Thursday, October 05, 2006

ആദിത്യ എന്ന് പേര് ( കഥ)

ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അയാള്‍ സംസാരിച്ചത് മുഴുവനും കുഞ്ഞിന്‍റെ അരഞ്ഞാണത്തെ കുറിച്ചായിരുന്നു. ചിരിയോടെ അമ്മ ഓര്‍ത്തത് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്‍റെ മടിയില്‍ കിടന്ന് അരമണി കിലുക്കി, മോണകാട്ടി ചിരിച്ച മകനെയായിരുന്നു.


വൈകുന്നേരം കടപൂട്ടി വീട്ടിലെത്തിയ അച്ഛനോട് എത്ര പവന്‍റെ അരഞ്ഞാണം വാങ്ങിക്കന്‍ കാശുണ്ടാകും എന്നും അവരൊക്കെ വല്യ ആളുകളാണ് അതിനനുസരിച്ച് നീങ്ങിയില്ലെങ്കില്‍ മകന് കുറച്ചിലല്ലേ എന്നുമാണ് അമ്മ പറഞ്ഞത്.

കുഞ്ഞിനെ കാണുവാനുള്ള തിരക്കിനിടയില്‍ കാശിന്‍റെ കാര്യം അച്ഛന്‍ മറന്നു പോവുകയും “അത് അവന്‍ അയച്ചു തരില്ലേ“ എന്ന് സന്ദേഹപ്പെടുകയും ചെയ്തു.

അടുത്ത തവണ അയാള്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അമ്മ അടുക്കളയില്‍നിന്ന് ഉണ്ണിവാവേ..ഉണ്ണിവാവേ..ന്ന് മൂളിപ്പട്ടു പാടുകയായിരുന്നു. ഇന്നു തന്നെ എത്തിച്ചേരുന്ന തരത്തില്‍ നാട്ടിലേക്ക് കാശ് അയച്ചിട്ടുണ്ടെന്നും അതു വാങ്ങി കുഞ്ഞിനെ കാണുവാന്‍ പോകുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും പിന്നെ നടുവേദന കാരണം താഴത്തെ ബര്‍ത്തില്‍ തന്നെ രാത്രി കിടക്കാന്‍ സൌകര്യപ്പെടുത്തണമെന്നും സീറ്റ് കിട്ടിയില്ലെങ്കില്‍ അടുത്തിരിക്കുന്ന ആളുകളോട് പറഞ്ഞാല്‍ ശരിയാക്കിത്തരുമെന്നും അല്ലെങ്കില്‍ ടിക്കറ്റ് എക്സാമിനര്‍ക്ക് ചില്ലറ കൊടുത്താല്‍ ശരിയാക്കിത്തരുമെന്നും ഓര്‍മ്മപ്പെടുത്താന്‍ അയാള്‍ മറന്നില്ല.

എന്താടാ.. കുഞ്ഞിന് പേരു വല്ലതും കണ്ടു വച്ചുവൊ.. എന്ന് അമ്മ ചോദിക്കുന്നതിനു മുമ്പേ തന്നെ അയാള്‍ അമ്മയോട് കിന്നരത്തോടെ ചോദിച്ചു.

“ എന്തു പേരാണ് അമ്മ കൊച്ചുമോനു വേണ്ടി കരുതി വച്ചിരിക്കുന്നത്?”

അമ്മയുടെ മനസ്സില്‍ ഒരു വെളുത്ത നക്ഷത്രം ചിരിച്ചു നിന്നെങ്കിലും “ ഓ.... അതൊക്കെ നിങ്ങളുടെ പാങ്ങും പത്രാസ്സിനുമനുസരിച്ച് നിങ്ങളു തന്നെയങ്ങ് കണ്ടുപിടിച്ചാല്‍ മതി. വിളിക്കാന്‍ സുഖമുള്ളതായാല്‍ ഞങ്ങള്‍ കഷ്ടപ്പെടില്ല്ല” എന്നാണ് അമ്മ മറുപടി കൊടുത്തത്.
സ്വപ്നങ്ങള്‍ ഉറങ്ങുന്ന കണ്ണുകള്‍ ഉള്ളതു കൊണ്ടാണ് മകന് രാജീവന്‍ എന്ന് പേരു വച്ചതെന്നും അന്നു മോണ കാട്ടിയുള്ള ചിരിയില്‍ അയല്‍പക്കത്തുള്ള കൌസുവും കദീജുമ്മയും പിന്നെ വേറെയും കുറേ പേരല്ലാം അസൂയപ്പെട്ടിട്ടുണ്ടെന്നും അമ്മ പറയാന്‍ ആഗ്രഹിച്ചു.
രത്രി ഭക്ഷണ സമയത്ത് മകന്‍ വിളിച്ച കാര്യവും പിന്നെ പേരിനെ കുറിച്ച് സൂചിപ്പിച്ചതുമൊക്കെ പതിയെ അമ്മ വിളമ്പി.

രാവിലെ കട തുറക്കുമ്പോള്‍ വഴിയരികില്‍ ഒരു വെളുത്ത നക്ഷത്രം ചിരിച്ചു നിന്ന സംഭവം അച്ഛന്‍ അമ്മയോട് കൌതുകത്തോടെ പറഞ്ഞു. വീട്ടു വളപ്പിലൂടെ നടക്കുന്നതിനിടയില്‍ അച്ഛന്‍റെ മുടിയില്ലാ‍ത്ത തലയില്‍ ഒരു വെള്ളിവെളിച്ചം ഉയര്‍ന്നു നില്‍ക്കുന്നത് ഇന്നലെ അടുക്കള ജനാലയിലൂടെ അമ്മ കണ്ടിരുന്നത് ഒരു ചിരിയോടെ അച്ഛനോട് പറയാതിരുന്നു. അപ്പോഴും അമ്മയുടെ ചുണ്ടില്‍ എന്തോ പറയാന്‍ വേണ്ടി ഒരു ചിരി ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു.

