്നുവോ എന്നും എന്തു കൊണ്ട് എന്നുമുള്ള ഒരന്വേഷണമാണ് ഉദ്ദേശിച്ചത്.

ഒപ്പം ആവിഷ്കാര സ്വാതന്ത്രത്തിനെതിരെ വാളെടുക്കുന്ന ഇടതു പക്ഷത്തിന്‍റെ പുതിയ നിലപാടുകളില്‍ ബൂലോകരുടെ അഭിപ്രാ‍യം തേടുക എന്നും കൂടെ ആയിരുന്നു. പക്ഷെ പ്രതീക്ഷച്ചതു പോലെ ബ്ലോഗിലെ തണുപ്പ് എന്നെയും നിര്‍വീര്യമാക്കുന്നു.

ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് കറിവേപ്പില ചമ്മന്തി ഉണ്ടാക്കിയാലോ എന്നാണ്.

മാവേലികേരളം(Maveli Keralam) said...

ഇരിങ്ങല്‍

ആ ചോദ്യം വളരെ ആനുകാലിക പ്രാധാന്യമുള്ളതു തന്നെ. ‘ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് കറിവേപ്പില ചമ്മന്തി ഉണ്ടാക്കിയാലോ എന്നാണ്‘.

രാഷ്ട്രീയ പ്രബുദ്ധത എന്നു പറഞ്ഞാല്‍ നേതാവ് പറഞ്ഞതൊക്കെ വിളിച്ചു പരഞ്ഞു പുറകെ നടന്നു കീജെ വിളിയ്ക്കുകയാണെന്നാണല്ലോ ആചാര്യന്മാര്‍ ഒക്കെ നമ്മെ പഠിപ്പിച്ചത്. അതു രാഷ്ട്രീയത്തിനു പുറത്തും ബാധകമായിരുന്നല്ലോ, ഇപ്പോഴും

ഇതാണ് ഇന്‍ഡ്യയെ ഗ്ലൊബലിസത്തിന്റെ ഏറ്റവും മുന്തിയ കാന്‍-ഡിഡേറ്റാക്കുന്നത്.

ഗ്ലൊബലിസത്തില്‍ പണ്ടത്തേതെല്ലാം മാറുകയാണ്.മന്ത്രിസഭയ്ക്കോ രാഷ്ട്രീയ നെതാകന്മ്മാര്‍ക്കോ ഇപ്പോല്‍ പുതിയ റോളുകളാണ്. അവരിപ്പോ മറ്റാരുടെയോ ദാസരാണ്.

അതു നമ്മളു മനസിലാക്കില്ല എന്നവര്‍ക്കറിയാം. കാരണം നമ്മള്‍ക്കു നേതാവിന്റെ പുറകെ പോകാനേ അറിയൂ.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇരിങ്ങലേ കാലം മാറി ഇനി വരട്ടുവാദത്തിനൊന്നും ആയുസില്ല. കേന്ദ്രം ആഗോളവല്‍ക്കരണം നടത്തുന്ന ഒരു രാജ്യത്ത്‌ വാക്കില്‍ വിപ്ലവും പ്രവര്‍ത്തിയില്‍ മുതലാളിത്തവും പുലര്‍ത്തുന്ന കേരള സമൂഹത്തില്‍ വരട്ട്‌ വാദം വിലപ്പോവില്ല എന്ന തിരിച്ചറിവ്‌ CPM ന്‌ ഉണ്ടായി. വ്യജ കപട ബുദ്ധി ജീവികളുടേ കാലം കഴിഞ്ഞു ഇനി യാതാര്‍ത്ഥ്യ ബോധമുണ്ടാകേണ്ട രാഷ്ട്രീയക്കാരുടെ കാലമാണ്‌ അതിനെ വെല്ലുവിളിക്കുന്ന വരട്ടു വാദി ബുദ്ധിജീവികള്‍ പുറത്ത്‌ പോകുക തന്നേ വേണം. പിന്നെ ആരാണി വിജയന്‍ പറശിനിക്കടവില്‍ പാമ്പുകളേ CPM കാര്‍ രാഘവനോടുള്ള വിരോധം തീര്‍ക്കാന്‍ കത്തിച്ചു കൊന്നപ്പോള്‍ ന്യായീകരിച്ചവന്‍. കണ്ണൂരില്‍ CPM നടത്തിയ അറും കൊലകളേ ന്യായികരിച്ചവന്‍ പിന്നെ ദേശാഭിമാനിയില്‍ ജോലിചെയ്യുകയും പാഠം പോലുള്ള പാര്‍ട്ടി വിരുദ്ധ മാസികയില്‍ ജോലി ചെയ്യുകയും ചെയ്തയാള്‍. പാഠം ഇല്ലായിരുന്നു എങ്കില്‍ വിജയന്‍ ഇന്നും അകത്തു തന്നേ ഇരുന്നേനേ. പിന്നെ പാര്‍ട്ടിക്കാര്‍ ജനശക്തിയില്‍ പോയി പാര്‍ട്ടി വിരുദ്ധ കവിതകള്‍ എഴുതുന്നത്‌ എത്രത്തോളം മഹത്തരമാണേന്ന് ആലോചിക്കുന്നത്‌ നന്ന്.

BJP നേതാവ്‌ ജനപക്ഷത്തിന്റെ മാസികയില്‍ BJP യെ വിമര്‍ശിച്ച്‌ കവിത എഴുതിയാല്‍ എന്ത്‌ സംഭവിക്കും. കോണ്‍ഗ്രസ്‌ നേതാവ്‌ NCP പ്രസിദ്ധികറണത്തില്‍ കവിത എഴുതിയാലും ഇതൊക്കെ സംഭവിക്കും. പിന്നെ CPM ജനാധിപത്യവും സ്വാതന്ത്ര്യവുമൊന്നും ഒരു പരിധിയില്‍ക്കൂടുതല്‍ അനുവദിച്ച്‌ ചരിത്രവുമില്ല് പിന്നെ പു.ക.സ കാര്‍ വിശുദ്ധ ജന്മമൊന്നും അല്ലല്ലോ

ഞാന്‍ ഇരിങ്ങല്‍ said...

മാവേലി കേരളം..,
നേതാവിനെ പുറകേ പോകുന്ന അണികള്‍ ഇന്ന് കുറഞ്ഞു വരികയാണ്. അതു കൊണ്ടു കൂടിയാണ് ഇന്ന് സി. പി. എമ്മിന് ഹാലിളകുന്നത്.
അണികളെ അടക്കി നിര്‍ത്താന്‍ ഗിമ്മിക്കുകള്‍ കളിക്കേണ്ട കാലം വന്നിരിക്കുന്നു അടിസ്ഥാന വര്‍ഗ്ഗ പാര്‍ട്ടിക്ക്.
മാത്രവുമല്ല ആഗോള വല്‍ക്കരണം - ഗ്ലോബലിസം,മുതലാളിത്തം ഇതൊക്കെ വെറുതെ പറഞ്ഞു ‘കളി’ ക്കാനുള്ള പദങ്ങള്‍ മാത്രമാണെന്ന് സി. പി. എമ്മുകാര്‍ തന്നെ പറഞ്ഞു നടക്കുന്നു. ഇതില്‍പരം ശൈഥില്യം ഇനി നേരിടാനുണ്ടോ.
ഇന്ന് സി. പി. എം പാര്‍ട്ടി സഖാക്കള്‍ ഉന്നം വയ്ക്കുന്നത് എം . വി ആര്‍ നെ പോലെ എങ്ങിനെ സമ്പന്നനാകാം എന്നാണ്.