പേരുകളുടെ സൌന്ദര്യത്തെ കുറിച്ചും അതിന്‍റെ മ്രുദുലതയെ ക്കുറിച്ചും ഒരു ഗഗനചാരിയുടെ ഭാഷയില്‍ ഭാര്യയോട് സംവദിക്കുകയായിരുന്നു അയാള്‍. ആണ്‍കുട്ടി ആയതിനാല്‍ മാര്‍ദ്ദവമുള്ള ലോലമായ പേരുകള്‍ വേണ്ടെന്നും ഒരല്പം പൌരുഷമുള്ള പേരാണ് നല്ലതെന്നും ഭാര്യ പറയുമ്പോള്‍ അവളുടെ മനസ്സില്‍ അടുത്തിടെ പുറത്തിറങ്ങിയ ജോണ്‍ എബ്രഹാമിന്‍റെ മുഖമായിരുന്നുവൊഎന്ന് അയാള്‍ സംശയിച്ചു. ഭാര്യയുടെ അച്ഛന്‍ ആദിത്യ ബിര്‍ളയെ ക്കുറിച്ചും അദ്ദേഹത്തിന്‍റെ ഉയര്‍ച്ചയുടെ പടവുകളെ ക്കുറിച്ചും ഒരു പ്രസംഗം പോലെ പെയ്തു തീരുമ്പോള്‍ മടിയില്‍ നിന്ന് കുഞ്ഞു മോന്‍ ങേ.. ങേ.. എന്ന് കരഞ്ഞു തുടങ്ങി.

ആകാശങ്ങളില്‍ നക്ഷത്രങ്ങളെ കുറിച്ച് ആലോചിക്കുന്നതിനിടയില്‍ അയാള്‍ തന്‍റെ മകന് വേണ്ടിയുള്ള പേര് കണ്ടെത്തിക്കഴിഞ്ഞിരുന്നു.

8 comments:

ഞാന്‍ ഇരിങ്ങല്‍ said...

ദ്രൌപതിക്കൊപ്പം എന്‍റെ കുഞ്ഞിനെക്കൂടി സ്വീകരിക്കുക. ‘ആദിത്യ എന്ന് പേര്’

ഞാന്‍ ഇരിങ്ങല്‍ said...

ദ്രൌപതിക്കൊപ്പം എന്‍റെ കുഞ്ഞിനെക്കൂടി സ്വീകരിക്കുക. ‘ആദിത്യ എന്ന് പേര്’
(Post Problem that is why again posted sorry)

കരീം മാഷ്‌ said...

ഇതു വളരെ ലളിതം വായിക്കാന്‍ വലിയ സ്‌റ്റരൈനോന്നും വേന്റി വന്നില്ല. ഇന്നലെ ചന്തുവും ജയയും റേഡിയോവില്‍ പറയുന്നതു കേട്ടു. യു.എസിലെ മലയാളികുട്ടികളില്‍ ഏറ്റവും പോപ്പുലറായത്‌ “ആദിത്യന്‍ എന്നാതാണത്രെ!
“കോയന്‍സിഡന്സ്‌ ഓഫ്‌ ഇന്‍സിഡന്‍സ്‌.
നന്നായി, സിമ്പിള്‍

ഞാന്‍ ഇരിങ്ങല്‍ said...

ഇത്തിരി മുമ്പ് എഴുതിയതാണ് ‘ ആദിത്യ എന്ന പേര്’. സിമ്പിള്‍ സത്യത്തില്‍ ഞാന്‍ വളരെ സിമ്പിളാ മാഷെ..
എന്നാല്‍ റോസ് മേരിയുടെ അനിയത്തിക്ക് പകരന്‍ കുഞ്ഞിനെ അയച്ചത് അവന്‍ അവിടെ എത്തി അവന്‍ വലുതായി പ്രപ്തനാവുമ്പോഴേക്കും ചെറിയമ്മയെ അയക്കാം എന്നു കരുതി. പരസ്പരം ഒരു കൂട്ട് ആവശ്യമാണല്ലൊ മാഷെ എന്താ... ബീടര്‍ക്ക് സംശയമൊന്നുമില്ലല്ലോ...
നന്ദി.
സ്നേഹത്തോടെ
രാജു.

വല്യമ്മായി said...

നല്ല കഥ.അമ്മമാര്‍ പലപ്പോഴും സ്വന്തം ആഗ്രഹം ഉള്ളിലൊതുക്കി മറ്റുളവര്‍ക്ക് വേണ്ടി ജീവിക്കുന്നു

ഞാന്‍ ഇരിങ്ങല്‍ said...

എല്ലാ സഹോദരങ്ങള്‍ക്കും ഈദ് മുബാറക്. നന്മ നിറഞ്ഞ പുത്തന്‍ പ്രഭാതത്തിനായ് കാതോര്‍ത്തുകൊണ്ട്
എല്ലാവര്‍ക്കും ഒരിക്കല്‍കൂടി
സ്നേഹത്തോടെ ഈദ് മുബാറക്.
രാജു.

paarppidam said...

നന്നായിരിക്കുന്നു.ലളിതമായ ഭാഷയില്‍ ഇനിയും എഴുതുമല്ലോ? ഈദ്‌ മുബാറക്കും ദീപാവലി ആശംസകളും നേരുന്നു.

മല്ലു ഫിലിംസ് said...

Good story.

<