സമ്പത്താണ് അണികളെ പിടിച്ചു നിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന് ധരിച്ചുവശായിരിക്കുന്ന പാര്‍ട്ടിയായ് മാറിയിരിക്കുന്നു ഇടതു പക്ഷം. ഒപ്പം സമ്പത്തുള്ള എം. വി. ആറിന്‍ റെ പാര്‍ട്ടിയില്‍ അണികളില്ലെന്ന സത്യം അറിയാമെങ്കിലും മന:പൂര്‍വ്വം വിസ്മരിക്കാന്‍ പാര്‍ട്ടി സഖാക്കള്‍ തയ്യാറാകുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

കിരണ്‍ തോമസ്സ്,

“കാലം മാറി ഇനി വരട്ടുവാദത്തിനൊന്നും ആയുസില്ല. കേന്ദ്രം ആഗോളവല്‍ക്കരണം നടത്തുന്ന ഒരു രാജ്യത്ത്‌ വാക്കില്‍ വിപ്ലവും പ്രവര്‍ത്തിയില്‍ മുതലാളിത്തവും പുലര്‍ത്തുന്ന കേരള സമൂഹത്തില്‍ വരട്ട്‌ വാദം വിലപ്പോവില്ല എന്ന തിരിച്ചറിവ്‌ CPM ന്‌ ഉണ്ടായി”

മാര്‍ക്സിസവും കമ്യൂണിസവും വരട്ടു വാദമാണെന്ന വാദമൊന്നും എനിക്കില്ല. ആഗോളവല്‍ക്കരണവും മുതലാളിത്തവും കൈകോര്‍ക്കുന്ന ചൈനയിലും അതു പോലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും താങ്കള്‍ ഈ പറയുന്ന ‘വരട്ടു വാദം’ വിലപ്പോയെങ്കില്‍ ശതമാനത്തില്‍ 85% പേരും അടിസ്ഥാന വര്‍ഗ്ഗമായി കഴിയുന്ന ഇന്ത്യയില്‍ എന്തു കൊണ്ട് കമ്മ്യൂണിസം - മാര്‍ക്സിസം വിലപ്പോവില്ലെന്ന് ന്യായമായും സംശയിക്കാമല്ലൊ.

“വ്യജ കപട ബുദ്ധി ജീവികളുടേ കാലം കഴിഞ്ഞു ഇനി യാതാര്‍ത്ഥ്യ ബോധമുണ്ടാകേണ്ട രാഷ്ട്രീയക്കാരുടെ കാലമാണ്‌ അതിനെ വെല്ലുവിളിക്കുന്ന വരട്ടു വാദി ബുദ്ധിജീവികള്‍ പുറത്ത്‌ പോകുക തന്നേ വേണം”

വിജയന്‍ മാഷിനെ പോലുള്ള ജിഹ്വകളെ വരട്ടു ബുദ്ധി ജീവികളെന്ന് വിളിക്കുമ്പോള്‍ അത്തരം ബുദ്ധിജീവികളുടെ തണലിലായിരുന്നു കേരളത്തിലെ മാര്‍ക്സിസം എന്ന് ഉറച്ചു പറയേണ്ടി വരുന്നു.
വിജയന്‍ മാഷെഒരിക്കലും പാമ്പു വളര്‍ത്തു കേന്ദ്രം തകര്‍ത്തതിനെ അനുകൂലിച്ചിട്ടില്ലെന്നു തന്നെയാണ് എന്‍റെ അറിവ്.

ആറു കൊലകളെ ന്യയീകരിച്ചവന്‍, പാഠം മാസികയില്‍ കവിത എഴുതിയവന്‍.. തുടങ്ങി വിജയന്‍ മാഷിനെ ‘സ്തുതിച്ച താങ്കള്‍ ഒരു കാര്യം മറക്കുന്നു. കേരളത്തിലെ മാര്‍ക്സിസ്റ്റ് സൈദ്ധാന്ധികരില്‍ പ്രമുഖ സ്ഥാനം ഇന്നും വിജയന്‍ മാഷിനുണ്ട്.

വര്‍ഗ്ഗീയ വാദത്തിന്‍ റെ ഭീഷണമായ മുഖങ്ങള്‍ നമ്മുടെ വിശ്വാസത്തിന്‍ റെ ചിഹനങ്ങളെ പിടിച്ചെടുക്കുമ്പോള്‍ മുന്നറിയിപ്പും ചെറുത്തു നില്‍പ്പുമെങ്ങിനെ എന്ന് വിജയന്‍ മാഷിന്‍ റെ ഓരോ ലേഖന്ങ്ങളും നമ്മെ പഠിപ്പിക്കുന്നു.

മുതലാളിത്തത്തിന്‍ റെ ആദ്യത്തെ ചുവടു വയ്പ്പ് വിശ്വാസത്തിന് നേരെയുള്ള പിടിച്ചെടുക്കലാണെന്ന് തിരിച്ചറിയുന്നതു കൊണ്ടാണ് കേരളത്തിലെ സകലമാന നാടുകളിലേയും അമ്പലങ്ങളുടെ കമ്മിറ്റികളില്‍ ഭാരവാഹിത്തം വഹിക്കാന്‍ മാര്‍ക്സിസ്റ്റുകാര്‍ തയ്യാറാവുന്നത്.
ഇതിന്‍റെ തുടര്‍ച്ചായായ് വായിക്കേണ്ടുന്ന ഒന്നാണ്. കെ. പി. സി. സി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം
“ നാട്ടിലെ എല്ലാ കല്യാണങ്ങളിലും നേരത്തെ എത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങളും ഒപ്പം നാട്ടിലെ അമ്പലങ്ങളിലും കാവുകളിലും പാര്‍ട്ടിയുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണമെന്നും”.

ആവിഷ്കാര സ്വാതന്ത്ര്യം എന്ത് എന്ന് താങ്കള്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു കിരണ്‍. കാരണം ഒരു നേതാവിനെ വിമര്‍ശിച്ച് കവിതയൊ കഥയൊ എഴുതിക്കൂടെങ്കില്‍ പിന്നെ എങ്ങിനെ എന്ന് താങ്കള്‍ തന്നെ പറയുക.

മിടുക്കന്‍ said...

"കേരളത്തിലെ സി.പി.എം ന് എന്തു സംഭവിക്കുന്നു? തീര്‍ച്ചയായും നാം ഓരോരുത്തരും ആലോചിക്കേണ്ട കാര്യം തന്നെയാണ്."
പിന്നേ....,
എന്തേ സി.പി.എം. കൊണ്ട് നിര്‍ത്തിക്കളഞ്ഞത്,
കൊങ്രസ്, സി.പി.ഐ, ഫൊര്‍വേര്‍ഡ് ബ്ലൊക്ക്, ആര്‍.എസ്.പി, സി.പി.ഐ-എമ്മെല്‍, കേരളാ കൊങ്രസ്,(എ റ്റു ഇസഡ്), സൂസി ( അതൊരു പാര്‍ട്ടീടെ പേരാണ് -എസ്.യു.സി.ഐ)... ഇതിലെല്ലാം എന്ത് സംഭവിക്കുന്നു എന്നും കൂടി ആലോചിക്കണം...

chithrakaran ചിത്രകാരന്‍ said...

പ്രിയ ഇരിങ്ങല്‍,
കവികളും, കലാകാരന്മാരും, യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകരും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ തടവറയില്‍ അനുസരണയോടെ അടിമത്വം ആസ്വദിച്ച്‌ കഴിയേണ്ടവരല്ല. ഇപ്പഴെങ്കിലും ഒരുത്തന്‌ തുടലു പൊട്ടിച്ച്‌ മനുഷ്യനാകാന്‍ തോന്നിയത്‌ നന്നായി.
തൊഴിലാളി ബ്രന്‍ഡ്‌ നെയിം ഉപയോഗിച്ച്‌ സ്വന്തം വരുതിയില്‍ വ്യവസായ - ബിസിനസ്‌ സാമ്രാജ്യ കെട്ടിപ്പൊക്കുന്ന തിരക്കിലേര്‍പ്പെട്ടിരിക്കുന്ന സിപിയെം നേതാക്കള്‍ക്ക്‌ ഇടയുന്ന കവികളെ പുറത്താക്കുകയല്ലാതെ മറ്റുവഴിയില്ല.
സിപിയെം മറ്റൊരു കോണ്‍ഗ്രസ്സായിക്കഴിഞ്ഞു.

neermathalam said...

And how can this poem be...against party..
Is it the publication...the problem...
or the poem...I wonder...!!!..

മാവേലികേരളം(Maveli Keralam) said...

'ഗ്ലോബലിസം,മുതലാളിത്തം ഇതൊക്കെ വെറുതെ പറഞ്ഞു ‘കളി’ ക്കാനുള്ള പദങ്ങള്‍ മാത്രമാണെന്ന് സി. പി. എമ്മുകാര്‍ തന്നെ പറഞ്ഞു നടക്കുന്നു.'

കേരള ജനതയുടെ രാഷ്റ്റ്രീയ പ്രബുദ്ധത ലോക പ്രസിദ്ധമാണ്.

പ്രബുദ്ധമായ ഒരു ജനതയും ഗ്ലോബലിസവും കീരീം പാമ്പും തമ്മിലുള്ള ആംഗിളിലാണ്,വികസിയ്ക്കുന്ന രാജ്യങ്ങളില്‍ ആവേണ്ടത് എന്നു മുതളാളിത്വം ആവശ്യപ്പെടുന്നു.

വെറും ആവശ്യമല്ല, വായ്പ്പകളീലും, വികസന പദ്ധതികളുടെ കൈമാറ്റങ്ങളിലുമുള്ള വ്യവസ്ഥകളിലും ഒരു പക്ഷെ എഴുതി ചേര്‍ക്കുന്നു.

മാര്‍ക്കറ്റ് എക്കോണമിയും ലിബറലീസേഷനും വ്യക്തിയുടെ പ്രബുദ്ധതയിലും സ്വാ‍ാതന്ത്ര്യത്തിലും ഉറച്ചതാണ്. ഇതു വികസിത രാജ്യങ്ങളീലെ ജനങ്ങളേ സ്വയം മനസ്സിലാക്കിയിട്ടുള്ളു.

അതുകൊണ്ടാണ് വാള്‍മാര്‍ട്ടിനെ ഓടിയ്കണമെന്നവിടെ ജനങ്ങള്‍ തീരുമാനിയ്ക്കുന്നത്.

പക്ഷെ ഇന്‍ഡ്യന്‍ ജനത്യ്ക്കീ സ്വാതന്ത്ര്യത്തെക്കുറിച്ചറിഞ്ഞു കൂടാ.കാരണം നമുക്കറിയവുന്നത്, മുന്‍പില്‍ നില്‍ക്കുന്നവന്റെ പുറകെ പോകുന്ന സിന്ദാബാ‍ാദു രാഷ്റ്റ്രീയമാണ്.

ചുരുക്കം പറഞ്ഞാല്‍ ജനങ്ങളാണ് യഥാര്‍ധ അധികാരികള്‍ എന്നു ലിബരലിസത്തിന്റെ ബൈബിളില്‍ എഴുതി വച്ചിട്ടുണ്ട്. പക്ഷെ ജനങ്ങള്‍ക്ക് അധികാരം വരുന്നത് ഇന്ത്യയിലെ ഒരു രാഷ്റ്റ്ര്രിയ പാര്‍ട്ടിയ്ക്കും ഇഷ്ടമല്ല.

പക്ഷെ അവരു വിഷമിയ്ക്കേണ്ട്, രാഷ്റ്റ്രീയ പ്രബുദ്ധത പോയാല്‍ പിന്നെ മലയാളിയ്കെന്തോന്നാ ഉള്ളത്.

മലയാള ബ്ലോഗില്‍ പോലും നോക്ക്, കരിയാപ്പില ചമ്മന്തിയുണ്ടാക്കുകയായിരുന്നു നല്ലതെന്നു തോന്നിയില്ലേ?

അനുകാലിക പ്രാധാന്യമുള്ള രണ്ടു പ്രശ്നത്തേക്കുറിച്ചു ഞാനും അടുത്തതായി ഒന്നെഴുതി. എന്തിന്?

പക്ഷെ അങ്ങനെ നിരാശനാകരുതെ, ആശയമുള്ളവരുടെ കാലമാണു വരുന്നത്.ഇതൊരു പുതിയ challenge ആണ്, ഈ ചലഞ്ച് എങ്ങനെ നേരിടണമെന്നാലോചിയ്ക്കു.

മാര്‍ക്സിസ്റ്റു കാരുടെ കൈയ്യില്‍ നിന്നെന്നല്ല സ്വതന്ത്രഇന്ത്യയില്‍ നിലവില്‍ പലതില്‍‍ നിന്നും ഒന്നും കണ്ടു പടിയ്കാനില്ല ആ ചലഞ്ചു നേരിടാനായിട്ട്.

ഞാന്‍ ഇരിങ്ങല്‍ said...

മിടുക്കന്‍ താങ്കളുടെ തമാശ ഇഷ്ടപ്പെട്ടു.
അതൊക്കെ അവര്‍ നോക്കിക്കൊള്ളും.
ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു ധാരണയുടെ പുറത്താണ് ഈ അന്വേഷണം.

ചിത്രകാരന്‍:)അങ്ങിനെ ഒറ്റവാക്കില്‍ പറഞ്ഞൊതുക്കാനുള്ളതല്ല ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

നീര്‍മാതളം:
ഭയങ്ങള്‍ എന്ന കവിത ഇപ്പോള്‍ ചേര്‍ത്തിട്ടുണ്ട്. വീണ്ടും വായിക്കുമല്ലൊ.

മാവേലി കേരളം
ചര്‍ച്ച സജീവമാക്കിയതിന് നന്ദി.

മൂര്‍ത്തി said...

ഉമേഷ് ബാബുവിന്റെ ഭയങ്ങള്‍ എന്ന കവിതയിലെ ‘ആരോ’ എന്ന പദം തന്നെയാണ് കുഴപ്പം പിടിച്ചത്. പ്രത്യേകിച്ചും “ ആരോ ഒരു പത്രം തുടങ്ങി” എന്ന വരി നോക്കുക. ആരോ അല്ല ഈ പത്രം തുടങ്ങിയതെന്നും ആ തുടക്കത്തിന് വ്യക്തമായ രാഷ്ട്രീയ ഉദ്ദേശങ്ങളുണ്ടെന്നും അറിയാത്ത ആളൊന്നുമല്ല ഉമേഷ് ബാബു. ആ അറിവ് ഉണ്ടായിരിക്കെ, കവിതയില്‍ ആരോ എന്ന്‌ പ്രയോഗിക്കുന്നതിലൂടെ ആ ‘ആരോ’യെ കുറ്റവിമുക്തനാക്കുകയും പ്രത്യേക രാഷ്ട്രീയ ലക്‍ഷ്യമൊന്നും ആ പത്രത്തിനില്ല(വാരികയ്ക്ക് എന്നും വായിക്കാം) എന്ന്‌ പറഞ്ഞുവെക്കുകയും, ആ “ആരോ”ക്കെതിരെ പറയുന്ന പാര്‍ട്ടിക്കാണ് ദുരുദ്ദേശം എന്ന കൃത്യമായ സൂചന നല്‍കുകയും തന്നെയാണ് അദ്ദേഹം ചെയ്യുന്നത്. അതിന് അദ്ദേഹത്തിനും വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞ കുറെക്കാലത്തെ സംഭവ വികാസങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്കും അറിയാം.ആ ‘ആരോ” പ്രസിദ്ധീകരണത്തില്‍ത്തന്നെയാണ് കവിത വന്നത് എന്നതും പ്രത്യേകം പ്രസ്താവ്യം. പാര്‍ട്ടി അംഗമായിരിക്കെ അത്‌ ചെയ്യുന്നത് ശരിയല്ല എന്നല്ലാതെ ഉമേഷ് ബാബുവിനോ കുഞ്ഞപ്പ പട്ടാനൂരിനോ അത്തരത്തിലൊരു കവിത എഴുതാന്‍ പാടില്ല എന്നാരെങ്കിലും പറഞ്ഞതായി ഞാന്‍ വായിച്ചില്ല. അതുകൊണ്ടുതന്നെ ഇതില്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ എന്തെങ്കിലും പ്രശ്നം ഉള്ളതായി തോന്നുന്നില്ല.

ഞാന്‍ ഇരിങ്ങല്‍ said...

‘ആരോ’ എന്നു പറയുമ്പോള്‍ അതൊക്കെയും ‘ഞങ്ങളാണ്’ എന്നുപറയുന്നതിലൂടെ ‘കുമ്പളങ്ങ കട്ടവന്‍റെ തലയിലെ നര’യായി തോന്നുന്നു.

ഏവിടെയെങ്കിലും ആരെങ്കിലും എന്തെങ്കിലും ശബ്ദിച്ചാല്‍ ‘ അത് പാര്‍ട്ടിയെ തകര്‍ക്കാനാണെന്ന്’ ചിന്തിക്കുന്നതിലൂടെ കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മുതലാളിത്തത്തിന്‍റെ ഇരയായ് മാറിയിരിക്കുന്നു എന്നുപറയാം. പ്രതിനിധാനം ചെയ്യുന്നത് എവിടെയാണെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടു എന്ന് തെളിയിക്കുന്നതാണ് എം എന്‍. വിജയന്‍ മാഷിന്‍റെയും ഉമേഷ്ബാബുവിന്‍റെയും സംഭവങ്ങള്‍.

കുട്ടു | Kuttu said...

മാവേലി കേരളത്തിന്റെ കറിവേപ്പില പ്രയോഗം ഇഷ്ടപ്പെട്ടു. കാര്യം കഴിഞ്ഞു കറിവേപ്പിലയായവര്‍ ഒരുപാടുണ്ട് പാര്‍ട്ടിക്കു പുറത്ത്. ഇവരേയൊക്കെ ചമ്മന്തിയാക്കണോ...? (തമാശയാണേ..)

മടിയില്‍ കനമില്ലാത്തവന്‍ ഭയക്കുന്നതെന്തിന്? അപ്പൊ, അതല്ല കാര്യം.

ഉമേഷ് ബാബുവിന്റെ കവിതയില്‍ എവിടെയോ നേരില്ലെ ? പൊള്ളിക്കുന്ന ഒരു നേര്?

ഉണ്ട്. മറുഭാഗത്തു മടിയില്‍ കനവും...

എന്റെ ഒരു സുഹൃത്തു പറഞ്ഞ ഒരു ഫോര്‍മുല കൂടി കേട്ടൊളൂ,

സി പി എം - അചുതാനന്ദന്‍ = കോണ്‍ഗ്രസ്.

ഒരു യഥാര്‍ത്ത കമ്മ്യൂണിസ്റ്റിന്റെ തളര്‍ച്ചാ ഘട്ടങ്ങള്‍ (ഇതു വളര്‍ച്ചയെന്ന് ആലു മുളച്ചവര്‍)

1. മുറുമുറുപ്പ്
2. പ്രതിഷേധം
3. വെറുപ്പ്
4. നിര്‍മ്മമത
5. അരാഷ്ട്രീയം
6. സ്വാര്‍ഥന്‍
7. മുതലാളി

Anonymous said...

സത്യത്തില്‍ പാര്‍ട്ടി ചെയ്തത് ഒരു മഹത്തായ കര്യമല്ലെ? ഉമെഷ് ബാബുവിനേപ്പൊലെയുള്ള ഒരു മഹാനായ കവിയെ കെട്ടുപാടുകളില്‍ നിന്ന് മൊചിപ്പിച്ചില്ലേ. ഈ ജാതി കവിതകള്‍ ഇനി സര്‍വ്വതന്ത്ര സ്വതന്ത്ര്യത്തൊടെ ആവിഷ്കരിക്കാമല്ലൊ.

<